ഞായര്‍ പ്രസംഗം, പള്ളിക്കൂദാശ നാലാം ഞായര്‍ നവംബര്‍ 21 ക്രിസ്തുവിന്റെ രാജത്വത്തിരുനാള്‍

ബ്ര. റോബിൻ തറയിൽ MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞവരേ,

പള്ളിക്കൂദാശാക്കാലത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് തിരുസഭാമാതാവ് ഈശോയുടെ രാജത്വത്തിരുനാള്‍ ആഘോഷിക്കുന്നു. സര്‍വ്വലോകത്തിന്റെയും രാജാവും രക്ഷകനുമായ മിശിഹായെയാണ് ഈ തിരുനാളിലൂടെ നാം അനുസ്മരിക്കുക. ഏവര്‍ക്കും ക്രിസ്തുവിന്റെ രാജത്വത്തിരുനാള്‍ മംഗളങ്ങള്‍ ഏറ്റവും സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു.

സ്വേച്ഛാധിപതികളും പല രാജാക്കന്മാരും മാറി മാറി ഭരിച്ചിരുന്ന നാടായിരുന്നു ഭാരതം. ഇപ്പോഴും പല രാജ്യങ്ങളിലും ഈ ഏകാധിപത്യം നിലനില്‍ക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രൂരതയുടെ പര്യായമായ സ്വേച്ഛാധിപതികള്‍ ഉണ്ടായിരുന്നു. അതില്‍ ചിലരാണ് നെപ്പോളിയനും മുസോളിനിയും ഹിറ്റ്‌ലറുമൊക്കെ. ഒന്നാം ലോകമഹായുദ്ധാനന്തരം രാജാക്കന്മാരുടെയും ഏകാധിപതികളുടെയും കിരാതഭരണത്തില്‍ രാജ്യങ്ങള്‍ ഞെരിഞ്ഞമര്‍ന്നപ്പോള്‍ എവിടെയും അധികാരക്കൊതിയും അനീതിയും നടമാടി. രാഷ്ട്രങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ന്നു. ഈ അവസരത്തിലാണ് നിത്യം നിലനില്‍ക്കുന്ന രാജ്യത്തെയും സ്‌നേഹത്തിന്റെ ഭരണം നടത്തുന്ന രാജാവിനെയും ലോകത്തിന് പരിചയപ്പെടുത്തിക്കൊണ്ട് നിഖ്യ സുനഹദോസിന്റെ (Council of Nicea 325) 1600 -ാം വാര്‍ഷികദിനമായ 1925 -ല്‍ 11 -ാം പിയൂസ് മാര്‍പ പ്പ ക്രിസ്തുവിന്റെ രാജത്വത്തിരുനാള്‍ തിരുസഭയില്‍ പ്രഖ്യാപിച്ചത്.

എന്തായിരുന്നു ക്രിസ്തുവിന്റെ രാജത്വത്തിന്റെ പ്രത്യേകത? ഭൗതിക രാജസങ്കല്‍പങ്ങളില്‍ നിന്നു വ്യത്യസ്തമായി ആഡംബരങ്ങളും അധികാരശൈലികളുമില്ലാത്ത രാജത്വമാണ് ക്രിസ്തുവിന്റേത്. അവന്റെ രാജ്യം യുദ്ധങ്ങളിലൂടെയല്ല, മറിച്ച് കുരിശിലൂടെയാണ് നേടിയെടുത്തത്. വലുതാകുന്നതിലല്ല ചെറുതാകുന്നതിലും, ജീവനെടുക്കുന്നതിലല്ല ജീവന്‍ കൊടുക്കുന്നതിലും, ശുശ്രൂഷിക്കപ്പെടുന്നതിലല്ല ശുശ്രൂഷിക്കുന്നതിലുമാണ് ഈശോയുടെ രാജത്വശൈലി ഉള്‍ച്ചേര്‍ന്നിരിക്കുന്നത്.

ഇന്നത്തെ സുവിശേഷവായനയിലേക്കു കടന്നുവരുമ്പോള്‍ (മത്തായി 22: 41-46) മിശിഹാ ദാവീദിന്റെ പുത്രനേക്കാളും ഉന്നതനാണെന്ന് നാം കാണുന്നു. യഹൂദര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട മിശിഹാ ദാവീദിന്റെ പുത്രനെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് (ജെറ. 23:5, ഏശയ്യാ 11:1). എന്നാല്‍ ഈശോയുടെ കാലഘട്ടത്തില്‍ മിശിഹായെപ്പറ്റിയുള്ള പ്രതീക്ഷകള്‍ക്ക് പുതിയ മാനങ്ങള്‍ കൈവന്നിരുന്നു. തങ്ങളെ വിദേശാധിപത്യത്തില്‍ നിന്ന് മോചിപ്പിക്കുന്ന വ്യക്തിയായിട്ടാണ് മിശിഹായെ യഹൂദര്‍ കണ്ടിരുന്നത്. ദാവീദിന്റെ പുത്രന്‍ എന്ന വിശേഷണത്തില്‍ ഒതുക്കപ്പെടേണ്ടവന്‍ മാത്രമല്ല താന്‍ എന്ന് പഠിപ്പിക്കുന്നതിനോടൊപ്പം തന്നെ താന്‍ വെറുമൊരു പൊളിറ്റിക്കല്‍ ലിബറേറ്റര്‍ അല്ലായെന്നു കൂടി ഇവിടെ ഈശോ വ്യക്തമാക്കുകയാണ്.

