ഞായര്‍ പ്രസംഗം 2 നോമ്പുകാലം ഏഴാം ഞായര്‍ മത്തായി 21:1-17 ഓശാന ഞായര്‍

വലിയ നോമ്പാചരണത്തിന്റെ സമാപന ദിനങ്ങളും ഉയിര്‍പ്പാഘോഷത്തോടെ പൂര്‍ത്തിയാകുന്ന പെസഹായുടെ മൂന്ന് ദിവസങ്ങളും ഉള്‍ക്കൊള്ളുന്ന വിശുദ്ധവാരത്തിലേയ്ക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ഓശാന ഞായറിന്റെ ഓര്‍മ്മകള്‍ എന്നും മനസ്സില്‍ പച്ചകെടാതെ കാത്തുസൂക്ഷിക്കുന്ന ഒന്നാണ്. വി

കാരിയച്ചനില്‍ നിന്ന് കുരുത്തോലകള്‍ ആദ്യമേ സ്വന്തമാക്കണം. പോരാ, ഏറ്റവും നീളത്തിലുള്ളത് സ്വന്തമാക്കണം. സ്വന്തമാക്കിയ കുരുത്തോലയുടെ മുകള്‍വശം മടക്കി കുരിശുണ്ടാക്കി ഉയര്‍ത്തിപ്പിടിച്ചു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത അനുഭവമൊന്നും ഒരിക്കലും നമുക്ക് മറക്കാന്‍ സാധിക്കില്ല.

ഓശാന ഞായര്‍ കര്‍ത്താവ് ജറുസലെമിലേയ്ക്ക് രാജകീയമായി പ്രവേശിച്ചതിന്റെ ഓര്‍മ്മത്തിരുനാളാണ്. കര്‍ത്താവും ശിഷ്യന്മാരും ജറുസലെമിനെ ലക്ഷ്യം വെച്ച് നീങ്ങുകയാണ്. ശിഷ്യന്മാര്‍ക്ക്, ജെറുസലെമിനെ സമീപിക്കുന്നത് എന്തിനുവേണ്ടിയാണ് എന്നുള്ള തിരിച്ചറിവില്ല. എങ്കിലും ക്രിസ്തുവിന് വ്യക്തമായ ബോധ്യങ്ങളുണ്ട്. പ്രവചനങ്ങളെല്ലാം പൂര്‍ത്തീകരിച്ച് കഴുതപ്പുറത്ത് വിനയാന്വിതനായി എഴുന്നള്ളിവരുന്ന രാജാവിനുവേണ്ടി ജറുസലെം തെരുവീഥികള്‍ അണിഞ്ഞൊരുങ്ങിയത് പോലെ വീണ്ടുമൊരു വലിയ ആഴ്ച്ചയിലൂടെ ഉത്ഥാന അനുഭവത്തിലൂടെ എന്റെ ജീവിതവഴികളിലൂടെ കടന്നുവരാന്‍ കാത്തുനില്‍ക്കുന്ന ക്രിസ്തുവിനെ സ്വജീവിതത്തിലേയ്ക്കും സ്വഭവനത്തിലേയ്ക്കും സ്വീകരിക്കാന്‍ നമുക്കും അണിഞ്ഞൊരുങ്ങി നില്‍ക്കാം.

ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന കാലമാണിത്. തിരഞ്ഞെടുപ്പു റാലികളും റോഡ് ഷോകളും കണ്‍വെന്‍ഷനുകളും എല്ലാം നമുക്കിപ്പോള്‍ സുപരിചിതവും നിത്യസംഭവങ്ങളുമാണ്. ഇവിടെ എതിരാളികളുടെ മേല്‍ വിജയം സ്വന്തമാക്കാന്‍, സ്വന്തം ജനപിന്തുണ മറ്റുള്ളവരെ കാണിക്കാന്‍ വെമ്പല്‍കൊള്ളുന്ന നേതാക്കന്മാരുടെ ഇടയില്‍ ജീവിക്കുന്ന നമ്മുടെ മുന്നിലേയ്ക്കാണ് ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ വിനയാന്വിതനായി കഴുതപ്പുറത്ത് കടന്നുവരുന്നത്. അവിടുത്തേയ്ക്ക് കിട്ടിയ മഹത്വം വിലപേശി നേടിയതല്ല. മറിച്ച്, സ്വന്തം ജീവനാകുന്ന വില കൊടുത്ത് നേടിയതാണ്. തിന്മയുടെ മേല്‍ വിജയം നേടാന്‍ ഈശോ തന്റെ ജീവന്‍ തന്നെ ബലിയായി നല്‍കി.

മനുഷ്യന്‍ സ്വപ്നം കണ്ടത് ഭൗതിക സ്വാതന്ത്ര്യമായിരുന്നെങ്കില്‍ ക്രിസ്തു സ്വപ്നം കണ്ടത് രാഷ്ട്രീയത്തെക്കാള്‍ ആത്മീയമായി രക്ഷ അനുഭവിച്ചറിയുന്ന സ്വാതന്ത്ര്യം ആയിരുന്നു. നാം രക്ഷ തേടുന്നത് ആരിലാണ്? സൃഷ്ടാവായ ദൈവത്തിലോ അതോ സൃഷ്ടികളായ ഭൗതികവസ്തുക്കളിലോ? നമ്മുടെ സ്വപ്നം എന്താണ്? ഭൗതികമായ സ്വാതന്ത്ര്യവും അഭിവൃദ്ധിയുമാണോ അതോ ആത്മീയമായ സ്വാതന്ത്ര്യവും അഭിവൃദ്ധിയുമോ?

ഓര്‍ക്കുക. ആത്മീയസ്വാതന്ത്ര്യമില്ലെങ്കില്‍ ഭൗതികസ്വാതന്ത്ര്യം കൊണ്ട് എന്ത് പ്രയോജനം? അതിനാല്‍ ഈ ഓശാന തിരുനാളില്‍ നമ്മിലെ തിന്മയുടെ ശക്തിയെ കീഴടക്കി ആത്മീയസ്വാതന്ത്ര്യം നേടി വിശുദ്ധവാരത്തിലേയ്ക്ക് പ്രവേശിക്കാം. അപ്പോള്‍ തീര്‍ച്ചയായും ക്രിസ്തു നമ്മുടെ ജീവിതവഴികളിലൂടെ കടന്നുവരും. അനുഗ്രഹങ്ങള്‍ വര്‍ഷിക്കും. ആമ്മേന്‍.

ഡീ. സുരേഷ് പട്ടേട്ട് MCBS