ഞായര്‍ പ്രസംഗം 2 – നവംബര്‍ 03 വിശ്വാസജീവിതം സഭാസ്‌നേഹത്തിലേയ്ക്കുള്ള വാതില്‍

മിശിഹായില്‍ സ്‌നേഹം നിറഞ്ഞ സഹോദരങ്ങളെ,

ആരാധനക്രമ വത്സരത്തിലെ പള്ളിക്കൂദാശകാലം എന്ന പുതിയൊരു കാലഘട്ടത്തിലേയ്ക്ക് നാം ഇന്ന് പ്രവേശിക്കുകയാണ്. ഇതിനെ സമര്‍പ്പണകാലമെന്നും വിളിക്കാറുണ്ട്. സഭയുടെ ശ്രേഷ്ഠതയെയും മഹത്വത്തെയും കുറിച്ച് ധ്യാനിക്കാനായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന കാലമാണിത്. ചരിത്രവുമായി ബന്ധപ്പെടുത്തി പരിശോധിച്ചാല്‍ ജറുസലേം ദൈവാലയത്തിന്റെ പുനഃപ്രതിഷ്ഠ ആഘോഷിച്ചതുമായി ബന്ധപ്പെട്ടു വളര്‍ന്ന പാരമ്പര്യമായി ഈ കാലഘട്ടത്തെ കാണാം. പത്രോസാകുന്ന പാറ മേല്‍ സ്ഥാപിതവും, പുതിയ ഉടമ്പടിയുടെ കൂടാരവും, മിശിഹായുടെ മണവാട്ടിയുമായ തിരുസഭയെ മിശിഹാ യുഗാന്ത്യത്തില്‍ സ്വീകരിക്കുന്നതാണ് ഈ കാലഘട്ടത്തിന്റെ മുഖ്യപ്രമേയം.

പത്രോസ് ശ്ലീഹാ ഏറ്റുപറഞ്ഞ വിശ്വാസമാണ് സഭയുടെ അടിത്തറ. പത്രോസാകുന്ന പാറ മേല്‍ ആണ് ഈ സഭയെ അവിടുന്ന് സ്ഥാപിച്ചത്. സഭ നമുക്ക് അമ്മയും ദൈവവുമാണ്. പത്രോസ് ശ്ലീഹാ ഏറ്റുപറഞ്ഞ വിശ്വാസപ്രഖ്യാപനത്തിന്റെ ആന്തരീകതലങ്ങളിലേയ്ക്ക് കടന്നുചെല്ലുവാന്‍ സഭ നമ്മെ ക്ഷണിക്കുന്നു. ഇന്നത്തെ സുവിശേഷ വായനയില്‍ നാമിന്ന് വായിച്ചുകേട്ടത് മത്തായിയുടെ സുവിശേഷം 16-ാം അധ്യായം 13 മുതലുള്ള തിരുവചനങ്ങളാണ്. യേശു തന്റെ ശിഷ്യരോട് തന്നെക്കുറിച്ചുള്ള ജനത്തിന്റെ അഭിപ്രായം ആരായുകയാണ്. ഒടുവില്‍ യേശു അവരോട് ഇപ്രകാരം ചോദിക്കുന്നു: ”ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?”

യേശു പ്രസ്തുത ചോദ്യം ചോദിക്കുന്നത് കേസറിയാ ഫിലിപ്പി പ്രദേശത്തു വച്ചാണ് എന്നത് ശ്രദ്ധേയമായൊരു കാര്യമാണ്. യേശു ഇവിടെ വച്ചുതന്നെ തന്റെ ശിഷ്യരോട് ഈ ചോദ്യം ചോദിക്കുന്നു എങ്കില്‍ അതിന് ചില കാരണങ്ങള്‍ ഉണ്ടായിരിക്കണം.
ഇസ്രായേലിന്റെ വടക്കു-കിഴക്കായി സ്ഥിതി ചെയ്യുന്ന മലനിരകളില്‍ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമാണ് ഹെര്‍മ്മോന്‍. ഇതിന്റെ അടിവാരത്താണ് കേസറിയാ ഫിലിപ്പി സ്ഥിതി ചെയ്യുന്നത്. വിജാതീയ ദേവന്മാരുടെ അമ്പലങ്ങളും ആരാധനകളും കൊണ്ട് ചരിത്രപരമായി ഏറെ പ്രസിദ്ധമായ സ്ഥലമാണ് കേസറിയാ – ഫിലിപ്പി. സീസറിന്റെ പ്രതിമയും, പാന്‍ ദേവന്റെയും ബാല്‍ ദേവന്റെയും പ്രതിഷ്ഠകളും കൊണ്ട് നിറഞ്ഞതാണ് ഈ സ്ഥലം. അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഈ സ്ഥലം കീഴടക്കിയപ്പോള്‍ ഇവിടെ ആരാധനാവിഷയമായിരുന്ന ബാല്‍ ദേവനെ മാറ്റി പകരം പാന്‍ദേവനെ പ്രതിഷ്ഠിച്ചു. അങ്ങനെ ഈ സ്ഥലം ബനിയാസ് എന്നും പാനെയാസ് എന്നുമൊക്കെ അറിയപ്പെട്ടു തുടങ്ങി. ഈ ദേശത്തിന്റെ തലസ്ഥാനമാണ് കേസറിയാ – ഫിലിപ്പി പ്രദേശം.

