
ഏലിയാ സ്ലീവ മൂശക്കാലം രണ്ടാം ഞായര്‍ മത്താ 4:12-18
2001 ജൂണ്‍ 27-ാം തീയതി മനോരമ പത്രത്തില്‍ വന്ന ഒരു വാര്‍ത്ത മാനസാന്തരം ആഗ്രഹിക്കുന്ന, ആവശ്യമുള്ള ഏവര്‍ക്കും മാതൃകയാക്കാവുന്നതാണ്. മാനസാന്തരത്തിന്റെയും പ്രാശ്ചിത്തത്തിന്റെയും കഥയാണ് ലാലുവെന്ന വ്യക്തിയുടെ ജീവിതം വഴി ആ വാര്‍ത്തയില്‍ നിറഞ്ഞുനിന്നത്. തന്റെ പാപങ്ങള്‍ക്ക് സ്വന്തം ജീവിതം കൊണ്ട് പ്രായശ്ചിത്തവും പരിഹാരവും തേടി പുതുജീവിതത്തിനു വഴിതുറന്ന സംഭവമാണ് ലാലു വിവരിക്കുന്നത്.
ബേപ്പൂരില്‍ നടന്ന ആദ്യത്തെ രാഷ്ട്രീയ കൊലപാതകത്തിലേയും ആദ്യത്തെ വര്‍ഗ്ഗീയ കൊലപാതകത്തിലെയും ഒന്നാം പ്രതിയായിരുന്നു ഇദ്ദേഹം. പല കുറുക്കുവഴികളിലൂടെ ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ട് നടക്കുന്നതിനിടയിലാണ്, ജൂണ്‍ 22-ാം തീയതി വെള്ളിയാഴ്ച അഞ്ചരയോടെ കടലുണ്ടി പുഴയിലെ ട്രെയിന്‍ ദുരന്തത്തെപ്പറ്റി കേള്‍ക്കുന്നത്. ഉടനെതന്നെ അടുത്ത മുക്കുവക്കുടിലില്‍ നിന്നും മുപ്പത്തഞ്ചോളം ആളുകളെക്കൂട്ടി സംഭവസ്ഥലത്തേക്ക് ഓടി. കനത്ത മഴയും ശക്തമായ ഒഴുക്കും മൂലം കടത്തുബോട്ടുമില്ലായിരുന്നു. എങ്കിലും അവിടെയെത്തി കൈമെയ്യ് മറന്ന് വിശ്രമമില്ലാതെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോള്‍, ലാലു കടലുണ്ടി പുഴയില്‍ കഴുകിക്കളയാന്‍ ശ്രമിച്ചത് തന്റെ പാപങ്ങളായിരുന്നു. ബോഗികള്‍ക്കിടയില്‍, ജീവിതത്തിനും മരണത്തിനുമിടയില്‍ തൂങ്ങിക്കിടന്നിരുന്ന നിരവധി മനുഷ്യരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയപ്പോള്‍, കഴിഞ്ഞ കാല തെറ്റുകള്‍ക്ക് പരിഹാരം ചെയ്യുകയായിരുന്നു ലാലു.
ദൈവം ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഇടപെടാന്‍ ഒരു സമയമുണ്ട്. അവന് എത്ര പാപിയാണെങ്കിലും അവന്റെ രക്ഷക്കുവേണ്ടി ഈശോ കാത്തിരിക്കുന്നു, അവസാന നിമിഷം വരെ. കുരിശിന് ചുവട്ടില്‍ വച്ചാണ് ലൊങ്കിനൂസ് മാനസാന്തരപ്പെടുന്നത്. ഈശോ മരിക്കുന്നതിനുമുമ്പും മരണസമയത്തും അതിനുശേഷവും ആത്മാക്കളുടെ രക്ഷ സാധ്യമാക്കി. ഇന്നത്തെ സുവിശേഷഭാഗം പറയുന്നത് യേശുവിന്റെ ദൗത്യം ആരംഭിക്കുന്നതിനെക്കുറിച്ചാണ്. ആദിമാതാപിതാക്കള്‍ മൂലം നഷ്ടപ്പെട്ടുപോയ പറുദീസ നമുക്കുവേണ്ടി വീണ്ടും നേടിത്തരുന്നതിനായിട്ടാണ് ഈശോ ഭൂമിയില്‍ അവതരിച്ചത്. ഫിലി. 2:6-7 വാക്യങ്ങളില്‍ വി. പൗലോസ് പറയുന്നു; ”ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന് ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന് ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു.”
ദൈവികപദ്ധതിയുടെ പൂര്‍ത്തീകരണമെന്നോണം ഈശോ മിശിഹാ പരിശുദ്ധ കന്യകാമറിയത്തില്‍ നിന്നും ശരീരം സ്വീകരിച്ച് മനുഷ്യനായി പിറന്നു. ഈജിപ്തിന്റെ അടിമത്തത്തില്‍ നിന്നും മോചിതരായ ശേഷം ഇസ്രായേല്‍ ദൈവജനമായിത്തീര്‍ന്നു. ദൈവത്തിന്റെ സംരക്ഷണം എപ്പോഴും ആ ജനത്തിന്റെ മേലുണ്ടായിരുന്നു. പാപം ചെയ്തു ദൈവത്തില്‍ നിന്നകന്നിട്ടും ദൈവം അവരെ കൈവിടുന്നില്ല. പുതിയ നിയമത്തിലേക്ക് വരുമ്പോള്‍, തന്റെ ജനത്തിന് രക്ഷ നല്കാന് ദൈവം മനുഷ്യനായി അവതരിക്കുന്നു. മത്തായി ശ്ലീഹാ പറഞ്ഞുവയ്ക്കുന്നതിങ്ങനെയാണ്, ”അന്ധകാരത്തില്‍ സ്ഥിതിചെയ്തിരുന്ന ജനങ്ങള്‍ വലിയ പ്രകാശം കണ്ടു” (മത്താ 4:16). ഈശോ ദൗത്യം ആരംഭിക്കുകയാണിവിടെ. നീണ്ടനാല്പ്പതുദിനത്തെ പ്രാര്‍ത്ഥനക്കും ഒരുക്കത്തിനും ശേഷമാണ് ഈശോ ദൗത്യം ആരംഭിക്കുന്നത്. ഈശോ പ്രസംഗിക്കാന്‍ തുടങ്ങി ”മാനസാന്തരപ്പെടുവിന്‍ സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.” മാനസാന്തരമെന്നാല്‍ പാപമുപേക്ഷിച്ച് നന്മയിലേക്കും ദൈവ വഴിയിലേക്കുമുള്ള ചുവടുവയ്പാണ്. സ്വാര്‍ത്ഥതയില്‍ നിന്ന് സാഹോദര്യത്തിലേക്കുള്ള ചുവടുവയ്പാണ്. ഭൗതീകമായവയില് നിന്നും ദൈവീകതയിലേക്കുള്ള നടന്നടുക്കലാണ്.
