ഞായര്‍ പ്രസംഗം കൈത്താക്കാലം മൂന്നാം ഞായര്‍ ആഗസ്റ്റ് 11 യോഹ. 9: 1-12; 1-38 (35-38) അന്ധനെ സുഖപ്പെടുത്തുന്ന ഈശോ

ലോകത്തിന്റെ പ്രകാശമായി കടന്നുവന്ന ഈശോ തെളിച്ചുനല്‍കിയ വിശ്വാസദീപത്താല്‍ സഭ വളര്‍ന്നു. അനേക രക്തസാക്ഷികളിലൂടെയും വിശുദ്ധാത്മാക്കളിലൂടെയും സഭ ഫലം ചൂടിയതിനെ അനുസ്മരിക്കുന്ന ഫലാഗമനകാലം അഥവാ കൈത്താക്കാലം മൂന്നാം ഞായറാഴ്ചയായ ഇന്ന്, ജന്മനാ അന്ധനായ ഒരുവന് കാഴ്ച നല്‍കുന്ന ഭാഗമാണ് വിചിന്തനത്തിനായി സഭാമാതാവ് നല്‍കിയിരിക്കുന്നത്. കാലികപ്രസക്തവും ആത്മശോധനാപരവുമായ ഒരുപിടി ചോദ്യങ്ങള്‍ ഓരോ ക്രിസ്ത്യാനിയുടെയും വിശ്വാസജീവിതത്തിലേയ്ക്ക് വചനം ഉയര്‍ത്തുന്നുണ്ട്.

ഒരു അന്ധന്റെ അന്ധത മാറ്റുന്ന സംഭവമാണ് പ്രത്യക്ഷത്തിലെങ്കിലും മൂന്ന് വിധത്തിലുള്ള അന്ധതയെ നമുക്ക് സുവിശേഷത്തില്‍ കണ്ടെത്താനാകും.

ഒന്നാമതായി, അന്ധയാചകന്റെ ‘അന്ധത’ എന്ന ശാരീരികാവസ്ഥ തന്നെ. മറ്റുള്ളവരെല്ലാം വര്‍ണ്ണശബളമായ ലോകം കണ്ടാസ്വദിച്ച്, ആഘോഷിച്ച് മുന്നേറുമ്പോള്‍ ഈ മനുഷ്യന്‍ മാത്രം ഒന്നും കാണാനാകാതെ ദൈവാലയ പരിസരത്തും, തെരുവുകളിലും യാചിച്ച് ജീവിതം മുമ്പോട്ട് കൊണ്ടുപോകാന്‍ കഷ്ടപ്പെടുന്നു. അവന് ഈ അന്ധത വലിയ സഹനം തന്നെയാണ്. എന്നാല്‍, ഈശോ അന്ധത എന്ന അവസ്ഥ പൂര്‍ണ്ണമായും എടുത്തുമാറ്റി അവനില്‍ ദൈവീക തിരിച്ചറിവ് നല്‍കുന്നു. അവന്‍ ദൈവത്തെ തിരിച്ചറിഞ്ഞുവെന്ന് മാത്രമല്ല ധൈര്യസമേതം പ്രഘോഷിക്കുകയും ചെയ്യുന്നുണ്ട്. ദൈവീകപ്രവൃത്തി അവനില്‍ പ്രകടമാകാനായിരുന്നു അവൻ ഇത്രനാളും സഹിച്ചത്. ജീവിതത്തിലുണ്ടാകുന്ന സഹനങ്ങളും ബുദ്ധിമുട്ടുകളും അംഗീകരിക്കുവാനും തളരാതെ അതിനപ്പുറമുള്ള ദൈവീകപദ്ധതിയിലേയ്ക്ക് എത്തിച്ചേരുവാനും സാധിക്കണം.

