ഞായര്‍ പ്രസംഗം-2 മംഗളവാര്‍ത്താക്കാലം 1-ാം ഞായര്‍ സ്നാപകന്‍റെ ജനനത്തെക്കുറിച്ച് അറിയിപ്പ്

2018 ഡിസംബര്‍ 2, ഞായറാഴ്ച്ച. ആരാധനാക്രമവത്സരത്തിലെ ഒരു പുതിയ കാലത്തിലേയ്ക്ക് നാം ഇന്ന് പ്രവേശിക്കുന്നു. കാത്തിരിപ്പിന്റെ കാലമായ മംഗളവാര്‍ത്താക്കാലം. പൂര്‍വ്വപിതാക്കന്മാര്‍ പ്രത്യാശയോടെ കാത്തിരുന്ന ദൈവത്തിന്റെ വാഗ്ദാനം രക്ഷകനായ ഈശോയില്‍ പൂര്‍ത്തിയാക്കപ്പെടുന്നു. ആ ര ക്ഷകനെ ഹൃദയത്തിലും ജീവിതത്തിലും സ്വീകരിക്കാന്‍ ഒരുക്കത്തോടെ കാത്തിരിക്കുന്ന പ്രതീക്ഷയുടെ കാലഘട്ടം. ഇന്ന് തിരുസഭാ മാതാവ് നമ്മുടെ വിചിന്തനത്തിനായി നല്‍കിയിരിക്കുന്ന വചനഭാഗം വി. ലൂക്ക 1:5-25 വരെയുള്ള വാക്യങ്ങളാണ്.

സ്‌നാപകയോഹന്നാന്റെ ജനനത്തെപ്പറ്റി സഖറിയായ്ക്ക് ലഭിക്കുന്ന ദൈവികസന്ദേശത്തെ പറ്റിയാണ് നാം ഇന്ന് വായിച്ചു കേട്ടത്. നിരന്തരമായ പ്രാര്‍ത്ഥനയും പ്രത്യാശയോടെയുള്ള കാത്തിരിപ്പും ദൈവത്തിന് തങ്ങളുടെ ജീവിതത്തില്‍ ഇടപെടാനുള്ള സമയമാക്കി മാറ്റിയവരാണ് സ്‌നാപകന്റെ മാതാപിതാക്കള്‍. ‘ദൈവം ഓര്‍ക്കുന്നു’ എന്ന അര്‍ത്ഥമുള്ള സഖറിയായുടെ ജീവിതത്തെപ്പറ്റി നമുക്ക് ചിന്തിക്കാം. ലൂക്കാ 1:5-25 വരെയുള്ള വചനങ്ങളില്‍ അദ്ദേഹത്തെപ്പറ്റി സുവിശേഷകന്‍ പറഞ്ഞു വയ്ക്കുന്നുണ്ട്.
ഒന്നാമതായി അദ്ദേഹം ഒരു യഹൂദ പുരോഹിതനായിരുന്നു. രണ്ടാമതായി അദ്ദേഹം വിവാഹിതനുമായിരുന്നു. ഭാര്യയുടെ പേര് എലിസബത്ത് (ദൈവം ശപഥം ചെയ്തു) എന്നായിരുന്നു. മൂന്നാമതായി ഇവര്‍ രണ്ടുപേരും ദൈവത്തിന്റെ മുമ്പില്‍ നീതിനിഷ്ഠരും കര്‍ത്താവിന്റെ കല്‍പ്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു. നാലാമതായി അവര്‍ക്ക് മക്കള്‍ ഉണ്ടായിരുന്നില്ല. എലിസബത്തിന്റെ വന്ധ്യത ആയിരുന്നു അതിന് കാരണം. അവസാനമായി ഇനി മക്കള്‍ ഉണ്ടാകാന്‍ സാധ്യതയില്ലാത്ത വിധം രണ്ടുപേരും പ്രായമേറിയവരുമായിരുന്നു.

