ഞായർ പ്രസംഗം 2, മംഗളവാർത്താക്കാലം നാലാം ഞായർ ഡിസംബർ 19, യൗസേപ്പ്: ദൈവത്തിന്റെ തോഴന്‍

ബ്ര. ആല്‍ബിന്‍ ചെറുപ്ലാവില്‍

ഈശോമിശിഹായില്‍ സ്‌നേഹം നിറഞ്ഞ വൈദികരേ, പ്രിയ സഹോദരങ്ങളേ,

രക്ഷകന്റെ ആഗമനത്തിന് അടുത്ത ഒരുക്കം നടത്തുന്ന നമുക്ക് രക്ഷാകര സംഭവത്തില്‍ വി. യൗസേപ്പിതാവിന്റെ നിര്‍മ്മലതയും നിര്‍ണ്ണായകവുമായ ഇടപെടലിനെക്കുറിച്ചുള്ള വചനഭാഗമാണ് ഇന്ന് തിരുസഭാമാതാവ് വചനവിചിന്തനത്തിനായി നല്‍കുന്നത്. വി. ലൂക്കായുടെ സുവിശേഷത്തില്‍ ലോകരക്ഷകന്റെ പിറവിയെക്കുറിച്ചുള്ള മംഗളവാര്‍ത്ത പരിശുദ്ധ മറിയത്തിനാണ് ലഭിക്കുന്നത്. എന്നാല്‍ വി. മത്തായിയുടെ സുവിശേഷത്തില്‍ ലോകരക്ഷകനെക്കുറിച്ചുള്ള മംഗളവാര്‍ത്ത ലഭിക്കുന്നത് വി. യൗസേപ്പിതാവിനാണ് എന്നത് ശ്രദ്ധേയമാണ്.

ദൈവികപദ്ധതികളോട് ആമ്മേന്‍ പറയുന്ന യൗസേപ്പിതാവിനെയാണ് മത്തായി ശ്ലീഹാ നമുക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്. മറിയവും യൗസേപ്പും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ് അവര്‍ ഒരുമിച്ച് ജീവിക്കുന്നതിനു മുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു എന്നാണ് തിരുവചനം രേഖപ്പെടുത്തുക. വിവാഹനിശ്ചയം കഴിഞ്ഞ രണ്ട് വ്യക്തികള്‍ക്ക് അവരുടെ കുടുംബജീവിതസ്വപ്നങ്ങള്‍ എന്തൊക്കെയായിരിക്കാമെന്നത് നമുക്ക് നിശ്ചയമാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം വിപരീതമായി മനുഷ്യബുദ്ധിക്ക് ഗ്രഹിക്കാന്‍ പറ്റാത്ത ഒരു കാര്യമാണ് ഇവിടെ സംഭവിക്കുന്നത്. യഹൂദ പാരമ്പര്യമനുസരിച്ച് പുരുഷനും സ്ത്രീയും, ഭാര്യയും ഭര്‍ത്താവുമായിത്തീരുന്നതിന്റെ ആദ്യപടിയാണ് വിവാഹനിശ്ചയം. വിവാഹനിശ്ചയം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷമാണ് വിവാഹം നടത്തുക. ഈ കാലഘട്ടത്തിലുണ്ടാകുന്ന അവിശ്വസ്തത, വധശിക്ഷ അര്‍ഹിക്കുന്ന വ്യഭിചാരമായി കണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. മോശയുടെ നിയമവും യഹൂദ പാരമ്പര്യവുമനുസരിച്ച് വാഗ്ദാനത്തില്‍ സ്ത്രീയുടെ ഭാഗത്തു നിന്നാണ് അവിശ്വസ്തത സംഭവിക്കുന്നതെങ്കില്‍ അവളെ കല്ലെറിഞ്ഞു കൊല്ലണം. യഹൂദ നിയമത്തിനു മുമ്പില്‍ യൗസേപ്പ് നീതിമാനാകണമെങ്കില്‍ മറിയത്തിനുമേല്‍ പതിക്കേണ്ട ആദ്യത്തെ കല്ല് യൗസേപ്പിന്റേതായിരിക്കണം. എന്നാല്‍ മാനുഷികനീതിക്ക് വിഭിന്നമായി ദൈവികനീതിക്ക് മുന്‍തൂക്കം കൊടുക്കുന്ന യൗസേപ്പിനെയാണ് ഇന്നത്തെ സുവിശേഷത്തില്‍ നാം കാണുന്നത്.

