ഞായര്‍ പ്രസംഗം 2, ശ്ലീഹാക്കാലം രണ്ടാം ഞായര്‍ ജൂണ്‍ 07 ലൂക്കാ 7: 36-50 പാപിനിക്കു മോചനം

‘ആരോട് അല്‍പം ക്ഷമിക്കുന്നുവോ അവര്‍ അല്‍പം സ്‌നേഹിക്കുന്നു. ആരോട് അധികം ക്ഷമിക്കുന്നുവോ അവര്‍ അധികം സ്‌നേഹിക്കുന്നു.’ ക്ഷമയുടെയും സ്‌നേഹത്തിന്റെയും വലിയ പാഠവുമായാണ് ഇന്ന് ഈശോ നമ്മുടെ മുന്നിലേയ്ക്കു വരുന്നത്. ഈശോ ഒരു ഫരിസേയപ്രമാണിയുടെ വീട്ടില്‍ വിരുന്നിനു ക്ഷണിക്കപ്പെട്ടു. അത് വലിയ ആത്മാര്‍ത്ഥത കൊണ്ടോ, നിറഞ്ഞുതുളുമ്പുന്ന സ്‌നേഹം കൊണ്ടോ ആകാന്‍ തരമില്ല. പിന്നെയോ, നാലാളുടെ മുന്നില്‍ ഒന്നു തലയുയര്‍ത്തി നില്‍ക്കാന്‍ തന്നെയാകണം. കാരണം, വീട്ടിലെത്തിയ അതിഥിയോട് പുലര്‍ത്തേണ്ട ആതിഥ്യമര്യാദകളൊന്നും ഇയാള്‍ പാലിക്കുന്നില്ല.

കാലു കഴുകാന്‍ വെള്ളം കൊടുക്കുന്നില്ല, ചുംബനം കൊടുക്കുന്നില്ല എന്തിന് തലയില്‍ തൈലവും പൂശിയില്ല. എന്നാല്‍, ഈശോ വന്നിട്ടുണ്ടെന്ന് എവിടെ നിന്നോ കേട്ടറിഞ്ഞ്, പാപിനി എന്ന് ജനം മുദ്രകുത്തിയ ഒരു സ്ത്രീ വന്ന് കണ്ണീരുകൊണ്ട് ഈശോയുടെ പാദങ്ങള്‍ കഴുകുകയാണ്. ആ കരച്ചിലില്‍ അവളുടെ ഹൃദയവേദനകള്‍ മുഴുവനുമുണ്ടായിരുന്നു. നാളിതുവരെ, അറിഞ്ഞും അറിയാതെയും താന്‍ സഞ്ചരിച്ച തെറ്റിന്റെ വഴികളെക്കുറിച്ചോര്‍ത്തുളള സങ്കടമുണ്ടായിരുന്നു ആ കണ്ണുനീരില്‍. ഇനി മുതല്‍ ആത്മവിശുദ്ധീകരണത്തിന്റെ പാതയിലൂടെ സഞ്ചരിക്കണമെന്ന് അവള്‍ തീരുമാനിക്കുകയാണ്. അതിനായി അവള്‍ ഓടിയെത്തുന്നതോ, ആ നാഥന്റെ പാദാന്തികത്തിലും. അവളുടെ ഹൃദയം ഈശോയ്ക്ക് കാണാതിരിക്കാന്‍ കഴിഞ്ഞില്ല. ലോകത്തിനു മുമ്പില്‍ അവള്‍ തെറ്റുകാരിയായിരുന്നു. പക്ഷേ, ഈശോ നോക്കിയതും നോക്കുന്നതും ബാഹ്യമോടിയിലല്ല, ആന്തരികമോടിയിലാണ്. ഞാനും നീയുമൊക്കെ ബാഹ്യമായി ഉയര്‍ന്നവരെങ്കിലും ഹൃദയഭാവം എന്തെന്ന് ഒരിക്കലെങ്കിലും ചിന്തിക്കാന്‍ ഈ വചനഭാഗം ഓര്‍മ്മിപ്പിക്കുന്നു.