ഹേറോദേസ് രാജാവിന്റെയും ക്ലിയോപാട്രയുടെയും മകനും, ഹേറോദോസ് അന്തിപാത്തറിന്റെ സഹോദരനുമായ ഫിലിപ്പ് രാജാവ് പ്രദേശത്തെ വിപുലീകരിച്ച് പുതുക്കി പണിതു. ഫിലിപ്പ് രാജാവ് സീസര്‍ ചക്രവര്‍ത്തിയെ പ്രീതിപ്പെടുത്താനായി ഈ പട്ടണപ്രദേശത്തെ അദ്ദേഹത്തിന്റെ പേരില്‍ പ്രതിഷ്ഠിച്ചു. അങ്ങനെ പ്രസ്തുത സ്ഥലം ഇരുവരുടെയും പേരില്‍ അറിയപ്പെട്ടു തുടങ്ങി. കേസറിയാ – ഫിലിപ്പി. സീസര്‍, കൈസര്‍ എന്ന പദത്തില്‍ നിന്നു രൂപം കൊണ്ടതാണ് കേസറിയാ എന്ന പദം. സ്വയം ദൈവമായി പ്രഖ്യാപിച്ച വ്യക്തിയായിരുന്നു സീസര്‍. അങ്ങനെ ആരാധിക്കപ്പെടാനായി അദ്ദേഹത്തിന്റെ പ്രതിമയും അവിടെ സ്ഥാപിച്ചിരുന്നു. അങ്ങനെ വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങളും വിശ്വാസരീതികളും, ദേവന്മാരും ആരാധനാലയങ്ങളുടെയുമൊക്കെ സംഗമസ്ഥലത്തു വച്ചാണ് യേശു പ്രസ്തുത ചോദ്യം ചോദിക്കുന്നത്. ”ഞാന്‍ ആരാണെന്നാണ് ജനം പറയുന്നത്” എന്ന്.

ചിലര്‍ ശിരശ്ചേദം ചെയ്യപ്പെട്ട പ്രവാചകനായ സ്‌നാപകയോഹന്നാന്‍ ഉയര്‍ത്തതായിട്ടാണ് യേശുവിനെ കണ്ടത്. കാരണം, സ്‌നാപകയോഹന്നാനിലുണ്ടായിരുന്ന പല പ്രത്യേകതകളും യേശുവിലുണ്ടായിരുന്നു. അതിനാല്‍ ചിലര്‍ യേശുവില്‍ സ്‌നാപകയോഹന്നാനെ കണ്ടു. വേറെ ചിലര്‍ യേശുവിനെ പ്രവാചകനായ ഏലിയാ ആയിട്ടാണ് കണ്ടത്. ഇനിയും മറ്റൊരു കൂട്ടര്‍ യേശുവില്‍ ജറമിയായെ കണ്ടുവെങ്കില്‍ മറ്റുചിലര്‍ പ്രവാചകന്മാരിലൊരുവനായി യേശുവിനെ കണ്ടു.

