
ആരാധനാക്രമവത്സരത്തില്‍ ഈശോയുടെ പ്രത്യക്ഷീകരണത്തിന്റെ അനുസ്മരണമായ ദനഹാക്കാലത്തിലെ 8-ാം ആഴ്ചയിലേയ്ക്ക് നാം പ്രവേശിക്കുമ്പോള്‍ നമ്മുടെ പ്രാര്‍ത്ഥനയ്ക്കും വിചിന്തനത്തിനുമായി തിരുസഭ നല്‍കിയിരിക്കുന്ന വചനഭാഗം, മര്‍ക്കോസ് 1:7-11 വാക്യങ്ങളില്‍ വിവരിക്കുന്ന, യോഹന്നാനില്‍ നിന്ന് സ്നാനം സ്വീകരിക്കുന്ന ക്രിസ്തുവിനെപ്പറ്റിയാണ്. പരിശുദ്ധ ത്രിത്വത്തിലെ പിതാവും പരിശുദ്ധാത്മാവും ഈശോയെ വെളിപ്പെടുത്തുന്ന അതിമനോഹരമായ കാഴ്ചയും വചനഭാഗം നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു.
പുറപ്പാട് പുസ്തകം 15:22-26 വാക്യങ്ങളില്‍, ഈജിപ്തിലെ ഫറവോയുടെ അടിമത്തത്തില്‍ നിന്നും മോചിതരാകുന്ന ഇസ്രായേല്‍ ജനത, മോശയുടെ നേതൃത്വത്തില്‍ മരുഭൂമിയിലൂടെ കടക്കുമ്പോള്‍ ദാഹാര്ദ്രരായിത്തീരുന്നു. കുടിക്കാന്‍ വെള്ളം കിട്ടാതെ വരുമ്പോള്‍ അതുവരെ തങ്ങളുടെ ജീവിതത്തില്‍ ഇടപെട്ട ദൈവത്തെയും അവിടുത്തെ പരിപാലനയെയും മറന്നുകൊണ്ട് അവര്‍ പ്രതികരിക്കുന്നു. മാറായിലെ കയ്പ്പുള്ള വെള്ളം, ദൈവത്തിനെതിരായി തിരിയാന്‍ അവരെ പ്രേരിപ്പിക്കുന്നു. റൂത്ത് 1:20-ല്‍ വായിക്കുന്നത്, നവോമി റൂത്തിനോട് പറയുന്ന ഒരു കാര്യമാണ്. ‘എന്നെ നവോമി എന്നല്ല മാറാ എന്നാണ് വിളിക്കേണ്ടത്.’ സര്വ്വശക്തന് എന്നോട് വളരെ കഠിനമായിട്ടാണ് പ്രവര്‍ത്തിച്ചത്. സന്തുഷ്ട എന്നര്‍ത്ഥമുള്ള നവോമിയുടെ ജീവിതത്തിലേയ്ക്ക് കയ്പു നിറഞ്ഞ മാറാ അനുഭവം കടന്നുവന്നു.
ഈ മാറാ അനുഭവങ്ങള്‍ നമ്മുടെ ജീവിതത്തിലുമുണ്ടാവാം. എന്നാല്‍, ആ സമയം ദൈവത്തിനെതിരായി പിറുപിറുക്കുകയല്ല വേണ്ടത്. മറിച്ച്, ദൈവം മോശയ്ക്ക് കാണിച്ചുകൊടുത്ത മറുമരുന്ന് ഒരു തടിക്കഷണമായിരുന്നു. വെള്ളം മധുരിപ്പിക്കുന്ന തടിക്കഷണം. അത് വിശുദ്ധ കുരിശാണ്. അതില്‍ ആശ്രയിക്കുകയാണ് വേണ്ടത്. സുവിശേഷത്തില്‍ അനുതാപത്തിന്റെ സ്നാനം സ്വീകരിക്കുവാന്‍ തന്റെ അടുത്തേയ്ക്ക് വന്ന ജനത്തിന് സ്നാപകന് കാട്ടിക്കൊടുക്കുന്നത് മനുഷ്യരുടെ ജീവിതത്തിലേയ്ക്ക് മധുരമായി കുരിശില്‍ ജീവന് അര്‍പ്പിക്കാന്‍ വന്ന ക്രിസ്തുവിനെയാണ്.
