അഭൗമികരാജത്വം – രാജത്വ തിരുനാൾ പ്രസംഗം 

പള്ളിക്കൂദാശക്കാലം നാലാം ഞായർ  ക്രിസ്തുവിന്റെ രാജത്വ തിരുനാൾ ആഘോഷിക്കപ്പെടുന്ന ദിനം കൂടിയാണ്. രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിൽ നിന്നുള്ള (1 രാജാ 6:11-19)  ആദ്യത്തെ പഴയനിയമ വായനയുടെ ഉള്ളടക്കം ഇസ്രായേൽ ജനതയ്ക്ക് സമരാധ്യനായിരുന്ന സോളമൻ രാജാവ്, രാജാക്കന്മാരുടെ രാജാവായ  ദൈവത്തിനായി ആലയം പണിയുന്ന വേളയിൽ അദ്ദേഹത്തിന് നൽകപ്പെടുന്ന ദൈവികവെളിപാടിന്റെ വിവരണമാണ്.

ഇസ്രായേൽ ജനത കൽപനകളും ചട്ടങ്ങളും ലംഘിച്ച് പാപപൂര്‍ണ്ണമായ ജീവിതം നയിച്ചപ്പോൾ ദൈവാലയത്തിൽ നിറഞ്ഞുനിന്നിരുന്ന ദൈവികസാന്നിധ്യം ജെറുസലേം വിട്ടുപോയെങ്കിലും, അകന്നുപോയ ദൈവികസാന്നിധ്യം തിരികെ വരുന്നതായുള്ള പ്രതീക്ഷയുടെ ദിനങ്ങളെക്കുറിച്ച് എസക്കിയേൽ പ്രവാചകനുണ്ടായ ദൈവികദർശന വിവരണമാണ് രണ്ടാമത്തെ പഴയനിയമ വായനയുടെ (എസെ. 43:1-7) ഉള്ളടക്കം. തിരികെ വരുന്ന ദൈവികസാന്നിധ്യം ജനഹൃദയങ്ങളിൽ നിത്യമായി വാഴുമെന്ന് നൽകപ്പെട്ട ആ ദൈവികവാഗ്ദാനം പൂര്‍ണ്ണമായി പൂർത്തിയാക്കുന്നത് യേശുക്രിസ്തുവിലാണ്. ഐഹികമായി കൊട്ടാരങ്ങളിലല്ല, മറിച്ച് കൗദാശികമായി ദിവ്യസക്രാരിയിലും ആത്മീയമായി മനുഷ്യഹൃദയങ്ങളിലും വസിക്കുന്ന ക്രിസ്തു എന്ന ആത്മീയരാജാവിലൂടെയാണ് പ്രവാചകന് വെളിപ്പെടുത്തപ്പെട്ട ആ വാഗ്ദാനം നിറവേറ്റപ്പെടുന്നത് എന്ന് രണ്ടാം വായന ഓർമ്മപ്പെടുത്തുന്നു.