ഫരിസേയന്‍ ഈശോയെ വീട്ടിലേയ്ക്കു ക്ഷണിച്ചു. ഈശോ തിരിച്ചുപോകുമ്പോള്‍ ഫരിസേയന് പ്രത്യേകിച്ച് ഒന്നും കിട്ടിയില്ല. പക്ഷേ, എവിടെനിന്നോ വന്ന ആ സ്ത്രീയാകട്ടെ, രക്ഷയുമായിട്ടാണ് മടങ്ങിപ്പോയത്. എന്തുകൊണ്ട് ഇങ്ങനെ എന്നുള്ള ചോദ്യത്തിന് ഈശോ തന്നെ മറുപടി തരുന്നു: ‘ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്‌നേഹിച്ചു. ആരോട് അല്‍പം ക്ഷമിക്കപ്പെടുന്നുവോ അവന്‍ അല്‍പം സ്‌നേഹിക്കുന്നു’ (ലൂക്കാ 7:47-48).

അധികം സ്‌നേഹിക്കാന്‍ നാം ചെയ്യേണ്ടത് അധികം ക്ഷമിക്കുക എന്നതാണ്. എന്നാല്‍, രസകരമായ കാര്യമെന്താണെന്നു വച്ചാല്‍, എല്ലാവര്‍ക്കും സ്‌നേഹം വേണം. പക്ഷേ, മറ്റുള്ളവരോട് ക്ഷമിക്കുവാന്‍ തയ്യാറല്ല. സ്‌നേഹവും ക്ഷമയും പരസ്പരം ഇടകലര്‍ന്ന രണ്ടു യാഥാര്‍ത്ഥ്യങ്ങളാണ്. ഒന്നില്ലാതെ മറ്റൊന്നില്ല. വചനം പറയുന്നുണ്ടല്ലോ, സ്‌നേഹം നിരവധി പാപങ്ങള്‍ മറക്കുന്നു എന്ന് (1 പത്രോസ് 4:9).
തീര്‍ന്നില്ല, കുഞ്ഞുങ്ങള്‍ ഉപയോഗിക്കുന്ന മറ്റൊരു വിദ്യയുണ്ടല്ലോ, ഏതെങ്കിലും തെറ്റിന് പിടിക്കപ്പെട്ട കുഞ്ഞിനെ തല്ലാന്‍ അമ്മ വടിയെടുക്കും. ഉടനെ, അവന്‍ എന്തുചെയ്യും? കരഞ്ഞുകൊണ്ട് അമ്മയെ ചെന്ന് കെട്ടിപ്പിടിച്ചു കരയും. പിന്നെ അതു കണ്ടു നില്‍ക്കുന്ന അമ്മയ്ക്ക് കുഞ്ഞിനെ തല്ലാന്‍ കഴിയുമോ? എല്ലാറ്റിനുമുപരി അമ്മയാണത്. അതെ, സ്‌നേഹത്തിന് ക്ഷമിക്കാനുള്ള കഴിവുണ്ട്. ക്ഷമിച്ചുനോക്കൂ, അവര്‍ അധികം സ്‌നേഹിക്കുന്നതും കാണാം.

ഇനി പറയുന്നത് ഒരു യുവവൈദികനെക്കുറിച്ചാണ്. അദ്ദേഹം പനി പിടിച്ച് അവധിയിലായിട്ട് ദിവസങ്ങളായി. അച്ചന്‍ അല്‍പം ദേഷ്യക്കാരനുമാണേ. അന്ന് അച്ചന്റെ പനി ഏകദേശം മാറിയിരുന്നു. എങ്കിലും അന്ന് സ്‌കൂളില്‍ പോകാന്‍ തോന്നിയില്ല. വന്നിട്ട് ഒരു മാസമേ ആയുള്ളൂവെങ്കിലും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കു പകരം ചെറിയ കുട്ടികളെ പഠിപ്പിക്കേണ്ടി വന്നതിലെ അസ്വസ്ഥതകളും എന്നും മാതാപിതാക്കന്മാരുടെ പരാതികളും കൂടിയായപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സ് മടുത്തു. എങ്ങനെയെങ്കിലും അവിടെ നിന്നു മാറണമെന്നു പോലും ചിന്തിച്ചുതുടങ്ങി. അങ്ങനെ ചിന്തിച്ചുനില്‍ക്കുമ്പോഴാണ് ഒരു ടീച്ചര്‍ മുറിക്കു മുന്നിലെത്തിയത്.