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ നിന്നുള്ള രണ്ടാം വായനയിലും ഇതിനു സമാനമായ ആശയമാണ് പറഞ്ഞുവയ്ക്കുന്നത്. വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്നും ജനത്തിന് പ്രതീക്ഷയും ആശ്വാസവും പകരുമെന്നും പറയുന്നതിനോടൊപ്പം തന്നെ പ്രവാചകന് അവരോട്, അനുതപിച്ച് ദൈവത്തിലേയ്ക്ക് തിരിയുവാനും ആവശ്യപ്പെടുന്നു. എഫേസോസുകാര്‍ക്കുള്ള ലേഖനത്തില്‍ പൗലോസ്ശ്ലീഹാ, അവരുടെ ക്രിസ്തുവിലുള്ള വിശ്വാസവും പരസ്പരസ്നേഹവും പ്രകീര്‍ത്തിച്ചുകൊണ്ട് നടത്തുന്ന കൃതജ്ഞതയുടെ ഒരു പ്രാര്‍ത്ഥനയാണ് നാം ദര്‍ശിക്കുക. അവസാനം എല്ലാത്തിന്റെയും കേന്ദ്രമായ ക്രിസ്തുവിലേയ്ക്ക് സ്നാപകന് വിരല്‍ചൂണ്ടുന്നു.
ഇന്നത്തെ സുവിശേഷം നമ്മുടെ മുമ്പില്‍ ഈശോയുടെ മാമ്മോദീസായെ അവതരിപ്പിക്കുമ്പോള്‍, എല്ലാ മാമ്മോദീസായിലും സംഭവിക്കുന്ന മൂന്ന് കാര്യങ്ങള്‍ നമുക്കിവിടെ കാണുവാന്‍ സാധിക്കും. ആദ്യമായി പിതാവ് നമ്മെ തന്റെ ദത്തുപുത്രരായി സ്വീകരിക്കുന്നു. രണ്ടാമത് പുത്രന് നമ്മെ തന്നോട് ഐക്യപ്പെടുത്തുന്നു. മൂന്നാമതായി ആത്മാവ് നമ്മില്‍ ആവസിക്കുന്നു. നാം ചിലപ്പോള്‍ അറിയുകയോ അനുഭവിക്കുകയോ ചെയ്യുന്നില്ലെങ്കിലും ഓരോ മാമ്മോദീസായിലും സംഭവിക്കുന്ന കാര്യമാണിത്. എന്നാല്‍, ഈ അനുഭവം സ്വന്തമാക്കാന്‍ സാധിച്ച ഒരു വ്യക്തിയായിരുന്നു വി. അഗസ്തീനോസ്. എ.ഡി. 378-ലെ ഈസ്റ്റര്‍ ദിനത്തില്‍ (ഏപ്രില്‍ 25) വി. അംബ്രോസില്‍ നിന്നും സ്നാനം സ്വീകരിച്ച അഗസ്റ്റിന്, മനിക്കേയന്‍ സിദ്ധാന്തത്തിന്റെയും നിയോ പ്ലേറ്റോണിസത്തിന്റെയും സ്വാധീനത്താല്‍ ലൗകികനായി ജീവിച്ചിരുന്ന അവസ്ഥയെ ഉപേക്ഷിച്ച് മാനസാന്തരത്തിലേയ്ക്ക് കടന്നുവന്ന് വിശുദ്ധനായും വേദപാരംഗതനായും മാറുന്നു. ഇതുപോലെ മാമ്മോദീസായിലൂടെ വിശുദ്ധജീവിതത്തിലേയ്ക്ക് കടന്നുവരുവാന്‍ ഈ വചനഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ഈ വചനഭാഗത്തെപ്പറ്റി ബനഡിക്ട് 16-ാമന്‍ പാപ്പ ‘നസ്രത്തിലെ യേശു’ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞുവയ്ക്കുക ഇപ്രകാരമാണ്: ‘മനുഷ്യവര്‍ഗ്ഗത്തിന്റെ കുറ്റത്തിന്റെ മാറാപ്പ് മുഴുവന്‍ തന്റെ ചുമലില്‍ അവന് എടുത്തുവച്ചു.’ ജോര്‍ദ്ദാന്റെ ആഴങ്ങളിലേയ്ക്ക് കാലെടുത്തുവച്ച് അവന് തന്റെ പരസ്യജീവിതം ആരംഭിച്ചു. മനുഷ്യകുലത്തിന്റെ പാപത്തിനുവേണ്ടി മരിക്കുവാനുള്ള സന്നദ്ധതയാണ് മാമ്മോദീസാ (Vol-1 PP 115-116). ദൈവപുത്രന് എന്ന നിലയില്‍ ഈശോയ്ക്ക് സ്നാനം സ്വീകരിക്കേണ്ട കാര്യം ഇല്ലായിരുന്നു. എങ്കിലും മനുഷ്യരോടുള്ള സ്നേഹത്തെപ്രതി നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരമായി പിതാവിന്റെ പദ്ധതിയോടു ചേര്‍ന്ന് നമ്മോട് താദാത്മ്യപ്പെടുവാനായി ഈശോ സ്നാപകനില്‍ നിന്നും ജലം കൊണ്ടുള്ള സ്നാനം സ്വീകരിച്ചു.
ജലം കൊണ്ടുള്ള സ്നാനത്തിന് മാനവകുലത്തോളം തന്നെ പഴക്കമുണ്ട്. പഴയനിയമത്തിലെ പല ശുദ്ധീകരണങ്ങളും ജലം കൊണ്ടുള്ള ക്ഷാളനമായിരുന്നു. സമാഗമ കൂടാരത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് പുരോഹിതന് നടത്തിയിരുന്ന ശുദ്ധീകരണം, അഭിഷേകത്തിന്റെ ഭാഗമായ ശുദ്ധീകരണം അങ്ങനെ പല ശുദ്ധീകരണങ്ങളും ഉണ്ടായിരുന്നു. പുതിയനിയമത്തിലും അതിന്റെ അംശങ്ങള്‍ കാണാന്‍ കഴിയും. ശുദ്ധിയെപ്പറ്റിയുള്ള തര്‍ക്കവും എല്ലാം പുതിയനിയമത്തില്‍ പരാമര്‍ശിക്കുന്നു. എന്നാല്‍, യോഹന്നാന്റെ ശുദ്ധീകരണത്തിനുള്ള ആഹ്വാനം ഇതില്‍ നിന്നും വ്യത്യസ്തമാണ്. യഹൂദരുടെ പാരമ്പര്യത്തെപ്പോലെ കേവലം ബാഹ്യമായ അനുഷ്ഠാനമായിരുന്നില്ല അത്. മറിച്ച്, അത് ഹൃദയത്തിന്റെ ക്ഷാളനമായിരുന്നു. സ്നാനപ്പെടുന്നവര്‍ മാനസാന്തരപ്പെടണം എന്ന നിര്‍ബന്ധം സ്നാപകനുണ്ടായിരുന്നു. യോഹന്നാന് നല്‍കിയത് പാപമോചനത്തിന് ഒരുക്കമായുള്ള അനുതാപത്തിന്റെ സ്നാനമായിരുന്നു. യേശു നല്കാന് പോകുന്ന പാപമോചനത്തിന്റെ സ്നാനത്തിന് ജനത്തെ ഒരുക്കുകയായിരുന്നു സ്നാപകന്റെ ദൗത്യം. ഈശോ തന്റെ കുരിശിലെ ബലി വഴി നേടാനിരുന്ന രക്ഷയിലേയ്ക്ക് ക്ഷണിക്കുകയാണ് സ്നാപകന് ഇവിടെ.
