ദാരിദ്ര്യത്തേയും രോഗത്തേയും അതിജീവിച്ച് 65-ാം വയസിൽ പൗരോഹിത്യത്തിലേക്ക്

ജീവിതത്തിലെ കഷ്ടപ്പാടുകളെ അനുഭവിക്കുകയും അഭിമുഖീകരിക്കുകയും ചെയ്ത ശേഷമാണ് അൽഫോൻസോ ഉഗോലിനി പൗരോഹിത്യത്തിലേക്ക് കടന്നുവരുന്നത്. കഷ്ടപ്പാടുകളിൽ നിന്നുള്ള ഒളിച്ചോട്ടമല്ല ദൈവവിളി എന്ന് അദ്ദേഹം തന്റെ ജീവിതത്തിലൂടെ കാട്ടിത്തന്നു. അങ്ങനെ അദ്ദേഹം 65 -ാം വയസിൽ വൈദികനായി. വേദനകളെ അതിജീവിച്ചു വിശുദ്ധ ജീവിതം നയിച്ച അൽഫോൻസോ ഉഗോലിനിയുടെ ജീവിതം വായിച്ചറിയാം.

1908 ഓഗസ്റ്റ് 28 -ന് ഫ്രാൻസിലെ തിയോൺവില്ലിലാണ് അൽഫോൻസോ ഉഗോലിനി ജനിച്ചത്. അക്കാലത്ത് അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തികമായി ഉയർന്ന സ്ഥിതിയിലായിരുന്നു. എന്നാൽ അൽഫോൻസോ ജനിച്ചയുടൻ പിതാവിന് എല്ലാം നഷ്ടപ്പെട്ടു. പെട്ടെന്ന് ദരിദ്രരായ ഈ കുടുംബം വടക്കൻ ഇറ്റലിയിലെ സസ്സുവോളോയിലേക്ക് താമസം മാറി. അവിടെ സെറാമിക് ഫാക്ടറിയിൽ ജോലികൾ ഉണ്ടായിരുന്നു. അവരുടെ പുതിയ സ്ഥലത്ത് എത്തുമ്പോൾ അൽഫോൺസോയ്ക്ക് 7 വയസ്സായിരുന്നു.

അൽഫോൻസോയുടെ മാതാപിതാക്കളായ എൻറിക്കോയും മരിയ അന്നയും ഭക്തരായ കത്തോലിക്കരായിരുന്നു. വിശ്വസ്തത, സത്യസന്ധത, അയൽക്കാരനോടുള്ള സ്നേഹം എന്നീ മൂല്യങ്ങൾ അവർ  മകനിലേക്കും പകർന്നു. മരിയ അന്നയ്ക്ക് ക്ഷയരോഗമുണ്ടായിരുന്നതിനാൽ പാർട്ട് ടൈം ജോലി ചെയ്യാനേ എൻറിക്കോയ്ക്ക് കഴിയുന്നുണ്ടായിരുന്നു. മിക്കപ്പോഴും, അദ്ദേഹത്തിന്റെ ജോലികൾ വീട്ടിൽ നിന്ന് വളരെ  അകലെയായിരുന്നു. കൂടാതെ അദ്ദേഹം ആഴ്ചകളോളം അകലെയായിരുന്നു. അൽഫോൻസോയ്ക്കും അവന്റെ അമ്മയ്ക്കും സഹോദരിക്കും ഭക്ഷണം കഴിക്കാൻ പോലും ഇല്ലാത്ത അവസ്ഥയായിരുന്നു.

1920-ൽ അമ്മ അസുഖം ബാധിച്ച് മരണമടഞ്ഞപ്പോൾ, കൗമാരപ്രായത്തിലേക്ക് എത്തിയതേ ഉണ്ടായിരുന്നുള്ളൂ അവൻ. ആ ദിവസങ്ങൾ  അവന്റെ വിശ്വാസം പരീക്ഷിക്കപ്പെടുന്ന ദിവസങ്ങളായിരുന്നു. എന്നാൽ, പകർച്ചവ്യാധിയായ ക്ഷയരോഗം അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ അവന്റെ സഹോദരിയുടെ ജീവിതവും പിതാവിന്റെ ജീവിതവും എടുത്തു. അൽഫോൻസോയും മരണത്തിന്റെ വക്കിലെത്തി. എന്നാൽ, പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയാൽ അദ്ദേഹത്തിന് സൗഖ്യം ലഭിച്ചു.

അൽഫോൻസോയുടെ അമ്മയുടെ മരണത്തോടെ അദ്ദേഹത്തിന് ജീവിതത്തിൽ കടുത്ത ഏകാന്തത അനുഭവപ്പെട്ടു. തന്നെ പരിപാലിക്കണമെന്ന് മാതാവിനോട് അദ്ദേഹം പ്രാർത്ഥിച്ചു. സഹോദരിയുടെ മരണശേഷം ഈ ഏകാന്തത വർദ്ധിച്ചു. ഒപ്പം പിതാവ് കൂടി മരിച്ചപ്പോൾ അത് അധികമായി. ഏകാന്തതയാൽ ചുറ്റപ്പെട്ട ദാരിദ്ര്യത്തിൽ തനിച്ചായി ജീവിച്ച നാളുകളിൽ നിന്നുള്ള പ്രിയപ്പെട്ട ഓർമ്മകളെക്കുറിച്ച് അദ്ദേഹം പിന്നീട് എഴുതുന്നുണ്ട്. ക്ഷയരോഗം ബാധിച്ച അദ്ദേഹത്തിന് മൂന്ന് മുതൽ നാല് മാസം വരെ ജീവിക്കുകയുള്ളു ഡോക്ടർമാർ പറഞ്ഞു. ഡോക്ടർമാരെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം രക്ഷപ്പെട്ടു.