ശത്രുവിനെ പരാജയപ്പെടുത്തി വിജയശ്രീലാളിതനായി വരുന്ന ഒരു രാജാവിനെപ്പോലെ, പാപത്തെയും മരണത്തെയും പരാജയപ്പെടുത്തി ഉയിർത്തെഴുന്നേറ്റ ക്രിസ്തുരാജന്റെ ഉത്ഥിതസാന്നിധ്യം തങ്ങളുടെ സഭയിൽ അനുഭവിക്കാൻ സാധിക്കാതെ വന്നപ്പോൾ ഹെബ്രായ സഭാമക്കൾ ദാവീദ്-സോളമൻ രാജാക്കന്മാരുടെ രാജകീയപ്രൗഢിയിലേയ്ക്കും മഹത്വത്തിലേയ്ക്കും തിരിച്ചുപോകാൻ പരിശ്രമം നടത്തുമ്പോൾ, ക്രൈസ്തവജീവിതത്തിൽ ഭൗതികമഹത്വങ്ങളല്ല തേടേണ്ടത്, മറിച്ച് കാലത്തിന്റെ പൂർണ്ണതയിൽ തന്നെത്തന്നെ ബലിയർപ്പിച്ചുകൊണ്ട് പാപത്തെയും മരണത്തെയും പരാജയപ്പെടുത്തിയ ക്രിസ്തുവിന്റെ ഉത്ഥാനത്തിലൂടെ വെളിപ്പെടുത്തപ്പെട്ട നവീനരാജത്വത്തിന്റെമഹത്വവും അവന്റെ രണ്ടാം വരവിൽ ശരീരങ്ങളുടെ ഉയിർപ്പിലൂടെ സംജാതമാകുന്ന നിത്യരക്ഷയുമാണ് തേടേണ്ടത് എന്ന് ഹെബ്രായ ലേഖനകർത്താവ് മൂന്നാം വായനയിൽ (ഹെബ്രാ. 9:16-28) ഓർമ്മപ്പെടുത്തുന്നു. “ദാവീദ് അവനെ (മിശിഹായെ) കർത്താവ് എന്നാണ് വിളിക്കുന്നത്” എന്ന ക്രിസ്തുവചനം ഉദ്ധരിച്ചുകൊണ്ട് ഇന്നത്തെ സുവിശേഷം (മത്തായി 22:41-46) ക്രിസ്തുവിന്റെ രാജത്വം ദാവീദിനെക്കാളും പുരാതനവും ശ്രേഷ്ഠവും വ്യത്യസ്തവുമാണ് എന്ന് തെളിയിക്കുന്നു.

രാജത്വം, ആധിപത്യം, സാമ്രാജ്യത്വം തുടങ്ങിയ പദങ്ങൾ ചരിത്രപുസ്തകത്താളുകളിൽ നിന്നും അടർത്തിയെടുത്ത് നമ്മുടെ മനസ്സുകളിൽ അവതരിപ്പിക്കുന്ന ചില നാമധേയങ്ങൾ ഉണ്ട്. റോമാ സാമ്രാജ്യത്തിലെ അതിശക്തനായിരുന്ന അഗസ്റ്റസ് സീസർ ചക്രവർത്തി, ലോകം മുഴുവൻ പിടിച്ചെടുക്കാനാഗ്രഹിച്ച് പടനീക്കങ്ങൾ നടത്തിയ അലക്സാണ്ടർ ചക്രവർത്തി, തന്റെ സൈന്യശക്തി കൊണ്ട് യൂറോപ്പിനെ കിടുകിടാ വിറപ്പിച്ച നെപ്പോളിയൻ ബോണപ്പാർട്ട്, യഹൂദരെ ഭൂമുഖത്തു നിന്ന് തുടച്ചുനീക്കുമെന്ന് പ്രതിജ്ഞയെടുത്ത അഡോൾഫ് ഹിറ്റ്ലർ, ക്രിസ്തുവിന്റെ വികാരിയായ മാർപാപ്പയെ വധിക്കുമെന്നും റോം ബോംബിട്ട് ചാമ്പലാക്കുമെന്നും ഭീഷണി മുഴക്കിയ ബെനിറ്റോ മുസോളിനി തുടങ്ങിയവയാണ് ആ നാമധേയങ്ങൾ. ഈ രാജാക്കന്മാരെല്ലാവരും  അവരുടെ കാലഘട്ടത്തിൽ ശക്തിയുടെ പ്രതീകങ്ങളായിരുന്നു.

