വി. മാര്‍ട്ടിന്‍ ഡി പോറസ്; അടിമ സ്ത്രീയുടെ മകനായി ജനിച്ച്, ജീവിച്ച്, സ്വര്‍ഗ കിരീടം അണിഞ്ഞ വിശുദ്ധന്‍

പെറുവിലെ ലിമ എന്ന കൊച്ചു പട്ടണത്തില്‍ ജീവിച്ച നീഗ്രോക്കാരിയായ ഒരു അടിമസ്ത്രീയുടെ മകനായിരുന്നു വി. മാര്‍ട്ടിന്‍. അമ്മയുടെ പേര് അന്ന എന്നായിരുന്നു. ‘അജ്ഞാതനായ അച്ഛന്റെ മകന്‍’ എന്നെഴുതിയാണ് മാര്‍ട്ടിനെ ദേവാലയത്തില്‍ മാമോദീസ മുക്കിയത്. യഥാര്‍ഥത്തില്‍ മാര്‍ട്ടിന്റെ പിതാവ് ജുവാന്‍ എന്നു പേരുള്ള സ്‌പെയിന്‍ കാരനായ ഒരു പ്രഭുവായിരുന്നു. ഈ സത്യം നാട്ടുകാര്‍ക്കെല്ലാം അറിയാമായിരുന്നു.

മാര്‍ട്ടിന് ഒരു സഹോദരി കൂടിയുണ്ടായിരുന്നു. അവള്‍ അച്ഛനെ പോലെ യൂറോപ്യന്‍ വര്‍ണമുള്ളവളും മാര്‍ട്ടിന്‍ അമ്മയെ പോലെ നീഗ്രോയുമായിരുന്നു. പൂര്‍ണ ദാരിദ്ര്യത്തില്‍ വളര്‍ന്നുവന്ന ഈ കുട്ടികള്‍ ആത്മീയതയില്‍ സമ്പന്നരായിരുന്നു. മാര്‍ട്ടിന്‍ ചെറിയ പ്രായത്തില്‍ത്തന്നെ നിത്യവും ദേവാലയത്തില്‍ പോവുകയും പ്രാര്‍ഥനകളില്‍ സജീവമായി പങ്കെടുക്കു കയും ചെയ്യുമായിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് മക്കളെ ആ നീഗ്രോസ്ത്രീ വളര്‍ത്തിയിരുന്നത്.

അമ്മ കഠിനമായി ജോലി ചെയ്ത് മാര്‍ട്ടിനു കൊണ്ടു കൊടുത്തിരുന്ന ഭക്ഷണവും വസ്ത്രങ്ങളും മാര്‍ട്ടിന്‍ സാധുക്കള്‍ക്ക് ദാനം ചെയ്യുമായിരുന്നു. മകന്റെ ദാനശീലവും മഹത്വവും കേട്ടറിഞ്ഞ പിതാവ് രണ്ടു മക്കളെയും തന്റെ നാട്ടിലേക്ക് കൊണ്ടു പോയി. അവരെ വിദ്യാഭ്യാസം ചെയ്യിപ്പിച്ചു. ഈ കാലത്ത് ഒരു ഡോക്ടറുടെ സഹായിയായി മാര്‍ട്ടിന്‍ കുറച്ചുനാള്‍ നിന്നു. പതിനൊന്നാം വയസില്‍ മാര്‍ട്ടിന്‍ തിരികെ നാട്ടിലേക്ക് പോന്നു. ലിമയിലെ ഡൊമിനിക്കന്‍ സഭയുടെ ആശ്രമത്തില്‍ വേലക്കാരനായി ജോലി നോക്കി. പകല്‍ ജോലി. രാത്രിയില്‍ പ്രാര്‍ഥനയും വേദപുസ്തക വായനയും. ഒന്‍പതു വര്‍ഷം മാര്‍ട്ടിന്‍ അങ്ങനെ ജീവിച്ചു.

