
പള്ളിക്കൂദാശാക്കാലത്തിലെ അവസാന ഞായറാഴ്ച തിരുസഭ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത് രാജാവായ മിശിഹായെയാണ്. വരാനിരിക്കുന്ന മിശിഹായെക്കുറിച്ച് ദൈവം ദാവീദ് രാജാവിന് നല്‍കിയിരുന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് അവിടുത്തെ രാജത്വത്തെക്കുറിച്ച് നമുക്ക് അറിവ് ലഭിക്കുന്നത് (2 സാമു 7,12-14). ഇന്നത്തെ സുവിശേഷഭാഗത്തിന്റെ പശ്ചാത്തലമായി നിലകൊള്ളുന്നത് ഈ പഴയനിയമ വാഗ്ദാനമാണ്.
തന്റെ പരസ്യജീവിതത്തിന്റെ അവസാനഘട്ടത്തില്‍ ജറുസലേമില്‍ രാജകീയമായി പ്രവേശിച്ച ഈശോ ദൈവാലയം ശുദ്ധീകരിച്ച ശേഷം ദൈവികമായ അധികാരത്തോടെ ദൈവാലയത്തില്‍ വച്ചു പഠിപ്പിച്ചു പോന്നു. പ്രധാന പുരോഹിതന്മാരും ഫരിസേയ പ്രമുഖരും സദ്ദുക്കായരും നിയമജ്ഞരും ജനപ്രമാണികളും അവിടുത്തെ, വാക്കില്‍ കുടുക്കാനായി പല ചോദ്യങ്ങളുമായി സമീപിച്ചു. അവരുടെ ആരുടെയും കെണികളില്‍ വീഴാതെ തക്കതായ ഉത്തരം നല്കി ഈശോ തന്റെ ദൈവികാധികാരം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു. യഹൂദ പണ്ഡിതരുടെ വിശുദ്ധഗ്രന്ഥ പരിജ്ഞാനത്തിന്റെയും മിശിഹായെക്കുറിച്ചുള്ള അവരുടെ അറിവിന്റെയും പരിമിതിയെക്കുറിച്ച് അവരെ ബോദ്ധ്യപ്പെടുത്താനായി അവിടുന്ന് അവരോടു ചോദിച്ചു: നിങ്ങള്‍ മിശിഹായെപ്പറ്റി എന്തു വിചാരിക്കുന്നു? അവന് ആരുടെ പുത്രനാണ്? ദാവീദിന്റേത് എന്നവര്‍ മറുപടി നല്കി. നാഥാന് പ്രവാചകനിലൂടെ ദൈവം ദാവീദിന് നല്കിയ വാഗ്ദാനത്തിന്റെ വെളിച്ചത്തിലാണ് അവര്‍ ഉത്തരം നല്‍കിയത്. വാഗ്ദാനം ഇപ്രകാരമായിരുന്നു: ദിനങ്ങള്‍ തികഞ്ഞു നീ പൂര്വീകരോടു ചേരുമ്പോള്‍ നിന്റെ ഔരസപുത്രനെ ഞാന്‍ ഉയര്‍ത്തി അവന്റെ സിംഹാസനം സുസ്ഥിരമാക്കും. അവന് എനിക്ക് ആലയം പണിയും. അവന്റെ രാജസിംഹാസനം ഞാന്‍ എന്നേക്കും സ്ഥിരപ്പെടുത്തും. ഞാന്‍ അവനു പിതാവും അവന് എനിക്കു പുത്രനുമായിരിക്കും (2 സാമു 7,12-14). ഈ വാഗ്ദാനത്തിന്റെ ചുവടു പിടിച്ചാണ് പ്രവാചകന്മാര് ദാവീദിന്റെ വംശത്തില്‍ പിറക്കാനിരിക്കുന്ന രാജാവും വിമോചകനുമായ മിശിഹായെക്കുറിച്ച് സംസാരിച്ചത് (ഏശ 9,6-7; 11,1; ജെറ 23,5-6).