അദ്ദേഹത്തിന്റെ ഇടവക വികാരി ഡോൺ ഗ്യൂസെപ്പെ സാനിചെല്ലിക്ക് അൽഫോൻസോയുടെ ജീവിതത്തെക്കുറിച്ച് നന്നായി അറിയാമായിരുന്നു. ആ വൈദികൻ അദ്ദേഹത്തിന് പള്ളിയിൽ ജോലി വാഗ്ദാനം ചെയ്തു. ചെറിയ റിപ്പയർ ജോലികൾ നൽകി അദ്ദേഹം അവനെ സംരക്ഷിച്ചു. ഇടവക സെക്രട്ടറി, കാറ്റെക്കിസ്റ്റ്, കപ്യാർ എന്നീ ജോലികളും പിന്നീട് സ്വീകരിച്ചു. പള്ളിക്കടുത്തുള്ള ഒരു ചെറിയ മുറി അൽഫോൻസോ ദരിദ്രർക്കും ഭവനരഹിതർക്കും ഒരു സ്വീകരണ സ്ഥലമാക്കി മാറ്റി.

ദരിദ്രർക്ക് ഭക്ഷണവും വസ്ത്രങ്ങൾ ലഭിക്കുന്നതിനുള്ള സഹായവും ഒക്കെ അദ്ദേഹം നൽകി. മറ്റുള്ളവരെ (കുടിയേറ്റക്കാർ, അടിമകൾ പോലുള്ളവർ) നിന്ദിക്കുന്ന സാഹചര്യങ്ങളിൽ പോലും അദ്ദേഹം ആരെയും തള്ളിക്കളഞ്ഞില്ല. അദ്ദേഹം നിരീശ്വരവാദികളെയും കള്ളന്മാരെയും സഹായിക്കുന്നതായി പ്രദേശത്തെ ആളുകൾ പരാതിപ്പെടാൻ തുടങ്ങി. അദ്ദേഹം ശാന്തമായി പറഞ്ഞു- “എല്ലാവരും ദൈവത്തിന്റെ മക്കളാണ്.”

സെറാമിക് വ്യവസായം വളർന്ന സമയമായിരുന്നു. ജോലി തേടി നിരവധി ആളുകൾ സസ്സുവോളോയിലെത്തി. അൽഫോൻസോ അന്ന് ശരിയായ സമയത്ത് ശരിയായ സ്ഥലത്തായിരുന്നു. ഒരു മുറി, ഭക്ഷണം എന്നിവ അദ്ദേഹം ലഭിക്കുന്ന നിലയിലേക്ക് അദ്ദേഹം വളർന്നു. പാവപ്പെട്ടവരെ പണം ഉപയോഗിച്ച് സഹായിക്കാനായി സാഹോദര്യ ക്രിസ്ത്യൻ സഹായം എന്നർത്ഥം വരുന്ന എഫ്എസി സ്ഥാപിച്ചു.  15 വർഷത്തിനിടയിൽ 3,00,000 ഡോളറിൽ കൂടുതൽ സഹായം അൽഫോൻസോയുടെ കൈകളിലൂടെ ആവശ്യക്കാർക്ക് ലഭ്യമായി. അദ്ദേഹത്തിന് സഹായിക്കാൻ കഴിഞ്ഞ ആയിരക്കണക്കിന് ആളുകളുടെ പേരും വിലാസവും അദ്ദേഹത്തിന്റെ പുസ്തകങ്ങളിലും രജിസ്റ്ററുകളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ചില ആളുകൾ അദ്ദേഹത്തെ ‘ദൈവത്തിന്റെ ബാങ്കർ’ എന്ന് വിളിച്ചു.

അൽഫോൻസോ എല്ലാദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. രോഗികൾക്കായി ലൂർദിലേക്കും ലോറെറ്റോയിലേക്കും തീർത്ഥാടനം സംഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്‌തു. വൈദികനാകാൻ താത്‌പര്യമുണ്ടോ എന്ന് ബിഷപ്പ് ചോദിച്ചപ്പോൾ അദ്ദേഹം ഉടൻ താത്പര്യം പ്രകടിപ്പിക്കുകയും സെമിനാരിയിൽ ചേരുകയും ചെയ്തു. 65-ാം വയസ്സിൽ അൽഫോൻസോ ഉഗോലിനി വൈദികനായി. 1999 ഒക്ടോബർ 25 -ന് അദ്ദേഹം അന്തരിച്ചു. അന്നദ്ദേഹത്തിന് 91 വയസ്സായിരുന്നു.

2020 നവംബർ 23 -ന് ഫ്രാൻസിസ് മാർപാപ്പ അൽഫോൻസോ ഉഗോളിനിയെ ധന്യനായി പ്രഖ്യാപിച്ചു. അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.