ഞായര്‍ പ്രസംഗം 2, ശ്ലീഹാകാലം രണ്ടാം ഞായര്‍ മെയ്‌ 30 അധികം സ്‌നേഹിച്ചവള്‍

ബ്ര. ടോണി മങ്ങാട്ടുപൊയ്കയില്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞ മാതാപിതാക്കളേ, പ്രിയ സഹോദരങ്ങളേ,

പരിശുദ്ധാത്മാവിനെ സ്വീകരിച്ച ശ്ലീഹന്മാര്‍ ക്രിസ്തുവിന്റെ നാമത്തെപ്രതി പീഢകള്‍ സഹിക്കുന്നതില്‍ ആനന്ദിച്ച് ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ സുവിശേഷം പ്രസംഗിച്ച് സഭയെ വളര്‍ത്തിയതിന്റെ ഓര്‍മ്മയാചരിക്കുന്ന ശ്ലീഹാക്കാലത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. ഇന്നത്തെ രണ്ടാമത്തെ വായനയും നമ്മെ ഓര്‍മ്മിപ്പിച്ചത് ഇതുതന്നെയാണ്. ന്യായാധിപസംഘത്തിനു മുമ്പില്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്ന പത്രോസിനെയും യോഹന്നാനെയുമാണ് നടപടി പുസ്തകം നമുക്കു മുമ്പില്‍ അവതരിപ്പിച്ചത്.

മനുഷ്യന്റെ അവിശ്വസ്തതകളുടെയും ഇടര്‍ച്ചകളുടെയും പാപത്തിന്ന്റെയുംമേല്‍ ദൈവത്തിന്റെ കാരുണ്യം വര്‍ഷിക്കപ്പെടുന്നതിനെ അനുസ്മരിപ്പിക്കുന്ന തിരുവചനഭാഗങ്ങളാണ് തിരുസഭ നമുക്കിന്ന് പരിചിന്തനത്തിനായി നല്‍കിയിരിക്കുന്നത്.

ജീവിതത്തിന്റെ ഇടര്‍ച്ചകളെ മുഴുവന്‍ ക്രിസ്തുവിന്റെ പാദാന്തികത്തില്‍ ഇറക്കിവച്ച് ദൈവകാരുണ്യം സ്വന്തമാക്കി ജീവിതത്തിലേയ്ക്ക് സന്തോഷത്തോടെ മടങ്ങുന്ന പാപിനിയുടെ ചിത്രമാണ് ലൂക്കാ സുവിശേഷകന്‍ നമുക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്. യഹൂദജനത അവജ്ഞയോടെ വീക്ഷിച്ചിരുന്ന ചുങ്കക്കാര്‍ക്കും വ്യഭിചാരികള്‍ക്കും പാപികള്‍ക്കും സ്ത്രീകള്‍ക്കുമൊക്കെ ക്രിസ്തുവിന്റെ രാജ്യത്തിലും ഹൃദയത്തിലും ഇടമുണ്ടെന്ന് കാട്ടിത്തന്ന സുവിശേഷകനാണ് വി. ലൂക്കാ.

യവനപാരമ്പര്യങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ, യഹൂദപ്രമാണിമാരുടെ ഇടയില്‍ നിലവിലിരുന്ന ഒരു പതിവായിരുന്നു സമൂഹത്തില്‍ ജ്ഞാനികളായവരെ വീട്ടിലേയ്ക്ക് ക്ഷണിച്ച് വിരുന്ന് നല്‍കുകയും അവരുമായി ജ്ഞാനവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത്. ഈ പതിവിന്റെ ചുവടുപിടിച്ചാണ് ശിമയോന്‍ ഈശോയെ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നതും ഈശോ ശിമയോന്റെ വിരുന്നില്‍ അതിഥിയായി എത്തുന്നതും. ശിമയോന്‍ ഈശോയ്ക്കു വേണ്ടി തയ്യാറാക്കിയ വിരുന്നില്‍ വിളിക്കപ്പെടാതെ വന്നെത്തി ദൈവകാരുണ്യത്തിന്റെ വിരുന്നുണ്ട് സംതൃപ്തിയോടെ മടങ്ങുന്ന പാപിനിയുടെ ചിത്രമാണ് സുവിശേഷകന്‍ നമുക്കു മുമ്പില്‍ വരച്ചുകാട്ടുന്നത്.