അവരുടെ ഉത്തരം ശരിയായിരുന്നു. ഈ വാഗ്ദാനത്തിന്റെ വെളിച്ചത്തില്‍ യഹൂദര്‍ പ്രതീക്ഷിച്ചിരുന്നത് ദാവീദിനെപ്പോലെ ശത്രുക്കളുടെ മേല്‍ വിജയം വരിക്കുന്ന ശക്തനായ ഒരു രാഷ്ട്രീയ-ഭൗതിക രാജാവിനെയായിരുന്നു. പക്ഷേ, ഈ വാഗ്ദാനത്തില്‍ തന്നെ വരാനിരിക്കുന്നവനെക്കുറിച്ച് ദൈവം മറ്റൊരു പ്രധാന കാര്യം കൂടി അറിയിച്ചിരുന്നു: ഞാന്‍ അവനു പിതാവും അവന് എനിക്കു പുത്രനുമായിരിക്കും. അതായത്, ദൈവം ദാവീദിന്റെ പുത്രന് പിതാവും, ദാവീദിന് ജനിക്കാനിരിക്കുന്ന പുത്രന് ദൈവത്തിന്റെ പുത്രനും ആയിരിക്കുമെന്ന്. വാഗ്ദാനത്തിലെ ഈ ഭാഗത്തിന്റെ അര്‍ത്ഥം ഫരിസേയര്‍ മനസ്സിലാക്കിയിരുന്നില്ല.
അവരുടെ ഈ അജ്ഞതയെക്കുറിച്ച് അവരെ ബോദ്ധ്യപ്പെടുത്തുന്നതിനായി ഈശോ അവരോട് മറ്റൊരു ചോദ്യം കൂടി ചോദിച്ചു: മിശിഹാ ദാവീദിന്റെ പുത്രനാണെങ്കില്‍, ദാവീദ് ആത്മാവിനാല്‍ പ്രചോദിതനായി അവനെ കര്‍ത്താവ് എന്ന് വിളിക്കുന്നതെങ്ങനെ? സങ്കീ. 110,1-ലാണ് ദാവീദ് മിശിഹായെ കര്‍ത്താവ് എന്ന് അഭിസംബോധന ചെയ്യുന്നത്. അവിടെ നമ്മള് ഇപ്രകാരം വായിക്കുന്നു: കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുളിച്ചെയ്തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്‍ക്ക് കീഴിലാക്കുവോളം നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാവുക. അഭിഷിക്തനായ മിശിഹായോട് കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നതായി (അതായത് ഒരു മെസയാനിക പ്രവചനമായി) യഹൂദര്‍ ഈ സങ്കീര്‍ത്തന ഭാഗത്തെ മനസ്സിലാക്കിയിരുന്നു. ഇവിടെ സങ്കീര്‍ത്തകനായ ദാവീദ്, മിശിഹായെ കര്‍ത്താവ് എന്നു വിളിക്കുന്നു. എങ്കില്‍ അവന് എങ്ങനെ ദാവീദിന്റെ പുത്രനാകും? ഒരു പിതാവും തന്റെ പുത്രനെ കര്‍ത്താവ് എന്നു വിളിക്കുകയില്ല എന്ന ന്യായമാണ് ഈ ചോദ്യത്തിന് പിന്നിലുള്ളത്.