പൂര്‍വ്വ ജോസഫിനെപ്പോലെ പുതിയ നിയമത്തിലെ യൗസേപ്പും സ്വപ്നത്തിലൂടെയാണ് ദൈവികവെളിപാടുകള്‍ സ്വീകരിക്കുന്നത്. ദൈവഹിതം മാലാഖയിലൂടെ അറിയിക്കപ്പെട്ടപ്പോള്‍ ഒന്നും മറുത്തു പറയാതെ അത് സ്വീകരിക്കുകയാണ് യൗസേപ്പ്. സഖറിയാ പ്രകടിപ്പിച്ച ആശങ്കകളോ, മറിയം ചോദിച്ച ചോദ്യമോ യൗസേപ്പില്‍ നിന്നുയരുന്നില്ല. മറിച്ച് സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റെ ഉദാത്തമാതൃകയായി മാറുകയാണ് അദ്ദേഹം. അങ്ങനെ നിദ്ര വിട്ട് എഴുന്നേറ്റ് ജോസഫ് തനിക്കു ലഭിച്ച പുതിയ ദൈവവിളി സ്വീകരിക്കുന്നു. ഇങ്ങനെ നിദ്ര വിട്ട് എഴുന്നേല്‍ക്കുന്ന ഒരു മനുഷ്യനെ ഉല്‍പത്തിയുടെ പുസ്തകം രണ്ടാം അധ്യായത്തില്‍ നാം കാണുന്നുണ്ട്. ആദം നിദ്ര വിട്ട് എഴുന്നേറ്റ് ഹവ്വായെ സ്വീകരിച്ചു. എന്നാല്‍ അത് പാപത്തിലേക്കുള്ള ചുവടുവയ്പ്പായിരുന്നു. ഇവിടെ യൗസേപ്പ് നിദ്ര വിട്ട് എഴുന്നേറ്റ് രണ്ടാം ഹവ്വായായ മറിയത്തെ സ്വീകരിക്കുന്നു. ഇത് രക്ഷയിലേക്കുള്ള ചുവടുവയ്പ്പായിരുന്നു എന്നാണ് സഭാപിതാവായ അപ്രേം പഠിപ്പിക്കുന്നത്.

ഇന്നത്തെ തിരുവചനത്തിലൂടെ വി. യൗസേപ്പ് നമ്മെ പഠിപ്പിക്കുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, ദൈവികപദ്ധതികളോട് ആമ്മേന്‍ പറയുക. ഒരു സുവിശേഷത്തിലും ഈ പുണ്യപിതാവിന്റെ ഒരു വാക്ക് പോലും രേഖപ്പെടുത്തിയിട്ടില്ല. ആ പുണ്യപിതാവിന്റെ ആത്മീയത അത്രമേല്‍ ആഴമേറിയതാണെന്നു വേണം നാം മനസിലാക്കാന്‍. ഒരു വാക്ക് പോലും ഉരിയാടാതെ ദൈവഹിതത്തോട് ആമ്മേന്‍ പറഞ്ഞപ്പോള്‍ ജീവിതം മുഴുവന്‍ പ്രഘോഷണമാക്കി മാറ്റാന്‍ യൗസേപ്പിതാവിനു കഴിഞ്ഞു. ആ നിശബ്ദതയിലാണ് യൗസേപ്പിതാവിന് ദൈവസ്വരം കേള്‍ക്കാന്‍ സാധിച്ചത്. അതുകൊണ്ടാണ് ഉണ്ണിയായ ഈശോയെ ദേവാലയത്തില്‍ വച്ച് കാണാതായി മൂന്നാം നാള്‍ കണ്ടെത്തുമ്പോഴും ഒന്നും ഉരിയാടാതെ നില്‍ക്കുന്നത്. ഈ കാണാതാകലിലും ദൈവഹിതം തിരിച്ചറിയാന്‍ യൗസേപ്പിനു കഴിഞ്ഞു. ഇങ്ങനെ നിശബ്ദതയില്‍ ആയിരുന്നുകൊണ്ട് ദൈവത്തെ കൂടുതല്‍ മനസിലാക്കുന്ന രണ്ട് വ്യക്തികളെ സുവിശേഷങ്ങളില്‍ നാം കാണുന്നുണ്ട്. ഹൃദയം പിളരുന്ന വേദനയുണ്ടായിട്ടും കാല്‍വരിയിലേക്കുള്ള തന്റെ മകന്റെ പീഡാനുഭവയാത്രയില്‍ നിശബ്ദതയിലാണ് മറിയം ആ രഹസ്യത്തെ മനസിലാക്കുന്നത്. ഈശോ സ്‌നേഹിച്ച യോഹന്നാന്‍ എന്ന ശിഷ്യനും കാല്‍വരിയുടെ നെറുകില്‍ നിശബ്ദനായി നിന്നുകൊണ്ട് ദൈവഹിതം തിരിച്ചറിയുന്നു.