വിശുദ്ധ ഗ്രന്ഥത്തിലുടനീളം നിഴലിക്കുന്ന, മനുഷ്യനോടുള്ള ദൈവത്തിന്റെ സ്ഥായിയായ മനോഭാവമാണ് കാരുണ്യം. ആത്മാവ് ശരീരത്തില്‍ നിന്നും വേര്‍പെടുന്ന മരണം എന്ന യാഥാര്‍ത്ഥ്യത്തില്‍ എത്തിച്ചേരുവോളം അനുതാപം വഴി ദൈവം സൗജന്യമായി നല്‍കുന്ന കാരുണ്യം സ്വന്തമാക്കുവാന്‍ ഒരുവനു സാധിക്കും. അനുതാപത്തിലൂടെ ദൈവകാരുണ്യം സ്വന്തമാക്കുന്ന ഇസ്രായേലിന്റെ ചരിത്രമാണ് ഇന്നത്തെ ഒന്നാം വായനയില്‍ നാം വായിച്ചുകേട്ടത്. പാപത്തിന്റെ പരിണിതഫലമായി ഇസ്രായേലില്‍ കൊടും വരള്‍ച്ചയുണ്ടാവുകയും വരള്‍ച്ചയില്‍ നാടും നഗരവും നശിക്കുകയും ചെയ്യുമ്പോള്‍ ജോയേല്‍ പ്രവാചകന്‍ ജനത്തോട് ദൈവകാരുണ്യത്തിനായി യാചിക്കുവാന്‍ ആഹ്വാനം ചെയ്യുന്നു. ജനത്തിന്റെ അനുതാപം കണ്ട് ദൈവം കരുണ തോന്നി ഇസ്രായേലില്‍ മഴ വര്‍ഷിക്കുന്നു. ഇതുപോലെ തന്നെ അനുതാപത്തിലൂടെ ജീവിതത്തില്‍ ദൈവകാരുണ്യത്തിന്റെ വര്‍ഷം സ്വന്തമാക്കിയവളാണ് സുവിശേഷത്തിലെ പാപിനി.

ഈ സുവിശേഷഭാഗം വായിച്ചു ധ്യാനിക്കുമ്പോള്‍ തിരുസഭ നമുക്കു മുമ്പില്‍ ഉയര്‍ത്തുന്നത് രണ്ട് വെല്ലുവിളികളാണ്. ഒന്നാമതായി, ഈശോയെപ്പോലെ കരുണയുള്ളവരാകാനുള്ള വെല്ലുവിളി. ഒരിക്കല്‍ പ്രസിദ്ധ സാഹിത്യകാരനായ ലിയോ ടോള്‍സ്റ്റോയി വഴിയരികിലൂടെ നടക്കുമ്പോള്‍ ഒരു യാചകന്‍ അദ്ദേഹത്തെ സമീപിച്ച് ഭിക്ഷ യാചിച്ചു. തന്റെ പഴ്‌സ് തുറന്ന്, അതില്‍ പണമില്ല എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം വ്യസനത്തോടെ ആ യാചകനെ ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞു: “സ്‌നേഹിതാ, നിനക്ക് തരുവാന്‍ എന്റെ കയ്യില്‍ പണമൊന്നുമില്ലല്ലോ.” ഉടനെ ആ മനുഷ്യന്‍ നെടു വീര്‍പ്പെട്ട് കരയാന്‍ തുടങ്ങി. ടോള്‍സ്റ്റോയി അയാളെ അണച്ചുപിടിച്ചുകൊണ്ട് കാരണം ആരാഞ്ഞപ്പോള്‍ അയാള്‍ ഇപ്രകാരം മറുപടി പറഞ്ഞു: “ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരാള്‍ എന്നെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നതും സ്‌നേഹിതാ എന്ന് അഭിസംബോധന ചെയ്യുന്നതും.”