ഇപ്രകാരം, ശക്തിയെ അധികാരത്തോടും രാജ്യത്തോടും സംബന്ധിപ്പിക്കുന്നത് സ്വാഭാവികമാണ്. ക്രൂശിതനായ ക്രിസ്തുവിനോട് കുരിശിൻചുവട്ടിലായിരുന്ന് മൂന്ന് വ്യത്യസ്ത വിഭാഗം ആളുകൾ ചോദിക്കുന്ന ചോദ്യം ഇതിന് വ്യക്തമായ ഉദാഹരണങ്ങളാണ്. ഒന്നാമതായി, “ഇവന് ദൈവത്തിന്റെ ക്രിസ്തു ആണെങ്കിൽ, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനാണെങ്കിൽ, തന്നെത്തന്നെ രക്ഷിക്കട്ടെ” (ലൂക്കാ 23:35) എന്ന പ്രമാണികളുടെ സംസാരം ഭൗമികരാജത്വത്തിന്റെ അധികാരശക്തിയെയാണ് സൂചിപ്പിക്കുന്നത്. രണ്ടാമതായി, “നീ യഹൂദരുടെ രാജാവാണെങ്കിൽ നിന്നെത്തന്നെ രക്ഷിക്കുക”  (ലൂക്കാ 23 : 37) എന്ന പടയാളികളുടെ ചോദ്യവും മൂന്നാമതായി, കുരിശിൽ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളിലൊരുവൻ അവനെ ദുഷിച്ചു പറഞ്ഞു: നീ ക്രിസ്തുവല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക!”(ലൂക്കാ 23:39) എന്നതിന്റെ കൂടെ ക്രൂശിക്കപ്പെട്ടവന്റെ ചോദ്യവും വിരൽചൂണ്ടുന്നത് ഭൗമിക രാജത്വശക്തിയുടെ സാധ്യതകളിലേയ്ക്കാണ്.

പീലാത്തോസിന്റെ അരമനയിൽ വച്ച് “എന്റെ രാജ്യം ഐഹികമല്ല” (യോഹ 18 :36) എന്ന് അരുളിച്ചെയ്യുന്ന യേശുവെന്ന വ്യത്യസ്തനായ രാജാവ്, പരസ്യജീവിതകാലത്തു തന്നെ ഒരു ഭൗതികരാജാവായി ചിത്രീകരിക്കാനും അവരോധിക്കാനും ശ്രമങ്ങൾ നടത്തിയപ്പോൾ തിരസ്കരിക്കുന്നതായാണ് സുവിശേഷത്തിൽ കാണുന്നത്. ഉദാഹരണത്തിന്, സെബദി പുത്രന്മാരുടെ അമ്മ പുത്രന്മാരുമായി വന്ന്‌ സ്വർഗ്ഗരാജ്യത്തിൽ ഇടത്തും വലത്തും ഇരിക്കാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചപ്പോൾ, മഹത്വത്തിന് കൊടുക്കേണ്ട വില എന്താണെന്ന് അവരെ പഠിപ്പിക്കാനായി ഇപ്രകാരം അരുളിച്ചെയ്തു: “നിങ്ങള്‍ ചോദിക്കുന്നതെന്താണെന്നു നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ കുടിക്കാന്‍ പോകുന്ന പാനപാത്രം കുടിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ?” (മത്തായി 20:22). അതായത്, താൻ കുടിക്കാൻ പോകുന്ന കുരിശിലെ രക്ഷാകരമായ മരണമെന്ന പാനപാത്രത്തിൽ സഹനത്തിലൂടെ പങ്കുചേരുക വഴിയാണ് തന്റെ അഭൗമികരാജത്വത്തിൽ പങ്കുചേരാൻ സാധിക്കുക എന്ന വെളിപ്പെടുത്തൽ കൂടിയാണ് അത്.

