ഞായര്‍ പ്രസംഗം: ഫെബ്രുവരി 19- ഒരു വാക്കില്‍ സൗഖ്യം

ദനഹാക്കാലം 7-ാം ഞായര്‍ മത്തായി 8: 5-13

വി. മത്തായിയുടെ സുവിശേഷം 8-ാം അദ്ധ്യായം 1 മുതല്‍ 17 വരെയുള്ള തിരുവചനത്തില്‍ മൂന്ന് സൗഖ്യപ്പെടുത്തലുകളുടെ വിവരണങ്ങളാണ് നല്‍കിയിരിക്കുന്നത്. കുഷ്ഠരോഗിയെയും, ശതാധിപന്റെ പുത്രനെയും, പത്രോസിന്റെ അമ്മായിമ്മയെയും സുഖപ്പെടുത്ത വിവരങ്ങള്‍. വീണ്ടും മത്തായിയുടെ സുവിശേഷം 8, 9 അദ്ധ്യായങ്ങള്‍ അത്ഭുതങ്ങളുടെ വിവരണമാണ് പറഞ്ഞ് വയ്ക്കുന്നത്. ഈശോയുടെ സ്വര്‍ഗ്ഗീയ അധികാരത്തെയും പ്രത്യേകതെയും പ്രഘോഷിക്കുന്നതാണ് ഈ അത്ഭുതങ്ങള്‍. ഈശോയെ വിശ്വസിക്കുക എന്നാല്‍ ഈശോയിലും, അവിടുത്തെ സ്വര്‍ഗ്ഗീയ അധികാരത്തിലും പ്രത്യാശയര്‍പ്പിക്കുക എന്നതാണ്. സ്വര്‍ഗ്ഗീയ അധികാരത്തിന് കീഴ്‌പ്പെടുന്നവര്‍ക്കാണ് ദൈവിക ഇടപെടലുകള്‍ ജീവിതത്തില്‍ അനുഭവിക്കാനുള്ള ഭാഗ്യം ലഭിക്കുന്നത്.

ഇന്നത്തെ സുവിശേഷത്തില്‍ ശതാധിപന്‍ നമുക്ക് മാതൃകയായിത്തീരുന്നത് വിശ്വാസത്തോടെയുള്ള ഏറ്റുപറച്ചിലിലൂടെയാണ്. ‘Men’s search for meaning’ എന്ന ഗ്രന്ഥത്തില്‍ Victor Frank സ്‌നേഹത്തെപ്പറ്റി പറയുന്നത് ”ഒരു മനുഷ്യന്റെ ഹൃദയത്തിന്റെ ഹൃദയത്തിങ്കലേക്ക് ഇറങ്ങിച്ചെല്ലാന്‍ സ്‌നേഹത്തിന് മാത്രമേ കഴിയുകയുള്ളു” എന്നാണ്. അസാധാരണമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന ശതാധിപന്‍, യേശുവിന്റെ അരികിലേക്ക് തന്റെ അധികാരം എല്ലാം മാറ്റിവെച്ചിട്ട് കടന്നു ചെല്ലുന്നു. ദൈവസ്വഭാവം പൂര്‍ണ്ണമായി മനസ്സിലാക്കി അയോഗ്യതകളെ യോഗ്യതകളാക്കുന്ന കഴിവ് ദൈവത്തിനുണ്ട് എന്ന് അയാള്‍ വിശ്വസിച്ചു. ഇതിന് ഏറ്റവും വലിയ തെളിവാണ്, ‘ഒരു വാക്ക് കല്‍പ്പിച്ചാല്‍ മതി’ എന്ന ഉറപ്പ്.

1960-ല്‍ നോബല്‍ സമ്മാനം നേടിയവരില്‍ ലോകം ഏറ്റം ആദരിച്ച വ്യക്തിയായിരുന്നു ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സര്‍. നിസ്വാര്‍ത്ഥ സേവനത്തിനുള്ള അംഗീകാരമായിട്ടായിരുന്നു അദ്ദേഹത്തിന് നോബല്‍ സമ്മാനം നല്‍കിയത്. ജീവിതകാലം മുഴുവന്‍ ആഫ്രിക്കയില്‍ പാവങ്ങളുടെ ഇടയില്‍ സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതത്തെ മുഴുവന്‍ മാറ്റിമറിച്ച സംഭവം അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെയാണ്.

ഒരിക്കല്‍ ഒരു ട്രെയിനില്‍ അദ്ദേഹം യാത്ര ചെയ്യുകയായിരുന്നു. തൊട്ടടുത്ത ഇരിപ്പിടങ്ങളിലായി ഒരു വൃദ്ധനും അപരിചിതനായ ഒരു യുവാവും ഉണ്ടായിരുന്നു. അവര്‍ തമ്മില്‍ പരിചയപ്പെടുന്നതും ഷൈ്വറ്റ്‌സര്‍ ശ്രദ്ധിച്ചു. ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ സമയമായപ്പോള്‍ യുവാവ് വൃദ്ധനോട് ചോദിച്ചു: ‘എവിടേക്കാണ് പോകുന്നത്? അദ്ദേഹം മറുപടി പറഞ്ഞു: ”ടൗണിലേക്ക്, എന്റെ മകന്‍ ഹോസ്പിറ്റലില്‍ മരിക്കാറായി കിടക്കുന്നു.” ”വഴിയറിയാമോ?” ”ഇല്ല, ഞാന്‍ ആദ്യമായി ഇവിടെ വരികയാണ്, അന്വേഷിച്ച് കണ്ടുപിടിക്കണം.” യുവാവ് പറഞ്ഞു; ”ഞാന്‍ സഹായിക്കാം;” ”ഞാന്‍ നിങ്ങളെ ഹോസ്പിറ്റല്‍ വരെ കൊണ്ടുപോയി എത്തിച്ച് മടങ്ങി വന്നുകൊള്ളാം.”

