ഞായറാഴ്ച പ്രസംഗം ഏപ്രില്‍ 30; വിശ്വസിച്ചാല്‍ സന്തോഷിക്കാം (യോഹ. 14:1-14)

ഉയിര്‍പ്പ് 3-ാം ഞായര്‍ യോഹ 14:1-14

ബര്‍മ്മയില്‍ ഒരു ബുദ്ധക്ഷേത്രത്തില്‍ പ്രതികാത്മകമായി ഒരു പ്രതിഷ്ഠയുണ്ട് എന്ന് കേട്ടിട്ടുണ്ട് ആകാശത്തേക്ക് വിരല്‍ചൂണ്ടി നില്‍ക്കുന്ന ഒരു കൈപ്പത്തിയാണത്. അതിന് ചുവട്ടില്‍ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു. ”ഞാന്‍ നിങ്ങള്‍ക്ക് ആകാശത്തിലെ നക്ഷത്രങ്ങളെ ചൂണ്ടിക്കാണിച്ചു തന്നു. നിങ്ങളാകട്ടെ നക്ഷത്രങ്ങളിലേക്ക് കണ്ണുകള്‍ ഉയര്‍ത്താതെ എന്നെ നോക്കി ആരാധിച്ചു.” മാനവരാശിയുടെ ചരിത്രം മുഴുവന്‍ പരിശോധിച്ചാല്‍ ഈയൊരു അപകടം സംഭവിച്ചതായി നമുക്ക് കാണാന്‍ കഴിയും. അനേകം നേതാക്കളെയും പ്രവാചകന്മാരെയും നാം ദൈവമാക്കി മാറ്റി. അനേകര്‍ ആകാശത്തിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍ യേശുമാത്രം തന്നിലേക്ക് വിരല്‍ചൂണ്ടി സ്വയം പരിചയപ്പെടുത്തി. ലോകചരിത്രത്തില്‍ ഒരുവന്‍ മാത്രമെ സ്വയം ദൈവമായി പരിചയപ്പെടുത്തിയിട്ടുള്ളൂ. അവനാണ് ക്രിസ്തു. ലോകചരിത്രത്തില്‍ ക്രിസ്തുമാത്രമേ ഞാനാണ് വഴിയും സത്യവും ജീവനും എന്ന് പ്രഖ്യാപിച്ചിട്ടുള്ളൂ. ഇന്നത്തെ വചനഭാഗം ഈശോയാകുന്ന സത്യത്തെ ആഴത്തില്‍ ധ്യാനിക്കുവാന്‍ നമ്മെ ക്ഷണിക്കുന്നു.

ഇന്നത്തെ തിരുവചനഭാഗത്ത് തമ്പുരാന്‍ പറഞ്ഞ് വയ്ക്കുന്നു. ”നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, ദൈവത്തില്‍ വിശ്വസിക്കുവിന്‍,” എന്നിലും വിശ്വസിക്കുവിന്‍ എന്ന്. ഇന്ത്യയുടെ 9-ാം മത്തെ പ്രസിഡന്റായിരുന്ന ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മ തന്റെ മുറിയില്‍ ഒരു ക്രൂശിതരൂപം സൂക്ഷിച്ചു വണങ്ങിയിരുന്നു. അതിന്റെ കാരണമായ ഒരു സംഭവം ഉണ്ട്. 1985 ജൂലൈ 31-നാണ് അത് സംഭവിച്ചത്. അദ്ദേഹത്തിന്റെ മകള്‍ ഗീതാഞ്ജലിയെയും മരുമകന്‍ ലാലിക്ക് മാക്കനെയും ആക്രമികള്‍ വെടിവെച്ച് കൊന്നു. വാര്‍ത്ത കേട്ട അദ്ദേഹം ആകെ അസ്വസ്ഥനായി. തെല്ലും അംഗീകരിക്കാനായില്ല ആ വാര്‍ത്ത. ദിവസങ്ങള്‍ക്ക് മുമ്പ് കണ്ട് യാത്ര പറഞ്ഞ് പിരിഞ്ഞതാണ്. ദുഃഖം ഘനിഭവിച്ച മനസ്സുമായി അദ്ദേഹം തേങ്ങി. ഉറങ്ങാന്‍ കഴിയുന്നില്ല. മൂന്ന് ആഴ്ചകളോളം ഉറക്കമില്ലാതെ കഴിച്ചുകൂട്ടി. ഒരു ദിവസം രാത്രി തെല്ലൊന്നു മയങ്ങവെ ഒരു ദര്‍ശനം യേശു കുരിശില്‍ കിടക്കുന്നു. കുരിശിന് താഴെ അമ്മ മേരി നില്‍ക്കുന്നു. ഇങ്ങനെ ഒരു സ്വരം കേട്ടു “my son now you become like me” തുടര്‍ന്ന് ആ രാത്രി അദ്ദേഹം സുഖമായി ഉറങ്ങി. ഹൃദയത്തില്‍ ശാന്തത നിറഞ്ഞു. ജീവിതം സ്വസ്ഥമായി. അന്നുമുതല്‍ ആണ് അദ്ദേഹം മുറിയില്‍ ക്രൂശിതരൂപം വച്ച് വണങ്ങാന്‍ തുടങ്ങിയത്. ഈശോ കുരിശില്‍ ആയിരുന്നുകൊണ്ട് നമ്മെ ആശ്വസിപ്പിക്കുകയാണ്. അതിലുപരി അവന്‍ കുരിശില്‍ ആയിരിക്കുന്നത് നമ്മെ ആശ്വസിപ്പിക്കാനാണ്. അതിലുപരി അവന്‍ കുരിശില്‍ ആയികിത്തുന്നച് നമ്മെ ആശ്വസിപ്പിക്കുന്നതിന് വേണ്ടിയാണ്. വചനത്തില്‍ ”അസ്വസ്ഥമാകേണ്ട എന്നതുകൊണ്ട് ഈശോ ഉദ്ദേശിക്കുന്നത് എന്താണ്?”