നിരീശ്വരവാദവും അധാർമ്മികതയും ശത്രുതയും മനുഷ്യർക്കിടയിൽ ശക്തമായി തലപൊക്കി യൂറോപ്പിൽ ഒന്നാം ലോക മഹായുദ്ധത്തിന് നാന്ദി കുറിച്ചപ്പോൾ ദുഃഖിതനായ പതിനൊന്നാം പീയൂസ് മാർപാപ്പ പത്രോസിന്റെ സിംഹാസനത്തിലിരുന്ന് ലോകത്തിന്റെ മുൻപിൽ വരച്ചുകാണിച്ച രാജാവിന്റെ ചിത്രം അധികാരത്തിന്റെ ഉന്മാദശക്തിയിൽ അടിച്ചമർത്തി ഭരിക്കുന്ന ഒരു രാഷ്ട്രീയരാജാവിന്റെ ചിത്രമായിരുന്നില്ല. മറിച്ച്, സ്നേഹത്തിന്റെ വശ്യതയിൽ മനുഷ്യഹൃദയങ്ങളെ ഭരിക്കുന്ന ഒരു അഭൗമിക സ്നേഹരാജാവിന്റെ ചിത്രമായിരുന്നു അത്. കുരിശിനെ സിംഹാസനമാക്കി, അതിൽ ബലിയർപ്പിച്ച് മനുഷ്യകുലത്തെ സ്നേഹിച്ച തികച്ചും വ്യത്യസ്തനായ ക്രിസ്തു എന്ന രാജാവിന്റെ ചിത്രം.

വിവിധ മതപണ്ഡിതന്മാർ ഒന്നിച്ചുവന്ന ഒരു സംവാദവേള. ക്രൈസ്തവനല്ലാത്ത ഒരു പണ്ഡിതൻ ക്രൈസ്തവ പണ്ഡിതനോട് പറഞ്ഞു: “എനിക്ക് കുരിശിൽ തൂങ്ങിക്കിടക്കുന്നവനെ ഒരു ദൈവപുരുഷനായോ രാജാവായോ അംഗീകരിക്കാൻ സാധിക്കില്ല. കാരണം, അവൻ ക്രൂശിക്കപ്പെട്ടപ്പോൾ ദൈവത്തിന്റെ ശക്തി എവിടെയായിരുന്നു.” ക്രിസ്തീയപണ്ഡിതൻ മറുപടിയായി പറഞ്ഞു: “ക്രിസ്തീയ ദൈവസങ്കൽപ്പത്തെക്കുറിച്ചുള്ള താങ്കളുടെ അറിവ് വളരെ ബാലിശമാണ് എന്നു പറയട്ടെ. ക്രിസ്തീയസങ്കൽപ്പത്തിലെ ദൈവം ഒരു ശക്തിയല്ല, മറിച്ച് സ്നേഹമാണ്! ഒരു ശക്തിയായിരുന്നെങ്കിൽ എത്രയോ പണ്ടേ എന്റെയും നിങ്ങളുടെയും ഒക്കെ പാപങ്ങളെപ്രതി നമ്മെ ആ ശക്തി കത്തിച്ചുചാമ്പലാക്കിയേനെ! എന്റെയും നിങ്ങളുടെയും പാപങ്ങൾക്കുള്ള ദൈവത്തിന്റെ മറുപടി ശിക്ഷയല്ല, മറിച്ച് കരുണയാണ് എന്നതിന്റെ ഏറ്റവും ഉദാത്തമായ പ്രകാശനമാണല്ലോ കുരിശിൽ തൂക്കപ്പെട്ട ദൈവപുത്രൻ. എവിടെയോ ഇരുന്ന് മനുഷ്യപാപങ്ങൾക്കു ശിക്ഷിക്കുന്ന അദൃശ്യശക്തിയായ ഒരു ദൈവസങ്കൽപ്പത്തേക്കാൾ എത്രയോ മഹനീയമാണ് എന്റെ വേദനകളിൽ എന്നോടൊപ്പം സഹിക്കുന്ന ദൈവത്തെക്കുറിച്ചുള്ള സങ്കല്പം. അധികാരത്തിന്റെ ഉന്മാദശക്തിയിൽ അടിച്ചമർത്തി ഭരിക്കുന്ന ഒരു രാഷ്ട്രീയരാജാവിന്റെതിനേക്കാൾ എത്രയോ മനോഹരമാണ് സ്നേഹത്തിന്റെ വശ്യതയിൽ മനുഷ്യഹൃദയങ്ങളെ ഭരിക്കുന്ന ഒരു അഭൗമിക സ്നേഹരാജാവിന്റെ ചിത്രം.” ക്രൈസ്തവ പണ്ഡിതന്റെ ഉത്തരത്തിന്റെ മുൻപിൽ അദ്ദേഹം നിശബ്ദനായി ഇരുന്നു.

