പുരാതന ജ്ഞാനസ്നാന പീഠത്തിൽ നിന്നും അസാധാരണ മിഷനറി മാസം ആരംഭിക്കുവാനൊരുങ്ങി സ്വിറ്റ്സർലണ്ട്

ഏറ്റവും പുരാതന ജ്ഞാനസ്നാന പീഠം സ്ഥിതി ചെയ്യുന്ന ചാപ്പലിൽ നിന്നും സ്വിറ്റ്സർലണ്ട്, അസാധാരണ മിഷനറി മാസത്തിന് തുടക്കം കുറിക്കും. റിവാ സാൻ വിറ്റാലയിലെ ചാപ്പലിലാണ് ഏറ്റവും പുരാതന ജ്ഞാനസ്നാന പീഠം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ മെത്രാന്മാരും സഭയുടെ മറ്റ് പ്രതിനിധികളും അസാധാരണ മിഷനറി മാസത്തിന് ഔദ്യോഗിക ആരംഭം കുറിക്കാനായി ഈ ദേവാലയത്തിലെത്തും.

അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ചാപ്പലാണ് റിവാ സാൻ വിറ്റാലയിലുള്ളത്. അസാധാരണ മിഷനറി മാസത്തിന് ഒരുക്കമായി, ജീവിതത്തില്‍ ക്രിസ്തുവിന് ധീരസാക്ഷികളായിരിക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ട് സ്വിറ്റ്സർലണ്ടിലെ മെത്രാൻസമിതി വിശ്വാസികള്‍ക്ക് ഇടയലേഖനം എഴുതിയിട്ടുണ്ട്. സാർവ്വത്രിക ദൗത്യത്തിനായുള്ള അസാധാരണ മിഷനറി മാസം, പ്രാർത്ഥനയുടെയും ധ്യാനത്തിന്റെയും മാസമാക്കാൻ തങ്ങൾ എല്ലാവിധ പ്രോത്സാഹനവും നൽകുന്നുവെന്ന് മെത്രാൻസമിതിയുടെ കത്തിൽ പറയുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്രൈസ്തവരുമായുള്ള ഐക്യദാർഢ്യം മിഷന്റെ ഭാഗമാണെന്നും സാർവ്വത്രിക സുവിശേഷ ദൗത്യത്തിന് ഞായറാഴ്ച ദിവസങ്ങളിൽ സാമ്പത്തികസഹായം നൽകണമെന്നും മെത്രാന്മാർ അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ മാസത്തിന്റെ ആരംഭത്തില്‍ തന്നെ അസാധാരണ മിഷനറി മാസത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.