ഞായര്‍ പ്രംസംഗം-2 നോമ്പുകാലം നാലാം ഞായര്‍ മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ

ഏശയ്യാ പ്രവാചകന്‍ തന്റെ പ്രവാചകദൗത്യം ആരംഭിക്കുന്നതു തന്നെ (തന്റെ സ്‌നേഹത്തില്‍ നിന്നും അകന്നുപോകുന്ന) ദൈവത്തിന്റെ ഹൃദയത്തില്‍ നിന്നുയരുന്ന വിലാപത്തോടെയാണ്. ‘ആകാശങ്ങളെ ശ്രവിക്കുക. ഭൂതലമേ ശ്രദ്ധിക്കുക. കര്‍ത്താവ് അരുള്‍ച്ചെയ്യുന്നു: ഞാന്‍ മക്കളെ പോറ്റിവളര്‍ത്തി. എന്നാല്‍, അവര്‍ എന്നോട് കലഹിച്ചു. കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു. കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാല്‍, ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല; എന്റെ ജനം മനസ്സിലാക്കുന്നില്ല’ (ഏശയ്യാ 1:2-3).

വി. മത്തായി അറിയിച്ച സുവിശേഷം 21:33- 44 വരെയുള്ള വചനങ്ങള്‍, പ്രതീക്ഷയോടെ മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ച് വേലി കെട്ടി കൃഷിക്കാരെ ഏല്‍പ്പിച്ചിട്ട് വിളവെടുപ്പുകാലത്ത് ഫലങ്ങള്‍ ശേഖരിക്കുവാന്‍ ഭൃത്യന്മാരെ അയക്കുമ്പോള്‍, കൃഷിക്കാര്‍ അവരെ കൊന്നിട്ടും, വീണ്ടുംവീണ്ടും ഭൃത്യന്മാരെ അയയ്ക്കുകയും അവസാനം സ്വപുത്രനെ തന്നെ അവരുടെ പക്കലേയ്ക്ക് അയയ്ക്കുകയും ചെയ്യുന്ന ഉടമസ്ഥനെയാണ് നാം കണ്ടുമുട്ടുന്നത്. ഇങ്ങനെ സ്വപുത്രന്റെ ഹൃദയം പിളര്‍ന്ന് മുന്തിരിത്തോട്ടത്തിന് വെളിയിലേയ്‌ക്കെറിയുന്ന കൃഷിക്കാര്‍ സ്‌നേഹപിതാവിന്റെ സ്‌നേഹത്തില്‍ നിന്നും ബന്ധം വിച്ഛേദിക്കപ്പെട്ട് നിസ്സഹായരായി മാറുന്ന ചിത്രം സുവിശേഷത്തിന്റെ ഒടുക്കത്തില്‍ നാം കണ്ടുമുട്ടുന്നു. സ്‌നേഹസമ്പന്നനായ പിതാവിന്റെ ഹൃദയം പിളര്‍ന്ന് അവകാശം പിടിച്ചെടുക്കാന്‍ ശ്രമിച്ചവരൊക്കെ ജീവിതത്തില്‍ കണ്ണുനീരിന്റെ ചരിത്രം ഇറക്കിവച്ചതായി വിശുദ്ധ ഗ്രന്ഥം സാക്ഷിക്കുന്നു.

