ഞായര്‍ പ്രസംഗം – 2 നോന്പുകാലം രണ്ടാം ഞായര്‍ മത്തായി 7:15-27 യഥാര്‍ത്ഥ ശിഷ്യന്‍

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞവരെ,

ഈശോയുടെ പരസ്യജീവിതത്തിന്റെ അവസാനത്തിലാണ് രക്ഷാകര കര്‍മ്മങ്ങളുടെ പരിസമാപ്തി കുറിക്കുന്ന അവിടുത്തെ പീഡാനുഭവവും മരണവും ഉത്ഥാനവും സംഭവിക്കുന്നത്. ദനഹാക്കാലത്തിനും ഉയിര്‍പ്പു തിരുനാളിനും ഇടയ്ക്കുള്ള ഏഴ് ആഴ്ച്ചകള്‍ പ്രാര്‍ത്ഥനയ്ക്കും പ്രായശ്ചിത്തത്തിനും ഉപവാസത്തിനുമായി നീക്കിവച്ചിരിക്കുന്നു. ഈശോയുടെ നാല്‍പ്പത് ദിവസത്തെ ഉപവാസമാണ് വലിയ നോമ്പ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ കാലത്തിന്റെ അടിസ്ഥാനം. നോമ്പുകാലം രണ്ടാം ഞായറാഴ്ച്ചയില്‍, നമ്മുടെ വിചിന്തനത്തിനായി സഭാമാതാവ് നല്‍കിയിരിക്കുന്ന വചനഭാഗം വി. മത്തായി അറിയിച്ച സുവിശേഷം 7:15-27 വരെയുള്ള വാക്യങ്ങളാണ്.

സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിന്റെ മാനദണ്ഡമാണ് (7:21) ഇന്നത്തെ സുവിശേഷത്തില്‍ വിവരിക്കുന്നത്. അതായത് ഒരുവന്‍ ദൈവപുത്രനാണോ അല്ലയോ എന്ന് വേര്‍തിരിച്ചറിയാനുള്ള മാര്‍ഗ്ഗം. ഇവയ്ക്കുള്ള മാനദണ്ഡം ഒരുവന്റെ പ്രവൃത്തി മാത്രമാണ് (7:23). പിതാവിന്റെ ഇഷ്ടം നിറവേറ്റുക (7:21) എന്നതാണ് ഈ പ്രവൃത്തിയുടെ ഹൃദയം.

ഇന്നത്തെ സുവിശേഷം രണ്ടുതരം സാധ്യതകളാണ് നമുക്ക് മുമ്പില്‍ തുറന്നുതരുന്നത്. ഒന്ന്- അനുസരിച്ച് ജീവിക്കാം; രണ്ട്- അനുസരിക്കാതിരിക്കാം. അറിവും ജീവിതവുമാണ് ഇവിടുത്തെ പ്രധാനഘടകങ്ങള്‍. ഉല്‍പത്തി പുസ്തകം 5:22-ല്‍ നാം ഇപ്രകാരം വായിക്കുന്നു. ‘ഹെനോക്ക് ദൈവത്തിന് പ്രിയപ്പെട്ടവനായി ജീവിച്ചു. പിന്നെ അവനെ കണ്ടില്ല; ദൈവം അവനെ എടുത്തു’ (ഉല്‍. 5:24). ആദം മുതല്‍ നോഹ വരെയുള്ളവരുടെ ദീര്‍ഘായുസ്സിന്റെ കഥ പറയുന്ന ഉല്‍പത്തി പുസ്തകം 5-ാം അധ്യായത്തില്‍, തൊള്ളായിരത്തിമുപ്പതു വര്‍ഷം ജീവിച്ച ആദവും മുന്നൂറ്റിയറുപത്തിയഞ്ചു വര്‍ഷം ജീവിച്ച ഹെനോക്കും ആശ്വാസദായകനായ നോഹിനെക്കുറിച്ചും പറഞ്ഞിരിക്കുന്നു. ഇവര്‍ ഇതിലെ പ്രധാന കഥാപാത്രങ്ങളാണ്. ജീവിച്ച വര്‍ഷത്തിന്റെ നീളമല്ല മറിച്ച്, ജീവിതത്തിന്റെ മഹത്വമാണ് ജീവിതത്തിന്റെ വലുപ്പം എന്ന് അവരുടെയിടയില്‍ ഏറ്റവും കുറച്ചുകാലം മാത്രം ജീവിച്ച (365 വര്‍ഷം) ദൈവത്താല്‍ എടുക്കപ്പെട്ട ഹെനോക്ക് തന്റെ ചെറിയ ജീവിതം കൊണ്ട് കാട്ടിത്തരുന്നു. ഹെനോക്കിന്റെ ജീവിതത്തിന്റെ പ്രത്യേകത, അദ്ദേഹം ദൈവത്തിന് പ്രിയപ്പെട്ടവനായി ജീവിച്ചു എന്നതാണ്.

