ഞായര്‍ പ്രസംഗം-2 ദനഹാക്കാലം 7-ാം ഞായര്‍ ദൈവികസ്‌നേഹത്തിന്റെ വെളിപ്പെടുത്തലുകള്‍

ലോകാരംഭം മുതല്‍ ഇന്നോളം മനുഷ്യകുലത്തിന് വെളിവാക്കപ്പെട്ട ദൈവികസ്‌നേഹം അതിന്റെ പൂര്‍ണ്ണതയിലും പരകോടിയിലും എത്തിനില്‍ക്കുന്നത് ദൈവം തന്നെ മനുഷ്യനായി അവതരിച്ച് (യോഹ. 1:14) മനുഷ്യരുടെ കൂടെവസിച്ച് അവരില്‍ ഒരുവനെപ്പോലെ ആയിത്തീര്‍ന്ന ഈശോയിലാണ്. ദൈവത്തിന്റെ ഈ സ്നേഹപ്രവൃത്തി തന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുവേണ്ടി മാത്രമായിരുന്നില്ല. മറിച്ച്, സ്വജാതീയര്‍ക്കും (ഇസ്രായേല്‍) ലോകം മുഴുവനിലുമുള്ള എല്ലാ മനുഷ്യമക്കള്‍ക്കും വേണ്ടിയായിരുന്നു എന്നറിയുമ്പോള്‍, ദൈവത്തിന്റെ ഈ സ്നേഹവും കരുണയും അതിലുപരി ആ സ്‌നേഹം നമ്മിലേക്കൊഴുക്കുവാന്‍ അവിടുന്ന് ഏറ്റെടുക്കേണ്ടിവന്ന സഹനവും എത്രയോ വലുതാണെന്നും ധ്യാനിക്കുമ്പോള്‍, സ്‌നേഹമുള്ളവരെ, നമ്മുടെ മനസ്സും ഹൃദയവും ഒരിക്കലും ദൈവത്തില്‍ നിന്നകലാതിരിക്കാന്‍ ആ ദൈവത്തിലുള്ള വിശ്വാസത്തില്‍ ആഴപ്പെടുവാനും സ്‌നേഹത്തോടെ അവിടുന്നില്‍ ശരണപ്പെട്ട് ജീവിതം മുന്നോട്ടു നയിക്കുവാനും നമുക്ക് സാധിക്കും.

ഇപ്രകാരം ദൈവികസ്‌നേഹത്തിന്റെ വെളിപ്പെടുത്തലുകളുടെ കാലഘട്ടമായ ഈ ദനഹാക്കാലത്തില്‍ ഇന്നത്തെ തിരുവചനം (മത്താ. 8: 5-13) നമുക്ക് പറഞ്ഞുതരുന്നത് ഒരു വിജാതിയനായ പട്ടാളത്തലവന്‍ തന്റെ ഭൃത്യനുവേണ്ടി നേടിയെടുക്കുന്ന രോഗസൗഖ്യത്തെക്കുറിച്ചാണ്. തിരുവചനം ശ്രദ്ധയോടെ ശ്രവിക്കുമ്പോള്‍ കുറെയധികം അസാധാരണമായ കാര്യങ്ങള്‍ ഈ പട്ടാളത്തലവനില്‍ നാം കണ്ടെത്തും.

1. യഹൂദനായ യേശുവിന്റെ പക്കല്‍ വിജാതിയനും നൂറോളം പടയാളികളുടെ അധിപനുമായ മനുഷ്യന്‍ വിനയത്തോടെ യാചിക്കുന്നു.

2. തന്റെ കീഴിലുള്ള നിസ്സാരനായ ഭൃത്യന്‍ രോഗവിമുക്തനാകുന്നതിനു വേണ്ടിയുള്ള ആ മനുഷ്യന്റെ (ശതാധിപന്‍) തീക്ഷ്ണമായ പരിശ്രമം.

3. ഇത്രത്തോളം ഉന്നതസ്ഥാനത്തിരിക്കെ തങ്ങള്‍ നിസ്സാരരെന്ന് കരുതിയിരുന്ന ഒരു യഹൂദമനുഷ്യനെ കര്‍ത്താവായി കാണുവാനും തന്റെ അയോഗ്യത ഏറ്റുപറയുവാനുമുള്ള ഹൃദയവിശാലത.

