ഞായര്‍ പ്രസംഗം 2 ഉയിര്‍പ്പുകാലം നാലാം ഞായര്‍ മെയ്‌ 12 നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും

‘വെളിച്ചം ദുഃഖമാണുണ്ണീ…                                                                                         തമസ്സല്ലോ സുഖപ്രദം’

നാമെല്ലാവരും തന്നെ കേട്ടിട്ടുള്ള കവിതാശകലമാണിത്. തമസ് എന്നാല്‍ ഇരുട്ട് അല്ലെങ്കില്‍ അന്ധകാരം. അന്ധകാരത്തെ പലപ്പോഴും തിന്മയുടെ പ്രതീകമായി എടുത്തുകാണിക്കാറുണ്ട്. തിന്മയുടെ പ്രവര്‍ത്തികളെ നല്ലതായി കാണുന്ന ലോകമാണ് നമുക്കുചുറ്റും. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ശ്രീലങ്കയിലുണ്ടായ സ്‌ഫോടനവാര്‍ത്ത നാമെല്ലാം അറിഞ്ഞതാണ്. തിന്മയെ നന്മയായി കാണുന്ന, യഥാര്‍ത്ഥ ദുഃഖത്തെ സന്തോഷമായി കാണുന്ന ആളുകള്‍ക്ക് ഇരയായവര്‍. ഇപ്രകാരമുള്ള ലോകത്തെപ്പറ്റി ക്രിസ്തു രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ ശിഷ്യരോട് പറഞ്ഞുവച്ചത് സത്യമാണ്. നന്മയ്ക്കു വേണ്ടി, ദൈവത്തിനു വേണ്ടി ജീവിക്കുന്നവരുടെ വേദനയും കണ്ണീരും കണ്ട് സന്തോഷിക്കുന്ന ലോകത്തെക്കുറിച്ചാണ് അവിടുന്ന് പറഞ്ഞുവച്ചത്.

ജീവിതത്തില്‍ ഒരിക്കലെങ്കിലും കരയാത്തവരായോ ഉള്ളില്‍ നൊമ്പരം കൊണ്ടുനടക്കാത്തവരായോ ആരുമുണ്ടാകില്ല. എല്ലാ ദുഃഖങ്ങള്‍ക്കും അവസാനം ഒരു നന്മയുണ്ടാകും. ഈജിപ്തില്‍ അടിമത്വത്തിലായിരുന്ന ഇസ്രായേല്‍ ജനത അവരുടെ വേദനകള്‍ക്ക് പകരമായി കാനാന്‍ദേശത്ത് സന്തോഷമനുഭവിച്ചു. നെബുക്കദ്‌നേസര്‍ രാജാവ്, തീച്ചൂളയിലേയ്‌ക്കെറിഞ്ഞ മൂന്ന് യുവാക്കള്‍ സന്തോഷത്താധിക്യത്താല്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു. പ്രവാസികളായവരുടെ തിരിച്ചുവരവിന്റെ പ്രതീക്ഷകളുണര്‍ത്തുന്ന സന്ദേശമാണ് ഏശയ്യാ പ്രവാചകന്‍ പറഞ്ഞുവയ്ക്കുന്നത്. ദൈവം നല്‍കുന്ന ശ്രദ്ധയും താല്‍പര്യവും ഒരമ്മയുടെ നിസ്വാര്‍ത്ഥമായ സ്‌നേഹത്തോട് ഉപമിച്ചിരിക്കുന്നു. നശ്വരമായ സമ്പത്ത് കൊണ്ട് സന്തോഷം വാങ്ങാന്‍ ശ്രമിക്കുന്ന ശിമയോനെ നാം അപ്പസ്‌തോലപ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വായനയില്‍ കണ്ടുമുട്ടുന്നുണ്ട്.

