ഞായര്‍ പ്രസംഗം 2 നോമ്പുകാലം ആറാം ഞായര്‍ യോഹ. 10:11-18 നല്ലിടയന്‍

സുമേറിയന്‍ രാജാക്കന്മാരുടെ പട്ടികയില്‍ ഒരു രാജാവിനെ വിശേഷിപ്പിക്കുന്നത് ഇടയരാജാവ് എന്നാണ്. ലുഗല്‍ബന്ദ എന്ന നാമമാണ് ഈ ഇടയരാജാവിന്. സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന ഈ രാജാവ് എല്ലാ രാജ്യങ്ങളെയും ഒന്നിപ്പിക്കുന്നതില്‍ വിജയിച്ചു എന്നാണ് സങ്കല്‍പ്പം.

എങ്ങനെ ഇത് സാധിച്ചു? ‘സിപ’ എന്ന സുമേറിയന്‍ വാക്കിന് ‘പാലകന്‍’ എന്നാണര്‍ത്ഥം. ഈ രാജാവിനെ ചിത്രീകരിച്ചിരിക്കുന്നത് കുഞ്ഞാടിനെ കയ്യിലേന്തി ആട്ടിന്‍രോമം കൊണ്ടുള്ള തൊപ്പിയണിഞ്ഞ് നില്‍ക്കുന്നവനായിട്ടാണ്. രാജാവ് പാലകനാണ് – തന്നെ ഏല്‍പ്പിച്ചിരിക്കുന്ന പ്രജകളുടെ പാലകന്‍.

എന്തുകൊണ്ടാണ് യോഹന്നാന്‍ സുവിശേഷകന്‍ യേശുവിനെ നല്ല ഇടയനായി അവതരിപ്പിക്കുന്നത്. വിശുദ്ധഗ്രന്ഥ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ ഇതിനൊരു പഴയനിയമ പശ്ചാത്തലമുണ്ടെന്ന് വ്യക്തമാക്കാന്‍ കഴിയും. പഴയനിയമ പശ്ചാലത്തലത്തില്‍ ദൈവം തന്നെ ഇസ്രായേലിന്റെ ഇടയനായി പ്രത്യക്ഷപ്പെടുന്നു. പ്രത്യേകമായി ആവശ്യനേരത്ത് ആശ്വാസവും ശരണവുമര്‍പ്പിക്കാന്‍ ഇസ്രായേല്‍ കണ്ടെത്തിയ വാക്കുമാണിത്. ഇതിന് ഏറ്റവും നല്ല മകുടോദാഹരണമാണ് 23-ാം സങ്കീര്‍ത്തനത്തിലെ 1-4 വരെയുള്ള തിരുവചനഭാഗങ്ങള്‍. ‘കര്‍ത്താവാണ് എന്റെ ഇടയന്‍. എനിക്കൊന്നിനും കുറവുണ്ടാവുകയില്ല’ (സങ്കീ. 23:1).

എസെക്കിയേല്‍ പ്രവാചകനാണ് ‘ദൈവം ഇടയനാണ്’ എന്ന പ്രതീകത്തെ പൂര്‍ണ്ണമായി വികസിപ്പിച്ചെടുത്തത്. ഈ പ്രവാചകദര്‍ശനത്തെയാണ് യോഹന്നാന്‍ സുവിശേഷകന്‍ അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
തന്റെ ജീവിതകാലത്ത് സ്വാര്‍ത്ഥമതികളായ ഇടയന്മാരെ കണ്ടുമടുത്ത എസെക്കിയേല്‍ പ്രവാചകന്‍ അവരെ വെല്ലുവിളിക്കുകയും ശാസിക്കുകയും ചെയ്തു. എന്നിട്ട്, ദൈവം തന്നെ തന്റെ ആടുകളെ നോക്കുമെന്നും കരുതലോടെ നയിക്കുമെന്നും ഒരു വാഗ്ദാനം പ്രഖ്യാപിച്ചു. ‘ഇതാ, ഞാന്‍ തന്നെ എന്റെ ആടുകളെ അന്വേഷിച്ച് കണ്ടുപിടിക്കും. ജനതകളുടെ ഇടയില്‍ നിന്ന് ഞാനവരെ കൊണ്ടുവരും. രാജ്യങ്ങളില്‍ നിന്ന് ഞാനവയെ ഒരുമിച്ചുകൂട്ടും. ഞാന്‍ തന്നെ എന്റെ ആടുകളെ മേയ്ക്കും. ഞാന്‍ അവയ്ക്ക് വിശ്രമസ്ഥലം നല്‍കും. നഷ്ടപ്പെട്ട നിന്നെ ഞാന്‍ അന്വേഷിക്കും. വഴിതെറ്റിപ്പോയ നിന്നെ ഞാന്‍ തിരികെ കൊണ്ടുവരും. മുറിവേറ്റ നിന്നെ ഞാന്‍ വച്ചുകെട്ടും. ബലഹീനമായ നിന്നെ ഞാന്‍ ശക്തിപ്പെടുത്തും. കൊഴുത്തതിനെയും ശക്തിയുള്ളതിനെയും ഞാന്‍ സംരക്ഷിക്കും’ (എസെ. 34:1- 16).

