ഞായര്‍ പ്രസംഗം 2, പിറവിക്കാലം ഒന്നാം ഞായര്‍ ഡിസംബര്‍ 26, രക്ഷകനെ സ്വന്തമാക്കിയത് ആരാണ്?

ബ്ര. സഖറിയ മാലിയില്‍ MCBS

പാശ്ചാത്യദേശത്ത് ജനിച്ച രക്ഷകനെ തേടി യാത്രയാകുന്നത് പൗരസ്ത്യദേശത്തു നിന്നുള്ള ജ്ഞാനികളാണ്. ദൈവം എവിടെ ജനിക്കുന്നു എന്നതല്ല പ്രധാനം, ആര് സ്വന്തമാക്കുന്നു എന്നതാണ്.

ഈശോയില്‍ സ്‌നേഹം നിറഞ്ഞ മാതാപിതാക്കളേ, സഹോദരങ്ങളേ,

പഴയനിയമ പ്രവചനങ്ങളുടെ പൂര്‍ത്തീകരണവും രക്ഷയുടെ പുതുയുഗം ആരംഭിച്ചതിന്റെ അടയാളവുമാണ് ക്രിസ്തുവിന്റെ ജനനം എന്ന യാഥാര്‍ത്ഥ്യം നമ്മെ അനുസ്മരിപ്പിക്കുന്ന ആരാധനാക്രമ വത്സരമാണ് പിറവിക്കാലം. സന്ദര്‍ശനങ്ങള്‍ ഇഷ്ടപ്പെടുകയും സന്ദര്‍ശനങ്ങള്‍ നടത്താന്‍ താല്‍പര്യപ്പെടുകയും ചെയ്യുന്ന നമുക്ക് ഇന്നത്തെ തിരുവചന വായനകള്‍ പങ്കുവച്ചു നല്‍കുന്നതും സന്ദര്‍ശനങ്ങളുടെ വിവരണങ്ങളാണ്. മനുഷ്യനെ സന്ദര്‍ശിക്കുന്ന ദൈവവും ദൈവത്തെ സന്ദര്‍ശിക്കുന്ന മനുഷ്യനും.

മാമ്രേയുടെ ഓക്കുമരത്തോപ്പിനു സമീപമിരുന്ന അബ്രഹാത്തെ സന്ദര്‍ശിക്കുന്ന ദൈവദൂതന്മാരെയും അവര്‍ക്ക് വിരുന്നൊരുക്കിയ അബ്രഹാത്തെയുമാണ് ഒന്നാം വായനയില്‍ നാം ദര്‍ശിച്ചത്. അനീതി നിറഞ്ഞ ലോകത്തില്‍ നീതി നടപ്പാക്കാനായി ദാവീദിന്റെ ഭവനത്തില്‍ നിന്ന് നമ്മെ സന്ദര്‍ശിക്കാനെത്തുന്ന മിശിഹാപ്രവചനമാണ് രണ്ടാം വായനയില്‍ നാം ശ്രവിച്ചത്. മിശിഹായുടെ ജനനവാര്‍ത്ത അറിഞ്ഞ് അവിടുത്തെ ആരാധിക്കാനായി പൗരസ്ത്യദേശത്തു നിന്നുമെത്തിയ ജ്ഞാനികളെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷത്തില്‍ നാം വായിച്ചുകേട്ടത്. ഇന്നത്തെ സുവിശേഷം ശ്രദ്ധാപൂര്‍വ്വം വായിക്കുമ്പോള്‍ ക്രിസ്തുവിന്റെ ജനനത്തോട് പ്രതികരിക്കുന്ന മൂന്നു വിധത്തിലുള്ള വ്യത്യസ്ത മനോഭാവങ്ങളെ നമുക്ക് കണ്ടെത്താനാകും. നാം ഓരോരുത്തരും ഈ മൂന്നു ഗണങ്ങളിലൊന്നില്‍ ഉള്‍പ്പെടുന്നുണ്ടെന്നതാണ് ഇതിലെ വസ്തുത.

ഒന്നാമതായി, ഹേറോദേസിന്റെ പ്രതികരണം: രക്ഷകന്റെ ജനനത്തില്‍ ലോകം മുഴുവന്‍ സന്തോഷിക്കുന്നു. അവന്റെ ജനനം ലോകത്തിനു മുഴുവന്‍ പ്രകാശം സമ്മാനിച്ചപ്പോള്‍ ഹേറോദേസിന്റെ കൊട്ടാരത്തില്‍ മാത്രം അത് അന്ധകാരം നിറച്ചു. കാരണം, രക്ഷകനേക്കാളും രക്ഷയേക്കാളും വിലയുള്ളതായി ഹേറോദേസ് കണ്ടത് അവന്റെ അധികാരമായിരുന്നു. അതിനാല്‍ തന്നെ ക്രിസ്തുവിന്റെ ജനനം ഹേറോദേസിന്റെ ഉറക്കം കെടുത്തുന്നു. പഴയനിയമത്തിലെ ബാലാക്കിനെയും സാവൂളിനെയും പോലെ ദൈവപദ്ധതികള്‍ക്കു വേണ്ടി കണ്ണടച്ച് സ്വന്തം അധികാര-സ്ഥാനമോഹങ്ങളെ മാത്രം വിലമതിക്കുന്ന ഹേറോദേസിലൂടെ ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു.