എല്ലാ ദുഃഖങ്ങള്‍ക്കും സഹനങ്ങള്‍ക്കുമപ്പുറം ഒരു സന്തോഷമുണ്ടെന്നാണ് ക്രിസ്തു നമ്മോട് ഇന്ന് പറയുക. മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏതാണ് ഏറ്റവും വലിയ ദുഃഖം? അത് മരണമാണ്. അപ്പോള്‍ മരണമാണ് മനുഷ്യന്റെ ഏറ്റവും വലിയ ദുഃഖമെങ്കില്‍ അതിനപ്പുറം അവന് സന്തോഷം നല്‍കുന്ന എന്തെങ്കിലും ഉണ്ടാകുമെന്നത് സാധാരണഗതിയില്‍ ചിന്തിച്ചാല്‍ തന്നെ തീര്‍ച്ചയാണ്. മരണത്തെ ജയിച്ചവനു മാത്രമേ മരണത്തിനപ്പുറത്തുള്ള കാര്യത്തെക്കുറിച്ച് സംസാരിക്കാനാവൂ. യോഹ. 16:20-ലൂടെ ക്രിസ്തു നമ്മോട് പറയുന്നു: ‘നിങ്ങളുടെ ദുഃ ഖം സന്തോഷമായി മാറും’ എന്ന്.

മനുഷ്യന്‍ പലപ്പോഴും ശിമയോനെപ്പോലെ നശ്വരമായവയെ അല്ലെങ്കില്‍ ശാശ്വതമായതിനെ അതുമല്ലെങ്കില്‍ അര്‍ത്ഥമുള്ളതിനെ തേടിക്കൊണ്ടിരിക്കുന്നു. Man is in search of meaning എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എന്താണ് വിലപ്പെട്ടത്? അര്‍ത്ഥമുള്ളത്? അത് ക്രിസ്തു നല്‍കുന്ന സമാധാനമാണ്, സന്തോഷമാണ്. ഈ സമാധാനവും സന്തോഷവും കൈവരുന്നത് മരണത്തിനപ്പുറമുള്ള സ്വര്‍ഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി ജീവിക്കുമ്പോഴാണ്. ‘നമുക്ക് ഈ ലോകത്തില്‍ നിലനില്‍ക്കുന്ന പട്ടണമില്ല.’ തന്റെ മരണത്തെക്കുറിച്ചും തുടര്‍ന്നുണ്ടാകുന്ന ഉത്ഥാനത്തെക്കുറിച്ചും ഈശോ തന്റെ ശിഷ്യരോട് പറയുന്നതാണ് സുവിശേഷത്തില്‍ നാം കാണുക. ശിഷ്യരോട് ചേര്‍ന്നായിരുന്ന ഈശോ, അവരെ വിട്ടുപോകുമെന്നും തിരികെ വരുമെന്നുമാണ് പറയുന്നത്. ഈശോയുടെ മരണത്തില്‍ ശിഷ്യര്‍ ദുഃഖിക്കും. എന്നാല്‍, മനുഷ്യന്റെ ഏറ്റവും വലിയ ഒന്നായ ജീവിതത്തെ ഇല്ലാതാക്കുന്ന മരണത്തെ തോല്‍പ്പിച്ചുകൊണ്ടുള്ള ഈശോയുടെ ഉത്ഥാനം വഴി അവരുടെ ആ ദുഃഖം സന്തോഷമായി മാറുമെന്ന് അവിടുന്ന് അവരോട് പറയുന്നു.