‘അച്ചാ, അച്ചനെ കാണാന്‍ ഒരു രണ്ടാം ക്ലാസ്സുകാരന്റെ പേരന്റ് കാത്തുനില്‍ക്കുന്നു.’

അച്ചന് പെട്ടെന്ന് ദേഷ്യമാണ് വന്നത്. ‘ഞാന്‍ സ്‌കൂളില്‍ വന്നിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളൂ. അപ്പോഴേയ്ക്കും പരാതിയോ?’ പിന്നീട് കാര്യം അറിഞ്ഞപ്പോള്‍ സത്യത്തില്‍ അച്ചന്റെ കണ്ണു നിറഞ്ഞു. ആ കുട്ടി എന്നും സന്ധ്യാദീപം തെളിച്ചുകഴിഞ്ഞ് കൈകൂപ്പി പ്രാര്‍ത്ഥിക്കുന്നത് അച്ചനുവേണ്ടിയായിരുന്നു. ‘ഈശ്വരാ, എന്റെ ഫാദറിനെ വേഗം സുഖപ്പെടുത്തണേ’ എന്ന്. അച്ചന്റെ അസുഖവിവരം അറിയാനായിരുന്നു ആ കുട്ടിയും ഫാദറും വന്നത്.

നോക്കണം പ്രിയമുള്ളവരേ, നമ്മെ സ്‌നേഹിക്കുന്നവര്‍ ഒരുപാടുണ്ട് നമുക്കു ചുറ്റും. അത് മനസ്സിലാക്കിയാല്‍ മതി. ആ സ്‌കൂളില്‍ നിന്നും സ്ഥലം മാറി പോകുമ്പോള്‍ അച്ചന്‍ അവിടെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും പ്രിയങ്കരനായിത്തീര്‍ന്നിരുന്നു. ‘നിങ്ങള്‍ക്കു പരസ്പരം സ്‌നേഹമുണ്ടെങ്കില്‍, നിങ്ങള്‍ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും’ (യോഹ. 13:35).

എപ്പോഴും സ്‌നേഹിക്കാനാണ് ഈശോ പഠിപ്പിച്ചത്. സ്‌നേഹിക്കുക എന്നത്, അത്ര എളുപ്പമുള്ള കാര്യമല്ല. പലരുടെയും പരാതി, ഞാന്‍ പാപിയാണ്. എന്റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുമോ, എന്നോടു ക്ഷമിക്കുമോ എന്നൊക്കെയാണ്. എന്നാല്‍ അങ്ങനെയല്ല. ദൈവം എല്ലാവരോടും, പാപാവസ്ഥയില്‍ പോലും സംസാരിക്കുന്നുണ്ട്, അനുതപിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്, ക്ഷമിക്കുന്നുണ്ട്. അപ്പോള്‍ നാം ചെയ്യേണ്ടതോ, ഈശോയെ കൂടുതല്‍ സ്‌നേഹിക്കുക എന്നതും.