ഇന്നത്തെ പഴയനിയമ വായനകളില്‍ ദൈവികപദ്ധതിയോട് ആമ്മേന്‍ പറഞ്ഞ രണ്ടു വ്യക്തികളെ നാം പരിചയപ്പെടുന്നുണ്ട്. ഉല്‍പത്തി പുസ്തകം 24-ാം അധ്യായത്തില്‍ റബേക്കയും സാമുവേല്‍ പ്രവാചകന്റെ ഒന്നാം പുസ്തകത്തില്‍ ഹന്നായും ജീവിതത്തിന്റെ പ്രതിസന്ധിഘ ട്ടങ്ങളിലെല്ലാം ദൈവത്തോട് ആമ്മേന്‍ പറഞ്ഞവരാണിവര്‍. നമ്മുടെയൊക്കെ ജീവിതത്തില്‍ പ്രശ്‌നങ്ങളും വിഷമങ്ങളും കടന്നുവരുമ്പോള്‍ ഇവരെപ്പോലെ ആമ്മേന്‍ പറയാന്‍ സാധിച്ചാല്‍ ദൈവകൃപ നമ്മിലേക്കൊഴുകുമെന്നത് തീര്‍ച്ചയാണ്.

രണ്ടാമതായി, വി. യൗസേപ്പ് നമ്മെ പഠിപ്പിക്കുന്ന കാര്യം എന്നത് ദൈവഹിതത്തോട് നാം ആമ്മേന്‍ പറയുന്നതിനൊപ്പം അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നാം ശ്രമിക്കണം. അങ്ങനെയൊരു ഇമ്മാനുവേല്‍ അനുഭവത്തിലേക്ക് നാം വളരണം എന്നതാണ്. നിദ്രയില്‍ നിന്നുണര്‍ന്നുള്ള ജോസഫിന്റെ ജീവിതം ദൈവഹിതം മാത്രം നിറവേറ്റാനുള്ള വ്യഗ്രതയായിരുന്നു. ദൈവദൂതന്‍ കല്‍പിച്ചതെല്ലാം നിറവേറ്റുന്ന യൗസേപ്പിനെ സുവിശേഷത്തില്‍ നാം കാണുന്നു. ദൈവം നമ്മോട് സംസാരിക്കുന്നത് വചനത്തിലൂടെയും ചിലപ്പോഴെല്ലാം പല വ്യക്തികളിലൂടെയും പ്രകൃതിയിലെ ചില മാറ്റങ്ങളിലൂടെയുമാണ്. പലപ്പോഴും ഇവയെല്ലാം നാം തിരിച്ചറിയുന്നു, മനസിലാക്കുന്നു എന്നതിലുപരിയായി പ്രവര്‍ത്തനമേഖലയിലേക്ക് കൊണ്ടുവരാന്‍ നമുക്കാകുന്നില്ല. ഇന്നത്തെ ലേഖനവായനയില്‍ പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. ‘നിങ്ങള്‍ ബുദ്ധിഹീനരെപ്പോലെയല്ല ബുദ്ധിമാന്മാരെപ്പോലെ നടക്കുവാന്‍ ശ്രദ്ധിക്കുവിന്‍’ എന്ന്. ഇങ്ങനെ ദൈവഹിതം പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചതുകൊണ്ടാണ് തെരേസ എന്ന കന്യാസ്ത്രീക്ക് കല്‍ക്കട്ടയുടെ അമ്മയാകാനും ഫ്രാന്‍സിസ് എന്ന വ്യക്തിക്ക് രണ്ടാം ക്രിസ്തുവാകാനും കഴിഞ്ഞത്.

പ്രിയമുള്ള സഹോദരങ്ങളേ, ദൈവപിതാവിന്റെ ഹിതം തിരിച്ചറിഞ്ഞ പുത്രന്റെ ഈ ബലിയര്‍പ്പണത്തില്‍ നാം പങ്കെടുക്കുമ്പോള്‍ പിറവിത്തിരുനാളിന് അടുത്ത് ഒരുങ്ങുന്ന നമുക്ക് വി. യൗസേപ്പിനെപ്പോലെ ദൈവഹിതത്തോട് ആമ്മേന്‍ പറയാനും ദൈവഹിതത്തെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും ഞങ്ങളെ അനുഗ്രഹിക്കണമേ എന്നു പ്രാര്‍ത്ഥിക്കാം. തന്റെ ഹിതം തിരിച്ചറിയാന്‍ സര്‍വ്വശക്തനായ ദൈവം എന്നെയും നിങ്ങളെയും പ്രാപ്തരാക്കട്ടെ. ആമ്മേന്‍.

ബ്ര. ആല്‍ബിന്‍ ചെറുപ്ലാവില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.