4. ഈ ശതാധിപനായ മനുഷ്യനില്‍ വിസ്മയഭരിതനായി അവന്റെ ആഗ്രഹം സാധിച്ചുകൊടുക്കുന്ന ഈശോ.

സാധാരണമല്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെ അസാധാരണക്കാരനായി മാറിയ വ്യക്തിത്വത്തിന് ഉടമയാണ് ഈ ശതാധിപന്‍. അതിലൂടെ നന്മയുടെ നറുമണം ചുറ്റുമുള്ളവര്‍ക്ക് പകര്‍ന്നുകൊടുത്തവന്‍. അധികാരത്തിലിരിക്കുന്ന ഏത് വ്യക്തികളാണ് തങ്ങളുടെ കീഴിലുള്ളവരുടെ ഒപ്പമായിരിക്കാന്‍ – അവരുടെ ക്ഷേമമാണ് തങ്ങളുടേതിനെക്കാള്‍ പ്രധാനപ്പെട്ടതെന്ന് ചിന്തിക്കുകയും അതിനായി പ്രയത്‌നിക്കുകയും ചെയ്യുന്നത്? വളരെ ചുരുക്കം ചിലരെ ചരിത്രത്തില്‍നിന്നും നമുക്ക് എണ്ണിയെടുക്കാം. അങ്ങനെയെങ്കില്‍ അവരിലൊരുവനായി ശതാധിപനെ ഈ സുവിശേഷത്തില്‍ നാം കാണുന്നു.

നമ്മുടെ ചുറ്റുമുള്ള മനുഷ്യജീവിതങ്ങളിലേയ്ക്ക് നോക്കിയാല്‍ ശതാധിപനെപ്പോലെ സ്വയം വിനീതനായി കൂടെയുള്ളവരുടെ നന്മയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകുന്ന അസാധാരണപ്രവൃത്തികള്‍ ചെയ്യുവാന്‍ മുതിരുന്നവര്‍ അപൂര്‍വ്വമാണ്.
ആത്മദാനത്തിന്റെയും സ്വയംശൂന്യവല്‍ക്കരണത്തിന്റെയും പാഠശാലയായ ബലിവേദിയില്‍ നിന്നും സൗഖ്യദായകമായ കൂദാശ സ്വീകരിച്ച് ഈ ദേവാലയത്തിന്റെ പടിയിറങ്ങുമ്പോള്‍ ഇന്നത്തെ സുവിശേഷത്തിലെ മുഖ്യകഥാപാത്രമായ ശതാധിപന്റെ മനോഭാവം സ്വീകരിക്കുന്നത് ഉചിതമായിരിക്കും. പ്രഭാഷകന്‍ പറയുന്നു: ‘നീ എത്രമാത്രം ഉന്നതനാണോ അത്രമാത്രം വിനീതനാവുക. ദൈവം മനുഷ്യനായിത്തീര്‍ന്നത് മനുഷ്യകുലത്തിന് ഒന്നാകെ രക്ഷയ്ക്കു കാരണമായിത്തീര്‍ന്നു’. ഫിലി. 2:6-7 വാക്യങ്ങളില്‍ നാം കാണുന്നു: ‘ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന് ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണം വരെ – അതെ കുരിശുമരണം വരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി’. ഈശോയുടെ ഇതേ മനോഭാവം ശതാധിപനിലും നമുക്ക് ദര്‍ശിക്കാന്‍ കഴിയും.

സമ്പത്തും സ്ഥാനമാനങ്ങളുമുള്ള ശതാധിപന്‍ സാധാരണക്കാരനായ ഒരു യഹൂദഗുരുവിനെ കര്‍ത്താവും ദൈവവുമായി ഏറ്റുപറഞ്ഞ് അവന്റെ അനുഗ്രഹം ലഭിക്കാന്‍ എളിമപ്പെട്ടപ്പോഴാണ് ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലുണ്ടാവുന്നത് – രോഗിയായ ഭൃത്യന്‍ സൗഖ്യം പ്രാപിച്ചത്. നൂറ് ആടുകളുണ്ടായിരിക്കെ ഒരാടിനെ നഷ്ടപ്പെട്ട ഇടയന്‍ മറ്റ് തൊണ്ണൂറ്റിയൊമ്പതിനെയും വിട്ട് നഷ്ടപ്പെട്ടു പോയതിനെ അന്വേഷിച്ചിറങ്ങി. ഈ നല്ലിടയനായ ദൈവത്തിന്റെ ചിത്രവും ഈ വിജാതിയസഹോദരനില്‍ നമുക്ക് കാണുവാന്‍ സാധിക്കണം.