ഏശയ്യാ പ്രവാചകന്റെ പുസ്തകം 5:7 മുതലുള്ള വാക്യങ്ങള്‍ ഇങ്ങനെ പറയുന്നു: ‘സൈന്യങ്ങളുടെ കര്‍ത്താവിന്റെ മുന്തിരിത്തോട്ടം ഇസ്രായേലിന്റെ ഭവനമാണ്. യൂദാജനമാണ് അവിടുന്ന് ആനന്ദം കൊള്ളുന്ന കൃഷി. നീതിക്കു വേണ്ടി അവിടുന്ന് കാത്തിരുന്നു. ഫലമോ, രക്തച്ചൊരിച്ചില്‍ മാത്രം. ധര്‍മ്മനിഷ്ഠയ്ക്കു പകരം നീതി നിഷേധിക്കപ്പെടുന്നവരുടെ നിലവിളി.’ സ്‌നേഹപൂര്‍വ്വം താന്‍ തിരഞ്ഞെടുത്ത ഇസ്രായേല്‍ജനതയെ, താന്‍ കാണിച്ചുതരുന്ന ജീവന്റെ മാര്‍ഗ്ഗത്തിലേയ്ക്ക് ആനയിക്കുവാനായി അവരുടെ പക്കലേയ്ക്ക് പ്രവാചകന്മാരെ ദൈവം അയയ്ക്കുന്നു. എന്നാല്‍, തിരസ്‌ക്കാരത്തിന്റെയും നിന്ദനത്തിന്റെയും മറുപടി ഏറ്റുവാങ്ങിയ ദൈവം നിരാശനാകാതെ അവസാനം സ്വപുത്രനെപ്പോലും അയയ്ക്കുകയാണ്, താന്‍ നട്ടുപിടിപ്പിച്ച മുന്തിരിത്തോട്ടത്തിലെ വിളവ് ശേഖരിക്കുവാനായിട്ട്. എന്നാല്‍, സ്വപുത്രനോടു പോലും അവര്‍ കരുണ കാണിക്കുന്നില്ല. ഈ ഉപമ പറഞ്ഞുകൊണ്ട് തന്റെ ജീവിതത്തില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ യേശു മുന്‍കൂട്ടി പ്രവചിക്കുകയാണിവിടെ.

ഇന്ന് നമ്മുടെ ഓരോരുത്തരുടെ ജീവിതവും ദൈവം നട്ടുപിടിപ്പിച്ച മുന്തിരിത്തോട്ടങ്ങളാണ്. തിരുസഭയാകുന്ന മുന്തിരിത്തോട്ടത്തില്‍ മാമ്മോദീസായിലൂടെ നമ്മുടെ ഓരോരുത്തരുടെയും ആത്മാക്കളെ നട്ടുപിടിപ്പിച്ച ദൈവപിതാവ് സ്ഥൈര്യലേപനം, വി. കുര്‍ബാന എന്നീ കൂദാശകളിലൂടെ നനച്ചുവളര്‍ത്തി, കുമ്പസാരമെന്ന കൂദാശയിലൂടെ ദുഷ്ടന്റെ പ്രലോഭനങ്ങളില്‍ നിന്നും രക്ഷ നല്‍കുവാനായി വേലികെട്ടി സംരക്ഷിച്ച ദൈവപിതാവ്, നമ്മെത്തന്നെ നമ്മുടെ ജീവന്റെ/ആത്മാവിന്റെ കാവല്‍ക്കാരായി നിയമിച്ചിരിക്കയാല്‍ നമ്മുടെ ജീവിതങ്ങളെ ഈ വിശുദ്ധ ദൈവാലയത്തില്‍ വച്ച് ആത്മശോധനയ്ക്ക് വിധേയമാക്കാം.