”ദൈവത്തില്‍ വിശ്വസിക്കുക, എന്നിലും വിശ്വസിക്കുക എന്നതാണ്. അസ്വസ്ഥമാകേണ്ട എന്ന് ഈശോ പറയുന്നതിന് അടിസ്ഥാനകാരണമായി ചൂണ്ടികാണിച്ചിരിക്കുന്നത്. വിശ്വാസവും അസ്വസ്ഥതയും പരസ്പര വിരുദ്ധങ്ങളായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. വിശ്വസിക്കുക എന്നതാണ് അസ്വസ്ഥത ഉണ്ടാകാതിരിക്കാനുള്ള വഴി അഥവാ അസ്വസ്ഥതയെ അതിജീവിക്കാനുള്ള വഴി. യേശുവിന്റെ പീഢാനുഭവവും, മരണവും ശിഷ്യന്മാര്‍ക്ക് സമ്മാനിക്കാനിരിക്കുന്ന അസ്വസ്ഥതയെ മറികടക്കാന്‍ ഏക മാര്‍ഗ്ഗം വിശ്വസിക്കുക എന്നതാണ്. അതാകട്ടെ പിതാവിലും പിതാവയച്ച പുത്രനിലും ഉള്ള വിശ്വാസമാണ്. ദൈവത്തില്‍ വിശ്വസിക്കുക എന്നതും ഈശോയില്‍ വിശ്വസിക്കുക എന്നതും തുല്യ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നു എന്നത് പിതാവുമായി സമത്വമുള്ള പുത്രന്റെ സ്ഥാനത്തെയാണ് സൂചിപ്പിക്കുന്നത്.

ഭാവി നമ്മെ ആകുലതപ്പെടുത്തുന്നു. ഭൂതകാലം നമ്മെ നിരാശപ്പെടുത്തുന്നു. വര്‍ത്തമാനകാലം നമുക്ക് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. എങ്ങനെയാണ് അസ്വസ്ഥപ്പെടാതിരിക്കുക? ഉത്തരമിതാണ്, ദൈവത്തില്‍ ശരണപ്പെടുക. വിശ്വാസം നമ്മില്‍ നിന്ന് ഒരു വിട്ടുകൊടുക്കലും സമര്‍പ്പണവും ആവശ്യപ്പെടുന്നുണ്ട്. അത് പൂര്‍ത്തിയാകുമ്പോള്‍ മാത്രമെ സ്വസ്ഥത അനുഭവിക്കാന്‍ ആവുന്നുള്ളൂ. ദൈവഹിതത്തിനുള്ള വിട്ടുകൊടുക്കലും ദൈവഹിതം പൂര്‍ത്തിയാക്കാനുള്ള സ്വയം സമര്‍പ്പണവും അടങ്ങിയതാണ് വിശ്വാസം. ബ്ലെയ്സ് പാസ്‌ക്കന്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നു. സ്വര്‍ഗ്ഗസ്ഥനായ പിതാവെ, ഞാന്‍ ആരോഗ്യത്തിന് വേണ്ടിയോ, രോഗത്തിന് വേണ്ടിയോ, ജീവനുവേണ്ടിയോ, മരണത്തിന് വേണ്ടിയോ പ്രാര്‍ത്ഥിക്കുന്നില്ല. പിന്നെയോ എന്റെ ആരോഗ്യവും, രോഗവും ജീവനും മരണവും അങ്ങയുടെ ബഹുമാനത്തിനും എന്റെ രക്ഷയ്ക്കും ഉതകുന്നതാക്കണമേ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്.” ഇപ്രകാരം ദൈവഹിതത്തിന് സ്വയം സമര്‍പ്പിക്കലാണ്, നിങ്ങള്‍ അസ്വസ്ഥരാകേണ്ട, ദൈവത്തില്‍ വിശ്വസിക്കുക,, യേശു ക്രിസ്തുവിലും വിശ്വസിക്കുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് അതുമാത്രമാണ് അസ്വസ്ഥതകളെ അകറ്റാനുള്ള മാര്‍ഗ്ഗവും.

ഷൈന്‍ കൈതക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.