ഞായര്‍ പ്രസംഗം-2 ദനഹാക്കാലം (ഒന്നാം ഞായര്‍) ദനഹാത്തിരുന്നാള്‍

ദൈവിക കാരുണ്യത്തിന്റെ നിദാനമെന്നോണം ഒരു ദനഹാക്കാലം കൂടി നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നുവന്നിരിക്കുകയാണ്. ഇവിടെ നാം ധ്യാനവിഷയമാക്കുന്നത് ഈശോയുടെ മാമ്മോദീസാ അഥവാ ദനഹാത്തിരുന്നാള്‍ ആണ്.

ആദിമസഭയിലെ ആദ്യത്തേതും അതിപ്രധാനവുമായ തിരുനാളായിരുന്നു ‘ദനഹാ’. ‘ദനഹാ’ എന്ന പദത്തിന് ഉദയം, പ്രകാശനം, പ്രത്യക്ഷീകരണം എന്നൊക്കെ അര്‍ത്ഥമുണ്ട്. പുരാതനകാലം മുതല്‍ രാജാക്കന്മാരുടെ ജീവിതത്തിലെ ചില പ്രധാന സംഭവങ്ങളെ (ജനനം, കിരീടധാരണം, ഔദ്യോഗിക സന്ദര്‍ശനം) സൂചിപ്പിക്കുവാന്‍ ‘ദനഹാ’ (Epiphany) എന്ന വാക്ക് ഉപയോഗിച്ചിരുന്നു. അതുകൊണ്ടാവണം സര്‍വ്വലോകത്തിന്റെയും രാജാധിരാജനും കൃപാവരസമ്പൂര്‍ണ്ണനുമായ യേശുക്രിസ്തുവിന്റെ ദൈവികത്വം വെളിപ്പെടുത്തുവാന്‍ വി. പൗലോസ് ശ്ലീഹാ തീത്തോസിനെഴുതിയ ലേഖനം 2:11-ല്‍ ഈ പദം ഉപയോഗിക്കുന്നത്.

തിരുസഭയില്‍ ദനഹാത്തിരുന്നാളിന് പ്രധാനമായും രണ്ട് രീതിയിലുള്ള ആചരണങ്ങളാണ് നിലനില്‍ക്കുന്നത്. പൗരസ്ത്യസഭകളില്‍, പൂജാരാജാക്കന്മാര്‍ ഉണ്ണിയേശുവിനെ സന്ദര്‍ശിക്കുന്ന സംഭവമാണ് അനുസ്മരിക്കുക. ഈശോയുടെ ജനനത്തില്‍ അത്ഭുത നക്ഷത്രത്താല്‍ നയിക്കപ്പെട്ട വിജ്ഞാനികളായ രാജാക്കന്മാര്‍ ഉണ്ണിയെ ദര്‍ശിക്കുന്നതും ആരാധിക്കുന്നതും അതുവഴി വിജാതീയരുടെ പ്രതിനിധികളായ അവര്‍ക്ക് അവിടുന്ന് ആവിഷ്‌കൃതനാകുന്നതുമത്രെ ഈ ദിവസത്തില്‍ സ്മരിക്കുക. ഇവിടെയും ഈശോയുടെ മാമ്മോദീസായിലെന്ന പോലെ അവിടുത്തെ ദൈവികതയുടെ വ്യക്തമായ ആവിഷ്‌ക്കരണം നമുക്ക് ദര്‍ശിക്കുവാന്‍ സാധിക്കുമെന്നതിനാല്‍ ഈ തിരുനാളിന് ‘ദനഹാ’ എന്ന പദം തികച്ചും അനുയോജ്യമാണ്.

ദനഹാത്തിരുന്നാളിന്റെ ഇപ്രകാരമുള്ള അര്‍ത്ഥപശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഈ തിരുനാള്‍ യഥാര്‍ത്ഥത്തില്‍ നമുക്ക് നല്‍കുന്ന സന്ദേശമെന്താണെന്ന് ഒരു നിമിഷം നമുക്ക് ധ്യാനിക്കാം.