പ്രിയമുള്ളവരെ, ഇന്നും ലോകം യേശുവിനെ വീക്ഷിക്കുന്നത് വ്യത്യസ്ത വിധത്തിലാണ്. ചിലര്‍ക്ക് യേശു ഒരു പ്രവാചകനാണെങ്കില്‍ മറ്റു ചിലര്‍ക്ക് ഒരു മതസ്ഥാപകനാണ്. ഇനിയും വേറെ ചിലര്‍ക്ക് ഒരു ആദര്‍ശധീരനായ വിപ്ലവകാരിയാണ് യേശു. ഇങ്ങനെ പോകുന്നു ലോകം യേശുവിനെ കാണുന്ന വിധവും.

ഇനി ഇതേ സ്ഥലത്തു വച്ച് യേശുവിന്റെ രണ്ടാമത്തെ ചോദ്യം: ”ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?” ഉടന്‍ പത്രോസ് തന്റെ വിശ്വാസപ്രഖ്യാപനം നടത്തുന്നു. ”നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്” എന്ന്. പത്രോസിന്റെ ബുദ്ധിയുടെയും യുക്തിയുടെയും മികവ് കൊണ്ടല്ല, സ്വര്‍ഗ്ഗസ്ഥനായ പിതാവ് വെളിപ്പെടുത്തിയതു കൊണ്ടാണ് യേശു ആരാണെന്ന് മനസ്സിലാക്കാനും ഏറ്റുപറയാനും സാധിച്ചത്.

യേശുവില്‍ വിശ്വസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു, പള്ളിയില്‍ പോകുന്നു എന്നതില്‍ കവിഞ്ഞ് യേശുവുമായി ഒരു അടുത്ത വ്യക്തിബന്ധം സ്ഥാപിക്കാന്‍ നാം പരിശ്രമിക്കണം. അതിനുവേണ്ടി തീക്ഷ്‌ണമായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണം. ഈ ഒരു ദൈവാനുഭവം ഉണ്ടാകുന്നതു വരെയും നമ്മുടെ ജീവിതവും ആത്മീയജീവിതവുമൊക്കെ കേവലം തത്വമായി ഒതുങ്ങും. പലരും പറഞ്ഞും പഠിപ്പിച്ചും തന്നതിലുപരി ആഴങ്ങളിലേയ്ക്കുള്ള വ്യക്തിബന്ധം സ്ഥാപിക്കാന്‍ ഒരു ദൈവാനുഭവം നമുക്കാവശ്യമാണ്. യേശുവിനെ അനുഭവിച്ചറിഞ്ഞവന്, യേശുവില്‍ നിധി കണ്ടെത്തിയവന്, യേശുവിനെ ആസ്വദിച്ചവന് യേശുവുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റെല്ലാം വിലയില്ലാത്തതായി തോന്നും. അത്രയ്ക്കും ശക്തമാണ് യേശുവിന്റെ സ്‌നേഹത്തിന്റെ മാധുര്യവും ലഹരിയും.

ആദിമസഭയില്‍ മതമര്‍ദ്ദനവും പീഡനങ്ങളും ഞെരുക്കങ്ങളുമൊക്കെ ഉണ്ടായപ്പോള്‍ യേശുവിലുള്ള വിശ്വാസത്തെപ്രതി മറ്റെന്തും സ്വന്തം ജീവനെത്തന്നെയും ത്യജിക്കാന്‍, അതില്‍ ആനന്ദം കണ്ടെത്താന്‍ അവര്‍ക്കു കഴിഞ്ഞത് ക്രിസ്തുവിലുള്ള ഉറച്ച വിശ്വാസവും സ്‌നേഹവുമാകുന്നു. കേസറിയാ – ഫിലിപ്പിയില്‍ വച്ച് യേശുവിനെ ഏറ്റുപറഞ്ഞ പത്രോസ് ശ്ലീഹാ, പെന്തക്കുസ്തായ്ക്കു ശേഷം വാക്കു കൊണ്ടും ജീവിതം കൊണ്ടും യേശുവിനെ ഏറ്റുപറഞ്ഞു. ഒടുവില്‍ അവനെപ്രതി തലകീഴായി കുരിശില്‍ തറയ്ക്കപ്പെടാനും രക്തസാക്ഷിയാകാനും കിട്ടിയ അവസരം ഒരു ഭാഗ്യമായി ശ്ലീഹാ കരുതി.