അപരനെ സ്‌നേഹിതനും സഹോദരനുമായിക്കാണാന്‍ കഴിയുന്ന ആത്മീയതയിലേയ്ക്ക് വളരാനാണ് സുവിശേഷം ഇന്ന് നമ്മോട് ആവശ്യപ്പെടുന്നത്. വഴിയരികില്‍ കണ്ടുമുട്ടുന്ന യാചകരില്‍, വീട്ടില്‍ സഹായം അഭ്യര്‍ത്ഥിച്ചുവരുന്ന നിസ്സഹായരില്‍, അനാഥാലയങ്ങളില്‍ കഴിയുന്ന അഗതികളില്‍ ഒക്കെ സഹോദരനെയും സ്‌നേഹിതനെയും കാണാന്‍ കഴിയുന്ന കരുണയുടെ മനോഭാവം ക്രിസ്തുവില്‍ നിന്നും നമുക്ക് സ്വന്തമാക്കാം.
സുവിശേഷം നമുക്കു മുമ്പില്‍ ഉയര്‍ത്തുന്ന രണ്ടാമത്തെ വെല്ലുവിളി പാപിനിയെപ്പോലെ സ്‌നേഹിക്കാനുള്ളതാണ്. ഈ പെണ്‍കുട്ടിയെ നോക്കി ക്രിസ്തു പറഞ്ഞത്, “അവള്‍ അധികം സ്‌നേഹിച്ചു. അതിനാല്‍ അവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു” എന്നാണ്. ക്രിസ്തുവിനെ അധികം സ്‌നേഹിക്കുവാനുള്ള വെല്ലുവിളി ഏറ്റെടുക്കുമ്പോള്‍ നമുക്ക് ഈ പാപിനിയുടെ ഹൃദയഭാവങ്ങളോടൊപ്പം അവളുടെ സ്‌നേഹപ്രവര്‍ത്തികളെയും അനുകരിക്കാം.

ആദ്യമായി, പാപിനിയെപ്പോലെ ക്രിസ്തു ആയിരിക്കുന്ന ഇടങ്ങളിലേയ്ക്ക് നമുക്ക് കടന്നുചെല്ലാം. ദൈവസാന്നിദ്ധ്യം കുടികൊള്ളുന്ന ദൈവാലയത്തിലേയ്ക്കും സക്രാരിയുടെ അരികിലേയ്ക്കും നമുക്ക് നിരന്തരം പ്രാര്‍ത്ഥനയോടെ അണയാം. രണ്ടാമതായി, തന്റെ പാപജീവിതത്തെ മുഴുവന്‍ ക്രിസ്തുവിന്റെ പാദാന്തികത്തില്‍ ഇറക്കിവച്ച പാപിനിയെപ്പോലെ ജീവിതത്തില്‍ വന്നുപോകുന്ന പാപങ്ങളെയൊക്കെ അനുതാപത്തോടെ, കാലതാമസം കൂടാതെ ക്രിസ്തുവിന്റെ കുമ്പസാരക്കൂടിനു മുമ്പില്‍ ഏറ്റുപറഞ്ഞ് അവയെ കഴുകിയകറ്റാം. മൂന്നാമതായി, അവന്റെ പാദങ്ങളില്‍ ഇടവിടാതെ ചുംബിച്ച ആ പെണ്‍കുട്ടിയെപ്പോലെ അനുദിന ജീവിതത്തിലെ സകല തിരക്കുകള്‍ക്കിടയിലും നമുക്ക് നിരന്തരം ദൈവസാന്നിദ്ധ്യ സ്മരണ പുലര്‍ത്താം. നാലാമതായി, അവന്റെ പാദങ്ങളില്‍ സുഗന്ധതൈലം പൂശിയ പാപിനിയെപ്പോലെ നല്ല സംഭാഷണത്തിലൂടെ, നല്ല പെരുമാറ്റത്തിലൂടെ, നല്ല ചിന്തകളിലൂടെ നന്മയുടെ സുഗന്ധം നമ്മുടെ ജീവിതപരിസരങ്ങളില്‍ വിതറാം.

നമുക്ക് ഒരുമിച്ചു പ്രാര്‍ത്ഥിക്കാം… ഈശോയേ, നിന്നെപ്പോലെ കരുണ കാണിക്കുവാന്‍ സുവിശേഷത്തിലെ പാപിനിയെപ്പോലെ നിന്നെ അധികം സ്‌നേഹിക്കുവാന്‍ ഞങ്ങള്‍ക്ക് കൃപയും ബലവും നല്‍കണമേ.

ബ്ര. ടോണി മങ്ങാട്ടുപൊയ്കയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.