നിരപരാധി കുരിശുമരണത്തിന് വിധിക്കപ്പെടുന്നു. പാപമില്ലാത്തവന്‍ പാപികളുടെ അനുതാപത്തിന്റെ അടയാളമായി കരുതപ്പെട്ടിരുന്ന മാമ്മോദീസാ സ്വീകരിക്കുന്നു. ക്രിസ്തുവിശ്വാസികളായ ആദിമക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഇതിലും വലിയൊരു അപമാനമോ, ഉതപ്പോ ഇല്ലായിരുന്നു. തങ്ങള്‍ വിശ്വസിക്കുന്ന രക്ഷകനായ ക്രിസ്തു യാതൊരു പാപക്കറയും ഇല്ലാത്തവനാണ് എന്ന തങ്ങളുടെ വിശ്വാസത്തിന് മുന്നില്‍ ഒരു ചോദ്യചിഹ്നമായാണ് ഈശോയുടെ മാമ്മോദീസാ ഉയര്‍ന്നുവരുന്നത്. ഇങ്ങനെ സംശയിച്ചു നില്‍ക്കുന്ന ആദിമസമൂഹത്തെ നോക്കിയാണ് മത്തായി സുവിശേഷകന്‍ ഈശോയുടെ മാമ്മോദീസായെക്കുറിച്ച് പറയുന്നത്.

3:13-17 വരെയുള്ള വചനഭാഗത്തിലൂടെ ഈശോയുടെ ജ്ഞാനസ്‌നാന സംഭവത്തെ വിവരിച്ചുകൊണ്ട് സുവിശേഷകന്‍ പറയാതെ പറയുന്നു; ‘നിങ്ങള്‍ കരുതുംപോലെ അവന്‍ പാപിയായത് കൊണ്ട് പാപങ്ങളുടെ മോചനത്തിനായല്ല മാമ്മോദീസാ സ്വീകരിച്ചത്. പകരം, പാപികളായ നമ്മുടെ മോചനത്തിന് വേണ്ടി നമ്മോട് ചേരാനാണ് അവന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചത്’-പാപിയല്ലാതിരുന്നിട്ടും പാപികള്‍ക്കുള്ള ശിക്ഷയായ കുരിശുമരണം നിശബ്ദനായി നിന്ന് സ്വീകരിച്ചതു പോലെ. അതു തന്നെയാണ് മാമ്മോദീസാ വേളയില്‍ സ്വര്‍ഗ്ഗം തുറന്ന് പിതാവും സാക്ഷ്യപ്പെടുത്തുന്നത്. ഇവന്‍ എന്റെ പ്രിയപുത്രനാണ് എന്ന്.

പരിശുദ്ധ പിതാവ് ബനഡിക്ട് 16-ാമന്‍ പാപ്പ ഇതെക്കുറിച്ച് ഇപ്രകാരം പറഞ്ഞുതരുന്നുണ്ട്: ‘എല്ലാ സംഭവങ്ങളെയും കുരിശിന്റെയും ഉത്ഥാനത്തിന്റെയും വെളിച്ചത്തില്‍ സംവീക്ഷമം ചെയ്ത ക്രൈസ്തവജനം എന്താണ് നടന്നതെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. മനുഷ്യവംശത്തിന്റെ കുറ്റബോധത്തിന്റെ മാറാപ്പ് മുഴുവന്‍ തന്റെ ചുമലില്‍ അവന്‍ എടുത്തുവച്ചു. ജോര്‍ദ്ദാന്‍ ആഴങ്ങള്‍ വരെ അവന്‍ അത് ചുമന്ന് കൊണ്ടുപോയി. പാപികളുടെ സ്ഥലത്തേയ്ക്ക് കാലെടുത്ത് വച്ചു കൊണ്ട് അവന്‍ തന്റെ പരസ്യജീവിതം ഉദ്ഘാടനം ചെയ്തു. അവന്റെ ഉദ്ഘാടനപ്രവൃത്തി തന്നെ കുരിശുമരണത്തിന്റെ മുന്നാസ്വാദനമായിരുന്നു’.

