ഞായര്‍ പ്രസംഗം-2 മംഗളവാര്‍ത്താക്കാലം 4-ാം ഞായര്‍ യേശുവിന്റെ ജനനം

‘കൊടിയ പീഡനക്കുരിശിലാണിയില്‍
തറഞ്ഞൊടുങ്ങുന്ന
പുതിയ രക്ഷകനിവര്‍ക്കു വേണ്ടിനി
ഇവര്‍ക്ക് വേണമിന്നിരുട്ടില്‍ നിന്നൊരാള്‍
ഉദിച്ചു പൊങ്ങിയീ ദുരിതജന്മത്തിന്‍
കൈപിടിക്കുവോന്‍: അബലയെ
പിഞ്ചുശിശുവിനെ, പാവം പതിതയെ
പരിചില്‍ ചേര്‍ത്തു നിര്‍ത്തുവോന്‍…
അവനു വേണ്ടിയാണിവര്‍ക്കു
ഗ്ലോറിയാ…’

പ്രളയദുരിതങ്ങളും രാഷ്ട്രീയ-മത വിവാദങ്ങളും ഉയര്‍ത്തുന്ന വീര്‍പ്പുമുട്ടലില്‍ വിഷമിക്കുന്ന മലയാളിയെ നോക്കി ശ്രീ. സെബാസ്റ്റ്യന്‍ പള്ളിത്തോട് ‘പ്രളയകാലത്തെ ഗ്ലോറിയ’ എന്ന കവിതയിലെഴുതിയ വരികളാണിവ. ജീവിതം വല്ലാതെ വിഷമിപ്പിക്കുമ്പോള്‍ എല്ലാവരും ആഗ്രഹിക്കുന്നത് ‘രക്ഷ’ യാണ്. പ്രതീക്ഷിക്കുന്നത് ഒരു രക്ഷകനെയാണ്. വര്‍ഷങ്ങളായി ഒരു രക്ഷകനെ കാത്തിരുന്ന യഹൂദ ജനത്തിന്റെ കാത്തിരിപ്പിന് അവസാനം കുറിച്ചുകൊണ്ട് പാപികള്‍ക്കും പതിതര്‍ക്കും ആരുമില്ലാത്തവര്‍ക്കും ആശ്വാസമായി, അന്ധകാരത്തിന് മേല്‍ ഉദിച്ചുയര്‍ന്ന നക്ഷത്രമാണ് ക്രിസ്തു. സകലര്‍ക്കുമുള്ള രക്ഷയായി, മതത്തിലും മനസ്സിലും ജന്മത്തിലും ജനത്തിലുമൊക്കെ കയറിക്കൂടിയ സകല തിന്മകളെയും വിമലീകരിക്കാനായി ഉദയം ചെയ്ത ദിവ്യപൈതലിന്റെ ജനനത്തിന് പിന്നിലെ ദൈവിക രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയാണ് വി. മത്തായി ഇന്നത്തെ സുവിശേഷത്തിലൂടെ.

