ഞായർ പ്രസംഗം, മംഗളവാർത്താക്കാലം മൂന്നാം ഞായർ ഡിസംബർ 12, കാത്തിരിക്കുക, ഒരുക്കമുള്ളവരാകുക

ബ്ര. റോന്‍സി ചക്കാലയ്ക്കല്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞ വൈദികരേ, പ്രിയ സഹോദരങ്ങളേ,

‘സുവിശേഷത്തിന്റെ സന്തോഷം’ എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ ഫ്രാന്‍സിസ് പാപ്പാ സമര്‍ത്ഥിക്കുന്ന ആശയം യേശുവും അവന്റെ സുവിശേഷവും കടന്നുചെല്ലുന്ന വ്യക്തികള്‍ സന്തോഷം കൊണ്ട് നിറയുന്നു എന്നതാണ്.

മംഗളവാര്‍ത്താക്കാലം, പേര് സൂചിപ്പിക്കുന്നതു പോലെ സന്തോഷവാര്‍ത്തയുടെ കാലമാണ്. വയോധികനായ സഖറിയായ്ക്ക് സന്തോഷം, വന്ധ്യയായ എലിസബത്തിന് സന്തോഷം, മംഗളവാര്‍ത്ത കേട്ട മറിയത്തിനു സന്തോഷം, മറിയത്തിന്റെ അഭിവാദനസ്വരം കേട്ട എലിസബത്തിന്റെ ഗര്‍ഭസ്ഥശിശുവിന് കുതിച്ചു ചാടാന്‍ വേണ്ട സന്തോഷം… ഇങ്ങനെ സന്തോഷങ്ങളുടെ ഒരു നീണ്ട ഘോഷയാത്രയിലൂടെയാണ് സഭാമാതാവ് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. അസാധ്യതകളെ സാധ്യതകളാക്കി മാറ്റുന്ന ദൈവത്തിന്റെ ഇടപെടല്‍ സ്‌നാപകന്റെ ജനനം എന്ന മംഗളകരമായ കാര്യത്തെ സാധ്യമാക്കിത്തീര്‍ക്കുന്നതിനെക്കുറിച്ചുള്ള ലൂക്കായുടെ സുവിശേഷത്തിലെ ഒന്നാം അദ്ധ്യായം 57 മുതല്‍ 66 വരെയുള്ള വാക്യങ്ങളാണ് മംഗളവാര്‍ത്താക്കാലം മൂന്നാം ഞായറാഴ്ചയായ ഇന്ന് തിരുസഭാമാതാവ് വിചിന്തനത്തിനായി നമുക്ക് നല്‍കിയിരിക്കുന്നത്.

പ്രവചനങ്ങള്‍ നിറവേറുന്നതിന്റെ കഥകളാണ് ലൂക്കാ സുവിശേഷകന്‍ നിരത്തുന്നത്. ഇസ്രായേലിന്റെ രക്ഷയും ദൈവരാജ്യസ്ഥാപനവും ക്രിസ്തുവിന്റെ ആഗമനത്തോടെ നിറവേറുകയാണ്. അതിന്റെ സൂചനയാണ് ക്രിസ്തുവിനു മുന്നോടിയായി വരുന്ന യോഹന്നാന്റെ ജനനം. ഇന്നത്തെ ആദ്യ വായന, വിശ്വാസികളുടെ പിതാവായ അബ്രാഹത്തിന് വാര്‍ദ്ധക്യകാലത്ത് ഇസഹാക്ക് ജനിച്ചതിനെക്കുറിച്ചുള്ള വിവരണം, പ്രായം ചെന്ന സഖറിയായ്ക്കും എലിസബത്തിനും വിശ്വാസത്താല്‍ ജനിച്ച യോഹന്നാന്റെ ജനനത്തിന്റെ മുന്‍കുറിയായിട്ടു വേണം നാം മനസിലാക്കിയെടുക്കേണ്ടത്. രണ്ടാം വായനയില്‍ കാണുന്ന ‘മരുഭൂമിയില്‍ കര്‍ത്താവിനു വഴിയൊരുക്കുവിന്‍’ എന്ന ഏശയ്യാ പ്രവചനവും കര്‍ത്താവിന് വഴിയൊരുക്കാന്‍ മുന്‍കൂട്ടി തിരഞ്ഞെടുക്കപ്പെട്ടവനാണ് യോഹന്നാന്‍ എന്ന് വ്യക്തമാക്കുന്നു.