ദൈവമായ കര്‍ത്താവിനെ ഇടയനായും തന്റെ ജനമായ ഇസ്രായേലിനെ ആടുകളായും അവതരിപ്പിക്കുന്നതു വഴി ദൈവവും എന്റെ പ്രിയപ്പെട്ട ജനവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ എസെക്കിയേല്‍ പ്രവാചകന്‍ എടുത്തുകാട്ടുന്നു. ഇടയനും ആടുകളും പരസ്പരം അറിയുന്നുവെന്നതാണ് ഇവിടുത്തെ യാഥാര്‍ത്ഥ്യം. 14,15 വാക്യങ്ങള്‍ ഇപ്രകാരം പറയുന്നു: ‘ഞാന്‍ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ, ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു.’

എന്താണ് അറിവ് എന്ന് മനസ്സിലാക്കണമെങ്കില്‍ രണ്ട് കാര്യങ്ങള്‍ നാം അറിയേണ്ടതുണ്ട്. ആദ്യമായി, അറിവും സ്വന്തമായിരിക്കുന്നതും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഇടയന്‍ ആടുകളെ അറിയുന്നത് അവ അവന്റെ സ്വന്തമായതുകൊണ്ടാണ്. അതുപോലെ ആടുകള്‍ ഇടയനെ അറിയുന്നത് അവ അവന്റേതായിരിക്കുന്നതു കൊണ്ടും. യോഹ. 10:4-ല്‍ വചനം പറയുന്നു: ‘തനിക്ക് സ്വന്തമായിട്ടുള്ളതിനെ പുറത്തിറക്കിയിട്ട് അവന്‍ അവയ്ക്കു മുമ്പേ നടക്കുന്നു.’ ഇവിടെ ഇടയന്‍ ആടുകളെ കൈവശം വച്ചിരിക്കുകയല്ല. മറിച്ച്, അവ അവന്റെ സ്വന്തമാണ്. ആടുകള്‍ ഇടയനെ അറിയുന്നു. ഇടയന്‍ ആടുകളെയും. ഈ ഒരു ബന്ധമാണ് സ്വന്തമാകല്‍.

സ്‌നേഹമുള്ളവരെ, യോഹന്നാന്‍ ശ്ലീഹാ കര്‍ത്താവിനെ പുതിയനിയമത്തില്‍ പെസഹാക്കുഞ്ഞാടായിട്ടാണ് അവതരിപ്പിക്കുന്നത്. ഒരേസയമം അവന്‍ ഇടയനും ആടുമാകുന്നു. കരുതലിന്റെ പ്രതീകമാണ് ഇടയനെങ്കില്‍ ജീവന്‍ നല്‍കുന്നതിന്റെ പ്രതീകമാണ് പെസഹാക്കുഞ്ഞാട്.

ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ ശേഷം തമ്പുരാന്‍ ഒരു കാര്യം തന്റെ ശിഷ്യഗണത്തോട് സൂചിപ്പിക്കുന്നുണ്ട്. ‘ഞാന്‍ ഇന്ന് നിങ്ങള്‍ക്കൊരു മാതൃക തന്നിരിക്കുന്നു. കര്‍ത്താവിലുണ്ടായിരുന്ന ഇടയന്റെയും കുഞ്ഞാടിന്റെയും ഭാവം നമ്മുടെ ജീവിതത്തിലും പകര്‍ത്താം. ഇടയനെപ്പോലെ മറ്റുള്ളവരുടെ ജീവന്റെ കാവലാളായും കുഞ്ഞാടിനെപ്പോലെ അപരനുവേണ്ടി ജീവന്‍ ത്യജിക്കാനുമുള്ള കൃപയ്ക്കായിട്ടും ഈ വിശുദ്ധ ബലിയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

ഓര്‍ക്കുക, അറിവ് കൂടിയേ തീരൂ. അവനെപ്പറ്റി – അവനെപ്പറ്റി മാത്രം.

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍.

ബ്ര. ജോബി തെക്കേടത്ത് MCBS