പാപികളെ ദൈവത്തിങ്കലേയ്ക്ക് നയിക്കുക എന്നത് തന്റെ ഭൗമികജീവിതത്തിന്റെ ലക്ഷ്യമാകയാല്‍ പാപികളോടും ചുങ്കക്കാരോടും താദാത്മ്യപ്പെട്ട് അവരുടെ ഒപ്പംചേരല്‍ അവന് അനിവാര്യമായിരുന്നു. ഇത്തരമൊരു ലക്ഷ്യത്തോടെയാണ് സ്വയം നീതീകരിക്കുന്ന യഹൂദാ നേതാക്കളില്‍ നിന്നും വ്യത്യസ്തമായി തന്നിലെ ദൈവികതയെ പൂര്‍ണ്ണമായി മാറ്റിവച്ച് ഒരു സാദാമനുഷ്യനായി ക്രിസ്തു മാമ്മോദീസാ സ്വീകരിക്കുന്നത്. ‘ഞാന്‍ നിന്നില്‍ നിന്നും സ്‌നാനം സ്വീകരിക്കേണ്ടിയിരിക്കെ നീ എന്റെ അടുത്തേയ്ക്ക് വരുന്നുവോ’ എന്നു ചോദിച്ച് തടസ്സം നില്‍ക്കുന്ന യോഹന്നാന്റെ മുമ്പില്‍ തല കുമ്പിട്ട് നിന്ന് അവന്‍ പറയുന്നു: ‘സര്‍വ്വനീതിയും പൂര്‍ത്തീകരിക്കുന്നതിന് ഇപ്പോള്‍ ഇത് സമ്മതിക്കുക’. തന്റെ ജീവിതം പൂര്‍ണ്ണമായും ദൈവഹിതത്തിന് സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞാല്‍പ്പിന്നെ എങ്ങനെ ജീവിക്കണം എന്നതിന് ദൈവപുത്രനായ യേശു തന്റെ സ്വജീവിതത്തിലൂടെ നമുക്ക് മാതൃക നല്‍കുകയായിരുന്നു ഈ പ്രവൃത്തിയിലൂടെ. ദൈവത്തിന് മുമ്പില്‍ വലിപ്പച്ചെറുപ്പമില്ലാത്തതിനാല്‍-എല്ലാവരും തുല്യരായതിനാല്‍ ഈ ജീവിതത്തിലും അപരന്റെ മുന്നില്‍ ഒന്ന് തല കുനിക്കുന്നുവെന്നത് ഒരു പരാജയമല്ലെന്ന് തന്റെ മാമ്മോദീസായിലൂടെ ക്രിസ്തു ലോകത്തെ പഠിപ്പിച്ചു.

ഞാന്‍ ഭാവമാണ് പലപ്പോഴും നമ്മുടെ പരാജയങ്ങള്‍ക്ക് കാരണം. ഭൂമിയില്‍ ആദ്യപാപം പിറന്നത് ഞാനും ദൈവതുല്യനാകേണ്ടവനാണ് എന്ന ചിന്തയില്‍ നിന്നായിരുന്നു. ആദ്യകൊലപാതകം നടന്നത്, അനുജന് മുമ്പില്‍ ചെറുതായിപ്പോയി എന്ന ജ്യേഷ്ഠന്റെ ‘ഈഗോ’ കാരണമായിരുന്നു. ദുരാത്മാവിനാന്‍ പീഡിപ്പിക്കപ്പെട്ടു കൊണ്ടിരുന്ന സാവൂളിന് ആശ്വാസമായി ദാവീദ് വരുന്ന സംഭവം സാമുവല്‍ പ്രവാചകന്റെ പുസ്തകത്തില്‍ നാം വായിക്കുന്നുണ്ട്. ദാവീദ് സാവൂളിന് പ്രിയങ്കരനായി തീരുന്നുമുണ്ട്. എന്നാല്‍ ഇതേ ദാവീദിനെ സംശയദൃഷ്ടിയോടെ നോക്കാനും അവനെ കൊല്ലാന്‍ ആളയയ്ക്കാനും മാത്രം ശത്രുത സാവൂളില്‍ ജനിപ്പിച്ചതും, ദാവീദ് ജനങ്ങള്‍ക്ക് തന്നെക്കാള്‍ പ്രിയങ്കരനായി മാറിയെന്ന കാരണത്താലാണ്.
ക്രിസ്തുവിനൊപ്പം നടന്ന ശിഷ്യന്മാരും തിരിച്ചല്ലായിരുന്നു. അവന്റെ ഇടവും വലവും ഇരിക്കാന്‍ അവരും മത്സരിച്ചു. തങ്ങളിലാരാണ് വലിയവന്‍ എന്നറിയാന്‍ അവര്‍ തര്‍ക്കിച്ചു. ഒടുവില്‍ ഈ ശിഷ്യര്‍ക്ക് മുന്നിലും ആ തമ്പുരാന്‍ മുട്ടികുത്തി അവരുടെ പാദങ്ങള്‍ കഴുകി, ചുംബിച്ച് വീണ്ടും അവരെ ഓര്‍മ്മിപ്പിച്ചു ‘വിനയം പഠിക്കുക,എളിമപ്പെടുക’.