നമ്മുടെ പ്രിയപ്പെട്ടവര്‍ നമുക്ക് നഷ്ടമാകുമ്പോഴാണ് നാം ദുഃഖിതരാകുന്നത്. പ്രിയപ്പെട്ടവര്‍ നഷ്ടമാകുമ്പോഴുണ്ടാകുന്ന വേദനയുടെ ആഴം വ്യക്തമാക്കുന്ന ഒരു കഥയുണ്ട്. അത് ഇപ്രകാരമാണ്: ഒരു വീട്. അവിടെ ഒരു അമ്മയും മകനും മാത്രമേയുള്ളൂ. അപ്പന്‍ മരിച്ചുപോയി. മകന് മാരകമായ ഒരു രോഗം പിടിപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം ഗൗരവമേറിയതാണെന്നും ജീവിക്കാന്‍ സാധ്യത കുറവാണെന്നും ഡോക്ടര്‍ അറിയിച്ചു. അമ്മ ജലപാനം പോലുമില്ലാതെ കരഞ്ഞുപ്രാര്‍ത്ഥിച്ചു. പക്ഷെ, വിധി മറിച്ചായിരുന്നു. ആ മകനെ ദൈവം തിരികെ വിളിച്ചു. മകന്റെ മൃതസംസ്‌കാര വേളയില്‍ ആ അമ്മ ഇങ്ങനെ പറഞ്ഞ് വിലപിക്കുന്നുണ്ടായിരുന്നു: ‘ദൈവമേ, നീയുണ്ടോ? ഉണ്ടെങ്കില്‍ നീ എവിടെയാണ്? എന്തിനാണ് എന്നെ തനിച്ചാക്കിയത്?’ അങ്ങനെ മൃതസംസ്‌കാരമെല്ലാം കഴിഞ്ഞ് അമ്മയെ ബന്ധുക്കള്‍ വീട്ടിലെത്തിച്ചു. പിറ്റേദിവസം രാവിലെ ആ അമ്മ മകന്റെ മുറിയിലേയ്ക്ക് കയറി. മകനുപയോഗിച്ചിരുന്ന പുസ്തകങ്ങളും വസ്തുക്കളുമെല്ലാം കണ്ട് അമ്മ വളരെ കരഞ്ഞു. അവസാനം മകന്‍ കിടന്നിരുന്ന തലയിണയില്‍ മുഖം ചായ്ച്ച് കരഞ്ഞുകൊണ്ട് ഉറങ്ങിപ്പോയി. ഉറക്കത്തില്‍ മകന്‍ അടുത്തുവന്ന് പുഞ്ചിരിക്കുന്നതായി ആ അമ്മ കണ്ടു. അവര്‍ ചാടിയെണീറ്റു. അപ്പോള്‍ കൈയ്യില്‍ ഒരു പേപ്പര്‍ ഇരിക്കുന്നതും അതില്‍ മകന്റെ കൈയ്യക്ഷരവും കണ്ടു. കണ്ണുനീര്‍ തുടച്ചുകൊണ്ട് ആ അമ്മ കത്ത് വായിച്ചു: ‘അമ്മേ, ഞാന്‍ സ്വര്‍ഗ്ഗത്തിലെത്തി. മാലാഖ എന്നെ ഇവിടെയെല്ലാം കൊണ്ടുനടന്നു കാണിച്ചുതന്നു. ഇവിടെ നല്ല രസമാണ്. ദൈവത്തിന്റെ അടുത്തുപോയി. എന്നെ നോക്കി പുഞ്ചിരിച്ചു. എന്നെ വാരിയെടുത്തു. എന്റെ അമ്മയ്ക്ക് ഒരു കത്തെഴുതിക്കോട്ടെ എന്നു ചോദിച്ചപ്പോള്‍ എഴുതിക്കോളാന്‍ പറഞ്ഞു. അമ്മയുടെ ചോദ്യത്തിന് ഉത്തരം കൂടി എഴുതാനും പറഞ്ഞു. അമ്മ ഇന്നലെ ചോദിച്ചില്ലേ, ദൈവം എവിടെയായിരുന്നുവെന്ന്. തന്റെ പ്രിയപുത്രന്‍ അന്ന് ഗദ്സമേന്‍ തോട്ടത്തിലായിരുന്നപ്പോഴും കാല്‍വരിയില്‍ മറ്റുള്ളവര്‍ക്കുവേണ്ടി കുരിശില്‍ ചോര വാര്‍ന്നു മരിച്ചപ്പോഴും എവിടെയായിരുന്നോ, അവിടെത്തന്നെ ആയിരുന്നു എന്നു പറയാന്‍ പറഞ്ഞു.’ അത്രയും വായിച്ചപ്പോഴേയ്ക്കും തന്റെ നഷ്ടത്തെച്ചൊല്ലി ദൈവത്തെ പഴിച്ചതിനെയോര്‍ത്ത് ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

