ഞായർ പ്രസംഗം 2, കൈത്താക്കാലം ഒന്നാം ഞായർ ജൂലൈ 11 ലൂക്കാ 14: 7-14 വിനയം മഹത്വത്തിന്റെ ഗോവണി

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞ മാതാപിതാക്കളേ, സഹോദരീസഹോദരന്മാരേ, വാത്സല്യമുള്ള കുഞ്ഞുമക്കളേ,

കൊറോണ എന്ന മഹാമാരിയെ അതിജീവിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാമെല്ലാവരും കടന്നുപോകുന്നത്. അതിജീവനത്തിന്റെ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ സഭാമാതാവ് ആരാധനാക്രമവത്സരത്തിലെ ഒരു പുതിയ കാലഘട്ടത്തിലേക്കാണ് എല്ലാവരെയും ക്ഷണിക്കുന്നത്.

കൈത്താക്കാലം ഒന്നാം ഞായറിലേക്ക് നാമെല്ലാവരും ഇന്ന് പ്രവേശിക്കുകയാണ്. ജീവിതത്തിന്റെ പ്രതികൂലസാഹചര്യങ്ങളെ ധീരതയോടെ അതിജീവിച്ച് അവയെ അനുകൂല സാഹചര്യങ്ങളാക്കിയ പന്ത്രണ്ട് ശ്ലീഹന്മാരെ അനുസ്മരിച്ചുകൊണ്ടാണ് കൈത്താക്കാലം ആരംഭിക്കുന്നത്. ശ്ലീഹന്മാരുടെ പ്രവര്‍ത്തനഫലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വളര്‍ന്ന സഭ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നതിനെ ഓര്‍മ്മപ്പെടുത്തുകയാണ് കൈത്താക്കാലം. ലോകത്തില്‍ മിശിഹായ്ക്കു വേണ്ടി സാക്ഷ്യം വഹിക്കുന്ന വ്യക്തികളുടെ വിശുദ്ധിയാര്‍ന്ന ജീവിതമാണ് ഈ കാലഘട്ടത്തിലൂടെ സഭാമാതാവ് നമ്മെ പഠിപ്പിക്കുന്നത്. ശ്ലീഹന്മാരുടെ ജീവിതത്തിലെ നല്ല മാതൃകകള്‍ നമ്മുടെ ജീവിതത്തിലും സ്വീകരിച്ച് നമ്മുടെ ജീവിതത്തെ നവീകരിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മപ്പെടുത്തുകയാണ് കൈത്താക്കാലം.

ഇന്ന് തിരുസഭാമാതാവ് നമ്മുടെ വിചിന്തനത്തിനു വേണ്ടി നല്‍കുന്നത് ലൂക്കാ 14:7-14 വരെയുള്ള തിരുവചനഭാഗങ്ങളാണ്. എളിമയുടെയും വിനയത്തിന്റെയും സമീപനരീതി സ്വീകരിക്കുവാന്‍ ഇന്ന് സഭാമാതാവ് നാമോ രോരുത്തരെയും ഓര്‍മ്മപ്പെടുത്തുന്നു.

പണ്ടു വായിച്ച ഒരു ഈസോപ്പ് കഥ ഓര്‍മ്മയില്‍ വരികയാണ്. വേരുകളാഴ്ത്തി ചില്ലകള്‍ വിടര്‍ത്തി നില്‍ക്കുന്ന ആല്‍മരത്തിന്റെയും ചെറുകാറ്റില്‍ ഇളകിമറിയുന്ന മുളന്തണ്ടിന്റെയും കഥ. കൊടുങ്കാറ്റില്‍ കടപുഴകി വീണ വലിയ ആല്‍മരം മുളയോടു ചോദിച്ചു: “എങ്ങനെയാണ് നിനക്ക് കൊടുങ്കാറ്റിനെ അതിജീവിക്കുവാന്‍ സാധിച്ചത്?” മുള നിഷ്‌കളങ്കമായ പുഞ്ചിരിയോടെ പറഞ്ഞു: “ഒരു ഇളംകാറ്റ് വന്നാല്‍പോലും ഞാന്‍ എളിമയോടെ എന്റെ ചില്ലകള്‍ താഴ്ത്തി ഞാന്‍ കുനിഞ്ഞുകൊടുക്കും. അപ്പോള്‍ അപകടം സംഭവിക്കില്ല.”

ഇന്നത്തെ തിരുവചനഭാഗത്തില്‍ ലൂക്കാ 14:11 -ല്‍ നാം കാണുന്നു: “തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും. തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.” വിനയത്തിന്റെ മഹത്തായ മാതൃക ഈശോ പറഞ്ഞുവയ്ക്കുകയാണ് ഇവിടെ.

ഇന്നത്തെ തിരുവചനഭാഗങ്ങിലൂടെ കടന്നുപോകുമ്പോള്‍ രണ്ടു കാര്യങ്ങളാണ് സഭാമാതാവ് എല്ലാവരെയും പഠിപ്പിക്കുന്നത്.

