ഞായര്‍ പ്രസംഗം 2 – പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാള്‍

ദൈവഹിതത്തിന്റെ ഭാഗമായുള്ള സുവ്യക്തമായ ഒരു പദ്ധതി നിറവേറ്റാന്‍ സമയത്തിന്റെ പൂര്‍ത്തിയില്‍ പരിശുദ്ധ കന്യകാമറിയം ഈ ഭൂമിയില്‍ പിറന്നു. ലോകരക്ഷകനും ദൈവത്തിന്റെ ഏകജാതനുമായ ഈശോയ്ക്ക് പിറവി കൊടുക്കാന്‍ ദൈവം തിരഞ്ഞെടുത്ത മറിയത്തേക്കാള്‍ ഭാഗ്യവതിയായി ആരുണ്ട് ഈ ഭൂമിയില്‍? (ലൂക്കാ 1: 42-43). തന്റെ ജന്മത്തിന്റെ നിയോഗം ദൈവം വെളിപ്പെടുത്തിയപ്പോള്‍ അത് തിരിച്ചറിഞ്ഞ്, ആ ഹിതത്തിന് അനുസരണമുള്ളവളായി, മറിയം വിധേയപ്പെട്ടു. ആ വിധേയത്വം ലോകത്തിന് അനുഗ്രഹവഴിയായി.

എന്താണ് ഈ ജന്മത്തിന്റെ മഹത്വം? എന്തിനാണ് ഞാന്‍ ഈ ലോകത്ത് പിറവി കൊണ്ടത്? മറിയത്തെപ്പോലെ എനിക്കുമുണ്ടോ ഒരു ദൗത്യം സഫലമാകാന്‍? എന്റെ ജന്മത്തിന് എന്തെങ്കിലും മേന്മ അവകാശപ്പെടാനുണ്ടോ? ‘നീ സ്ത്രീകളില്‍ അനുഗ്രഹീത’ എന്ന് എലിസബത്ത് മറിയത്തെക്കുറിച്ച് പറഞ്ഞതുപോലെ എന്റെ ജന്മവും അനുഗ്രഹീതമാണോ?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ തിരുവചനത്തിലൂടെ ശ്രമിക്കാം. ‘അവിടുന്നാണ് എന്റെ അന്തരംഗത്തിന് രൂപം നല്‍കിയത്. എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു. ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. എന്തെന്നാല്‍, അവിടുന്ന് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചു’ (പ്രഭാ. 139:13-14). ‘ഞാന്‍ നിഗൂഢതയില്‍ ഉരുവാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളില്‍ വച്ച് സൂക്ഷ്മതയോടെ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോള്‍ എന്റെ രൂപം അങ്ങേയ്ക്ക് അജ്ഞാതമായിരുന്നില്ല. എനിക്ക് രൂപം ലഭിക്കുന്നതിനു മുമ്പേ അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു. എനിക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനു മുമ്പു തന്നെ അങ്ങയുടെ പുസ്തകത്തില്‍ അവ എഴുതപ്പെട്ടു’ (പ്രഭാ. 139:15-16).

പിറവി കൊള്ളുന്ന ഓരോ വ്യക്തിയും സുനിശ്ചിതമായ ഒരു ദൈവീകപദ്ധതിയുടെ ഭാഗമാണ്. പിതാവായ ദൈവത്തോടു ചേര്‍ന്നുനിന്ന്, വെളിപ്പെടുത്തപ്പെട്ട വചനങ്ങളിലൂടെ അത് തിരിച്ചറിഞ്ഞ് നിറവേറേണ്ട എന്റെ നിയോഗം കാലസമ്പൂര്‍ണ്ണതയില്‍ ഞാന്‍ നിറവേറ്റുമ്പോള്‍ എന്റെ ജന്മം സഫലമായി. എന്നാല്‍, അര്‍ത്ഥവത്തും അനശ്വരവുമായ ഒരു ജന്മം വിഫലവും വികൃതവുമാക്കുന്ന ശൈലികള്‍ വ്യാപകമായി കാണുന്നു. വികലമായ കാഴ്ചപ്പാടുകളും മിഥ്യാവബോധങ്ങളും യഥാര്‍ത്ഥ വഴിയില്‍ നിന്ന് നമ്മെ വ്യതിചലിപ്പിക്കുന്നു. ഈ ലോകത്തിന്റെ വിഭ്രാത്മകമായ വശീകരണങ്ങളില്‍ അകപ്പെടുന്ന മനുഷ്യന്‍ ശരിയുടെ നേര്‍രേഖകള്‍ തിരിച്ചറിയാന്‍ തത്രപ്പെടുന്നു. ആസ്വാദ്യതയുടെ ഓളങ്ങളും ആകര്‍ഷണീയതയുടെ കൗതുകവും ആകാംക്ഷയുടെ വിഫല സ്വപ്നങ്ങളും കുരുക്കുകളായി നിസ്സഹായതയുടെ നിര്‍വികാരതയില്‍, നിരാലംബരായി പോകുന്ന എത്ര ജന്മങ്ങള്‍?

അനുസരണത്തിന്റെ  ഒരു സമര്‍പ്പണം വഴി ലോകം മുഴുവന്റെയും രക്ഷയ്ക്കുള്ള വാതിലായി മാറാന്‍ പരിശുദ്ധ അമ്മയ്ക്കു കഴിഞ്ഞു. നിഷേധത്വത്തിന്റെ വൈരുദ്ധ്യങ്ങള്‍ നിഷ്‌ക്രിയമാക്കുകയാണ് പല ജന്മങ്ങളെയും. സാധ്യതകളുടെ സാര്‍വ്വത്രികത മിഴി തുറന്നാലോ സാഫല്യത്തിന്റെ സാകല്യം ഫലം.

ഒരു സൃഷ്ടിക്കെങ്കിലും ജീവന്‍ കൊടുക്കാനാവില്ലെങ്കില്‍ പിന്നെ എന്തിനീ ജീവിതം? ഒരുവന്‍ മതി ഒരു നവലോക നിര്‍മ്മിതിക്ക്. മണ്ണില്‍ അലിയാത്ത ഊര്‍വ്വരത ഉലകത്തിനപ്പുറത്തേയ്ക്കുള്ള ഉണ്മയാകുവാന്‍ എനിക്കും നിനക്കും കഴിഞ്ഞെങ്കില്‍

റവ. ഫാ. ജോസഫ് പത്തിപ്പറമ്പില്‍