പാവപ്പെട്ടവരെ സഹായിക്കുവാന്‍ സദാതത്പരനായിരുന്നു മാര്‍ട്ടിന്‍. സമ്പന്നരുടെ അടുത്ത് ചെന്ന് സംഭാവന സ്വീകരിച്ച് അതുകൊണ്ട് സാധുക്കളെ സഹായിക്കു മായിരുന്നു. ആഴ്ചയില്‍ 2000 ഡോളര്‍ വരെ മാര്‍ട്ടിന് സംഭാവനയായി ലഭിക്കുമായിരുന്നു. ആ കാലത്ത് 2000 ഡോളര്‍ എന്നത് എത്ര വലിയ തുകയാണെന്ന് ഓര്‍ത്തുനോക്കുക. മാര്‍ട്ടിന്റെ സേവനതത്പരതയും എളിമയും കണ്ടറിഞ്ഞ സഭാധികാരികള്‍ അദ്ദേഹത്തെ ഡൊമിനിക്കന്‍ സഭയിലെ സഹോദരനായി വ്രതവാഗ്ദാനം ചെയ്യാന്‍ അനുവദിച്ചു. കറുത്ത വര്‍ഗക്കാരെ പുരോഹിതനായി എടുക്കുവാന്‍ അന്ന് അധികാരികള്‍ തയാറായിരുന്നില്ല. പകല്‍ സമയം മുഴുവന്‍ രോഗികളെ ശുശ്രൂഷിക്കുന്നതിനായി മാര്‍ട്ടിന്‍ മാറ്റിവച്ചു.

രോഗികള്‍ക്ക് പുതപ്പ്, ഭക്ഷണം, മരുന്ന്, വസ്ത്രങ്ങള്‍ എന്നിവയൊക്കെ കൃത്യമായി എത്തിച്ചുകൊടുക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നിരവധി പേര്‍ക്ക് മാര്‍ട്ടിനിലൂടെ അദ്ഭുതകരമായ രോഗശാന്തി ലഭിച്ചു. മാര്‍ട്ടിന്റെ പ്രാര്‍ഥനയും ആശീര്‍വാദവും കൊണ്ടുമാത്രം മാറാരോഗങ്ങള്‍ സുഖപ്പെട്ടു. അടിമകള്‍ക്കു വേണ്ടിയും തെരുവില്‍ ജീവിക്കുന്ന കുട്ടികള്‍ക്കു വേണ്ടിയും രണ്ട് സ്ഥാപനങ്ങള്‍ മാര്‍ട്ടിന്‍ സ്ഥാപിച്ചു. തെരുവിലൂടെ അലയുന്ന പൂച്ചകളെയും നായ്ക്കളെയും പോലും അദ്ദേഹം സംരക്ഷിക്കുമായിരുന്നു.

ഉപവാസം, പ്രാര്‍ഥന എന്നിവയില്‍ ഒരു വീഴ്ചയും മാര്‍ട്ടിന്‍ വരുത്തിയിരുന്നില്ല. പ്രാര്‍ഥനാ സമയത്ത് അദ്ദേഹത്തിന്റെ പാദങ്ങള്‍ വായുവില്‍ ഉയര്‍ന്നു പൊങ്ങുമായിരുന്നു. ഒരേ സമയത്ത് തന്നെ പല സ്ഥലത്ത് പ്രത്യക്ഷപ്പെടുവാനുള്ള വരവും മാര്‍ട്ടിനുണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. അറുപതാം വയസില്‍ അദ്ദേഹം മരിച്ചു. വെറുമൊരു അടിമ സ്ത്രീയുടെ മകനായി ജനിച്ച്, ലോകം മുഴുവന്‍ അറിയപ്പെടുന്നവനായി അദ്ദേഹം മാറി. അദ്ദേഹത്തിന്റെ ശവമഞ്ചം ചുമന്നത് പെറുവിലെ വൈസ്‌റോയിയും പ്രഭുവും രണ്ടു മെത്രാക്കന്‍മാരും ചേര്‍ന്നായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.