ഞായര്‍ പ്രസംഗം ഉയിര്‍പ്പുകാലം നാലാം ഞായര്‍ മെയ് 12 യോഹ. 16: 16-24 നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും

ഈശോയില്‍ സ്‌നേഹം നിറഞ്ഞവരെ,

1997 ഫെബ്രുവരി 5-ന് ജപ്പാനില്‍ നാഗസാക്കി തുറമുഖത്തിനടുത്തുള്ള ഒരു കുന്നില്‍ 26 കുരിശുകള്‍ ഉയര്‍ത്തപ്പെട്ടു. 6 ഫ്രാന്‍സിസ്‌കന്‍ വൈദികരും, 3 ഈശോ സഭാ വൈദികരും, ജപ്പാനില്‍ നിന്നുള്ള 17 അത്മായരെയും അവിടേക്ക് കൊണ്ടുവന്നു. അതില്‍ ഒരു സഹോദരന്‍ കുരിശിന്റെ അടുത്തേയ്ക്ക് എത്തിയപ്പോള്‍ അഭിമാനത്തോടെ അതിനെ ചുംബിച്ച്, കാഴ്ചക്കാരായി നിന്നവരോട് പറഞ്ഞുവത്രേ ”ക്രിസ്തുവിനുവേണ്ടി മരിക്കുന്നതിന് ഭാഗ്യം സിദ്ധിച്ച ഞാന്‍ സന്തോഷവാനാണ്. ഞാന്‍ നിങ്ങളെ വഞ്ചിക്കുകയില്ല. മനുഷ്യന്റെ രക്ഷയ്ക്കായി ക്രിസ്തുവല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല.” ആ 26 പേരും ക്രൂശിലേറ്റപ്പെട്ടു. പടയാളികള്‍ അവരുടെ നെഞ്ചു പിളര്‍ന്നു. ക്രിസ്ത്യാനികള്‍ക്ക് പാഠമാകേണ്ടതിനായിരുന്നു അത്.

ക്രിസ്തുവിനെ ഹൃദയത്തില്‍ സ്വീകരിച്ചാല്‍ പിന്നെ ഒരുകാലത്തും അതിനെ കണ്ട് ഭയപ്പെടുന്നില്ല. ദുഃഖങ്ങളെല്ലാം ഭാഗ്യമാണെന്ന് ധ്യാനിച്ചവനും, പ്രഘോഷിച്ചവനും ക്രിസ്തുവാണ്. അതാണ് ഇന്നത്തെ സുവിശേഷത്തില്‍ ഈശോ പറയുന്നത്. നിങ്ങള്‍ ദുഃഖിതരാവും. എന്നാല്‍, നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും. അതെ, ദുഃഖിതര്‍ക്കേ യഥാര്‍ത്ഥ സന്തോഷത്തിന്റെ മാധുര്യം ആസ്വദിക്കാനാവൂ. ഒരു തുള്ളി കണ്ണീരുള്ളവനെ മറ്റൊരുവന്‍ നല്‍കുന്ന ഒരു ചെറുപുഞ്ചിരിയുടെ വില മനസ്സിലാകൂ.

ജീവിതത്തിലെ ചില പീഡാനുഭവങ്ങള്‍ക്ക് മുമ്പില്‍ പകച്ച് നിന്നുപോകുന്നവരാണ് അവര്‍. ചിലപ്പോള്‍ ദൈവത്തിന്റെ മുമ്പില്‍ പരാതിപ്പെട്ടികള്‍ നിരത്താന്‍ ജീവിതത്തിലെ ചില മൊട്ടുസൂചി വേദനകളായാലും മതി. പക്ഷേ, അപ്പോഴെല്ലാം പ്രത്യാശയുടെ വചനങ്ങള്‍ അഭിഷേകങ്ങളായി നിറച്ചുകൊണ്ട് ഈശോ പറയുകയാണ് ”നിന്റെ കണ്ണീരും, ദുഃഖവും നാളെ സന്തോഷമായി മാറും.

നമ്മള്‍ പാടി പ്രാര്‍ത്ഥിക്കുന്ന ഈരടികള്‍ പോലെ
”നിസ്സാരമാം നിസ്സാരമാം
നീറും ദുഃഖങ്ങള്‍ നിസ്സാരമാം
നാളെ വരുന്ന മഹിമയോര്‍ത്താല്‍
ഇന്നെന്‍ ദുഃഖങ്ങള്‍ നിസ്സാരമാം”.

