ഞായര്‍ പ്രസംഗം പള്ളിക്കൂദാശക്കാലം (2-ാം ഞായര്‍) നന്മ പ്രവര്‍ത്തിക്കുവിന്‍

ഈശോയില്‍ ഏറ്റവും സ്‌നേഹമുള്ളവരെ,

‘നിങ്ങള്‍ എന്റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവുമായിരിക്കും’ (പുറ. 19/4-5). ദൈവസാന്നിധ്യത്തിന്റെ മലയായ സീനായ് മലയില്‍ വച്ച് ദൈവം അരുളിച്ചെയ്ത വാക്കുകളാണിവ. തന്റെ വാക്കുകളുടെ പൂര്‍ത്തീകരണത്തിനായി അവിടുന്ന് സാക്ഷ്യപേടകത്തിലൂടെ തന്റെ സാന്നിധ്യമറിയിച്ചു. മരൂഭൂമിയിലെ യാത്രയിലുടനീളം അവര്‍ക്ക് വഴികാട്ടിയും, ആശ്വാസവും ഈ സാക്ഷ്യപേടകമായിരുന്നു. അഹറോന്റെ വടിയും, കല്‍പ്പലകയും, തിരുസാന്നിധ്യഅപ്പവും ഉള്‍ച്ചേരുന്ന അതിവിശുദ്ധ പേടകത്തെ അവര്‍ വിശുദ്ധമായ കൂടാരങ്ങളിലാണ് സ്ഥാപിച്ചത്. പിന്നീട് പാളയമടിക്കുമ്പോള്‍ ഈ വിശുദ്ധകൂടാരത്തിന് ചുറ്റുമാണ് അവര്‍ പാളയമടിച്ചിരുന്നത്. അവിടെ ശുശ്രൂഷ ചെയ്യുവാന്‍ അഹറോന്റെ തലമുറയെ പ്രത്യേകമാംവിധം ശുദ്ധീകരിക്കുന്നതും അഭിഷേകം ചെയ്യുന്നതും നാം കണ്ടു.

പിന്നീട് ഒരു ജനമായി മാറിയപ്പോഴും, ഒരു രാജ്യമായി തീര്‍ന്നപ്പോഴും അവര്‍ ഈ വിശുദ്ധി കാത്തുസൂക്ഷിച്ചു. 2 സാമു. 7,2-ല്‍ ദൈവത്തിന് ആലയം പണിയുവാന്‍ വെമ്പല്‍കൊള്ളുന്ന ദാവീദ് രാജാവിനെ നാം കണ്ടുമുട്ടുന്നു. പീന്നീട് സോളമന്‍ ദൈവത്തിന് ആലയം പണിയുന്നതും അവിടെ ബലിയര്‍പ്പിക്കുന്നതും ചരിത്രം. എന്നാല്‍ ചരിത്രത്തിന്റെ കുത്തൊഴുക്കില്‍ നിരര്‍ത്ഥകമായ ബലിയര്‍പ്പിച്ച ഇസ്രായേല്‍ സമൂഹത്തിന് വഴിതെറ്റി. അവര്‍ ദൈവവുമായുള്ള ഉടമ്പടി മറന്നു. അനുസരണക്കേട് കാട്ടി. അത് ദേവാലയത്തിന്റെ നാശത്തിലേയ്ക്കും ഇസ്രായേലിന്റെ പതനത്തിലേയ്ക്കും നയിച്ചു.

അതിവിശുദ്ധവും പരിപാവനവുമായ ദേവാലയം ഇല്ലാതായി. ഒന്നിനുപിറകെ ഒന്നായി അടിമത്വങ്ങള്‍. അവിടേക്കാണ് പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായി ക്രിസ്തു കടന്നുവരുന്നത്. (ഹെബ്രാ. 8/1-6). ലേഖനകര്‍ത്താവ് പഴയനിയമ ബലികളെ സ്വര്‍ഗ്ഗീയ സാദൃശ്യങ്ങളുടെ നിഴലിനോടാണ് ഉപമിക്കുന്നത്. അദ്ദേഹം ക്രിസ്തുവിന്റെ പുതിയ ബലിയെ ശ്രേഷ്ഠമായി അവതരിപ്പിക്കുന്നു. എന്തെങ്കിലും അര്‍പ്പിക്കുന്നതാണ് പഴയശീലം. എന്നാല്‍ ക്രിസ്തു എന്തെങ്കിലും ഒന്നല്ല അര്‍പ്പിച്ചത്, അതാണ് അവന്റെ ശ്രേഷ്ഠതയുടെ രഹസ്യം. സ്വയം മുറിച്ചു കൊടുക്കുകയാണ് അവന്‍ ചെയ്തത്. അവന്റെ ശിഷ്യരെന്ന നിലയില്‍ സമാനമായ വിളിയാണ് നമുക്ക് ഓരോരുത്തര്‍ക്കുമുള്ളത്. സ്വയം മുറിച്ചുകൊടുക്കാന്‍. നമ്മുടെ സമയം നാം പങ്കുവയ്ക്കുമ്പോള്‍, ആരോഗ്യം സമര്‍പ്പിക്കുമ്പോള്‍, പണം ചെലവഴിക്കുമ്പോള്‍, നാമും അവനെപ്പോലെ മുറിയപ്പെടുകയാണ്. ദിവ്യകാരുണ്യമായി തീരുകയാണ്. വിശുദ്ധ കുര്‍ബാന നമ്മിലൂടെ തുടരുകയാണ്.