സാമുവേലിന്റെ പുസ്തകം പോലെ തന്നെ സങ്കീര്‍ത്തനങ്ങളും ദൈവനിവേശിതമാണ്. അതുകൊണ്ടു തന്നെ അവയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണു താനും. 2 സാമു 7,14 -ലെ വാചകത്തിന്റെ (ഞാന്‍ അവനു പിതാവും അവന് എനിക്കു പുത്രനുമായിരിക്കും) അര്‍ത്ഥം ഗ്രഹിച്ചിരുന്നെങ്കില്‍ സങ്കീ 110,1 ന്റെ പൊരുള്‍ മനസ്സിലാക്കാനും സാധിക്കുമായിരുന്നു. കാരണം, ദാവീദിന്റെ പുത്രന് ദൈവത്തിന്റെ പുത്രനും കൂടിയായിരിക്കും എന്നായിരുന്നല്ലോ വാഗ്ദാനത്തിന്റെ അര്‍ത്ഥം. ഫരിസേയര്‍ അതു ശ്രദ്ധിക്കാതിരുന്നതു കൊണ്ടാണ് ഉത്തരമായി ഒന്നും പറയുവാന്‍ അവര്‍ക്കു സാധിക്കാതെ പോയത്. ഈ ചോദ്യങ്ങളിലൂടെ, താനാണ് വിശുദ്ധഗ്രന്ഥത്തില്‍ ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന രക്ഷകനായ മിശിഹാ എന്ന് അവിടുന്ന് സ്ഥാപിക്കുകയായിരുന്നു. അവിടുന്ന് ഒരേ സമയം ദൈവത്തിന്റെയും ദാവീദിന്റെയും പുത്രനാണ്. ദാവീദിന്റെ വംശത്തില്‍പ്പെട്ട യൗസേപ്പുമായി വിവാഹ നിശ്ചയം ചെയ്തിരുന്ന മറിയത്തില്‍ നിന്ന് പരിശുദ്ധ റൂഹായാലാണല്ലോ ഈശോ ജനിച്ചത്.
ഈ ദാവീദിന്റെ പുത്രന് കര്‍ത്താവിനായി ആലയം പണിയുമെന്നും ദൈവം നല്കിയ വാഗ്ദാനത്തില്‍ മുന്‍കൂട്ടി അറിയിക്കപ്പെട്ടിരുന്നു. മറ്റേതൊരു പഴയനിയമ വാഗ്ദാനത്തെയും പോലെ ഇതിനും രണ്ടു വിധത്തിലുള്ള പൂര്ത്തീകരണങ്ങളുണ്ട്: ചരിത്രത്തിലും മിശിഹായിലും. ചരിത്രത്തില്‍ ദൈവാലയം പണിത ദാവീദിന്റെ പുത്രന് സോളമനാണ്. എന്നാല്‍ ദൈവം വാഗ്ദാനം ചെയ്തിരുന്ന വരാനിരിക്കുന്ന രാജാവായ ഈശോമിശിഹായുടെ ശരീരമാണ് യഥാര്‍ത്ഥ ദൈവാലയം (യോഹ 2,19-21). ഈ മിശിഹാരാജന്റെ മുന്‍രൂപം മാത്രമായിരുന്നു സോളമന്. ദാവീദിന്റെ പുത്രനും ദൈവാലയവും തമ്മിലുള്ള ഈ ബന്ധം മൂലമാണ് തിരുസഭയുടെ പ്രതിഷ്ഠയെ അനുസ്മരിക്കുന്ന പള്ളിക്കൂദാശക്കാലത്തിന്റെ അവസാന ഞായറാഴ്ച മിശിഹായുടെ രാജത്വം ആഘോഷിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഇന്നത്തെ ആദ്യവായനയില്‍ ദൈവാലയ നിര്‍മ്മാണത്തെ സംബന്ധിച്ച് സോളമന് രാജാവിന് ദൈവം നല്കുന്ന നിര്‍ദ്ദേശങ്ങള്‍ നമ്മള് വായിക്കുന്നതും. കര്‍ത്താവ് സോളമനോട് അരുളിച്ചെയ്യുന്നു: എന്റെ ചട്ടങ്ങള്‍ ആചരിച്ചും എന്റെ അനുശാസനങ്ങള്‍ അനുസരിച്ചും എന്റെ കല്പനകള് പാലിച്ചും നടന്നാല്‍ ഞാന്‍ നിന്റെ പിതാവായ ദാവീദിനോടു ചെയ്ത വാഗ്ദാനം നിന്നില്‍ നിറവേറ്റും. ഞാന്‍ ഇസ്രായേല്‍ മക്കളുടെ മദ്ധ്യേ വസിക്കും. എന്റെ ജനമായ ഇസ്രായേലിനെ ഞാന്‍ ഉപേക്ഷിക്കുകയില്ല (1 രാജാ 6,12).