ചുരുക്കത്തില്‍ മനുഷ്യന് അവനായിരിക്കുന്ന അവസ്ഥയില്‍ നിന്നും ആയിരിക്കേണ്ട അവസ്ഥയിലേക്ക് യാത്രായാകുന്നതാണ് മാനസാന്തരം. അത്, ഒരുവന് തന്റെ ജീവിതത്തിലെ സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ മാറ്റിവച്ച് ദൈവഹിതം നിറവേറ്റുന്നതിലാണ് അടങ്ങിയിരിക്കുന്നത്. നമ്മളെല്ലാവരും ഒരുതരത്തില്‍ പറഞ്ഞാല്‍ ഇരുട്ടില്‍ കഴിയുന്നവരാണ്. സുവിശേഷമനുസരിച്ചുള്ള ഈ ഇരുട്ട് ദൈവമില്ലാത്ത അവസ്ഥയുടെ സൂചനയാണ്. ഈ അവസ്ഥയില്‍ എനിക്കൊരു സന്തോഷവും തോന്നില്ല. ഇത് പാപത്തിന്റെ അവസ്ഥയാണ്. ഇവിടെ സൗഹൃദങ്ങളില്ല, ബന്ധങ്ങളില്ല, എല്ലാത്തില്‍ നിന്നും അകന്നു ജീവിക്കേണ്ടി വരുന്നു. ഈ ഇരുട്ട് രണ്ട് തരത്തില്‍ മനുഷ്യനെ ബാധിക്കാം. ഒന്നാമതായി, ആന്തരികമായ ഇരുട്ട്. ഒരു വ്യക്തിയെ സംബന്ധിച്ച് ഏറ്റവും വലിയ ദുരന്തമാണിത്. തന്നെയും തന്നിലുള്ള ദൈവത്തെയും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ. തന്മൂലം സഹജീവികളെപ്പോലും ശത്രുക്കളായി കാണുന്നു. ഇന്നത്തെ സമൂഹത്തെ അവസ്ഥ തന്നെ ഉദാഹരണം. വര്‍ധിച്ചു വരുന്ന കൊലപാതകങ്ങള്‍, ആത്മഹത്യകള്‍, പീഡനങ്ങള്‍. ഇവിടെയെല്ലാം ദൈവത്തെ അകറ്റി നിര്‍ത്തിക്കൊണ്ടുള്ള ജീവിതമാണ്. ഇവിടെയാണ് ഈശോ പറയുക; ”മാനസാന്തരപ്പെടുവിന്‍ ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്ന്.”
മാനസാന്തരപ്പെടുക എന്നാല്‍ തിരിഞ്ഞു നടക്കല്‍, പിന്തിരിയല് എന്നൊക്കെ അര്‍ത്ഥമുണ്ട്. മാമോദീസായിലൂടെ നമുക്ക് ലഭിച്ച ദൈവികചൈതന്യത്തിലേക്ക് നാം തിരിച്ചുപോകണം. വി. മര്‍ക്കോസിന്റെ സുവിശേഷം 1:15 വാക്യം പറയുന്നു. ”അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുക.” ഈശോമിശിഹാ ലോകത്തിലേക്ക് വന്നത് ഒരു ദൈവീകപദ്ധതിയുടെ ഭാഗമായിട്ടാണെങ്കില്‍ അവന് വഴിയൊരുക്കാന്‍ സ്നാപകന് വന്നതും ദൈവീകപദ്ധതിയിലൂടെയാണ്. സ്നാപകന്റെ വാക്കുകള്‍ അല്പം കൂടി മൂര്‍ച്ചയേറിയതാണ്. ‘അണലിസന്തതികളേ അനുതപിക്കുക’ എന്നു പറയുന്നതിലൂടെ ലഭിക്കാനിരിക്കുന്ന ദൈവികചൈതന്യം നഷ്ടപ്പെടുത്തരുതെന്നാണ് സ്നാപകന് പറയുന്നത്. ഒരിക്കല്‍ നെപ്പോളിയന് പറഞ്ഞു: ”അലക്സാണ്ടറും സീസറും ചാര്ലിമെയിനും ഞാനും ശക്തികൊണ്ട് സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കി. എന്നാല്‍ യേശു ക്രിസ്തു സ്നേഹത്തിന്മേല്‍ തന്റെ രാജ്യം പണിതു. അതിനാല്‍ ഇന്ന് അനേകായിരങ്ങള്‍ അവിടുത്തെ അനുഗമിക്കുന്നു.”