വി. മത്തായിയുടെ സുവിശേഷത്തിലേയ്ക്ക് (12/1-12) കടന്നുവരുമ്പോള്‍, നന്മ ചെയ്തുകൊണ്ട് ചുറ്റി സഞ്ചരിക്കുന്ന ക്രിസ്തുവിനെ നാം കണ്ടുമുട്ടുന്നു. അവന്‍ സാബത്തില്‍ പോലും വിശ്രമിക്കുന്നില്ല. നന്മ ചെയ്യുന്നതില്‍ നിന്ന് ഒന്നും തന്നെ അവനെ തടയുന്നില്ല. സുവിശേഷത്തിന്റെ പശ്ചാത്തലത്തില്‍ ഈശോ മനഃപൂര്‍വ്വം സാബത്ത് ലംഘനം നടത്തുന്ന പോലുണ്ട്. കൂടുതല്‍ ദൂരം നടന്നു (കാരണം ശിഷ്യര്‍ ക്ഷീണിച്ചു), കതിരുകള്‍ ഭക്ഷിച്ച ശിഷ്യരെ ന്യായീകരിക്കുന്നു, രോഗശാന്തി നല്‍കുന്നു. തീര്‍ച്ചയായും ഈ ലംഘനമൊക്കെ- നന്മ ചെയ്യുക എന്ന വലിയ പാഠം പഠിപ്പിക്കുവാനാണെന്ന് 12/12 നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അനുഷ്ഠാനങ്ങള്‍ക്കുപരി സ്‌നേഹത്തിന് പ്രാധാന്യം കൊടുക്കുന്ന രീതി യേശു പറഞ്ഞുവയ്ക്കുന്നു. എന്തിലുമേതിലും ഉപരിയായി കാരുണ്യത്തിന്റെ മുഖം അവിടുന്ന് തുറന്നുകാട്ടുന്നു.

ഇപ്രകാരം നന്മ ചെയ്തു നീങ്ങുന്ന ക്രിസ്തുവിനെ മനഃപൂര്‍വ്വം കെണിയില്‍ ചാടിക്കുവാനാണ് യഹൂദരുടെ ശ്രമം. അവര്‍ കൊണ്ടുവരുന്ന രോഗിയെ ശ്രദ്ധിക്കുക. മരണാസന്നനല്ല, വേണമെങ്കില്‍ നാളെ സുഖപ്പെടുത്തിയാലും മതി. അതുപോലെ തന്നെ കൈ ശോഷിച്ചവന്‍ എന്നത് ഇസ്രായേലിലെ ശാപഗ്രസ്തന്റെ അവസ്ഥയാണ്. ആടുകളെ ഉപേക്ഷിച്ച നീചനായ ഇടയനെയും (എസക്കി. 11/17), ദൈവഹിതത്തിന് എതിരായി ബലിപീഠം നിര്‍മ്മിച്ച ജറോബോബിനെയും (1 രാജാ. 13/1-6), കൈശോഷിച്ചവന്‍ പ്രതിനിധീകരിക്കുന്നു. എന്നിരിക്കിലും ഏതു സാഹചര്യത്തിലും നന്മ പ്രവര്‍ത്തിക്കുവാന്‍ ആഹ്വാനം ചെയ്ത് ബലിയല്ല, കരുണയാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന പഴയനിയമ പ്രവചനത്തെ (ഹോസിയ 6/6) കോര്‍ത്തിണക്കി അവിടുന്ന് പറയുന്നു.

ചിലരെങ്കിലും ഈ വചനഭാഗം -പാരമ്പര്യത്തെ തള്ളിപ്പറയാനുള്ള ഭാഗമായി കാണാറുണ്ട്. ഒരിക്കലുമല്ല. ഈശോ പാരമ്പര്യങ്ങളെ മുറുകെ പിടിച്ചിട്ടേയുള്ളൂ. നിയമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് അവിടുന്ന് വന്നത്. (മത്തായി 5/18)
ഇപ്രകാരം ക്രിസ്തുവിന്റെ നന്മ ചെയ്യാനുള്ള ആഹ്വാനം സ്വീകരിച്ച്, പാരമ്പര്യങ്ങളെ മുറുകെ പിടിച്ച് ഏത് സാഹചര്യത്തിലും സ്വയം മുറിച്ചു കൊടുത്ത് ദിവ്യകാരുണ്യമായി തീരാന്‍ സര്‍വ്വശക്തനായ ദൈവം നമ്മെ സഹായിക്കട്ടെ.
നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേക്കും. ആമേന്‍.

ബ്ര. ബാസ്റ്റിന്‍ പുല്ലംതാനിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.