ആദ്യം എഴുതപ്പെട്ടത് മര്‍ക്കോസിന്റെ സുവിശേഷം ആണെങ്കിലും ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് മര്‍ക്കോസ് സുവിശേഷകന്‍ ഒന്നും പറയുന്നില്ല. അതിനാല്‍ത്തന്നെ യേശു ആരായിരുന്നു എന്നും അവന്‍ എങ്ങനെ ജനിച്ചു എന്നുമുള്ള ആദിമ ക്രൈസ്തവരുടെ തര്‍ക്കങ്ങള്‍ക്കുള്ള ഉത്തരമായിട്ടാണ് ഈശോയുടെ ജനനത്തെക്കുറിച്ച് വി. മത്തായി വിവരിക്കുന്നത്. മാതാവിനുണ്ടായ മംഗളവാര്‍ത്തയും യൗസേപ്പിതാവ് കണ്ട സ്വപ്നവും യേശുവിന്റെ ജനനവുമൊക്കെ വിവരിച്ചതിന് ശേഷം, പുത്രനെ പ്രസവിക്കുന്നത് വരെ അവനവളെ അറിഞ്ഞില്ല എന്ന് വചനം പറയുന്നതിന്റെ പൊരുള്‍, ഇന്ന് പ്രൊട്ടസ്റ്റന്റ് സമൂഹങ്ങള്‍ ഉയര്‍ത്തുന്നതു പോലെ മാതാവിന്റെ കന്യാത്വത്തിന് മുന്നില്‍ ഒരു ചോദ്യചിഹ്നമായല്ല മറിച്ച് യേശു യാതൊരു കാരണവശാലും ജോസഫില്‍ നിന്നുണ്ടായതല്ല എന്ന് പഠിപ്പിക്കാനാണ്. ‘അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം’ എന്ന് ദൈവം ജോസഫിന് വെളിപ്പെടുത്തിയ ദൂത് അവതരിപ്പിച്ച് കൊണ്ട് ‘കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവല്‍ എന്ന് വിളിക്കപ്പെടും’ (ഏശ. 3:14) എന്ന ഏലിയാ പ്രവാചകന്റെ പ്രവചനത്തിലെ ഇമ്മാനുവല്‍ യേശു തന്നെയാണെന്ന് വി. മത്തായി അടിവരയിട്ട് ഉറപ്പിക്കുന്നു.

അഗ്നിസ്തംഭത്തിലൂടെയും മേഘത്തൂണിലൂടെയും മാത്രം ദൈവസാന്നിധ്യം അറിഞ്ഞിരുന്ന, കൊടുങ്കാറ്റിലൂടെയും ഇടിമുഴക്കത്തിലൂടെയും ഭൂകമ്പത്തിലൂടെയും ദൈവസ്വരം ശ്രവിച്ചിരുന്ന പഴയനിയമ പശ്ചാത്തലത്തില്‍ നിന്നും വിഭിന്നമായി ഇവിടെ ദൈവം നമ്മിലൊരുവനായി-മനുഷ്യനായി അവതരിച്ചിരിക്കുന്നു. ദൈവം നമ്മോടു കൂടെയുണ്ട് എന്നതിന്റെ സന്തോഷമാണ് ക്രിസ്തുമസ്സ്. ഈ സന്തോഷം ആദ്യം അനുഭവിച്ചത് പരിശുദ്ധ അമ്മയും യൗസേപ്പിതാവും ആയിരുന്നു. തീര്‍ത്തും അപരിചിതമായ നാട്ടില്‍ അപരിചിതരുടെ ഇടയില്‍ ഒരു ശിശുവിന് ജന്മം നല്‍കുവാന്‍ വേണ്ട ഏറ്റവും പരിമിതമായ സാഹചര്യം പോലും ഇല്ലാതിരുന്നിടത്ത് തങ്ങളുടെ പിഞ്ചുപൈതലിന്റെ ഓമനത്വം തുളുമ്പുന്ന മുഖത്തു നോക്കി സര്‍വ്വവും മറന്ന് പുല്‍ക്കൂട്ടിലിരുന്നപ്പോള്‍ ദൈവം കൂടെയുള്ളതിന്റെ സന്തോഷം ആഘോഷിക്കുകയായിരുന്നു പരിശുദ്ധ അമ്മയും യൗസേപ്പിതാവും. ദൈവം മണ്ണിലിറങ്ങിയതിന്റെ കൂടെ വസിക്കുന്നതിന്റെ സന്തോഷം പിന്നീട് ആട്ടിടയന്മാരിലേയ്ക്കും ജ്ഞാനികളിലേയ്ക്കും പടര്‍ന്ന് ഇന്ന് വിശ്വവ്യാപൃതമായിരിക്കുന്നു.