ദനഹാക്കാലത്തിലെ അവസാന ഞായറാഴ്ച ഈശോയുടെ ജ്ഞാനസ്നാനത്തെ ധ്യാനിക്കാന്‍ സഭ നമ്മോട് പറയുമ്പോള്‍ നാം നമ്മുടെ മാമ്മോദീസായെയും ജീവിതത്തെയും വിലയിരുത്തണം. വെളിപാട് ഗ്രന്ഥത്തില്‍ യോഹന്നാന്, ലവൊദീക്യായിലെ സഭയ്ക്ക് എഴുതുന്ന കത്തില്‍ അവരോട് പറയുന്നത്: ‘നീ ചൂടോ തണുപ്പോ ഉള്ളവനല്ല. ചൂടോ തണുപ്പോ ഉള്ളവനായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ചൂടോ തണുപ്പോ ഇല്ലാത്ത മന്ദോഷ്ണനാകയാല് നിന്നെ ഞാന്‍ എന്റെ വായില്‍ നിന്ന് തുപ്പിക്കളയും’ (വെളി. 3:15-16).
മാമ്മോദീസായുടെ ഫലങ്ങള്‍ ജീവിതത്തിലേയ്ക്ക് സ്വീകരിക്കുന്നതിനോടൊപ്പം സ്നാപകനെപ്പോലെ അതിന് സാക്ഷ്യം വഹിക്കാനും ഓരോ ക്രൈസ്തവനും കടമയുണ്ട്. മറ്റുള്ളവരെ ഈ അനുഭവത്തിലേയ്ക്ക് നടത്താന്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന നമ്മള് അതിനനുസരിച്ചുള്ള ജീവിതം നയിക്കാനും കടപ്പെട്ടിരിക്കുന്നു. അല്ലാതെ വരുമ്പോഴാണ് വെളിപാട് ഗ്രന്ഥത്തില്‍ സൂചിപ്പിച്ച ആ അപകടം നമ്മുടെ ജീവിതത്തിലേയ്ക്കും കടന്നുവരിക. മാമ്മോദീസായിലൂടെ മിശിഹായുടെ മരണത്തില്‍ പങ്കുചേര്‍ന്ന് നാം അവിടുത്തെ ശരീരത്തിലെ അവയവങ്ങളായി തീരുന്നു. ഒരു അവയവത്തിനുണ്ടാകുന്ന ക്ഷതം ശരീരം മുഴുവനെയും അസ്വസ്ഥമാക്കുന്നു. മുറിവുണക്കുന്ന തൈലമായ വി. കുര്‍ബാനയില്‍ പങ്കുചേരുമ്പോള്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.
കര്‍ത്താവേ, മാമ്മോദീസായിലൂടെ സഭയിലും അങ്ങയിലും അംഗങ്ങളായിത്തീര്‍ന്ന ഞങ്ങളെ മാമ്മോദീസായുടെ ഫലങ്ങളായ അനുതാപത്തിലേയ്ക്കും പാപമോചനത്തിലേയ്ക്കും നയിക്കണമെ. വിശുദ്ധിയില്‍ വളരുവാനും നിലനില്ക്കുവാനും അങ്ങയില്‍ ആശ്രയിച്ച് ജീവിതം നയിക്കുവാനും ഞങ്ങളെ സഹായിക്കണമെ. ജീവിതത്തില്‍ കയ്പ്പേറിയ മാറാ അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അങ്ങേയ്ക്കെതിരായി തിരിയാതെ അതിലെ ദൈവികപദ്ധതിയെ കണ്ടെത്തുവാനും കുരിശില്‍ ആശ്രയിക്കുവാനും ഞങ്ങളെ പഠിപ്പിക്കേണമെ. ആമ്മേന്‍.
ബ്ര. ജോസഫ് കൊല്ലംപറമ്പില്‍ MCBS