സ്‌നേഹമുള്ളവരെ, അങ്ങനെയെങ്കില്‍ ഇന്നിന്റെ സുവിശേഷം നമുക്കായി പകര്‍ന്നുനല്‍കുന്ന സന്ദേശമെന്നത് ദൈവത്തിലുള്ള ആഴമായ വിശ്വാസവും ഏത് പ്രതിസന്ധിയിലും എളിമയോടും ഹൃദയവിശുദ്ധിയോടും കൂടെ ദൈവത്തില്‍ ശരണം തേടുവാനും, ഞാനുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരില്‍, അവരെത്ര ചെറിയവരായാലും അവരുടെ ആവശ്യങ്ങളില്‍ അഭയമായിത്തീരുവാനും തക്കവിധം നമ്മെ രൂപാന്തരപ്പെടുത്തുന്ന ദൈവികസ്‌നേഹത്തിനുടമകളായി മാറുവാനുമാണ്. വിശ്വാസവും ശരണവും സ്നേഹവും എന്ന പുണ്യങ്ങളിലുള്ള വളര്‍ച്ച, എന്റെയും നിന്റെയും ഹൃദയങ്ങളിലാരംഭിച്ച് നമ്മുടെ കുടുംബ ബന്ധങ്ങളില്‍ മുളയെടുത്ത് ജോലിസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും അവസാനം ഈ ലോകം മുഴുവനിലും നന്മയുടെ സുഗന്ധം വിതറുവാന്‍ നമുക്ക് സാധിക്കണം.

നമ്മുടെ കുടുംബങ്ങളില്‍ പരസ്പരം ഭാര്യാ- ഭര്‍ത്താക്കന്മാര്‍ തമ്മിലും സഹോദരങ്ങള്‍ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവേണ്ടി വരുമ്പോഴും, ഒരാള്‍ മറ്റൊരാള്‍ക്ക് മുന്നില്‍ അല്‍പം താണുകൊടുക്കേണ്ടി വരുമ്പോഴും മറ്റുള്ളവരുടെ വളര്‍ച്ചയ്ക്ക് അത് കാരണമാകുന്നുവെങ്കില്‍ നമുക്കതിനെ സന്തോഷപൂര്‍വ്വം സ്വീകരിക്കാം. അവിടെ നാമും സൗഖ്യദായകനായ ദൈവകരങ്ങളിലെ ഉപകരണങ്ങളായി മാറും. മദ്യപാനിയായ ഭര്‍ത്താവിനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഭാര്യയില്‍, ക്യാന്‍സര്‍ രോഗബാധിതയായ ഭാര്യയ്ക്കുവേണ്ടി ധ്യാനം കൂടാന്‍ പോകുന്ന ഭര്‍ത്താവും, പപ്പായുടെ നടുവുവേദന മാറാന്‍ മുട്ടിന്മേല്‍ നിന്ന് ജപമാല ചൊല്ലുന്ന മക്കളും ഇത്തരത്തില്‍ നമുക്ക് മാതൃകയാണ്. അവസാനമായി മറക്കാതിരിക്കാന്‍ ഒരുകാര്യം കൂടി. സ്‌നേഹം, സഹനം ഈ രണ്ട് വാക്കുകളിലും പദവിന്യാസങ്ങളുടെ വ്യതിചലനങ്ങള്‍ മാത്രമേയുള്ളൂ. കാരണം, സ്‌നേഹമുള്ളിടത്തേ സഹനമുള്ളൂ. സഹനം സ്‌നേഹത്തിന്റെ ശോഭ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു; ഇതുതന്നെയാണ് കുരിശിന്റെ വഴിയും. ദൈവം നമ്മെയെല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. സുരേഷ് പട്ടേട്ട് എം.സി.ബി.എസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.