ദൈവം തന്റെ ജനത്തെ കൈവിടുകയില്ല എന്നതിന്റെ തെളിവായിട്ടാണ് സുവിശേഷകനായ ലൂക്കാ, സ്‌നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നത്. വാഗ്ദാനങ്ങളില്‍ ദൈവം എപ്പോഴും വിശ്വസ്തനാണ് എന്ന സത്യം സ്‌നാപകന്റെ ജനനത്തിലൂടെ ഓര്‍മ്മിപ്പിക്കുകയാണ്. ഒന്നുമില്ലായ്മയില്‍ നിന്നും ലോകത്തെ സൃഷ്ടിച്ച ദൈവത്തിന്, ചെങ്കടലിനെ വിഭജിച്ച ദൈവത്തിന്, എലിസബത്തിന്റെ വന്ധ്യതക്കും സഖറിയായുടെ പ്രായാധിക്യത്തിനുമപ്പുറം കൃപ വര്‍ഷിക്കാന്‍ കഴിയുമെന്ന് തെളിയിക്കപ്പെടുകയാണ്. അസാധ്യതകളുടെ മേല്‍ കൃപ വര്‍ഷിക്കപ്പെടണമെങ്കില്‍ സഖറിയായെയും എലിസബത്തിനെയും പോലെ ദൈവത്തിന്റെ കാരുണ്യത്തിനായി കാത്തിരിക്കാനും ഒരുങ്ങാനും സാധിക്കണം.

മനസ് മടുക്കാതെ കാത്തിരിക്കാനുള്ള ക്ഷണമാണ് സഖറിയ-ഏലീശ്വാ ദമ്പതികളുടെ ജീവിതം നമുക്ക് നല്‍കുന്നത്. ചോദിക്കുക, മുട്ടുക, അന്വേഷിക്കുക, അവസാനം വരെ വിശ്വസ്തരായിരിക്കുക ഇതൊക്കെയാണ് മനുഷ്യരില്‍ നിന്നും ദൈവം പ്രതീക്ഷിക്കുന്നത്. അങ്ങനെയുള്ള മനുഷ്യരുടെ ഉത്തമ മാതൃകയായിട്ടാണ് സഖറിയായെയും എലിസബത്തിനെയും സുവിശേഷകന്‍ നമുക്കു മുമ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. തനിക്ക് മക്കളെ തരാനാകാത്ത ഭാര്യയോടും ദീര്‍ഘനാളത്തെ പ്രാര്‍ത്ഥന കേള്‍ക്കാത്ത ദൈവത്തോടും വിട്ടുവീഴ്ചയില്ലാത്തവിധം സഖറിയാ വിശ്വസ്തനായിരുന്നു. തങ്ങള്‍ക്കും അനേകര്‍ക്കും ആനന്ദവും സന്തുഷ്ടിയും തരുന്ന സദ്വാര്‍ത്ത കേള്‍ക്കാനുള്ള ഭാഗ്യം നല്‍കി ദൈവം സഖറിയ – ഏലീശ്വാ ദമ്പതികളെ അനുഗ്രഹിച്ചു. ഇവരുടെ ജീവിതം വിശ്വാസികളായ നമുക്ക് നല്‍കുന്ന പാഠമെന്നത്, ജീവിതത്തില്‍ ഏതെല്ലാം പ്രതിസന്ധികളില്‍ കൂടി കടന്നുപോയാലും മനസു മടുക്കാതെ പ്രത്യാശയോടെ ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കാനുള്ള ആഹ്വാനമാണ്.