ഭാവിദൈവാലയത്തെക്കുറിച്ച് എസക്കിയേല്‍ പ്രവാചകനുണ്ടായ ദര്‍ശനത്തില്‍ നിന്നാണ് രണ്ടാമത്തെ വായന (എസ 43,1-7). ദൈവത്തോട് ഇസ്രായേല്‍ ജനം അവിശ്വസ്തരായി വര്‍ത്തിച്ചതിന്റെ പേരില്‍ ജറുസലേം ആക്രമിക്കപ്പെടുകയും ദൈവാലയം നശിപ്പിക്കപ്പെടുകയും ചെയ്തപ്പോള്‍ കര്‍ത്താവിന്റെ മഹത്വം ദൈവാലയം വിട്ടുപോയി. മിശിഹായുടെ ആഗമനത്തോടെ ദൈവാലയം പുനരുദ്ധരിക്കപ്പെടുമെന്നും ദൈവികമഹത്വം തിരിച്ചു വരുമെന്നുമാണ് എസക്കിയേലിനുണ്ടായ ദര്‍ശനത്തിന്റെ പൊരുള്‍. കര്‍ത്താവിന്റെ മഹത്വം കിഴക്കേ പടിപ്പുരയിലൂടെ ദൈവാലയത്തില്‍ പ്രവേശിച്ചു. ദൈവമഹത്വം ആലയത്തില്‍ നിറഞ്ഞു നില്ക്കുന്നു. ദൈവം പ്രവാചകനോട് അരുളിച്ചെയ്തു: എന്റെ സിംഹാസനവും പാദപീഠവും ഇസ്രായേല്‍ മക്കളുടെ ഇടയില്‍ ഞാന്‍ നിത്യം വസിക്കുന്ന ഇടവും ഇതാണ്. വാസ്തവത്തില്‍ എസക്കിയേല്‍ പ്രവാചകന് ദര്‍ശിച്ച ഭാവി ദൈവാലയം മനുഷ്യനായ ഈശോമിശിഹായിലാണ്. വചനം മാംസമായി നമ്മുടെയിടയില്‍ കൂടാരമടിച്ചു. അവന്റെ മഹത്വം, പിതാവിന്റെ ഏകജാതന്റെ മഹത്വം, കൃപയും സത്യവും നിറഞ്ഞതായി നമ്മള് കണ്ടു (യോഹ 1,14).
ഈ ഭൂമിയിലെ ദൈവാലയം സ്വര്‍ഗീയകാര്യങ്ങളുടെ സാദൃശ്യം മാത്രമായിരുന്നു. കാരണം, സീനായ് മലയില്‍ വച്ചു ദൈവം മോശയ്ക്കു കാണിച്ചു കൊടുത്ത മാതൃകയനുസരിച്ചാണ് ജറുസലേം ദൈവാലയം നിര്‍മ്മിക്കപ്പെട്ടത് (ഹെബ്രാ 8,5). പാപശുദ്ധീകരണത്തിനായി ഈ ദൈവാലയത്തില്‍ ബലിയര്‍പ്പണങ്ങളുണ്ടായിരുന്നു; എന്നാല്‍, സ്വര്‍ഗീയ കാര്യങ്ങള്‍ കൂടുതല്‍ ശ്രേഷ്ഠമായ ബലികളാല്‍ ശുദ്ധീകരിക്കപ്പെടേണ്ടിയിരിക്കുന്നു എന്ന് ഹെബ്രായ ലേഖകന്‍ സമര്‍ത്ഥിക്കുന്നതാണ് പുതിയനിയമത്തില്‍ നിന്നുള്ള ഇന്നത്തെ ആദ്യവായന (ഹെബ്രാ 9,16-28). നമുക്കു വേണ്ടി, നമ്മുടെ പാപപരിഹാരാര്‍ത്ഥം, ദൈവസന്നിധിയില്‍ നില്‍ക്കാനായി ഈശോ സ്വര്‍ഗത്തിലേക്കു പ്രവേശിച്ചു. ആണ്ടുതോറും പാപപരിഹാരദിനത്തില്‍ പ്രധാനപുരോഹിതന്‍ അതിവിശുദ്ധ സ്ഥലത്തു പ്രവേശിച്ചിരുന്നതു പോലെ ആയിരുന്നില്ല അത്. കാരണം, മഹാപുരോഹിതനായ മിശിഹായ്ക്ക് ഒരിക്കല്‍ മാത്രമേ ബലിയര്പ്പിക്കേണ്ടതുണ്ടായിരുന്നുള്ളു. ദൈവമായ അവിടുത്തെ സ്വയാര്‍പ്പണത്തിനു നിത്യമായ ഫലമുള്ളതു കൊണ്ടാണത്. ഈശോ സ്വര്‍ഗീയ ശ്രീകോവിലിലേക്ക് പ്രവേശിച്ചത് തന്റെ തന്നെ ശരീരമാകുന്ന ദൈവാലയത്തിലൂടെയാണ്. കോലാടുകളുടെയോ കാളക്കിടാക്കളുടെയോ രക്തവുമായല്ല, സ്വന്തരക്തവുമായാണ് അവിടുന്ന് ദൈവസന്നിധിയിലേക്കു പ്രവേശിച്ചത്. ഇതുവഴി നിത്യപുരോഹിതനായി ഭവിച്ച മിശിഹാ സ്വര്‍ഗീയ മദ്ബഹായില്‍ നിത്യം പുരോഹിതശുശ്രൂഷ ചെയ്യുന്നു. ഈ ഏകവും നിത്യവുമായ ബലിയര്‍പ്പണത്തിലാണ് പരിശുദ്ധ കുര്‍ബാനയിലൂടെ നമ്മള് പങ്കു ചേരുന്നത്.
ഇന്നത്തെ സുവിശേഷത്തില്‍ പരാമര്‍ശിക്കപ്പെട്ട സങ്കീ. 110,1-ല്‍ മിശിഹായുടെ ഈ സ്വര്‍ഗീയ ശുശ്രൂഷയെക്കുറിച്ചും സൂചനയുണ്ടായിരുന്നു: കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുളിച്ചെയ്തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനാവുക. സഹനമരണോത്ഥാനങ്ങള്‍ക്കു ശേഷം സ്വര്‍ഗ്ഗാരോഹണം ചെയ്ത മിശിഹായെയാണല്ലോ പിതാവായ ദൈവം തന്റെ വലതു ഭാഗത്തിരുത്തിയത്. സ്വര്‍ഗത്തില്‍ മഹിമയുടെ സിംഹാസനത്തിന്റെ വലതു ഭാഗത്തിരിക്കുന്ന ഒരു പ്രധാനപുരോഹിതന്‍ നമുക്കുണ്ട് (ഹെബ്രാ 8,1). ഈ പുരോഹിതന് രാജാവും കൂടിയാണ്. അവിടുത്തെ ജനനം തന്നെ രാജത്വം വിളിച്ചറിയിക്കുന്നതായിരുന്നു. ജനനവേളയില്‍ പ്രത്യക്ഷപ്പെട്ട നക്ഷത്രം രാജകീയ ചെങ്കോലിന്റെ സൂചനയാണല്ലോ നല്‍കിയത് (സംഖ്യ 24,17; മത്താ 2,1-3). അവിടുത്തെ ജനനം ലോകചരിത്രത്തെ തന്നെ, മിശിഹായ്ക്കു മുമ്പും പിമ്പും എന്ന് രണ്ടായി തിരിച്ചു. അവിടുത്തെ പ്രഘോഷണവിഷയവും ദൈവത്തിന്റെ രാജ്യത്തെക്കുറിച്ചായിരുന്നു. ദൈവഹിതം പൂര്‍ണമായി നടപ്പിലാക്കിക്കൊണ്ട് അവിടുന്ന് ദൈവരാജ്യം തന്നില്‍ത്തന്നെ സ്ഥാപിക്കുകയും ചെയ്തു. നിത്യപുരോഹിതനും യഥാര്‍ത്ഥ ദൈവാലയവുമായ ഈശോമിശിഹായുടെ രാജത്വത്തിരുനാള്‍ ആഘോഷിക്കുന്ന ഈ അവസരത്തില്‍ നമ്മുടെ ജീവിതത്തിലും അവിടുത്തെ രാജ്യം വരണമേ എന്നു നമുക്ക് പ്രാര്‍ത്ഥിക്കാം. ദൈവം നമ്മെ എല്ലാവരെയും നുഗ്രഹിക്കട്ടെ.
ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