രണ്ടാമതായി, കാഴ്ചയുണ്ടായിട്ടും കാണാന്‍ കഴിയാത്ത യഹൂദജനത്തിന്റെ അന്ധതയെക്കുറിച്ച്‌ ചിന്തിക്കാം. അന്ധയാചകനെ അനേകര്‍ കണ്ടിട്ടുണ്ട്; എന്നാൽ അവരെല്ലാം അവനില്‍ വിധി കല്‍പിച്ച് കടന്നുപോയി. കാരണം, അവര്‍ അജ്ഞരായിരുന്നു. അവരില്‍ കാരുണ്യം വറ്റിപ്പോയിരുന്നു. പഴയനിയമത്തില്‍ നിയമാവര്‍ത്തന പുസ്തകം 5:9-ല്‍ ഇപ്രകാരം പറയുന്നു: ‘നിന്റെ ദൈവവും കര്‍ത്താവുമായ എന്നെ വെറുക്കുന്നവരുടെ മൂന്നും നാലും തലമുറകള്‍ വരെയുള്ള മക്കളെ അവരുടെ പിതാക്കന്മാരുടെ തിന്മകള്‍ നിമിത്തം ശിക്ഷിക്കുന്ന അസഹിഷ്ണുവായ ദൈവമാണ് ഞാന്‍’ എന്ന്. ഈ വചനത്തിന്റെ അടിസ്ഥാനത്തില്‍ യഹൂദര്‍ എല്ലാ സഹനങ്ങളെയും വ്യാധികളുമൊക്കെ പിതാക്കന്മാരുടെ തിന്മയെപ്രതി എന്ന് വിധി കല്‍പിച്ചു പോന്നിരുന്നു. ഈയൊരു അജ്ഞത നിമിത്തമാണ് ശിഷ്യന്മാര്‍ പോലും ഈശോയോട്, ‘ആരുടെ പാപം നിമിത്തമാണ് ഇവനിങ്ങനെ വന്നത്’ എന്നു ചോദിക്കുന്നത്.

പഴയനിയമത്തിന്റെ പൂര്‍ത്തീകരണമായ ഈശോ, ഇവിടെ വ്യക്തമായ തിരുത്തല്‍ നല്‍കുന്നു. ആരുടെയും പാപം നിമിത്തമല്ല, ദൈവത്തിന്റെ പ്രവൃത്തി ഇവനില്‍ പ്രകടമാകേണ്ടതിനാണ് ഇവന് ഈ സഹനം അനുവദിക്കപ്പെട്ടത് എന്ന്. പൂര്‍വ്വീകരുടെ പാപത്തെ പ്രതി അനേക തലമുറകളെ ശിക്ഷിക്കാന്‍ ഒരുങ്ങിനില്‍ക്കുന്നവനല്ല, മറിച്ച് അനുതപിക്കുന്നവരെ അനുഗ്രഹിക്കുന്ന സ്‌നേഹസമ്പന്നനും കാരുണ്യവാനുമാണ് നമ്മുടെ ദൈവം. നിയമാവര്‍ത്തനം 5:10-ല്‍ ”എന്നെ സ്‌നേഹിക്കുകയും എന്റെ കല്‍പന പാലിക്കുകയും ചെയ്യുന്നവരോട് ‘ആയിരം’ തലമുറ വരെ ഞാന്‍ കാരുണ്യം കാണിക്കും’ എന്ന് പറഞ്ഞിരിക്കുന്നു.

സ്‌നേഹത്തിന്റെ – കാരുണ്യത്തിന്റെ പ്രവര്‍ത്തികള്‍ ചെയ്യാനാണ് ഈശോയും നമ്മെ പഠിപ്പിച്ചത്. എന്നാൽ അതൊക്കെ സൗകര്യപൂര്‍വ്വം മറന്ന് മറ്റുള്ളവരെയൊക്കെ വിധി കല്‍പിച്ച് സ്റ്റാറ്റസ്‌ നിലനിര്‍ത്തി മുന്നോട്ടുപോകാനല്ലേ ഇന്നത്തെ ക്രിസ്ത്യാനിയുടെ തത്രപ്പാട് എന്ന് ചിന്തിച്ചു നോക്കണം. അന്യന്റെ വേദനയ്ക്കു മുമ്പില്‍ അടയാത്ത കണ്ണുമായി ചെന്ന് കാരുണ്യം ചൊരിയാന്‍ സാധിക്കുന്നുണ്ടോ..? കടമനിട്ടയുടെ ഉപദേശം എന്ന കവിതയിലെ ഏതാനും വരികളിങ്ങനെയാണ്.