എന്നിട്ടും ഒറ്റപ്പെട്ടു പോയി എന്ന ചിന്തയാണ് ഇന്ന് മനുഷ്യനെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത്. ദൈവം കൂടെയുള്ളതിന്റെ സന്തോഷം ആ ഘോഷിക്കാനാവാതെ നിരാശരായി നാം മാറുന്നതും അതുകൊണ്ടാണ്. വളര്‍ത്തി വലുതാക്കിയ തങ്ങളെ മറന്ന മക്കളെക്കുറിച്ചോര്‍ത്ത് ദുഃഖിക്കുന്ന മാതാപിതാക്കള്‍, ആവശ്യത്തിന് സ്‌നേഹമോ കരുതലോ തരാതെ തങ്ങളെ ഉപേക്ഷിച്ച് പോയ മാതാപിതാക്കളെ ഓര്‍ത്ത് കരയുന്ന മക്കള്‍, ആവശ്യനേരത്ത് കൂടപ്പിറപ്പുകള്‍ കൈയ്യൊഴിഞ്ഞ് ഒറ്റപ്പെടുത്തിയതിന്റെ നൊമ്പരവുമായി നടക്കുന്നവര്‍, ഒറ്റപ്പെടുത്തലിന്റെ സങ്കടം, ഒരടി പോലും മുന്നോട്ട് പോകാന്‍ കഴിയാത്തവിധം ഒരുവനെ വേദനിപ്പിക്കുമ്പോള്‍ പരിചില്‍ ചേര്‍ത്ത് തോളില്‍ കൈയ്യിട്ട് ദൈവം ആശ്വസിപ്പിക്കുന്നു, നീ തനിച്ചല്ല. കരയരുത്, ഞാന്‍ നിന്റെ കൂടെയുണ്ട്. ഒരു പരാതിക്കും ഇട നല്‍കാതെ എന്നും ചേര്‍ത്ത് നിര്‍ത്താന്‍ ഒരാളുണ്ട് എന്ന ഉറപ്പാണ് ക്രിസ്തുമസ്സ്.

ചിതറിക്കപ്പെട്ട ഇസ്രായേല്‍ ജനം ഒരുമിച്ചുകൂടി തങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ദേശത്ത് തിരിച്ചെത്താന്‍ താണ്ടിയത് 40 ദുരിതവര്‍ഷങ്ങളായിരുന്നു. മനസ്സ് മടുക്കാതെ, ശരീരം തളരാതെ, പാലും തേനും ഒഴുകുന്ന വാഗ്ദാന ഭൂമിയിലേയ്ക്ക് പ്രവേശിക്കാന്‍ അവര്‍ക്ക് സാധിച്ചത് ദൈവസാന്നിധ്യത്തിന്റെ പ്രതീകമായ പേടകം അവരോട് കൂടെ യുണ്ടായിരുന്നത് കൊണ്ടാണ്. തങ്ങളെക്കാള്‍ ശക്തരായ അമലേക്യരെ നേരിടാന്‍ ഇസ്രായേല്‍ ഇറങ്ങിപ്പോയതും ദൈവസാന്നിധ്യം കൂടെയുണ്ട് എന്ന ഉറപ്പിലായിരുന്നു.
ജീവിതയുദ്ധത്തില്‍ പരാജയപ്പെടാതിരിക്കാന്‍ മനുഷ്യന് ആരുടെയങ്കിലും സഹായം ആവശ്യമാണെന്ന് ദൈവത്തിനറിയാമായിരുന്നു. അത് മനുഷ്യകരങ്ങള്‍ തന്നെയായാല്‍, ശിരസ്സ് പിളര്‍ക്കുന്ന വാള്‍ തങ്ങള്‍ക്ക് മുകളിലെത്തിയാല്‍ അവരില്‍ പലരും പിന്‍വാങ്ങിയേക്കാം എന്ന് ഉറപ്പുണ്ടായത് കൊണ്ടാണ് സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി ചങ്ക് പറിച്ച് കൊടുക്കുന്ന-ജീവന്‍ നല്‍കുന്ന ഒരുവനായി ദൈവം കാലിത്തൊഴുത്തില്‍ പിറന്നത്. മനുഷ്യന്റെ കൂടെ വസിക്കാനായിട്ടാണ് അവന്‍ മണ്ണിലേയ്ക്കിറങ്ങിയത്. ദൈവം ഇറങ്ങിയ മണ്ണാണ് മനുഷ്യന്‍. ദൈവം മനുഷ്യനിലിറങ്ങിയതിന്റെ തിരുനാളാണ് ക്രിസ്തുമസ്സ്. നമ്മുടെ ഉള്ളിലുള്ള ദൈവത്തെ തിരിച്ചറിയാതെ പോകുന്നു എന്നതാണ് പലപ്പോഴും നമ്മുടെ പരാജയത്തിന്റെ കാരണവും. ആര്‍ത്തിരമ്പുന്ന കടലിന് മുന്നില്‍ ശിഷ്യന്മാര്‍ ഭയന്ന് അലറിവിളിച്ചതും രക്ഷിക്കുന്ന ദൈവം തങ്ങളുടെ നൗകയിലുണ്ടെന്ന് മറന്നുപോയത് കൊണ്ടാണ്.