സുവിശേഷത്തില്‍ നാം കാണുന്ന ഈ വിവരണങ്ങളും മറ്റും നമ്മുടെ ജീവിതത്തിലെ പ്രശ്‌നങ്ങളോടും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളോടും ചേര്‍ത്തു വായിച്ചാല്‍ നമ്മുടെ ഉള്‍ക്കാഴ്ച്ചകളിലും ബോധ്യങ്ങളിലും മാറ്റം വരും. ജീവിതത്തിലുടനീളം ദൈവകല്‍പനകള്‍ കുറ്റമില്ലാത്തവിധം അനുസരിച്ചിട്ടും അവരുടെ ജീവിതത്തില്‍ ഒരു സങ്കടം മാത്രം അവശേഷിച്ചു. മക്കളില്ല എന്ന ദുരവസ്ഥ. യഹൂദ പശ്ചാത്തലത്തില്‍ മക്കളില്ല എന്ന അവസ്ഥ ദൈവശാപമായിട്ടാണ് കണക്കാക്കിയിരുന്നത്. ഈ പ്രതിസന്ധിയിലും സഖറിയ ദൈവവിശ്വാസത്തില്‍ നിന്ന് അകന്നു പോയില്ല. ദൈവസ്‌നേഹത്തില്‍ നിന്ന് പുറകോട്ട് പോയില്ല. ദൈവശുശ്രൂഷകള്‍ അവസാനിപ്പിച്ചില്ല. ചെയ്യുന്ന ശുശ്രൂഷകള്‍ അലക്ഷ്യമായി ചെയ്തില്ല. ദൈവത്തെപ്പറ്റി സ്വന്തം ഹൃദയത്തിലോ മറ്റുള്ളവരോടോ പരാതികളും കുറ്റങ്ങളും പറഞ്ഞില്ല.
ഞാന്‍ ഇത്രമാത്രം പാപം ചെയ്യാതെയും ദൈവകല്‍പ്പനകള്‍ അനുസരിച്ചും ദൈവത്തെ വിശ്വസിച്ചും സ്‌നേഹിച്ചും ജീവിച്ചിട്ടും പുരോഹിത ശുശ്രൂഷകള്‍ ശുഷ്‌കാന്തിയോടെ ചെയ്തിട്ടും ദൈവം എന്നോട് ഇങ്ങനെയാണല്ലോ ചെയ്തത്. എനിക്ക് ഒരു കുഞ്ഞിനെ പോലും തന്നില്ലല്ലോ. ഈ ദൈവത്തെ എനിക്ക് വേണ്ട; ഈ ദൈവത്തെ ഞാന്‍ ശുശ്രൂഷിക്കുകയില്ല; ഈ ദൈവത്തോട് ഇനി ഞാന്‍ പ്രാര്‍ത്ഥിക്കുകയില്ല എന്നിങ്ങനെയൊന്നും സഖറിയ പ്രതികരിക്കുന്നില്ല. മറിച്ച് അദ്ദേഹം ദൈവത്തെ സ് നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു കൊണ്ടേയിരുന്നു.
ഇതിനൊക്കെ തെളിവായുള്ള വചനങ്ങള്‍ സുവിശേഷത്തില്‍ നാം വായിക്കുന്നുണ്ട്.

പ്രായമേറെ കഴിഞ്ഞിട്ടും ദൈവാലയത്തില്‍ ശുശ്രൂഷ ചെയ്യാന്‍ കിട്ടിയ അവസരം അദ്ദേഹം വേണ്ടാന്നു വച്ചില്ല. നറുക്കെടുപ്പിലൂടെയാണ് അദ്ദേഹത്തിന് ഈ അവസരം ലഭിച്ചിരുന്നത്. അനേകം യഹൂദ പുരോഹിതന്മാരില്‍ നിന്നും ദൈവം സഖറിയായെ തെരഞ്ഞെടുത്തു. ജറുസലേം ദേവാലയത്തില്‍ ധൂപം അര്‍പ്പിക്കുന്ന സമയത്താണ് മാലാഖ പ്രത്യക്ഷപ്പെട്ട് സദ്വാര്‍ത്ത അറിയിക്കുന്നത്. ദൈവദൂതന്‍ സഖറിയായോട് പറഞ്ഞു: ‘നിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തില്‍ നിനക്കൊരു പുത്രന്‍ ജനിക്കും’.

