ഞായറാഴ്ച പ്രസംഗം ഫെബ്രുവരി 5: പ്രവര്‍ത്തിയോടു കൂടിയ വിശ്വാസം

ദനഹാക്കാലം അഞ്ചാം ഞായര്‍ യോഹ 3:14-21

സുവിശേഷത്തിലുടനീളം രക്ഷ നേടുവാന്‍ എന്തു ചെയ്യണം എന്ന ചോദ്യവുമായി ക്രിസ്തുവിനെ സമീപിക്കുന്ന അനേകം വ്യക്തികളെ നാം കണ്ടുമുട്ടുന്നു. ധനികനായ യുവാവും നിക്കേദേമൂസും ഒക്കെ ഈ ഗണത്തില്‍ പെടുന്നവരാണ്. റോമാക്കാരുടെ അധിനിവേശത്തില്‍ കഴിഞ്ഞിരുന്ന യഹൂദ ജനതയെ സംബന്ധിച്ചിടുത്തോളം രക്ഷ എന്ന മൂല്യപദത്തിന് രണ്ട് മാനങ്ങള്‍ ഉണ്ടായിരുന്നതായി നമുക്ക് മനസ്സിലാക്കാം.

അടിമത്തത്തോളം പോന്ന അധിനിവേശത്തില്‍ കഴിഞ്ഞിരുന്ന അവര്‍ ദൈവീകമായ ഒരു രക്ഷ എന്നതിനോടൊപ്പം തന്നെ സാമൂഹികവും രാഷ്ട്രീയവുമായ ഒരു രക്ഷ ആഗ്രഹിച്ചിരുന്നു. ഇങ്ങനെയുള്ള ഒരു സാഹചര്യത്തിലേക്കാണ് ദൈവീക രക്ഷയെക്കുറിച്ച് അല്ലെങ്കില്‍ ആത്മാവിന്റെ രക്ഷയെക്കുറിച്ച് പ്രസംഗിച്ചുകൊണ്ട് യേശു കടന്നുവരുന്നത്.

ശക്തനായ ഒരു രാഷ്ട്രീയ- സാമൂഹിക നേതാവിനെ പ്രതീക്ഷിച്ചിരുന്നവരുടെ ഇടയിലേക്ക് ആത്മീയതയുടെ പുതിയ പാഠങ്ങളുമായി ക്രിസ്തു കടന്നുവരുന്നു. അവരെ സംബന്ധിച്ചിടത്തോളം തികച്ചും അപരിചിതവും വ്യത്യസ്തവുമായ പ്രബോധനങ്ങള്‍. ക്രിസ്തുവിന്റെ ഭാഷയും പ്രബോധന ശൈലിയും ഏവരെയും ആകര്‍ഷിച്ചെങ്കിലും അവനെ മനസ്സിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അല്ലെങ്കില്‍ തന്നെ വീണ്ടും ജനിക്കുന്നില്ല എങ്കില്‍ ഒരുവനും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല എന്ന് ക്രിസ്തു നിക്കദേമോസിനോട് പറഞ്ഞ വാക്കുകള്‍ നമുക്കും അത്രയങ്ങോട്ട് മനസ്സിലായിട്ടൊന്നു
മില്ല. അന്നവനെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു പോയവരോടും ഇന്ന് അവനെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടാന്‍ സാധ്യതയുള്ള നമ്മളോടും ക്രിസ്തുവിന് പറയാന്‍ ഒരു കാര്യം മാത്രമേയുള്ളൂ, അതാണ് ഇന്നത്തെ സുവിശേഷം. നിക്കേദേമോസിന്റെ ചോദ്യങ്ങള്‍ക്ക് ക്രിസ്തു കൊടുത്ത മറുപടികള്‍ ഇന്ന് നമ്മള്‍ വിചിന്തന വിഷയമാക്കുമ്പോള്‍ ഓര്‍ക്കുക. അത് ഞാനും നിങ്ങളും ഈ ലോകം മുഴുവനും ചോദിച്ചിട്ടുള്ള സകല ചോദ്യങ്ങള്‍ക്കും കൂടിയുള്ള ക്രിസ്തുവിന്റെ മറുപടിയാണ്. എന്നാല്‍ അതു മനസ്സിലാക്കുന്നതില്‍ ഞാനും നിങ്ങളും ഈ ലോകം മുഴുവനും പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു.

യോഹന്നാന്റെ സുവിശേഷം 3:17-ല്‍ ക്രിസ്തു നിക്കേദേമോസിന്റെ ചോദ്യത്തിന് ഇപ്രകാരം ഒരു മറുപടി പറയുന്നുണ്ട്. പ്രകാശം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യന്‍ പ്രകാശത്തേക്കാള്‍ അധികമായി അന്ധകാരത്തെ സ്‌നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്മനിറഞ്ഞതായിരുന്നു. ചോദ്യങ്ങള്‍ എല്ലാം നമുക്ക് വ്യക്തമാണ്. നമുക്ക് വിശ്വാസമുണ്ട്. എന്നാല്‍ നമ്മുടെ വിശ്വാസം നമ്മുടെ പ്രവൃത്തികള്‍ക്കൊണ്ട് സാധൂകരിക്കപ്പെടുന്നില്ല എന്നുള്ളതാണ് വാസ്തവം. പൗലോസ് ശ്ലീഹാ തന്റെ ലേഖനത്തിലൂടെ പറഞ്ഞു പഠിപ്പിക്കുന്നുണ്ട്, പ്രവൃത്തികള്‍ക്കൂടാതെയുള്ള വിശ്വാസം നിര്‍ജ്ജീവമാണെന്ന സത്യം.