കണ്ണുവേണം ഇരുപുറമെപ്പോഴും
കണ്ണുവേണം മുകളിലും താഴെയും
കണ്ണിലെപ്പോഴും കത്തിജ്വലിക്കമുള്‍-
ക്കണ്ണുവേണം അണയാത്ത കണ്ണ്

ഇങ്ങനെ അണയാത്ത കണ്ണുണ്ടായിരുന്നതു കൊണ്ടാണ് മദര്‍ തെരസയും ഫാ. ഡാമിയനുമൊക്കെ വിശുദ്ധരായി നമ്മുടെ മുമ്പിലുള്ളത്. ഇവരെ സംബന്ധിച്ചിടത്തോളം അണയാത്ത കണ്ണ് ഈശോ തന്നെയായിരുന്നു. വി. ഫൗസ്റ്റീന ഇങ്ങനെ പറയുന്നുണ്ട്. ”മറ്റുള്ളവരുടെ വേദനകള്‍ എന്റെ ഹൃദയത്തിലേയ്ക്ക് നിക്ഷേപിച്ചാല്‍ പോലും ഞാന്‍ എന്റെ ഹൃദയം അടയ്ക്കില്ല, എന്റെ സഹോദര സ്‌നേഹത്തിന്റെ പ്രേരകശക്തി ഈശോ മാത്രമാണ്” എന്ന്.

പ്രിയമുള്ളവരേ, ഈശോയെപ്രതി സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെ വക്താക്കളാകാനുള്ള ആഹ്വാനമാണ് വചനം നല്‍കുന്നത്. നാം ഇത് ചെയ്യാതെ വന്നാല്‍ ഇനിയും അനേകം മുരുകന്മാര്‍ നമ്മുടെ റോഡുകളില്‍ അപകടപ്പെട്ട് ചികിത്സ കിട്ടാതെ മരിക്കും, ഒരുപാട് ആദിവാസി ‘മധു’-മാര്‍ വിശന്നും മര്‍ദ്ദനമേറ്റും മരിക്കും…

മൂന്നാമതായി, ഫരിസേയ പ്രമാണിമാരുടെ അന്ധതയെക്കുറിച്ച് വചനം പറഞ്ഞുവയ്ക്കുന്നു. കണിശവും ബാലിശവുമായ നിയമാനുഷ്ഠാനങ്ങളില്‍ തങ്ങളുടെ അധികാരഭ്രമവും സ്വാര്‍ത്ഥതയും ഒളിപ്പിച്ചു വച്ച്, സത്യത്തിനും നീതിക്കും നേരെ മുഖം തിരിക്കുന്ന ആത്മീയാന്ധതയാണിത്. തങ്ങളുടെ മേല്‍ക്കോയ്മ നഷ്ടമാകാതിരിക്കാന്‍ മറ്റെല്ലാത്തിനെയും നിഷേധിക്കുകയും തന്ത്രപൂര്‍വ്വം ഒഴിവാക്കുകയും ചെയ്യും. ഫരിസേയരെ ഇന്നിന്റെ രാഷ്ട്രീയ പ്രവര്‍ത്തകരുടെ മുന്നോടിയായി കരുതേണ്ടിവരും. സത്യത്തിന് സാക്ഷ്യം നല്‍കിയ അന്ധനെ ഫരിസേയര്‍ ദൈവാലയത്തില്‍ നിന്നു പുറത്താക്കി. എറണാകുളത്ത് കലാലയത്തില്‍ പാര്‍ട്ടി പോസ്റ്ററിന്റെ പേരില്‍ ഒരു അഭിമന്യു, കണ്ണൂരിലെ കരയുന്ന അമ്മമാര്‍… എന്നിങ്ങനെ അനേകമുണ്ട് നമ്മുടെ സമൂഹത്തിലെയും ഫരിസേയ അന്ധതയുടെ ഫലങ്ങള്‍.