മനുഷ്യന്റെ അഹങ്കാരത്തില്‍ നിന്നുണ്ടായ പാപത്തിനുള്ള മറുപടിയായി ദൈവം കാലിത്തൊഴുത്തില്‍ പിറന്നതിന്റെ ഓര്‍മ്മയെ ധ്യാനിക്കുകയായിരുന്നു നാം കഴിഞ്ഞയാഴ്ച്ചകളില്‍. സ്വത്തിനും ആഢംബരത്തിനും പ്രശസ്തിക്കുമായി നെട്ടോട്ടമോടുന്ന ഇന്നത്തെ സമൂഹത്തെ ഒന്ന് ഇരുത്തി ചിന്തിപ്പിക്കുവാനായി തന്നെയാണ് സര്‍വ്വാധിപനായവന്‍ എല്ലാമുപേക്ഷിച്ച് ഈ ഭൂമിയില്‍ ജനിച്ച് ദരിദ്രജീവിതം നയിച്ച് കടന്നുപോയത്. സ്വന്തം താല്‍പര്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കുമായി ഓടുമ്പോള്‍, എവിടെയും ഒന്ന് ചെറുതായി കൊടുക്കാവാന്‍ കഴിയാതെ വരുമ്പോള്‍ നമ്മിലെ ക്രിസ്തുഭാവമാണ് നാം നഷ്ടമാക്കുന്നത്. മറ്റുള്ളവരുടെ മുമ്പില്‍ എളിമപ്പെടുന്നതും അവരെ അംഗീകരിക്കുന്നതും ഒരു പരാജയമല്ല. മുഖത്ത് നോക്കി സംസാരിക്കുവാനോ ചിരിക്കുവാനോ പോലും കഴിയാത്തവിധം നമ്മുടെ ഭവനങ്ങളിലെ ബന്ധങ്ങള്‍ അകലുന്നുണ്ടെങ്കില്‍ അതിന് കാരണവും ജീവിതപങ്കാളിയുടെ കഴിവുകളെയും കുറവുകളെയും അംഗീകരിക്കുവാനോ മനസ്സിലാക്കാനോ കഴിതാതെ പോകുന്നതാണ്.

അതുകൊണ്ട് ഈ ദനഹാത്തിരുന്നാളില്‍ നമ്മോട് പറഞ്ഞു വയ്ക്കുകയാണ്… സ്വയം എളിമപ്പെട്ട് കാലിത്തൊഴുത്തില്‍ പിറന്ന് പാപമോചനത്തിന്റെ സ്‌നാനം സ്വീകരിക്കുവാന്‍. തന്നെക്കാള്‍ ചെറുതായവന്റെ മുന്നില്‍ മുട്ടുകള്‍ മടക്കി, ശിരസ്സ് നമിച്ച്, കാല്‍വരിയിലെ കുരിശിലേയ്ക്ക് നടന്നുപോയവന്‍, ഈ ലോകത്തിന് പ്രകാശമായതു പോലെ അവിടുത്തെ ശിഷ്യഗണങ്ങളിലംഗമായ നാമോരോരുത്തരും അവനെപ്പോലെ വിനയത്തിന്റെയും എളിമയുടെയും പാഠങ്ങള്‍ പഠിച്ച്, മറ്റുള്ളവരെ തന്നെക്കാള്‍ വലിയവരായി കാണുവാനും അവരെ അംഗീകരിക്കുവാനും പഠിക്കുവാന്‍. ജീവിതം എപ്പോഴും നിരന്തരമായ നവീകരണത്തിന് വിധേയമാക്കി കൊണ്ടിരിക്കുവാന്‍. ദൈവഹിതത്തിന് പൂര്‍ണ്ണമായി വിധേയപ്പെടാനും പഠിക്കുക. അവിടെ നാമും ലോകത്തിന് പ്രകാശമായിത്തീരും. ദൈവപിതാവ് നമ്മെയും നോക്കിപ്പറയും. ‘ഇവന്‍ എന്റെ പ്രിയപുത്രന്‍/പുത്രി. ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു.’ ആമേന്‍.

ബ്ര. സുരേഷ് പട്ടേട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.