വിശ്വാസം വാക്കുകള്‍ക്കും ചിന്തകള്‍ക്കും അപ്പുറം നമ്മുടെ പ്രവൃത്തികളിലൂടെയാണ് തെളിയക്കപ്പെടേണ്ടത്. അതിന് സാധിക്കുന്നില്ലങ്കില്‍ തികച്ചും നിര്‍ജ്ജീവമായ വിശ്വാസത്തിന് ഉടമകളായിരിക്കും നമ്മള്‍. അല്ലെങ്കില്‍ നമ്മുടെ ഈ പള്ളിയില്‍വരവിനും കുര്‍ബാനയര്‍പ്പണത്തിനും വേദപഠനങ്ങള്‍ക്കും നമ്മള്‍ ചൊല്ലിത്തീര്‍ക്കുന്ന പ്രാര്‍ത്ഥനകള്‍ക്കും എന്തര്‍ത്ഥം. വചനത്തില്‍ വായിച്ചതുപോലെ പ്രകാശം ലോകത്തിലേക്ക് വന്നിട്ടും അതിനെ മനസ്സിലാക്കാത്തവരായി, അത് അനുഭവിച്ചിട്ടും അംഗീകരിക്കാത്തവരായി നാം ജീവിതം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

വായനക്കിടിയില്‍ മനസില്‍ തങ്ങിയ, ഒത്തിരിയേറെ ചിന്തകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത ഏതോ ഒരു ആത്മീയ എഴുത്തുകാരന്റെ യഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട വാക്കുകള്‍ ഇപ്രകാരമാണ്: ‘ബൈബിള്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നി ഈ ഭൂമിയിലേക്കും വച്ച് ഏറ്റവും മോശപ്പെട്ടവനും ആത്മാര്‍ത്ഥയില്ലാത്തവനുമായ വ്യക്തി ഞാനാണ് എന്ന്. എന്നാല്‍ ദിനപത്രം വായിച്ചപ്പോള്‍ എനിക്ക് തോന്നി ഈ ഭൂമിയില്‍ മറ്റെല്ലാവരേക്കാള്‍ നല്ലവന്‍ ഞാന്‍ മാത്രമാണെന്ന്. അതുകൊണ്ട് ഈയിടയായി ബൈബിള്‍ വായന സാരമായി കുറഞ്ഞു. എല്ലാ ദിനപത്രങ്ങളും വരുത്താന്‍ തുടങ്ങിയെന്ന്. വചനം പറയുന്നു: തിന്മ പ്രവൃത്തിക്കുന്നവര്‍ പ്രകാശത്തെ വെറുക്കുന്നു. അവന്റെ പ്രവൃത്തികള്‍ വെളിച്ചത്ത് വരാതിരിക്കേണ്ടതിന് അവന്‍ വെളിച്ചത്തു വരുന്നുമില്ല.

നാം ആരും തിന്മപ്രവൃത്തിക്കാന്‍ മനസ്സുകൊണ്ട് ആഗ്രഹിക്കുന്നവരല്ല. പ്രകാശത്തെ വെറുക്കുന്നവരുമല്ല. പക്ഷേ, തിന്മപ്രവൃത്തിക്കാനും പ്രകാശത്ത വെറുക്കാനമുള്ള പ്രലോഭനത്തിലൂടെ അനുദിനം കടന്നുപോകുന്നവരാണ്. എന്നാല്‍ നമുക്ക് പ്രതീക്ഷയുണ്ട്. എന്തെന്നാല്‍ മോശ രക്ഷയ്ക്കുവേണ്ടി മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ നമ്മുടെ രക്ഷയ്ക്ക് വേണ്ടി കുരിശില്‍ ഉയര്‍ത്തപ്പെട്ടവനാണ് ക്രിസ്തു.

ഓര്‍മ്മയുണ്ടായിരിക്കട്ടെ, അവനില്‍ വിശ്വാസിക്കുന്ന ഒരുവനും ശിക്ഷയ്ക്ക് വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവര്‍ ദൈവത്തിന്റെ ഏകജാതന്റെ നാമത്തില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നു. പ്രാര്‍ത്ഥിക്കാം ദൈവത്തോട് വിശ്വാസമുണ്ടാകാനും ആ വിശ്വാസം പ്രവൃത്തിയിലേക്ക് കൊണ്ടുവരാനുമുള്ള കൃപയ്ക്കുവേണ്ടി. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ലിബിന്‍ കിഴക്കുംഭാഗം

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.