യൂട്യൂബിന്റെ ഹോംപേജില്‍ അതിന്റെ ലക്ഷ്യത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഇപ്രകാരമാണ്: Our mission is to give everyone a voice and show them the world – എല്ലാവരുടെയും ശബ്ദമാവുക; ലോകത്തെ എല്ലാവരുടെയും കണ്‍മുമ്പില്‍ എത്തിക്കുക. ക്രൈസ്തവശിഷ്യത്വം എന്നതും ദൈവത്തിന് പ്രിയപ്പെട്ടവനായി ജീവിച്ച് എല്ലാവരുടെയും ശബ്ദമാകാനുള്ള വിളിയാണ്. ദൈവരാജ്യത്തെ എല്ലാവരുടെയും കണ്‍മുമ്പില്‍ എത്തിക്കാനുള്ള ദൗത്യമാണ്. കൂടെനടന്ന് ആരവങ്ങള്‍ മുഴക്കുന്ന ശൈലിയല്ല മറിച്ച്, ജീവിതസാക്ഷ്യങ്ങളിലൂടെ പിതാവായ ദൈവത്തിന്റെ ഹിതം നിറവേറ്റാനുള്ള ഉത്തരവാദിത്വമാണ്. സാഹചര്യം അനുകൂലമായാലും പ്രതികൂലമായാലും നാം ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ കടപ്പെട്ടവരാണെന്ന് 1 കോറി. 9:16-ാം വാക്യത്തിലൂടെ വി. പൗലോസ് അപ്പസ്‌തോലന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അത് നമ്മുടെ കടമയാണ്.

നിരീശ്വരവാദിയായ കുരീപ്പുഴ ശ്രീകുമാറിന്റെ ‘ഗീത’ എന്ന മൂന്നുവരി കവിത ചിന്തോദ്ദീപകമാണ്.

‘നിത്യേന ഗീത വായിക്കുകയും കൊണ്ടുനടക്കുകയും ചെയ്യുന്ന ആളായിരുന്നു ഗാന്ധി – അങ്ങനെ തന്നെ ഗോഡ്‌സെയും’

വൃക്ഷത്തെ അതിന്റെ ഫലത്തില്‍ നിന്നും അറിയാമെന്നാണ് സുവിശേഷം പറയുന്നത്. മനുഷ്യരെ അവരുടെ പ്രവൃത്തികളില്‍ നിന്നും. കുരിശ് കാണുമ്പോള്‍ അറിയാതെ വണങ്ങുന്നത് കുരിശിലേറിയ ത്യാഗത്തിന്റെ ആള്‍രൂപത്തെ ഓര്‍ത്തുപോകുന്നതു കൊണ്ടാണ്. നീലക്കരയുള്ള വെള്ളസാരി കാണുമ്പോള്‍ ‘ദൈവത്തിന്റെ കയ്യിലെ ഒരു പെന്‍സില്‍ മാത്രമാണ് ഞാന്‍, ദൈവമാണ് അതുകൊണ്ട് എഴുതുന്നത്’ എന്നുപറഞ്ഞ അമ്മയെ ഓര്‍ക്കുന്നത് ആ ജീവിതവൃക്ഷത്തില്‍ തളിര്‍ത്ത ദയയുടെ സത്ഫലങ്ങള്‍ കൊണ്ടാണ്.

ഈ ഫല-വൃക്ഷ ബന്ധത്തിന്റെ നൈരന്തര്യം വ്യക്തിജീവിതങ്ങള്‍ക്കും ബാധകമല്ലേ? അപ്പന്‍, അപ്പനാകുന്നത് ഒരു കുഞ്ഞിന് ജന്മം കൊടുത്തതുകൊണ്ട് മാത്രമാണോ? മറിച്ച്, മാതൃക കൊണ്ടും കര്‍മ്മം കൊണ്ടും കുടുംബത്തെ പരിപാലിക്കുമ്പോള്‍ കൂടിയല്ലേ? അമ്മ, അമ്മയാകുന്നത് പത്തുമാസം ചുമന്നതുകൊണ്ടല്ല. മറിച്ച്, മാതൃത്വത്തിന്റെ മഹനീയ മാതൃകകള്‍ ജീവിതത്തില്‍ അനുവര്‍ത്തിക്കുന്നതു കൊണ്ടു കൂടിയാണ്. പാഠം പഠിപ്പിക്കുന്നവന്‍ മാത്രമാണോ അധ്യാപകന്‍? മറിച്ച്, മൂല്യബോധത്തിന്റെ നല്ല ഫലങ്ങള്‍ പകര്‍ന്നു നല്‍കുന്നവന്‍ കൂടിയല്ലേ? ഓരോ ജീവിതവൃക്ഷത്തിലും കായ്‌ക്കേണ്ട നന്മയുടെ ഫലങ്ങളെക്കുറിച്ച് ഓരോ മനുഷ്യന്റെയും ഹൃദയഫലകങ്ങളില്‍ ദൈവം എഴുതിയിട്ടുണ്ട്. എന്നാല്‍, സ്വാര്‍ത്ഥതയുടെ അക്ഷരത്തെറ്റുകള്‍ പരസ്‌നേഹത്തിന്റെ ലിപികളെ തോന്ന്യാക്ഷരങ്ങളാക്കുമ്പോള്‍ ഏശയ്യാ വിലപിച്ചതുപോലെ കാട്ടുമുന്തിരികളാണ് കായ്ക്കുന്നത് എന്നുമാത്രം.