തന്റെ വിലയേറിയ തിരുരക്തം നല്‍കി വീണ്ടെടുത്തു രക്ഷിച്ച തിരുസഭയാകുന്ന പുതിയ ഇസ്രായേല്‍ ഭവനത്തില്‍, മാമ്മോദീസായിലൂടെ അവിടുത്തെ മകനായി/മകളായി ഉയര്‍ത്തിക്കൊണ്ട് വിശുദ്ധിയിലും പുണ്യജീവിതത്തിലും വളരുവാന്‍ സഹായകനായ പരിശുദ്ധാത്മാവിനെയും നല്‍കി, അവസാനം നമ്മുടെ കൂടെയായിരിക്കുവാന്‍, പോരാ നമ്മുടെയുള്ളില്‍ തന്നെ നിരന്തരം വസിക്കുവാന്‍ ആഗ്രഹിച്ച് കൊതിയോടെ ഓരോ ദിനവും നമ്മുടെ അടുക്കലേയ്ക്ക് വരുന്ന ആ ദൈവികസ്‌നേഹത്തെ തിരസ്‌കരിച്ച് അവിടുത്തോട് മറുതലിച്ച നിരവധി അവസരങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലേ? ഒരുപക്ഷെ, ഇന്നും നമ്മുടെ ആത്മാവിന്റെ സംരക്ഷകരായ നാം ആ ആത്മാവിനെ വേണ്ടവിധത്തില്‍ സംരക്ഷിക്കുവാന്‍ ശ്രദ്ധിക്കാറുണ്ടോ? നമ്മുടെ ശരീരത്തിനും ലൗകീകജീവിതത്തിന്റെ വളര്‍ച്ചയ്ക്കാവശ്യവുമായ എല്ലാവിധ പോഷകങ്ങളും നല്‍കി അവയെ അഭിവൃദ്ധിപ്പെടുത്തുവാനായി പരിശ്രമിച്ച് നാം ഓടി നടക്കുമ്പോള്‍ ഓര്‍മ്മിക്കുക, നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലിരുന്ന് വേദനിക്കുന്ന ഒരു തമ്പുരാനുണ്ടെന്ന്. നാശത്തിലേയ്ക്ക് നയിക്കുന്ന പിശാചിന്റെ ആധിപത്യത്തില്‍ നിന്നും നമ്മെ ഓരോരുത്തരെയും രക്ഷിക്കുവാനായി ഈ മണ്ണില്‍ മനുഷ്യനായി അവതരിച്ച് ഘോരമായ പീഡനങ്ങളേറ്റുവാങ്ങിയ ദൈവം ഇന്നും നമുക്കുവേണ്ടി വേദനകള്‍ അനുഭവിക്കുന്നുണ്ട്. ആ വേദന നമ്മുടെ ആത്മാവിന്റെ തകര്‍ച്ചയെ ഓര്‍ത്തു മാത്രമാണ്.

സ്നേഹമുള്ളവരെ, ഈ നോമ്പുകാലത്തില്‍ നമ്മുടെ ജീവിതത്തെ തികച്ചും ആത്മശോധനയ്ക്ക് വിധേയമാക്കാം. ‘ഒരുവന്‍ ഈ ലോകം മുഴുവന്‍ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം?’ എന്ന യേശുനാഥന്റെ വചനം നമ്മുടെ ഹൃദയത്തില്‍ എപ്പോഴും മാറ്റൊലി കൊള്ളണം.
പൗലോസ് ശ്ലീഹാ, ഗലാത്തിയര്‍ക്കുള്ള ലേഖനത്തിലൂടെ എങ്ങനെയാണ് നമ്മുടെ ജീവിതങ്ങളില്‍ യഥാര്‍ത്ഥഫലങ്ങള്‍ പുറപ്പെടുവിക്കേണ്ടത് – ദൈവത്തിനിഷ്ടമായ ഫലങ്ങള്‍ പുറപ്പെടുവിക്കേണ്ടത് എന്ന് പറഞ്ഞുതരുന്നുണ്ട്. ‘ഞാന്‍ നിങ്ങളോട് പറയുന്നു: ആത്മാവിന്റെ പ്രേരണയനുസരിച്ച് വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്. എന്തെന്നാല്‍, ജഡമോഹങ്ങള്‍ ആത്മാവിന് എതിരാണ്. ആത്മാവിന്റെ അഭിലാഷങ്ങള്‍ ജഡത്തിനും എതിരാണ്. ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കും അറിയാം. അവ വ്യഭിചാരം, അശുദ്ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത, മദ്യപാനം, മദിരോത്സവം ഇവയും ഈദൃശ്യമായ മറ്റു പ്രവര്‍ത്തികളുമാണ്. എന്നാല്‍ ആത്മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാണ്. ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല.’ യേശുക്രിസ്തുവിനുള്ളവര്‍ തങ്ങളുടെ ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു (ഗലാ. 5:16-24).

ഇപ്രകാരം പഴയനിയമ ഇസ്രായേല്‍ജനത ഉപേക്ഷിച്ചുകളഞ്ഞ യേശുനാഥനെ സ്വീകരിച്ചവരായ നമ്മള്‍ അവിടുത്തേയ്ക്ക് ഇഷ്ടമായ പ്രവര്‍ത്തികളില്‍ ജീവിച്ച് ഈ നോമ്പുകാലം ഫലദായകമാക്കുവാന്‍ തമ്പുരാന്‍ അനുഗ്രഹിക്കട്ടെ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍.

ഡീ. ജോസഫ് പട്ടേട്ട് mcbs