ഇതില്‍ നിന്നും അനുമാനിക്കാന്‍ സാധിക്കുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്നാമതായി സഖറിയായുടെ ഏറ്റവും തീക്ഷ്ണമായ പ്രാര്‍ത്ഥന ഒരു കുഞ്ഞിനു വേണ്ടിയുള്ളതായിരുന്നു. രണ്ടാമതായി ആ പ്രാര്‍ത്ഥന ദൈവം കേട്ട് ഒരു പുത്രനെ നല്‍കുവാന്‍ മനസ്സായിരിക്കുന്നു എന്നതാണ്. സഖറിയായുടെ അഗാധമായ വിശ്വാസത്തിനും പ്രത്യാശ നിറഞ്ഞ ജീവിതത്തിനും ലഭിച്ച ഉത്തരമാണ് ഈ അനുഗ്രഹം. സഖറിയായുടെ ജീവിതം നമ്മുടെ ജീവിതവുമായി ചേര്‍ത്തു വായിക്കുമ്പോള്‍ ഒരുപാട് പൊരുത്തക്കേടുകള്‍ കണ്ടെത്താന്‍ സാധിക്കും. സഖറിയായെക്കാള്‍ അനുഗ്രഹിക്കപ്പെട്ടവരാണ് നമ്മില്‍ പലരും. എന്നിട്ടും നമുക്ക് ദൈവത്തോടുള്ള പരാതികള്‍ കൂടുതലാണ്. നമ്മുടെ ജീവിതത്തില്‍ പ്രയാസങ്ങളും നിസ്സാര പ്രതിസന്ധികളും കടന്നുവരുമ്പോള്‍ ദൈവത്തെ നാം തള്ളിപ്പറയുന്നു. എന്നാല്‍ സഖറിയായുടെ ജീവിതം, നമ്മെ മറിച്ചു ചിന്തിക്കുവാന്‍ പഠിപ്പിക്കുന്നു. പ്രതിസന്ധികളുടെ കാലത്തും വിശ്വാസത്തിലും ദൈവസ്‌നേഹത്തിലും പ്രാര്‍ത്ഥനയിലും നിലനിന്നാല്‍ ദൈവം പ്രാര്‍ത്ഥന കേട്ട് ഇടപെടുമെന്ന് സഖറിയ നമ്മെ പഠിപ്പിക്കുന്നു.

പലപ്പോഴും ദൈവഹിതത്തോട് കീഴ്‌വഴങ്ങി നമ്മുടെ ജീവിതങ്ങള്‍ ക്രമീകരിക്കുവാന്‍ നമുക്ക് സാധിക്കാതെ പോകുന്നു. അവിടുത്തെ പദ്ധതി എന്തെന്ന് മനസ്സിലാക്കുവാന്‍ സാധിക്കാതെ പോകുന്നു. എന്തുകൊണ്ട് നമുക്കതിന് സാധിക്കുന്നില്ല എന്ന വസ്തുത നാം കണ്ടെത്തേണ്ടിയിരിക്കുന്നു. പലപ്പോഴും ദൈവത്തെപ്പറ്റി നമുക്ക് തെറ്റ് പറ്റുന്നത് നാം സമയത്തിനും കാലത്തിനുമുള്ളില്‍ ജീവിക്കുന്നു എന്ന് മറന്നു പോകുമ്പോഴാണ്. ആഴമായ വിശ്വാസവും പരിശ്രമവും സമയത്തിനും കാലത്തിനും അധീനനായ ദൈവത്തിന്റെ പദ്ധതികളെ മനസ്സിലാക്കാന്‍ നമ്മെ പ്രാപ്തരാക്കും. സഖറിയായുടെ ജീവിതം നമുക്ക് പറഞ്ഞു തരുന്നതും ഇതു തന്നെയാണ്.

ആയതിനാല്‍ സഹോദരങ്ങളെ, വാര്‍ത്തകളുടെ ലോകത്ത് ജീവിക്കുന്ന നമുക്ക്, നമ്മുടെ ജീവിതത്തിലെ വാര്‍ത്തകള്‍ മംഗളവാര്‍ത്തകളാണോ സങ്കടവാര്‍ത്തകളാണോ എന്ന് തീരുമാനിക്കാം. നാം എങ്ങനെ അതിനെ നോക്കിക്കാണുന്നു എന്നതിന് ആശ്രയിച്ചിരിക്കും അത് നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം. ആത്മാര്‍ത്ഥതയോടെ പ്രാര്‍ത്ഥിക്കാം. ദൈവത്തിന്റെ സമയം നമ്മില്‍ നിറവേറാനായി പ്രാര്‍ത്ഥിക്കാം. ദൈവിക പദ്ധതികള്‍ക്ക് കീഴ്‌വഴങ്ങി ജീവിക്കുവാനുള്ള അനുഗ്രഹം സര്‍വ്വശക്തനായ തമ്പുരാന്‍ നമുക്ക് നല്‍കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.