രണ്ടാമതായി, ദൈവത്തിന്റെ കൃപ നമ്മുടെ ജീവിതങ്ങളില്‍ വര്‍ഷിക്കപ്പെടണമെങ്കില്‍ കാത്തിരുന്നാല്‍ മാത്രം പോരാ, മറിച്ച് എപ്പോഴും ദൈവത്തിന്റെ ഇടപെടലിനു വേണ്ടി നമ്മുടെ ജീവിതങ്ങളെ ഒരുക്കേണ്ടതും ആവശ്യമാണെന്ന് ഇന്നത്തെ വചനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. കാത്തിരിക്കുക എന്നതുപോലെ തന്നെ ബൈബിളിലെ മറ്റൊരു പ്രധാന പ്രമേയമാണ് ഒരുങ്ങുക, ഒരുക്കുക എന്നത്. ഒരു ജനത്തെ ഒരുക്കുക, ഒരു സംഭവത്തിനു വേണ്ടി ഒരുങ്ങുക അങ്ങനെ നിരവധി ഒരുക്കങ്ങളുടെ കഥകള്‍ ബൈബിളില്‍ നാം കാണുന്നുണ്ട്. ന്യായാധിപന്മാരുടെ പുസ്തകത്തില്‍ സാംസന്റെ ജനനത്തെക്കുറിച്ച് ഇപ്രകാരമാണ് പറഞ്ഞുവയ്ക്കുന്നത്: ‘ദൂതന്‍ വന്ധ്യയായ ഹന്നായുടെ അടുക്കല്‍ വന്നു പറയുകയാണ്, വന്ധ്യയായ നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.’ പിന്നെ അതിനൊരുക്കമായി എന്തൊക്കെ ചെയ്യണ മെന്നാണ് പറയുന്നത്. ‘നീ സൂക്ഷിക്കണം. വീഞ്ഞോ, വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായവ ഭക്ഷിക്കുകയുമരുത്. ‘ ജനിക്കാനിരിക്കുന്ന മകനും ചില നിഷ്ഠകള്‍ പാലിക്കേണ്ടതുണ്ട് എന്ന് ദൂതന്‍ ഓര്‍മ്മിപ്പിക്കുന്നതായിട്ട് നാം കാണുന്നുണ്ട്. ‘അവന്‍ ജനനം മുതല്‍ കര്‍ത്താവിന് നാസീര്‍ വ്രതക്കാരാനായിരിക്കും.’ ഇവിടെ അമ്മയുടെ കുഞ്ഞും മഹത്തായ ഒരു കാര്യത്തിനു വേണ്ടി ഒരുങ്ങുകയാണ്. ഇതിനെ സഖറിയായുടെ ജീവിതവുമായി കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ സഖറിയായെ മൂകനാക്കി മാറ്റിയത് ശിക്ഷയായിട്ടല്ലാതെ ഒരുക്കത്തിനുള്ള നിര്‍ദ്ദേശമായിട്ട് കാണാന്‍ സാധിക്കും.