വചനഭാഗത്ത് ഈശോ ഒരു യജമാനനന്റെയും അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്നും പണം കടം വാങ്ങിയ രണ്ടു വ്യക്തികളുടെയും ഉപമ പറയുന്നുണ്ട്. ഒരു യജമാനന് രണ്ട് കടക്കാര്‍ ഉണ്ടായിരുന്നു. ഒരുവന്‍ അഞ്ഞൂറും മറ്റേയാള്‍ അമ്പതും ദനാറ കടപ്പെട്ടിരുന്നു. വീട്ടാന്‍ കഴിവില്ലാത്തതുകൊണ്ട് യജമാനന്‍ ഇരുവര്‍ക്കും കടം ഇളച്ചുകൊടുക്കുന്നു. തുടര്‍ന്ന്, തന്നെ കേള്‍ക്കുന്നവരോട് ഈശോ ചോദിച്ചു: ‘ആ രണ്ടുപേരില്‍ ആരാണ് അവനെ കൂടുതല്‍ സ്‌നേഹിച്ചത്?’ ഉത്തരം ഇങ്ങനെയായിരുന്നു: ‘ആര്‍ക്ക് അവന്‍ കൂടുതല്‍ ഇളവ് ചെയ്‌തോ, അവന്‍!’ അതുതന്നെയാണ് ഈശോയും ചെയ്തത്. അധികം സ്‌നേഹിച്ചവരോട് അധികം ക്ഷമിച്ചു. അതുകൊണ്ട് നമുക്കും ക്ഷമിക്കാന്‍ പഠിക്കാം. ക്ഷമയുടെ വലിയ മാതൃക ഈശോ തന്നെയാണ്. എല്ലാവരോടും ക്ഷമിച്ചുകൊണ്ട് അവന്‍ കടന്നുപോയി. ഇന്ന് ലോകം അവനെ സ്‌നേഹിക്കുന്നു.

പഴയനിയമത്തില്‍, സ്വന്തം സഹോദരങ്ങളാല്‍ വേദനിപ്പിക്കപ്പെട്ട ജോസഫ് മുതല്‍ തുടങ്ങുന്ന ചരിത്രം പുതിയനിയമം വരെ നീളുന്നുണ്ട്. ജോസഫിനോട് സഹോദരങ്ങള്‍ ചെയ്ത ക്രൂരതകള്‍ക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കാമായിരുന്നു. പക്ഷേ, ചെയ്തില്ല. പകരം, എല്ലാം ദൈവീകപദ്ധതിയായി കണ്ട് ക്ഷമിച്ചു. വചനം പറയുന്നു: ‘നിങ്ങള്‍ ഈജിപ്തുകാര്‍ക്കു വിറ്റ നിങ്ങളുടെ സഹോദരന്‍ ജോസഫാണ് ഞാന്‍. എന്നെ ഇവിടെ വിറ്റതോര്‍ത്ത് നിങ്ങള്‍ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ട. കാരണം, ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ദൈവമാണ് എന്നെ നിങ്ങള്‍ക്കു മുമ്പേ ഇങ്ങോട്ടയച്ചത്’ (ഉല്‍. 45:4). അതിന്റെ ഫലമായി ദൈവം ആ കുടുംബത്തെ വീണ്ടും സ്‌നേഹത്തില്‍ ഒന്നാക്കി മാറ്റി.

ക്ഷമിച്ചാല്‍ മാറാത്ത പ്രശ്‌നങ്ങളില്ല, സ്‌നേഹിച്ചാല്‍ കിട്ടുന്ന ആനന്ദവും വേറൊന്നില്ല. ഈ ബോധ്യം തലയ്ക്കു പിടിച്ചതുകൊണ്ടാവാം പൗലോസ് ശ്ലീഹാ പറഞ്ഞത്: ‘സ്‌നേഹം സകലതും സഹിക്കുന്നു, സകലതും വിശ്വസിക്കുന്നു, സകലതും പ്രത്യാശിക്കുന്നു, സകലത്തെയും അതിജീവിക്കുന്നു’ എന്ന് (റോമ 13:7).
അതായത്, കടുംചുവപ്പായ ഏതു വലിയ പാപങ്ങളില്‍ നിന്നും മോചനം നേടാന്‍ ഞാന്‍ ചെയ്യേണ്ടത് ഇത്രമാത്രം, ദൈവത്തെ അധികം സ്‌നേഹിക്കുക. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് പാപിനിയായ സ്ത്രീയുടെ കഥ. ‘നല്ലവരായിരിക്കൂ. ദൈവത്തെ സ്‌നേഹിക്കൂ. അവിടുത്തെ അറിയാത്തവര്‍ക്കായി പ്രാര്‍ത്ഥിക്കുക. ദൈവത്തെ അറിയുക എന്നത് എത്രയോ വലിയ കൃപയാണ്’ (വി. യോഹന്നാന്‍ ബക്കീത്ത).

ഡീ.സ്റ്റെബിന്‍ വിതയത്തില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.