യഹൂദരുടെ ഇടയില്‍ ഏറ്റവും ആദരിക്കപ്പെടു ന്ന വ്യക്തികളിലൊരാളായ ദാവീദ് പോലും മിശിഹായെ കര്‍ത്താവ് എന്നു വിളിക്കുന്നതിനാല്‍ മിശിഹാ വെറും ദാവീദിന്റെ പുത്രനല്ല അതിലും ഉന്നതനാണെന്ന് സുവിശേഷം പറഞ്ഞുതരുന്നു. ദൈവമായ യഹോവയോടൊപ്പം നില്‍ക്കുന്നവനാണ് മിശിഹായെന്ന് ഈശോ ഓര്‍മ്മിപ്പിക്കുന്നു. അതിനാല്‍ മിശിഹായെ കാണേണ്ടതും സ്വീകരിക്കേണ്ടതും ആ രീതിയിലായിരിക്കണമെന്ന് യഹൂദനേതാക്കന്മാരെ ഈശോ പഠിപ്പിക്കുന്നു. തന്റെ തന്നെ വാക്കുകളിലൂടെ താന്‍ ദൈവമാണെന്ന് വെളിപ്പെടുത്തുന്നതിനൊപ്പം തന്റെ കുരിശുമരണത്തിനും സഹനങ്ങള്‍ക്കും മുമ്പ് ഒരിക്കല്‍ കൂടി താന്‍ വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനാണെന്നും ദൈവമാണെന്നും അവിടുന്ന് വെളിപ്പെടുത്തുന്നു. ഇസ്രായേലിന്റെ ദൈവം തന്റെ ജനത്തിനായി ഒരുക്കിയിരിക്കുന്ന രക്ഷയിലേക്ക് കടന്നുവരാന്‍ ഒരിക്കല്‍ക്കൂടി ക്ഷണിക്കുകയാണ് അവിടുന്ന് തന്റെ രാജത്വത്തിലൂടെ.

ഇന്ന് ഈ കാലഘട്ടത്തിലും ഈശോ നമ്മോട് പറയുന്നത് ‘അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക’ (ലൂക്കാ 12:30) എന്നും അതിന് ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ തന്നെയുണ്ട് (ലൂക്കാ 17:21) എന്നുമാണ്. ഈ വചനഭാഗങ്ങള്‍ കൂടുതല്‍ മനസിലാകണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഒന്നാമതായി, ഈശോയ്ക്ക് നമ്മുടെ ജീവിതത്തില്‍ ഒന്നാം സ്ഥാനം നല്‍കുക. സാധാരണ, രാജാവിന് തന്റെ രാജ്യത്തില്‍ ഒന്നാം സ്ഥാനമാണുള്ളത്. അത് നിഷേധിക്കാനോ, ചോദ്യം ചെയ്യപ്പെടാനോ പാടില്ലാത്ത യാഥാര്‍ത്ഥ്യമാണ്. നാം ഈ കൊച്ചുജീവിതത്തില്‍ ഈശോയ്ക്ക് ഒന്നാം സ്ഥാനമാണോ നല്‍കുന്നത്? പൗലോസ് ശ്ലീഹായുടെ വാക്കുകളില്‍ പറഞ്ഞാല്‍, ‘എനിക്ക് ജീവിതം ക്രിസ്തുവാണ്’ (ഫിലി. 1:21). ക്രിസ്തുവിനെ നേടാനും അവിടുത്തോടു കൂടി ഒന്നായി കാണപ്പെടാനും ഭൗതികമായതെല്ലാം നഷ്ടമായി കരുതാനും (ഫിലി. 3:7) നമുക്ക് സാധിക്കണം.