അവന്റെ ജീവിതത്തില്‍ നടക്കാന്‍ പോകുന്ന മഹത്കാര്യങ്ങള്‍ സംഭവിക്കുന്നതു വരെ മൗനിയായി ധ്യാനിച്ചും പ്രാര്‍ത്ഥിച്ചും ഒരുങ്ങാനുള്ള നിര്‍ദ്ദേശമായിട്ട് ഇതിനെ കാണാന്‍ സാധിക്കും. വഴിയൊരുക്കുക, വസതിയൊരുക്കുക, മനസൊരുക്കുക, മണ്ണൊരുക്കുക അങ്ങനെ എന്തെല്ലാം ഒരുക്കങ്ങള്‍ നാം ചെയ്യാറുണ്ട്. ജീവിതത്തില്‍ നല്ലൊരു ഭാഗം സമയവും സ്വത്തും ഒരുക്കങ്ങള്‍ക്കു വേണ്ടി ചിലവഴിക്കാറുണ്ട്. കര്‍ത്താവിന് വഴിയൊരുക്കാന്‍ വേണ്ടി മാത്രം ഒരാളെ നിയോഗിച്ച് അയയ്ക്കുന്ന സ്വര്‍ഗം. ഇത് ഒരുക്കശുശ്രൂഷയുടെ പ്രാധാന്യത്തിന് അടിവരയിടുന്നുണ്ട്. ദിവസവും ഈശോയെ നമ്മുടെ ഹൃദയങ്ങളിലേക്ക്, ജീവിതങ്ങളിലേക്ക് സ്വീകരിക്കാനായി അവിടുത്തെ സന്നിധിയില്‍ അണയുമ്പോള്‍ നാം എത്രമാത്രം ആത്മീയമായി ഒരുങ്ങുന്നുണ്ടെന്ന് നമുക്കൊന്ന് ചിന്തിച്ചുനോക്കാം. കാരണം, ഒരുക്കത്തിന്റെ ആഴമനുസരിച്ചാണ് നമ്മുടെ ജീവിതങ്ങളില്‍ ദൈവത്തിന്റെ കൃപ ധാരാളമായി വര്‍ഷിക്കപ്പെടുകയുള്ളൂ എന്ന് സഖറിയായുടെയും എലിസബത്തിന്റെയും ജീവിതവും സ്‌നാപകന്റെ അസാധാരണമായ ജനനവും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

സഖറിയായുടെയും ഏലീശ്വായുടെയും ജീവിതത്തില്‍ യോഹന്നാന്റെ ജനനത്തോടെ അനുഭവവേദ്യമായ രക്ഷാകര ദൈവിക കൃപ നമ്മുടെ ജീവിതങ്ങളിലും നിറയപ്പെടുന്നതിനു വേണ്ടി ഈ മംഗളവാര്‍ത്താക്കാലത്തില്‍ ദൈവത്തോട് നമുക്ക് പ്രാര്‍ത്ഥിക്കാം. ദൈവത്തിന്റെ കൃപ നമ്മുടെ ജീവിതങ്ങളില്‍ വര്‍ഷിക്കപ്പെടണമെങ്കില്‍, ആ അനുഭവം സ്വന്തമാക്കണമെങ്കില്‍ സഖറിയായെയും ഏലീശ്വായെയും പോലെ തക്കസമയത്തുള്ള ദൈവത്തിന്റെ ഇടപെടലിനു വേണ്ടി കാത്തിരിക്കാനും ആന്തരികമൗനം പാലിച്ച് ഹൃദയത്തില്‍ ദൈവത്തെ ധ്യാനിച്ച് അവിടുത്തേക്കായി നമ്മുടെ ഹൃദയങ്ങളെ, നമ്മുടെ ജീവിതങ്ങളെ ഒരുക്കാനും നമുക്ക് പരിശ്രമിക്കാം. ദൈവത്തിന്റെ കൃപ നീര്‍ച്ചാലായി ഒഴുകിയിറങ്ങുന്ന ഈ പരിശുദ്ധ കുര്‍ബാനയില്‍ ദൈവമേ അങ്ങയുടെ രക്ഷാകരമായ കൃപയാല്‍ ഞങ്ങളെ നിറക്കേണമേ. അതുവഴി സഖറിയായെപ്പോലെ എപ്പോഴും അങ്ങയെ സ്തുതിക്കാനും മഹത്വപ്പെടുത്താനും ഞങ്ങളെ യോഗ്യരാക്കണമേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

ബ്ര. റോന്‍സി ചക്കാലയ്ക്കല്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.