സുവിശേഷം ക്രിസ്തുരാജാവിലൂടെ അവതരിപ്പിക്കുന്നത് സിംഹാസനത്തിലിരുന്ന് അധികാരശക്തിയിൽ അടിച്ചമർത്തി ഭരിക്കുന്ന ഒരു ഭൗമികരാജാവിന്റെ ചിത്രമല്ല, മറിച്ച് കുരിശിൽ മരിച്ച നിന്ദിതനും പരാചിതനും പരിത്യക്തനുമായ ഒരു അഭൗമിക രാജാവിന്റെ ചിത്രമാണ്. ലോകത്തിന്റെ രാജത്വവീക്ഷണങ്ങൾക്ക് ഘടകവിരുദ്ധമായ രാജാവിന്റെ ചിത്രമാണ്. സ്വർണ്ണകിരീടത്തിനു പകരം മുൾക്കിരീടം, ചെങ്കോലിനു പകരം ഞാങ്ങണ, പത്തൽ, തൈലാഭിഷേകത്തിനു പകരം തുപ്പൽ കൊണ്ട് അഭിഷേകം, രാജകീയ വസ്ത്രങ്ങൾക്കു പകരം രക്തക്കറ പുരണ്ട് കീറിയ വസ്ത്രങ്ങൾ, സിംഹാസനത്തിനു പകരം കുരിശുമരം. ക്രിസ്തുവെന്ന രാജാവിന്റെ രാജത്വം അതിഷ്ഠിതമായിരിക്കുന്നത് അധികാരത്തിന്റെ ഉന്മാദശക്തിയിലല്ല, മറിച്ച് സ്നേഹത്തിന്റെ വശ്യതയിലാണ്.

ലോകത്തിന് ‘കുരിശ്’  വേദനകൾ, ദുരിതങ്ങൾ, സങ്കടങ്ങൾ, അനര്ത്ഥങ്ങൾ, കഷ്ടതകൾ, അപകടങ്ങൾ, രോഗങ്ങൾ എന്നിവയുടെയൊക്കെ പ്രതീകമാണ്. പക്ഷേ, ക്രിസ്തുവിന് കുരിശ് ആത്മത്യാഗത്തിന്റെ അൾത്താരയും മഹത്വീകരണത്തിന്റെ സിംഹാസനവുമാണ്. കുരിശ് ഒരു മരത്തടിക്കഷണമോ, ലോഹക്കഷണമോ മാത്രമല്ല. മറിച്ച് ക്രിസ്തുവിന്റെ രക്ഷണീയപ്രവർത്തനങ്ങളുടെ (സഹന-മരണ-ഉത്ഥാനം) പ്രതീകാത്മകസംഗ്രഹം ആണ്. സ്നേഹം ബലിയായി പരിണമിക്കുന്ന ദൈവസ്നേഹത്തിന്റെ ഏറ്റവും ഉൽകൃഷ്ടമായ പ്രതീകാത്മക പ്രകാശനമാണ് കുരിശ്.

ഇപ്രകാരം പീലാത്തോസിന്റെ അരമനയിൽ പരിഹാസ്യനും പരിത്യക്തനുമായി തീർന്ന, കുരിശിൽ എല്ലാവരാലും പരിത്യജിക്കപ്പെട്ട, ലോകദൃഷ്ടിയിൽ അശക്തനും പരാജിതനുമായ ഒരു അഭൗമരാജാവിന്റെ ഈ സമ്പൂർണ്ണ ബലഹീനത ഒരു വിരോധാഭാസം എന്നോണം അവന്റെ ശക്തിയായി ചരിത്രത്തിൽ പരിണമിച്ചത്തിന്റെ ഓർമ്മപ്പെടുത്തലും ആഘോഷവുമാണ് ക്രിസ്തുവിന്റെ രാജത്വത്തിരുനാൾ.