ഹെബ്രായര്‍ക്ക് എഴുതപ്പെട്ട ലേഖനം 11-ാം അദ്ധ്യായം 26-ാം വാക്യത്തില്‍ ഇപ്രകാരം നാം വായിക്കുന്നു: ”ക്രിസ്തുവിനെപ്രതി സഹിക്കുന്ന നിന്ദനങ്ങള്‍ ഈ ജീവിതത്തിലെ നിധികളെക്കാള്‍ വിലപ്പെട്ട സമ്പത്തായി അവന്‍ (മോശ) കരുതി.” പതിനെട്ടാമത്തെ വചനത്തില്‍ യേശു ഇപ്രകാരം പറയുന്നു: ”നീ പത്രോസാകുന്നു; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും.” ഈ വചനം ചില സത്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. സഭ ക്രിസ്തുവിന്റേതാണ്, നമ്മുടെതല്ല. നമ്മുടെ ഭൗതികമായ പടുത്തുയര്‍ത്തലുകളല്ല സഭയെ സഭയാക്കി മാറ്റുന്നത്. അത് വൈദീകരോ, മെത്രാന്മാരോ, മാര്‍പാപ്പയോ, അപ്പസ്‌തോലന്മാര്‍ പോലുമോ ഉണ്ടാക്കിയെടുത്ത ഒരു പ്രസ്ഥാനമല്ല. പത്രോസാകുന്ന പാറമേല്‍ യേശുക്രിസ്തു സ്ഥാപിച്ച ദൈവഭവനമാണ് സഭ. സഭയ്‌ക്കെതിരെ ആരോപണങ്ങളും, കുറ്റങ്ങളും, ഉപദ്രവങ്ങളുമൊക്കെ ഉണ്ടാകുമ്പോള്‍ നമുക്കുണ്ടാകേണ്ട മനോഭാവം സഭയോട് ചേര്‍ന്നുനില്‍ക്കുക എന്നതാണ്. സഭയോടുള്ള നമ്മിലെ സ്‌നേഹം ജ്വലിക്കട്ടെ. സഭയുടെ ഒരു നല്ല വിശ്വസ്ത സന്താനമായിരിക്കുക. വി. സിപ്രിയന്‍ പറയുന്നു. ‘തിരുസഭ നിനക്കു മാതാവല്ലെങ്കില്‍ ദൈവം നിനക്ക് പിതാവായിരിക്കുകയില്ല.” ഈ സത്യം ഗ്രഹിച്ച് ഏറെ ബഹുമാനത്തോടെ സഭയെ വീക്ഷിക്കാന്‍ നമുക്ക് കഴിയട്ടെ.

കര്‍ത്താവ് കുരിശില്‍ മരിച്ച് വീണ്ടെടുത്ത് സ്വന്തമാക്കിയ ദൈവജനത്തിന്റെ കുടുംബമാണ് തിരുസഭ. ദൈവം കൃപയും രക്ഷയും സഭയിലൂടെയാണ് ലോകത്തിലേയ്ക്ക് ചൊരിയുന്നത്. പ്രത്യേകിച്ച്, സഭയിലെ പരിശുദ്ധ കുര്‍ബാനയിലൂടെയാണ്. മനുഷ്യരുടെ പാപ-പരിഹാരാര്‍ത്ഥം കാല്‍വരിയില്‍ അര്‍പ്പിച്ച അതേ ബലി ഇന്നും ഈ കുര്‍ബാനയിലൂടെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഈ ബലിയര്‍പ്പണമില്ലായിരുന്നെങ്കില്‍ ലോകത്തിന്റെ പാപഭാരത്താല്‍ ദൈവനീതിയുടെ കരമുയരാനും, ലോകം നശിച്ചു പോകാനും കാരണമായേനെ.

പിതാവിന്റെ സന്നിധിയില്‍ മാദ്ധ്യസ്ഥ്യം അപേക്ഷിക്കുന്ന യേശുവിന്റെ ബലിയിലാണ്, വി.കുര്‍ബാനയിലാണ് നാമിപ്പോള്‍ പങ്കെടുത്തു കൊണ്ടിരിക്കുന്നത്. നന്ദി നിറഞ്ഞ മനസ്സോടെ സഭയോടു ചേര്‍ന്ന് നമുക്ക് ഈ ബലി തുടരാം. മിശിഹാ സഭയിലൂടെ നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആഴമായൊരു ദൈവാനുഭവത്തിനായി നമുക്ക് ഈ ബലിയില്‍ പ്രാര്‍ത്ഥിക്കാം. ആമേന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.