ഹേറോദേസിന്റെ മനോഭാവമുള്ള അധികാരികള്‍ ചരിത്രത്തിന്റെ നാള്‍വഴികളില്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. സ്റ്റാലിനും ഹിറ്റ്‌ലറും ഇദി അമീനും മാത്രമല്ല, സ്വന്തം ജനത്തിനു നേരെ രാസായുധം പ്രയോഗിക്കുന്ന ഭരണകൂടങ്ങളും ഗുജറാത്തിലും ഒറീസായിലും ന്യൂനപക്ഷങ്ങളെ വംശഹത്യക്കിരയാക്കിയ വര്‍ഗ്ഗീയ ഭരണകൂടങ്ങളും ഹേറോദേസിന്റെ പരിഷ്‌ക്കരിച്ച പതിപ്പുകളാണ്.

പ്രിയമുള്ളവരേ, ഹേറോദേസിനെപ്പോലെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി ദൈവികപദ്ധതികള്‍ക്ക് നാം തടസം നില്‍ക്കാറുണ്ടോ? ദൈവസാന്നിധ്യവും സഭാപഠനങ്ങളും മൂല്യമുള്ളതായി കണക്കാക്കാതെ ദൈവത്തെ സ്വീകരിക്കാന്‍ നാം വിമുഖത കാണിക്കാറുണ്ടോ എന്ന് ആത്മശോധന ചെയ്യാം. ദൈവകൃപയില്‍ ആശ്രയിച്ചുകൊണ്ട് മനസ്താപത്തിനും മാനസാന്തരത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാം.

രണ്ടാമതായി, നിയമജ്ഞരുടെയും പ്രധാന പുരോഹിതന്മാരുടെയും പ്രതികരണം: രക്ഷകന്‍ എവിടെ പിറക്കുമെന്ന് വചനം വായിച്ച് വ്യാഖ്യാനിച്ചു പറയാന്‍ അവര്‍ക്ക് നല്ല വൈഭവമുണ്ട്. അതുകൊണ്ടാണല്ലോ മിക്കാ പ്രവചനത്തെ അനുസ്മരിച്ചു കൊണ്ട് യൂദയായിലെ ബെത്‌ലഹേമില്‍ ക്രിസ്തു ജനിക്കുമെന്ന് അവര്‍ ഹേറോദേസിനെ അറിയിക്കുന്നത്. വചനം അവരുടെ ചിന്തക്കും വാക്കിനും വ്യാഖ്യാനത്തിനും വഴങ്ങുന്നതാണ്. എന്നാല്‍ വചനം മാംസമായോ എന്നതിനെക്കുറിച്ച് അവര്‍ക്ക് യാതൊരു ഉത്കണ്ഠയുമില്ല. കാരണം, തങ്ങളുടെ ജീവിതത്തില്‍ തല്‍ക്കാലം ഒരു രക്ഷകനെ അവര്‍ പ്രതീക്ഷിക്കുന്നില്ല. നിയമങ്ങളും ആചാരങ്ങളും അനുസരിച്ചും വചനം വ്യാഖ്യാനിച്ചും ജീവിച്ചിട്ടും സ്വന്തം ജീവിതത്തിലോ, മറ്റുള്ളവരിലോ ദൈവത്തെ കണ്ടുമുട്ടാത്തവരുടെ പ്രതിനിധികളാണിവര്‍.

ആകയാല്‍ അനുരഞ്ജനത്തിനു തയ്യാറാകാതെ അര്‍പ്പിക്കുന്ന ബലികളും, ദൈവാനുഭവവും ഇല്ലാതെ നടത്തുന്ന പ്രാര്‍ത്ഥനകളും, പാപവഴികളെ ഉപേക്ഷിക്കാതെ നടത്തുന്ന കുമ്പസാരങ്ങളും, ദൈവസ്‌നേഹം ഇല്ലാത്ത ഭക്തിപ്രകടനങ്ങളുമെല്ലാം രക്ഷകനെ സ്വീകരിക്കുന്നതിനുള്ള തടസങ്ങളാണ്. പലപ്പോഴും നിയമജ്ഞരുടെയും പ്രധാന പുരോഹിതരുടെയും കഠിനമനോഭാവത്തില്‍ നിന്നും നാമും അധികം ദൂരെയല്ല ഈ ഗണത്തിലാണോ നാം ഉള്‍പ്പെടുന്നതെന്ന് നമുക്ക് ആത്മശോധന ചെയ്യാം.

