ഞായറാഴ്ച പ്രസംഗം – മെയ് 28; സുവിശേഷത്തിന് സാക്ഷികളാകാം (വി. മാര്‍ക്കോ 16:14-20)

ഉയിര്‍പ്പ് 5-ാം ഞായര്‍ വി. മാര്‍ക്കോ 16:14-20

ഈശോമിശിഹായില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞ വിശുദ്ധ മര്‍ക്കോസ് എഴുതിയ സുവിശേഷത്തിന്റെ ഉപസംഹാരമാണ് ഇന്നത്തെ ധ്യാനവിഷയം. ഈ സുവിശേഷം 16, 8 ല്‍ സമാപിക്കുന്നു എന്നാണ് ബൈബിള്‍ പണ്ഡിതാക്കള്‍ പൊതുവെ അഭിപ്രായപ്പെടുന്നത്. ശവകുടീരത്തിങ്കല്‍ വന്ന സ്ത്രീകള്‍ ഭയന്ന് ഓടി, അവര്‍ ആരോടും ഒന്നും പറഞ്ഞില്ല എന്ന പ്രസ്താവനകൊണ്ട് സുവിശേഷം അവസാനിപ്പിക്കുന്നത് ഭംഗിയല്ല എന്നു കരുതി പില്‍ക്കാലത്തു കൂട്ടിച്ചേര്‍ത്തതാണ് ഉത്ഥിതന്റെ ദര്‍ശനവും സ്വര്‍ഗ്ഗാരോഹണവും ഉള്‍ക്കൊള്ളുന്ന ഈ ഉപസംഹാരം എന്നു പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ഉത്ഥിതനായ ഈശോ തന്റെ ഇഹലോക ജീവിതം അവസാനിപ്പിച്ച് പിതാവിന്റെ സന്നിധിയിലേക്ക് പോവുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ പ്രബോധനത്താലും പ്രവൃത്തിയാലും ഭൂവാസികളെ വഴിനടത്തി രക്ഷയുടെ മാര്‍ഗ്ഗം തെളിയിച്ചു. കാല്‍വരിയില്‍ സ്വജീവന്‍ അവര്‍ക്കായി നല്‍കി. ദൈവരാജ്യമെന്ന ആ സ്വപ്നം; പിതാവില്‍ നിന്നും ലഭിച്ച ആ ദൗത്യം ഇനിയും പകര്‍ത്തിയാക്കാന്‍ ബാക്കി നില്‍ക്കുന്നു. ഇനി എന്താണു ചെയ്യുക? ഉത്ഥിതന്‍ തന്റെ ശിഷ്യരെ അടുത്തുവിളിച്ച് തന്റെ ആശങ്ക അവരുമായി പങ്കുവയ്ക്കുകയും ഇനിയും ഭൂവാസികളെ പ്രകാശിപ്പിക്കാനുള്ള ദൗത്യം അവരെ ഭരമേല്‍പ്പിക്കുകയും ചെയ്യുകയാണ്. ആ സുവിശേഷ ഭാഗമാണ് നാമിന്ന് പരിചിന്തന വിഷയമാക്കി മാറ്റുന്നത്. പുണ്യചരിതനായ 23-ാം യോഹന്നാന്‍ പാപ്പ ഇങ്ങനെ കുറിക്കുന്നു. ”ഈ ലോകത്തില്‍ ഓരോ വിശ്വാസിയും പ്രകാശത്തിന്റെ ഒരു സ്ഥുലിംഗവും സ്‌നേഹത്തിന്റെ ഒരു കേന്ദ്രവും സഹജീവികളുടെയിടയില്‍ ജീവസംദായകമായ പുളിമാവും ആയിരിക്കണം.”

ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷമറിയിക്കാനാണ് ഈശോ ശിഷ്യരെ ചുമതലപ്പെടുത്തുന്നത്. സുവിശേഷപ്രഘോഷണം ഒരു പ്രാപഞ്ചികമാനം ഉള്‍ക്കൊള്ളുന്നുണ്ട്. സൃഷ്ടപ്രപഞ്ചം മുഴുവനുമാണ് ക്രിസ്തുവിന്റെ വരവിനാല്‍ നവീകരിക്കപ്പെട്ടത്.