രണ്ടാമതായി, യേശുവിന്റെ കല്‍പനകള്‍ പാലിക്കണം. രാജകല്‍പനകള്‍ അക്ഷരംപ്രതി പാലിക്കുന്നവരാണ് ആ രാജ്യത്തിലെ അംഗങ്ങള്‍. അങ്ങനെയുള്ളവര്‍ക്കു മാത്രമേ ആ രാജ്യത്തില്‍ അംഗമാകുവാന്‍ സാധിക്കുകയുള്ളൂ. ഇന്നത്തെ പഴയനിയമ വായനകളില്‍ സോളമന് കര്‍ത്താവിന്റെ അരുളപ്പാട് ഉണ്ടാകുന്നതായി നാം വായിക്കുന്നു. ‘നീ എന്റെ ചട്ടങ്ങള്‍ ആചരിച്ചും എന്റെ കല്‍പനകള്‍ പാലിച്ചും നടന്നാല്‍ ഞാന്‍ നിന്റെ പിതാവിനോടു ചെയ്ത വാഗ്ദാനം നിന്നില്‍ നിറവേറും. എന്റെ ജനത്തെ ഞാന്‍ ഉപേക്ഷിക്കുകയില്ല. അവരുടെ മദ്ധ്യേ ഞാന്‍ വസിക്കും’ (1 രാജാ. 6:11-19). ഇതു പോലെ എന്റെ രാജാവായ ക്രിസ്തുവിനോട് വിധേയത്വവും വിശ്വസ്തതയും പുലര്‍ത്തി അവിടുത്തെ കല്‍പനകളും വചനങ്ങളും നാം പാലിക്കണം. എങ്കില്‍ മാത്രമേ കര്‍ത്താവിന്റെ അനുഗ്രഹം നമ്മുടെയിടയില്‍ ഉണ്ടാകൂ. അപ്പോള്‍ നഷ്ടപ്പെട്ടു പോയ കര്‍ത്താവിന്റെ മഹത്വം മടങ്ങിവരും. ദൈവമഹത്വം ആലയത്തില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്യും (എസെ. 43:1-7).

സ്‌നേഹമുള്ളവരേ, ക്രിസ്തീയജീവിതത്തില്‍ അനേകം വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണല്ലോ നാം ജീവിക്കുന്നത്. ഐഹികരായ ഭരണകര്‍ത്താക്കള്‍ പ്രജകളോട് ചെയ്യുന്ന കൊള്ളരുതായ്മകള്‍ വേണ്ടുവോളം അനുഭവിക്കുന്നവരാണ് നമ്മള്‍. മറ്റു ജനങ്ങളെ നിസ്സാരമായി കരുതി സാധാരണ ജനങ്ങള്‍ അങ്ങ് സഹിച്ചോട്ടെ എന്ന ഔദ്ധത്യം അവര്‍ വച്ചുപുലര്‍ത്തുമ്പോഴും അതിനിടയിലും ക്രിസ്തുവാണ് എന്റെ രാജാവ് എന്ന് ഉറക്കെ വിളിച്ചുപറയുന്നവന്റെ ശബ്ദമാകണം ഓരോ ക്രിസ്തുശിഷ്യന്റെയും ജീവിതം. ഇന്നത്തെ ലേഖനവായനയില്‍ സ്വന്തം മരണത്താല്‍ രക്ഷയായിത്തീര്‍ന്നവന്‍ തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കു വേണ്ടി വീണ്ടും വരും (ഹെബ്രാ. 9:16-28) എന്ന പ്രതീക്ഷയില്‍ നമുക്കും ആയിരിക്കാം.

ക്രിസ്തു തന്നെത്തന്നെ പകുത്തുനല്‍കുന്ന വിശുദ്ധ കുര്‍ബാനയാകുന്ന സ്‌നേഹവിരുന്ന് ഒരുക്കുമ്പോള്‍ അവിടുത്തെ രാജ്യത്തിലെ ഏറ്റവും വലിയ ആഘോഷമായ ഈ വിരുന്നില്‍ നമുക്കും ഭക്തിയോടും തീക്ഷ്ണതയോടും കൂടി പങ്കെടുക്കാം. അവിടുത്തെ രാജ്യത്തിന്റെ സന്ദേശവാഹകരാകുവാന്‍, ആ രാജ്യം യാഥാര്‍ത്ഥ്യമാക്കാന്‍ നമ്മുടെ ജീവിതത്തിലും പരിശ്രമിക്കാം. നമ്മുടെ ഹൃദയത്തിലും കുടുംബത്തിലും സമൂഹത്തിലും ക്രിസ്തുവിന്റെ സ്‌നേഹവും സമാധാനവും പുലരാനിടയാകട്ടെ. അങ്ങനെ ദൈവം മഹത്വപ്പെടുകയും മനുഷ്യന്‍ ആദരിക്കപ്പെടുകയും ചെയ്യുന്ന രാജ്യം പുലരാന്‍ നമുക്കും പ്രാര്‍ത്ഥിക്കാം.
ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

ബ്ര. റോബിന്‍ തറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.