കാല്‍വരി കുരിശിന്റെ വിലയേറിയ മൂല്യമറിയാന്‍ അന്ന് കാല്‍വരി കുന്നില്‍ ബലിയായവനേ പറ്റൂ. പഴയ നിയമത്തിലും പുതിയ നിയമത്തിലും ദൈവത്തോട് വിശ്വസ്തരായവരുടെ ജീവിതങ്ങളിലെ സഹനങ്ങള്‍ വെറും നൈമിഷികമാണെന്ന് അറിയാന്‍ കഴിയും. പൂര്‍വ്വപിതാവായ അബ്രഹാം, തന്റെ ജീവിതത്തില്‍ സഹനത്തെ ദൈവികപദ്ധതിയായി സ്വീകരിച്ചപ്പോള്‍ അതവന് അനുഗ്രഹമായി മാറി. മോശയുടെ ജീവിതം പരിശോധിക്കുക. ദൈവികപദ്ധതിയനുസരിച്ച് ഇസ്രായേല്‍ ജനത്തെ നയിക്കാനായി നിയോഗിക്കപ്പെട്ടപ്പോള്‍ പ്രതിഫലമായി ലഭിച്ചത് നിറയെ പരാതികളും, ശാപവാക്കുകളും. എങ്കിലും എല്ലാം ദൈവഹിതമായി കണ്ടപ്പോള്‍, മോശ അനുഗ്രഹീതനായി. ഇങ്ങനെ ഒരുപാട് പേര്‍ സാക്ഷികളായി വചനത്താളുകളില്‍ നിറഞ്ഞുനില്‍ക്കുന്നു.

സ്‌നേഹമുളളവരേ, നമ്മുടെയൊക്കെ ജീവിതത്തിലും സഹനങ്ങള്‍ ക്ഷണിക്കപ്പെടാത്ത അതിഥികളായി വരുമ്പോള്‍ പതറാതെ, തളരാതെ, ധൈര്യപൂര്‍വ്വം മുമ്പോട്ടിറങ്ങിയാല്‍ ജീവിതവിജയം നേടാം. മനുഷ്യചരിത്രം മുഴുവന്‍ എടുത്തുനോക്കിയാല്‍ ജീവിതവിജയം നേടിയവര്‍ കഷ്ടതയുടെയും ദുഃഖത്തിന്റെയും നടുക്കടല്‍ നീന്തിക്കടന്നവരാണ്.

ശാസ്ത്രലോകം ഇന്നും ബഹുമാനത്തോടെ കാണുന്ന ഐസക്ക് ന്യൂട്ടന്റെ ബാല്യകാലം തികച്ചും വേദനാജനകമായിരുന്നു. ബാല്യകാലത്ത് തന്നെ അപ്പന്റെ മരണത്തിന് സാക്ഷിയായി. അധികം താമസിക്കാതെ, അമ്മ വേറൊരുവന്റെ കൂടെ ഇറങ്ങിത്തിരിച്ചത് കണ്ടുനില്‍ക്കേണ്ടി വന്നു. പലപ്പോഴും ആ അനാഥക്കുഞ്ഞ് തന്റെ മരിച്ചുപോയ അപ്പനെയോര്‍ത്ത്, തന്നെ ഉപേക്ഷിച്ചുപോയ അമ്മയെയോര്‍ത്ത് കരയുമ്പോള്‍ അവന്റെ വല്ല്യമ്മ അവനെ ആശ്വസിപ്പിക്കുമായിരുന്നുവത്രേ. ”മോനെ, ദൈവമാണ് നിന്റെ പിതാവ്. നിനക്കാവശ്യമായിട്ടുള്ളതെല്ലാം അവന്‍ നല്‍കും” എന്ന്. തന്റെ വല്ല്യമ്മയുടെ ആശ്വാസവചനം അവന് നിരാശയുടെ പടുകുഴിയില്‍ വലിയ പ്രത്യാശ നല്‍കി.

ജീവിതദുഃഖങ്ങള്‍ വരുമ്പോള്‍ ഇനിയും നീ കരയരുത്. കാരണം, ദുഃഖങ്ങള്‍ സന്തോഷമാക്കി മാറ്റുന്ന സത്യമായ ക്രിസ്തു ഉയിര്‍ത്തേഴുന്നേറ്റിരിക്കുന്നു. എങ്കില്‍ ഇനി സന്തോഷമായ ഒരു ജീവിതം നയിക്കാം.

ഡീ. ചാക്കോ വടക്കേതലക്കല്‍

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