ഇനി നമ്മളാരും തനിച്ചല്ല. എന്റെ തീരാവിഷമങ്ങള്‍ കണ്ട്, വറ്റാത്ത കണ്ണുനീര്‍ കണ്ട്, എന്റെ ഉള്ളിലേയ്ക്കിറങ്ങി വന്ന്, ഒപ്പം വസിക്കുന്ന ഒരു ദൈവം കൂട്ടിനുള്ളവനാണ് ഞാന്‍. എല്ലാവരാലും തിരസ് കൃതനായി ആര്‍ക്കും വേണ്ടാത്തവനായി/വേണ്ടാത്തവളായി ജനിച്ചവനാണ്/ജനിച്ചവളാണ് എന്ന് ഇനിയൊരു കുഞ്ഞും കരയാതിരിക്കാനാണ് ഏറ്റവും ദരിദ്രമായ സാഹചര്യത്തില്‍ അവന്‍ ജനിച്ചത്. നിര്‍ണ്ണായക നിമിഷങ്ങളില്‍ മാതാപിതാക്കളോ, മക്കളോ, സഹോദരങ്ങളോ, ജീവിതപങ്കാളിയോ, സുഹൃത്തുക്കളോ തനിച്ചാക്കി മാറിനിന്നു എന്നോര്‍ത്ത് കരയുന്നവരെ നോക്കി അവന്‍ പറയുന്നു; കുരിശിലേയ്ക്കുള്ള യാത്രയില്‍ ഒപ്പമുണ്ടാ കും എന്ന് വാഗ്ദാനം നല്‍കിയവരൊക്കെയും തനിച്ചാക്കി പോയ ജീവിതമാണ് എന്റെതും. നീ കരയരുത്, ഞാന്‍ കൂടെയുണ്ട്. നിന്റെ വേദനകള്‍ എനിക്കറിയാം.
ക്രിസ്തുമസ്സിന് വളരെ അടുത്തെത്തി നില്‍ക്കുന്ന ഈ ദിനങ്ങളില്‍ നമ്മുടെ ചിന്ത, നമ്മുടെ കൂടെ എപ്പോഴുമുള്ള ദൈവത്തെ കുറിച്ചാകട്ടെ. വെ റും ഒരുപിടി മണ്ണായ എന്നിലേയ്ക്ക് ദൈവം ഇറ ങ്ങി വന്നതിന്റെ ഓര്‍മ്മ പുതുക്കുന്ന ക്രിസ്തുമസ്സ് നാളുകളില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം, എല്ലാ ദിനവും ഈശോ ജനിക്കുന്ന ഈ ബലീപീഠത്തിന് മുന്നിലായിരിക്കുമ്പോള്‍ അവിടുത്തെ സ്വീകരിക്കാന്‍ നമ്മുടെ മനസ്സിനെയും ശരീരത്തെയും ഒരുക്കണമേ എന്ന്. കൂടെ വസിക്കുന്ന ദൈവത്തിന്റെ കൂടെയായിരുന്ന് കൊണ്ട് ജീവിതപ്രശ്‌നങ്ങളെ നേരിടാന്‍, വിജയിക്കാന്‍ ശക്തി തരണമേ എന്ന്. ആമേന്‍.

ബ്ര. ജിന്‍സ് ജോസ് പുതുശ്ശേരിക്കാലായില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.