മൂന്നാമതായി, ജ്ഞാനികളുടെ പ്രതികരണം: അനേക നാളുകളായി മിശിഹായെ സ്വപ്നം കണ്ടതും കാത്തിരുന്നതും യഹൂദ ജനതയായിരിക്കെ, എന്തുകൊണ്ടാണ് ദൈവം തന്നെത്തന്നെ വിജാതീയര്‍ക്ക് വെളിപ്പെടുത്തിയത് എന്നതിനുള്ള ഉത്തരമാണ് ഇന്നത്തെ ലേഖനത്തിലൂടെ നാം ശ്രവിച്ചത്. യഹൂദര്‍ക്കായി രക്ഷാകര പദ്ധതി തയ്യാറാക്കിയ ദൈവം പ്രസ്തുത രക്ഷയില്‍ വിജാതീയരെയും പങ്കുകാരാക്കി. ദൈവികപദ്ധതിക്ക് അന്യരെന്നു കരുതിയിരുന്ന വിജാതീയരായ ജ്ഞാനികള്‍, തങ്ങളുടെ കണ്ണും കാതും മനസും തുറന്ന് ദൈവം കാണിച്ചുകൊടുത്ത നക്ഷത്രത്തെ പിന്തുടര്‍ന്ന് മനുഷ്യനായി അവതരിച്ച ദൈവത്തെ കണ്ടെത്തി ആരാധിച്ച് സമര്‍പ്പണം നടത്തി. സഭാപിതാവായ ജോണ്‍ ക്രിസോസ്റ്റോം ഈ സംഭവത്തെ ഇപ്രകാരം വ്യാഖ്യാനിക്കുന്നു: “രക്ഷയുടെ പ്രത്യാശ പ്രഘോഷിക്കപ്പെട്ടിരിക്കുന്നത് ലോകം മുഴുവനും വേണ്ടിയാണ്. വിജാതീയരും പൗരസ്ത്യദേശത്തു നിന്നുള്ളവരുമായ ജ്ഞാനികള്‍ സമസ്ത ജനപദങ്ങളെയും ലോകം മുഴുവനെയും പ്രതിനിധീകരിക്കുന്നു.” ഇതേ കാര്യം തന്നെയാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പറയുന്നത്: “ദൈവപുത്രന്റെ മനുഷ്യാവതാരത്തിലൂടെയുള്ള രക്ഷയുടെ സദ്വാര്‍ത്ത സ്വാഗതം ചെയ്യുന്ന ജനതകളുടെ ആദ്യഫലമായിട്ടാണ് പൗരസ്ത്യദേശത്തു നിന്നും ജ്ഞാനികള്‍ എത്തിയത്.”

രക്ഷകനെ തേടിയുള്ള അവരുടെ യാത്രയില്‍ പ്രതിസന്ധികളുണ്ടായതു പോലെ നമ്മുടെ യാത്രകളിലും തടസങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ലക്ഷ്യം മറക്കാതെ യാത്ര തുടരാന്‍ ജ്ഞാനികള്‍ നമുക്ക് മാതൃകയാകുന്നു. ദൈവം എവിടെ ജനിക്കുന്നു എന്നതല്ല പ്രധാനം, ആര് സ്വന്തമാക്കുന്നു എന്നതാണ് പ്രധാനം.

പ്രിയമുള്ളവരേ, ക്രിസ്തുവിന്റെ തിരുപ്പിറവിയെ ആഘോഷിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന പിറവിക്കാലത്തിലൂടെ കടന്നുപോകുമ്പോള്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി രക്ഷകനെ തിരസ്‌ക്കരിച്ച ഹേറോദേസിന്റെ മനോഭാവവും മനുഷ്യനായി അവതരിച്ച ദൈവത്തെ സ്വീകരിക്കാന്‍ വിമുഖത കാട്ടിയ നിയമജ്ഞരുടെയും പ്രധാന പുരോഹിതന്മാരുടെയും മനോഭാവവും അകറ്റിനിത്തിക്കൊണ്ട് ദൈവത്തെ കണ്ട്, ആരാധിച്ച ജ്ഞാനികളുടെ മനോഭാവം നമുക്ക് സ്വന്തമാക്കാം. ദൈവത്തെ കണ്ടെത്തി, ആരാധിച്ച്, സ്വന്തമാക്കാന്‍ സാധിക്കുന്ന പരിശുദ്ധ കുര്‍ബാനയും മറ്റു കൂദാശകളും നമ്മുടെ കുടുംബപ്രാര്‍ത്ഥനകളും ബോധപൂര്‍വ്വം നഷ്ടപ്പെടുത്തില്ല എന്ന തീരുമാനമെടുക്കാം.

അപ്പത്തിന്റെ ഭവനമായ ബെത്‌ലഹേമില്‍ ജ്ഞാനികള്‍ ദൈവത്തെ കണ്ടെത്തിയതുപോലെ ക്രിസ്തു തന്നെത്തന്നെ മുറിച്ചുനല്‍കുന്ന ഈ ബലിവേദിയില്‍ അപ്പത്തിലും വചനത്തിലും അവിടുത്തെ കണ്ടെത്തി നമുക്കും ആരാധിക്കാന്‍ സാധിക്കട്ടെ. അതിനുള്ള കൃപയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം.

ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. സഖറിയ മാലിയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.