പ്രിയമുളള സഹോദരങ്ങളെ, നാം കണ്ണ് തുറന്നു കാണേണ്ട സമയമായിരിക്കുന്നു. തിരുവചനത്തില്‍, അന്ധന്റെ കണ്ണ് തുറന്നപ്പോൾ അവന്‍ യേശുവിനെ തിരിച്ചറിഞ്ഞു, അവിടുത്തെ പ്രഘോഷിച്ചു. നമുക്ക് കാഴ്ചയുണ്ട്. യേശു നമ്മുടെ കൂടെയുണ്ട്, അവനെ തിരിച്ചറിയാന്‍ നമുക്ക് സാധിക്കുന്നുണ്ടോ..? ഇനി തിരിച്ചറിഞ്ഞെന്നു വരുകിലും നമ്മുടെ ജീവിതം കൊണ്ട് അവിടുത്തെ പ്രഘോഷിക്കുന്നുണ്ടോ..? പ്രഘോഷിക്കുന്നുവെങ്കില്‍ നമ്മെയും കാത്തിരിക്കുന്നത് സഹനങ്ങളും പുറത്താക്കലുകളും തന്നെയായിരിക്കും. അതുകൊണ്ടാണ് തിരുസഭയില്‍ ഇത്രമാത്രം രക്തസാക്ഷികള്‍ ഉണ്ടായിട്ടുള്ളത്.

വിശ്വാസത്തെപ്രതി സഹനം ഏറ്റെടുക്കുന്നവരോടൊപ്പം ക്രിസ്തു ഉണ്ടാകുമെന്ന ഉറപ്പും ഇന്നത്തെ വചനഭാഗം നമുക്ക് തരുന്നുണ്ട്. ”അവര്‍ അവനെ പുറത്താക്കി എന്നു കേട്ടപ്പോള്‍ ഈശോ അവന്റെ അടുത്തുചെന്ന് സ്വയം വെളിപ്പെടുത്തി.” നിന്റെയുള്ളിലെ അന്ധകാരത്തെ ഉപേക്ഷിച്ച് പ്രകാശമായ യേശുവിന് സാക്ഷ്യം വഹിക്കാനുള്ള വലിയ വെല്ലുവിളിയാണ് വചനം മുന്നോട്ടുവയ്ക്കുന്നത്.

1 യോഹ. 1:7-ല്‍ പറയുന്നു. ”ദൈവം പ്രകാശമാണ്, ദൈവത്തില്‍ അന്ധകാരമില്ല. അവിടുത്തോട് കൂട്ടായ്മയുണ്ടെന്ന് പറയുകയും അന്ധകാരത്തില്‍ നടക്കുകയും ചെയ്യുന്നവന്‍ വ്യാജം പറയുന്നു.” നമ്മുടെ ഉളളിലെ അന്ധത മാറ്റാന്‍ ക്രിസ്തുവാകുന്ന പ്രകാശത്തെ ഹൃദയത്തിലേയ്ക്ക് സ്വീകരിക്കാം. നമ്മുടെ കാഴ്ച തെളിയിച്ചു തരാന്‍ അവിടുത്തോട് പ്രാര്‍ത്ഥിക്കാം. കാഴ്ച തെളിയിക്കുന്ന, കണ്ണ് തുറപ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ നമ്മെത്തന്നെ സമര്‍പ്പിക്കാം. അപ്പോള്‍ ചുറ്റുമുള്ളവരെ വിധിക്കാതെ, സ്വാര്‍ത്ഥതയില്ലാതെ, കാരുണ്യത്തിന്റെ കണ്ണുള്ളവരാകാന്‍ സാധിക്കും. സഹനങ്ങളില്‍ ദൈവീകപദ്ധതി ദര്‍ശിക്കാന്‍ പര്യാപ്തരാകും. ഈ കൃപകള്‍ക്കായി ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിക്കാം. ദൈവം ഏവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ഡോണ്‍ മാതിരപ്പള്ളിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