ഇതു കേട്ടുകൊണ്ടിരുന്ന ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സര്‍ ചിന്തിച്ചു. ജീവിതം മുഴുവന്‍ മറ്റുള്ളവര്‍ക്കായി മാറ്റിവെച്ചാലോ? അത് എത്ര മഹത്തരമായിരിക്കും. ഷൈ്വറ്റ്‌സര്‍ ആ യാത്ര അവസാനിപ്പിച്ചത് പുതിയൊരു തീരുമാനത്തോടെയായിരുന്നു. അദ്ദേഹം ആഫ്രിക്കയില്‍ ഒംഗ്വ നദീതീരത്ത് ആശുപത്രിയും കുഷ്ഠരോഗികളെ ശുശ്രൂഷിക്കാന്‍ ചികിത്സാകേന്ദ്രവും ആരംഭിച്ചു.

മറ്റുള്ളവരുടെ ആവശ്യങ്ങളിലേക്കും ദുഃഖങ്ങളിലേക്കും തുറക്കപ്പെട്ട ഈ മനസ്സ് സ്വന്തമാക്കുക. മുമ്പിലേക്ക് കടന്ന് വരുന്നത് ആരുമായികൊള്ളട്ടെ. വേദനകളിലേയ്ക്കും ആവശ്യങ്ങളിലേയ്ക്കും കണ്ണുതിരിച്ച് ആശ്വസിപ്പിക്കാനും സഹായിക്കുവാനുള്ള ഹൃദയ വിശാലത ഉണ്ടാക്കിയെടുക്കണം. നമ്മുടെ അനുദിന ജീവിതത്തില്‍ നടക്കുന്ന ഓരോ സംഭവങ്ങളും ഓരോ അടയാളങ്ങളാണ്. തെറ്റുകളില്‍ നിന്ന് മാറി നില്‍ക്കാനും, നന്മയിലേയ്ക്കും ദൈവത്തിങ്കലേയ്ക്കും തിരിയാനുള്ള ആഹ്വാനവുമാണത്.
യേശുവിലുള്ള വിശ്വാസം ഏറ്റുപറയുന്നവര്‍ ആരായിരുന്നാലും അവരിലേക്ക് യേശു വ്യക്തിപരമായി കാരുണ്യം വര്‍ഷിച്ചുകൊണ്ട് കടന്ന് ചെല്ലുന്നതായിട്ട് വി. മത്തായിയുടെ സുവിശേഷം 8, 9 അധ്യായങ്ങളില്‍ കാണുവാനായിട്ട് കഴിയും. കുഷ്ഠരോഗിയെയും, പിശാച് ബാധിതനെയും തളര്‍വാതരോഗിയെയും സുഖപ്പെടുത്തിയും അന്ധന് കാഴ്ച നല്‍കിയും യേശു തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക് മുമ്പില്‍ തന്റെ കാരുണ്യം ചൊരിയുകയാണ്.

ദുഃഖപൂര്‍ണ്ണമായ നിമിഷത്തില്‍ ദൈവത്തെ തള്ളിപ്പറയുന്നവര്‍പോലും അവിടുത്തെ പക്കല്‍ ആശ്വാസം കണ്ടെത്തുന്നു. അതിനാല്‍ ശതാധിപനെപ്പോലെ നമുക്കും ദൈവത്തിന്റെ അരികിലേക്ക് കടന്നുവരാന്‍ കഴിയണം.

ദൈവീക പദ്ധതികള്‍ക്കായിട്ട് ജീവിതം സമര്‍പ്പിക്കുന്നവരുടെ ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവീക പദ്ധതികള്‍ പൂര്‍ത്തിയാക്കപ്പെടുന്നുണ്ട്. നാം ആയിരിക്കുന്ന അവസ്ഥയില്‍ യേശുവിനെ സമീപിക്കുമ്പോള്‍ അവിടുത്തെ കാരുണ്യം അനുഭവിക്കാന്‍ കഴിയും. ആ കാരുണ്യം മറ്റുള്ളവരിലേയ്ക്ക് പകരാനും നമുക്ക് കഴിയും. ”ഒരു വാക്ക് കല്‍പ്പിച്ചാല്‍ മതി” എന്ന ശതാധിപന്റെ വിശ്വാസത്തോടെ നമുക്കും ദൈവത്തെ സമീപിക്കാം.” ”ദൈവമേ, നിന്റെ ഒരു വാക്കോ, നോട്ടമോ, സ്പര്‍ശനമോ മതി ഞാനെന്ന വ്യക്തി സൗഖ്യപ്പെടാന്‍” എന്ന പ്രാര്‍ത്ഥനയോടെ ആയിരിക്കാം.

ദൈവം നല്‍കുന്ന സൗഖ്യം നിത്യമാണ്. ആ സൗഖ്യം നേടിയാല്‍ ഒരിക്കലും അവനെ വിട്ട് പിരിയാന്‍ നമുക്ക് കഴിയില്ല. അതിനാല്‍ ദൈവം നല്‍കുന്ന സൗഖ്യത്തിനായ് പ്രാര്‍ത്ഥിക്കാം. ശതാധിപന്റെ വിശ്വാസം ജീവിതം നമുക്കും യേശുവിലുള്ള ആശ്രയം അനുദിനം വര്‍ദ്ധിക്കുവാന്‍ ഇടയാക്കട്ടെ.

സാന്റോ മാങ്കിലോട്ട്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.