കുരിശിൽ നിന്നും കരകവിഞ്ഞൊഴുകിയ ക്രിസ്തുവെന്ന സ്നേഹരാജാവിന്റെ സ്നേഹശക്തി ലോകത്തെ മുഴുവൻ പിടിച്ചടക്കിയിരിക്കുന്നു. ഭൗതികരാജ്യത്ത് ശക്തിയുടെ പ്രതീകങ്ങളായിരുന്ന ചക്രവർത്തിമാർ ചരിത്രത്തിൽ വിഭാവനം ചെയ്തതും സ്ഥാപിച്ചതുമായ ഭൗമികസാമ്രാജ്യങ്ങൾ ഇന്ന് ചരിത്രപുസ്തകത്തിലെ ഏതാനും താളുകളിൽ മാത്രമായി നിലകൊള്ളുമ്പോൾ ക്രിസ്തു എന്ന അഭൗമികരാജാവ് വിഭാവനം ചെയ്യുകയും പ്രഘോഷിക്കുകയും ചെയ്ത ദൈവരാജ്യം ഇന്ന് രണ്ടായിരം വർഷങ്ങൾക്കുശേഷവും ഇരുന്നൂറു കോടി ജനങ്ങളുടെ ഹൃദയത്തിൽ വ്യാപിച്ചിരിക്കുന്നു.

ദൈവരാജ്യം എന്നത് ഒരു രാഷ്ട്രീയ-ഭൗമിക യാഥാർഥ്യമല്ല, മറിച്ച് ദൈവത്തിന്റെ സ്നേഹത്തിനും കാരുണ്യത്തിനും മഹത്വത്തിനും പരിപാലനയ്ക്കും സമർപ്പിക്കപ്പെടുന്ന ഹൃദയങ്ങളിൽ നിലനിൽക്കുന്ന ആത്മീയ യാഥാർഥ്യമാണ്. ഞാൻ ദൈവഭരണത്തിനായ് എന്നെത്തന്നെ സമർപ്പിക്കുമ്പോൾ ദൈവരാജ്യം എന്നിൽ ആരംഭിക്കുന്നു. എന്റെ സഹോദരങ്ങളും സഭാംഗങ്ങളും അപ്രകാരമൊരു സമർപ്പണം നടത്തുമ്പോൾ ദൈവരാജ്യം എന്റെ കുടുംബത്തിലേയ്ക്കും സഭയിലേയ്ക്കും ലോകത്തിന്റെ അതിർത്തികളിലേയ്ക്കും വ്യാപിക്കുകയായി.

പീലാത്തോസിന്റെ അരമനയിൽ പരിഹാസ്യനും പരിത്യക്തനുമായിത്തീർന്ന് കുരിശിൽ എല്ലാവരാലും പരിത്യജിക്കപ്പെട്ട് സഹനരഹസ്യത്തിലൂടെ സത്യം തന്നെയായ ദൈവത്തിന് സാക്ഷ്യം വഹിച്ച ക്രിസ്തുരാജനെ അനുകരിച്ച് ക്രിസ്തുവിന് സാക്ഷിയാകുമ്പോഴും സ്നേഹശക്തിയാൽ മനുഷ്യഹൃദയങ്ങളിൽ ഇടം നേടി നന്മ തന്നെയായ ദൈവത്തെ ലോകത്തിന് വെളിപ്പെടുത്തുമ്പോഴും ഉത്ഥാനത്താൽ മരണത്തെയും പാപത്തെയും ക്രിസ്തുവിനെപ്പോലെ ഓരോ തവണയും പാപത്തെ പരാജയപ്പെടുത്തുമ്പോഴും നാം യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ രാജത്വത്തിൽ പങ്കുചേരുകയാണ്.

ഫാ. ജെറി വള്ളോംകുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