നാം ഇപ്പോള്‍ ആരാധനാക്രമത്തിലെ ഏലിയാ സ്ലീവാ മൂശാക്കാലത്തിലൂടെ കടന്നുപോകുകയാണ്. വി. കുരിശിലൂടെ ഈശോ നമുക്ക് രക്ഷ നേടിത്തന്നു. അപമാനത്തിന്റെയും നിന്ദയുടെയും പ്രതീകമായി പഴയ റോമാ സാമ്രാജ്യത്തില്‍ നിലനിന്നിരുന്ന കുരിശ് യേശുവിന്റെ പുനരുത്ഥാനത്തിലൂടെ മഹത്വത്തിന്റെയും വിജയത്തിന്റെയും പ്രതീകമായിത്തീര്‍ന്നു. കുരിശിലൂടെ ഈശോ സ്ഥാപിച്ച മഹത്വത്തിന്റെ സന്ദേശം അവിടുത്തെ മുപ്പത്തിമൂന്ന് കൊല്ലം നീണ്ടുനിന്ന ഈ ഭൂമിയിലെ ജീവിതത്തിലാണ് കാണുവാന്‍ സാധിക്കുക. ഇന്നത്തെ ലോകം അടിച്ചുപൊളിയുടെ ലോകമാണ്. കഴിവതും സന്തോഷിക്കുക. നാളെയെന്നില്ല, ഇന്നിന്റെ സുഖവും സന്തോഷവും മാത്രം. അതിനുവേണ്ടി എന്തിനും തയ്യാറാകുന്ന അവസ്ഥ. മദ്യവും മയക്കുമരുന്നുമാണ് ഇന്നത്തെ യുവജനങ്ങളെ ബാധിച്ചിരിക്കുന്ന സുഖവും അസുഖവും. അവിടെ, കുടുംബപ്രാര്‍ത്ഥനയില്ല, ഞായറാഴ്ച കുര്ബാനയില്ല എന്തിന് കുടുംബം പോലുമില്ല. അവസാനം എവിടെയും സന്തോഷം കിട്ടാതെ ഒരു ദിവസം ആത്മഹത്യ ചെയ്യുന്നു. ഇന്ന് ആത്മഹത്യാ നിരക്ക് കൂടുന്നതല്ലാതെ കുറയുന്നില്ല. ദൈവം ദാനമായി തന്ന ജീവന് വെറുതെയിട്ട് പന്താടുകയാണ്.
രണ്ടാമതായി, ബാഹ്യമായ ഇരുട്ടാണ്, ഇത് ജീവിതത്തിന്റെ എല്ലാ സാധ്യതകളെയും അടച്ചുകളയുന്നു. എല്ലാവരിലും തിന്മ മാത്രം കാണുന്ന അവസ്ഥ. എനിക്കു ചുറ്റുമുള്ളവരെല്ലാം എനിക്ക് ശത്രുക്കളെന്ന ചിന്തയാണ്. ആരെയും വിശ്വാസമില്ല. എപ്പോഴും അസംതൃപ്തിയും, നിരാശയും മാത്രം ജീവിതത്തില്‍. ഈ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ദൈവാനുഭവത്തിന്റെ കുറവാണ്. കുടുംബപ്രാര്‍ത്ഥനകള്‍ കുടുംബങ്ങളില്‍ ചൊല്ലണം, കൂടെക്കൂടെ കൂദാശകള്‍ സ്വീകരിക്കണം, വി. കുര്‍ബാനയില്‍ പങ്കുകൊള്ളണം. പ്രകാശമായ മിശിഹാ നമ്മുടെ ഉള്ളിലുണ്ടെങ്കിലേ തിന്മയുടെ ശക്തികളെ എതിര്‍ക്കാന്‍ നമുക്കു കഴിയൂ. ദൈവാനുഭവം കടന്നുവരുന്നതിന്റെ ഫലമായി, ജീവിതം നന്മ നിറഞ്ഞതാകുന്നു, സഹനങ്ങളിലും ആനന്ദം കണ്ടെത്താന്‍ കഴിയുന്നു. നല്ല ബന്ധങ്ങള്‍ ഉണ്ടാകുന്നു. അങ്ങനെ മാനസാന്തരപ്പെട്ട് ദൈവവഴിയിലേക്ക് നമുക്ക് തിരിച്ചു നടക്കാം.
സ്റ്റെബിന് വിതയത്തില്‍