1. ഈശോയുടെ ഹൃദയവിശാലത മനസിലാക്കുക
2. അപരനെ സ്വന്തമെന്നതുപോലെ സ്‌നേഹിക്കുക

പൗലോസ് ശ്ലീഹാ ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനം 2:7-8 തിരുവചനഭാഗങ്ങളില്‍ ക്രിസ്തുവിന്റെ ഹൃദയവിശാലത മനസിലാക്കുവാന്‍ കഴിയും. തിരുവചനം പറഞ്ഞുവയ്ക്കുന്നു: തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിലായിത്തീര്‍ന്ന് ആകൃതിയില്‍ മനുഷ്യരെപ്പോലെ കാണപ്പെട്ടു. മരണം വരെ – അതെ, കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. മനുഷ്യന്റെ വേദനകളില്‍ അലിഞ്ഞുചേരുന്ന ജീവിതമാണ് ക്രിസ്തു സ്വീകരിച്ചത്. കാലിത്തൊഴുത്ത് മുതല്‍ കാല്‍വരിക്കുന്ന് വരെയുള്ള അവന്റെ ജീവിതത്തിന്റെ വേദനകളിലേക്ക് ഒരു അലിഞ്ഞുചേരലായിരുന്നു. അവന്റെ ജീവിതത്തിലേക്ക് ഒരു ഇറങ്ങിച്ചെല്ലലായിരുന്നു. ചുങ്കക്കാരുടെയും പാപികളുടെയും ഒപ്പം ഭക്ഷണം കഴിച്ചും രോഗികള്‍ക്കും പീഡിതര്‍ക്കുമൊപ്പം സമയം ചെലവഴിച്ചും നഷ്ടപ്പെട്ട ആടുകളെ കണ്ടുപിടിച്ച് ആലയിലേക്ക് ക്ഷണിക്കുന്ന നല്ലിടയന്‍. ഒടുവില്‍ തന്റെ ശിഷ്യന്മാരുടെ പോലും പാദങ്ങള്‍ കഴുകി അന്ത്യത്താഴവിരുന്നില്‍ ഒരു അപ്പമായി അനേകര്‍ക്കു വേണ്ടി സ്വയം മുറിഞ്ഞവന്‍, കാല്‍വരിയില്‍ രക്തം ചിന്തിയവന്‍, അപരന്റെ ജീവിതത്തിലേക്ക് സ്വയം ശൂന്യനായി അലിഞ്ഞുചേരുന്ന ക്രിസ്തുവിന്റെ ഹൃദയവിശാലത മനസിലാക്കുവാനും സ്വന്തമാക്കുവാനും അങ്ങനെ കൂടുതല്‍ ഫലങ്ങള്‍ പുറപ്പെടുവിക്കുവാനും ഒരു പുതിയ വഴി കാണിച്ചുതരികയാണ് ഇന്നത്തെ സുവിശേഷം.

രണ്ടാമതായി, അപരനെ സ്വന്തമെന്ന പോലെ കരുതുക, സ്‌നേഹിക്കുക. അപരനെ സ്‌നേഹിക്കുകയെന്നാല്‍ എന്റെയൊപ്പം ചേര്‍ത്തുനിര്‍ത്തുക എന്നര്‍ത്ഥം. കൂടെയുള്ളവര്‍ പ്രതികൂലസാഹചര്യങ്ങളെ നേരിടുമ്പോള്‍ അവരെ ഒന്ന് ചേര്‍ത്തുനിര്‍ത്തുവാന്‍ നമുക്ക് കഴിയണം. നമ്മുടെ നല്ല വാക്കുകള്‍ മതി, സ്‌നേഹത്തോടെയുള്ള സമീപനങ്ങള്‍ മതി മറ്റുള്ളവരെ ചേര്‍ത്തുനിര്‍ത്തുവാന്‍. കണ്ടുമുട്ടിയവരെയൊക്കെ ചേര്‍ത്തുനിര്‍ത്തിയ ക്രിസ്തുവിനെയാണ് സുവിശേഷത്തില്‍ കാണുവാന്‍ സാധിക്കുന്നത്. കൊടുങ്കാറ്റു പോലെ പ്രതിസന്ധികളുണ്ടാകുമ്പോഴും കടല്‍ പോലെ സങ്കടവുമായി നില്‍ക്കുന്നവരെയൊക്കെ ചേര്‍ത്തുനിര്‍ത്തുവാനുമുള്ള ക്ഷണമാണ് ഇന്നത്തെ സുവിശേഷം.

ഒരു വ്യത്യസ്തമായ ജീവിതം നയിക്കുവാന്‍ കൈത്താക്കാലത്തിലൂടെ കടന്നുപോകുമ്പോള്‍ സഭാമാതാവ് എല്ലാവരെയും ഓര്‍മ്മപ്പെടുത്തുന്നു. അപരന് കരുത്തും കരുതലുമുള്ള ജീവിതം നയിക്കുവാന്‍ നമുക്ക് സാധിക്കട്ടെ. സഭയോടൊപ്പം ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും സഭയുടെ വളര്‍ച്ചയില്‍ പങ്കാളികളാകാനും സാധിക്കട്ടെ. അങ്ങനെ നമ്മുടെയെല്ലാം ജീവിതങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണവും കൂടുതല്‍ പ്രകാശപൂര്‍ണ്ണതയുള്ളതുമാകട്ടെ.

ക്രിസ്തുവിന്റെ ഹൃദയവിശാലത മനസിലാക്കുവാനും അപരനെ സ്വന്തമെന്നപോലെ സ്‌നേഹിക്കുവാനുമുള്ള കൃപയ്ക്കുവേണ്ടി ഈ വിശുദ്ധ കുര്‍ബാനയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. ക്രിസ്തുവിന്റെ വിനയത്തിന്റെ, എളിമയുടെ, താഴ്മയുടെ മനോഭാവം നമ്മുടെ ജീവിതത്തിലും സ്വന്തമാക്കാം. ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ജോസഫ് ആര്യപ്പള്ളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.