നമുക്ക് പ്രിയപ്പെട്ടവയോ, നമ്മുടെ പ്രിയപ്പെട്ടവരെയോ നഷ്ടമായാല്‍ അല്ലെങ്കില്‍ ഒരുപാട് നൊമ്പരങ്ങളും സഹനങ്ങളും തുടരെത്തുടരെ വരുമ്പോള്‍ നാമൊക്കെ ഈ കഥയില്‍ കണ്ട ആ അമ്മയെപ്പോലെയാണ്. അപ്പോഴെല്ലാം നമ്മുടെ മനോഭാവം സങ്കീര്‍ത്തകന്‍ പറയുന്നതുപോലെയാണ്. ‘എപ്പോഴാണ് നീ എന്നെ ആശ്വസിപ്പിക്കുന്നത് എന്നു ഞാന്‍ ചോദിച്ചുപോകുന്നു’ (സങ്കീ. 118:32). ഈ വേദനകളെല്ലാം സുവിശേഷത്തില്‍ നാം കാണുന്നതുപോലെ അല്‍പസമയത്തേയ്ക്കു മാത്രമാണ്. എന്നാല്‍ നമുക്ക് ഈ അല്‍പസമയം ദീര്‍ഘമായി തോന്നിയേക്കാം. ഗത്സമെനില്‍ ഈശോ പ്രാര്‍ത്ഥിച്ചപ്പോള്‍ നിശബ്ദമായിരുന്ന ദൈവത്തോടു തന്നെയാണ് നാമോരോരുത്തരും പ്രാര്‍ത്ഥിക്കുന്നത്. അവിടുത്തെ സമയം ക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ മഹത്വത്തിലേയ്‌ക്കെത്തുന്നതായിരുന്നു. മാനുഷികമായ ഭാഷയില്‍ പറഞ്ഞാല്‍, കഥയില്‍ കണ്ടതുപോലെ നാമും ചോദിച്ചുപോകാനിടയുണ്ട്. അപ്പോള്‍ തന്റെ സ്വപുത്രന്റെ സഹായാഭ്യര്‍ത്ഥനയുടെ നിമിഷത്തില്‍ നിശബ്ദനായിരുന്ന ദൈവത്തിന്റെ വേദന തിരിച്ചറിയാന്‍ നമുക്കാകണം; നമ്മെ സ്‌നേഹിക്കാനായി സ്വപുത്രനെ കുരിശിലേറ്റാന്‍ വിട്ട പിതാവായ ദൈവത്തിന്റെ സ്‌നേഹം ഓര്‍ക്കാന്‍ നമുക്കാകണം. പെറ്റമ്മ മറന്നാലും മറക്കാത്ത സ്‌നേഹവുമായി എപ്പോഴും നമ്മെ കാണാനായി നമ്മുടെ പേരുകള്‍ ഉള്ളംകൈയ്യില്‍ രേഖപ്പെടുത്തിയിട്ടുണ്ട് ദൈവം (ഏശ. 45:19).

പലപ്പോഴും സഹനങ്ങളിലേയ്ക്കും കഷ്ടപ്പാടുകളിലേയ്ക്കും ദുഃഖങ്ങളിലേയ്ക്കും മാത്രം നോക്കി നാം കണ്ണുനീര്‍ തുടയ്ക്കുന്നു. അതിനപ്പുറം, മുകളിലിരിക്കുന്ന ദൈവത്തിലേയ്ക്ക് നോക്കാന്‍ നമുക്കുവേണ്ടി ഒരുപാട് സഹി ച്ച് നമ്മെ കാത്തിരിക്കുന്നവനെ നോക്കാന്‍ നമുക്കാകുന്നുണ്ടോ?