കൊന്തകൊണ്ടും കുരിശുകൊണ്ടുമൊക്കെ ക്രിസ്ത്യാനിയാണെന്ന് തിരിച്ചറിയുന്ന കാലമൊക്കെ പൊയ്‌പ്പോയി. ഇനിയുള്ള കാലങ്ങളില്‍ കാതലുള്ള വൃക്ഷങ്ങള്‍ മാത്രമേ കാറ്റുവീഴ്ച്ചയെ അതിജീവിക്കുകയുള്ളൂ. കാരണം, അത്രമാത്രം സൂക്ഷ്മമായ കണ്ണടകള്‍ കൊണ്ടാണ് സമൂഹം വിശ്വാസിയെ അഥവാ ഒരു ക്രിസ്തുശിഷ്യനെ അളക്കുന്നത്. ‘ഞാന്‍ ക്രിസ്തുവിനെ സ്‌നേഹിക്കുന്നു എന്നാല്‍, ക്രിസ്ത്യാനിയെ വെറുക്കുന്നു’ എന്ന ഗാന്ധിവചനത്തിന്റെ ധ്വനി, ചൂഷകരായ ബ്രിട്ടീഷുകാര്‍ക്കു നേരെ മാത്രമല്ല, എല്ലാ ശുദ്ധമാന കത്തോലിക്കര്‍ക്ക് നേര്‍ക്കും കൂടിയല്ലേ വിരല്‍ചൂണ്ടുന്നത്.

ആദിമക്രിസ്ത്യാനികളുടെ ജീവിതത്തെക്കുറിച്ച് ചരിത്രകാരനായ പ്ലീനി, ട്രാജന്‍ ചക്രവര്‍ത്തിക്കെഴുതുന്നത് ഇങ്ങനെയാണ്: ‘അവര്‍ ആഴ്ച്ചയുടെ ആദ്യദിവസം ഒരുമിച്ചുകൂടുന്നു. തങ്ങള്‍ക്കുള്ളതെല്ലാം പങ്കുവയ്ക്കുന്നു. അഹിതമായതൊന്നും അവരുടെയിടയില്‍ നടക്കുന്നില്ല.’ ജീവിതം തന്നെ സന്ദേശമാക്കുന്നവര്‍ക്ക് ചരിത്രത്തില്‍ മരണമില്ല; വര്‍ത്തമാനത്തിലും പാശ്ചാത്യമാധ്യമങ്ങള്‍ കത്തോലിക്കാസഭയെ പൊതുവില്‍ ആക്രമിക്കുമ്പോഴും ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ പുകഴ്ത്തുന്നത് അദ്ദേഹം പുരോഗമനവാദിയായതുകൊണ്ടു മാത്രമല്ല, മറിച്ച്, തന്റെ ലളിതജീവിതം വഴി നടത്തുന്ന ക്രൈസ്തവികതയുടെ പുനര്‍വായനകള്‍ കൊണ്ടു കൂടിയാണ്. യഥാര്‍ത്ഥ ക്രിസ്തുശിഷ്യനടുത്ത ജീവിതം കൊണ്ടാണ്.

ഇനി ചോദ്യം ഒന്നേയുള്ളൂ. എന്റെയും നിന്റെയും നമ്മുടെയും ജീവിതവൃക്ഷത്തില്‍ കായ്ക്കുന്നത് ഞെരിഞ്ഞിലുകളോ അതോ മുന്തിരിയോ? ഉത്തരം, നമ്മുടെ ജീവിതവൃക്ഷത്തിന്റെ അടിസ്ഥാന നിലപാടുകളെ ആശ്രയിച്ചിരിക്കുന്നു. യഥാര്‍ത്ഥ ക്രിസ്തുശിഷ്യന്റെ ജീവിതത്തിന്റെ ശക്തിയും കേന്ദ്രവും വി. കുര്‍ബാനയാണ്. ആയതിനാല്‍ സഹോദരങ്ങളെ, ഇന്ന് ഈ വിശുദ്ധ ബലിയില്‍ ആത്മാര്‍ത്ഥമായി നമുക്ക് പ്രാര്‍ത്ഥിക്കാം. ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ നമ്മുടെ ജീവിതങ്ങളെ ക്രമീകരിക്കുന്നതിനുള്ള കൃപയ്ക്കു വേണ്ടി. ആമ്മേന്‍.

ബ്ര. വിനു കാക്കകൂടുങ്കല്‍ എം.സി.ബി.എസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.