ലോകമെങ്ങും എന്നത് ഈശോ ശിഷ്യര്‍ക്ക് നല്‍കിയ രക്ഷയുടെ സദ്വാര്‍ത്ഥ ഇസ്രായേല്‍ ജനത്തിന് മാത്രമുള്ളതല്ലെന്നും അത് ലോകത്തിന് മുഴുവനുമായി നല്‍കപ്പെട്ടതാണെന്നുമുള്ള വസ്തുത സ്പഷ്ടമാക്കുന്നു. ജറുസലെമില്‍ ആരംഭിച്ചതും ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ വ്യാപിക്കുന്നതുമായ സാര്‍വ്വദേശീയതയുടെ മാനമുള്‍ക്കൊള്ളുന്നതാണ് ദൈവരാജ്യം. അതോടൊപ്പം, ഈ ദൗത്യം ആദിമസഭയിലാരംഭിച്ചതും യുഗാന്ത്യംവരെ തുടരുന്നതുമായ സര്‍വ്വകാലീനതകൂടി ഉള്‍ക്കൊള്ളുന്നതാണ്.

ഈശോയുടെ വചനമാണ് പ്രസംഗിക്കേണ്ടത്. പ്രസംഗിക്കുക എന്നത് ഒരേസമയം ജീവിതസാക്ഷ്യവും അധരങ്ങളിലൂടെയുള്ള പ്രഘോഷണവും ഉള്‍ക്കൊള്ളുന്നതാണ്. ജീവിക്കാത്ത സുവിശേഷം സുവിശേഷമാകുന്നില്ല. പ്രഘോഷിക്കപ്പെടാത്ത സുവിശേഷം മറ്റുള്ളവര്‍ക്ക് സദ്വാര്‍ത്തയാകുന്നുമില്ല. ”ആരെങ്കിലും ആവശ്യപ്പെട്ടാല്‍ മാത്രം ക്രിസ്തുവിനെപ്പറ്റി പറയുക. എന്നാല്‍ ക്രിസ്തുവിനെപ്പറ്റി ആളുകള്‍ ചോദിക്കാത്തക്കവിധം ജീവിക്കുക” എന്ന് പോള്‍ ക്ലാനഡെന്‍ പറയുന്നുണ്ട്. വിശുദ്ധ ചാള്‍സ് ഡി ഫുക്കോര്‍ട്ട് മിഷനറി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ”പിരമുകളില്‍ നിന്ന് സുവിശേഷം പ്രഘോഷിക്കുക എന്നത് നിന്റെ വിളിയുടെ ഭാഗമാണ്. എന്നാല്‍ വാക്കുകൊണ്ടല്ല, നിന്റെ ജീവിതം വഴിയായിരിക്കണം.” വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ പറയുന്നു: ”എനിക്ക് എങ്ങനെ വിശപ്പടക്കാന്‍ അപ്പം കിട്ടിയെന്ന് ഒരു ദരിദ്രന്‍ മറ്റൊരു ദരിദ്രനോട് പറയുന്നതാണ് സുവിശേഷ പ്രഘോഷണം.” യേശുവിനെ നല്‍കലാണത്.

ഉത്ഥിതനായ ഈശോ ശിഷ്യസമൂഹത്തിന് നേരിട്ട് ഭരമേല്‍പിച്ച ദൗത്യമാണ് സുവിശേഷ പ്രഘോഷണം. ശിഷ്യന്‍ അപ്പസ്‌തോലനായിത്തീരുകയാണ് ഇതുവഴിയായി ചെയ്യുന്നത്. ഇതുവരെയും ഗുരുവിനെ അനുഗമിക്കുക മാത്രം ചെയ്തിരുന്ന ശിഷ്യന്‍ ഇപ്പോള്‍ മുതല്‍ ഗുരുവിന്റെ ദൗത്യവാഹകരായി അയയ്ക്കപ്പെടുകയാണ്. സഭയ്ക്ക് നല്‍കപ്പെട്ടിരിക്കുന്ന പ്രഥമവും പ്രധാനവുമായ ദൗത്യവും ഇതുതന്നെയാണ്. സഭ സ്വഭാവത്താലേ പ്രേഷിതയാണ്. അവള്‍ സഭയായിത്തീരുന്നത് മിശിഹായ്ക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് മിശിഹായെ പ്രഘോഷിക്കുന്നതുവഴിയാണ്. സഭയ്ക്ക് അവളുടെ നാഥന്‍ ഏല്‍പ്പിച്ചുകൊടുത്ത ദൗത്യമാണ് സുവിശേഷ പ്രഘോഷണം. ആ ദൗത്യത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ സഭയ്ക്കാവില്ല. യേശുവിനെ കണ്ടുമുട്ടുകയും അറിയിക്കുകയും ചെയ്ത എല്ലാവരുടെയും കടമയാണ് അവന് സാക്ഷിയാവുക എന്നത്. എന്നും എപ്പോഴും ജീവിതത്തില്‍ കൂടി സുവിശേഷം പ്രഘോഷിച്ച് ക്രിസ്തുവിന് നമുക്ക് സാക്ഷികളായിത്തീരാം.

അഗസ്റ്റിന്‍ മഞ്ഞക്കുന്നേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.