വി. കൊച്ചുത്രേസ്യാ പറയുന്നു: ‘സ്‌നേഹിക്കുന്നുവെങ്കില്‍ നീ നിന്നെത്തന്നെ തേടാതിരിക്കുക. തേടുകയാണെങ്കില്‍ നീ വേദന കൂടിയ ഹൃദയത്തോടായിരിക്കും ആയിരിക്കുക. തന്നിലേയ്ക്കു തന്നെ തിരിയുമ്പോഴാണ് ദുഃഖം സന്തോഷമായി മാറാതിരിക്കുക. എല്ലാ ദുഃഖങ്ങളും മറ്റുള്ളവര്‍ക്കായി സമര്‍പ്പിക്കുകയാണെങ്കില്‍ എനിക്കു വേണ്ടിയല്ല, ഞാന്‍ എന്റെ സഹചരര്‍ക്കു വേണ്ടി ക്രിസ്തുവിനെപ്പോലെയാണ് ജീവിക്കുന്നത്’ എന്ന സത്യം ക്രിസ്ത്യാനികളായ നമ്മെ ജീവിതത്തില്‍ മുന്നോട്ടുനീങ്ങാന്‍ സഹായിക്കും. ദുഃഖങ്ങളെ ചൊല്ലി പഴിച്ചുകൊണ്ട് നമുക്കായിരിക്കാന്‍ സാധിക്കും. അല്ലെങ്കില്‍ ദുഃഖങ്ങള്‍ നെഞ്ചിലേറ്റി ക്രിസ്തുവിനെ പിഞ്ചെന്നുകൊണ്ട് ജീവിക്കാനാകും. ദുഃഖങ്ങള്‍ നെഞ്ചിലേറ്റിക്കൊണ്ട് ജീവിക്കാനാകണമെങ്കില്‍ ദുഃഖങ്ങള്‍ സന്തോഷം നല്‍കുന്ന അനുഭവങ്ങളാകണമെങ്കില്‍ ക്രിസ്തുവിനെപ്പോലെ ജീവിക്കണം.

സുട്രിച്ച് ബോനഫര്‍ ക്രിസ്തുവിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്: “He was a man for others.” ഇതു തന്നെയാകട്ടെ സഹനങ്ങളും ദുഃഖങ്ങളും അനുഭവിക്കുന്ന നമ്മുടെ ജീവിതലക്ഷ്യവും. എങ്കിലും ജീവിതം പലപ്പോഴും നിനക്ക് കണ്ണുനീരായിരിക്കും. ചിലപ്പോള്‍ നീ സ്‌നേഹിക്കുന്ന പലതും, നീ സ്‌നേഹിക്കുന്ന പലരും നിന്റെ കണ്ണ് നിറയിച്ചിട്ട് പോയേക്കാം. എങ്കിലും മുന്നോട്ടു നീങ്ങുക. അവസാനം ദൈവമുണ്ട് എന്ന ഉറപ്പോടെ. നിന്റെ ജീവിതയാതനകളില്‍ നീ ഒറ്റയ്ക്കാകുന്ന ദുഃഖനിമിഷങ്ങളില്‍, ‘തന്റെ ദുഃഖനിമിഷങ്ങളില്‍ ഒറ്റയ്ക്കായിരുന്ന ക്രിസ്തു’ നിന്റെ അരികിലുണ്ടാകും.
ദുഃഖങ്ങളില്‍ തളരരുത്, കരയരുത്. സര്‍വ്വതും വിശുദ്ധ കുര്‍ബാനയില്‍ സമര്‍പ്പിക്കുക. കൂടെയായിരിപ്പാന്‍ അപ്പമായവന്റെ നൊമ്പരങ്ങളോട് ചേര്‍ക്കുക നമ്മുടെ ഹൃദയനൊമ്പരങ്ങളെ. അണിയുക- മുഖത്തൊരു സന്തോഷത്തിന്റെ പുഞ്ചിരി. മരണത്തെ ജയിച്ചവനോടൊപ്പമായിരിക്കാം. എല്ലാമറിയുന്ന നല്ലവനായ ദൈവം നമ്മെ അതിന് ശക്തരാക്കട്ടെ!

ബ്ര. റോബിന്‍ കോലഞ്ചേരി MCBS