ഞായർ പ്രസംഗം, ഏലിയാ സ്ലീവാ മൂശാക്കാലം അഞ്ചാം ഞായർ സെപ്റ്റംബർ 26 മത്തായി 17: 14-21 തിരുത്തപ്പെടാന്‍ ആഗ്രഹിക്കുന്ന ശിഷ്യത്വം

ബ്ര. ജസ്റ്റിന്‍ കാരിക്കത്തറ MCBS

‘To err is human’ നാം എല്ലാവരും തന്നെ ഒരുപാട് കേട്ടു പഴകിയ പ്രയോഗം. തെറ്റുകളുണ്ടാവുക മാനുഷികം തന്നെ. എന്നാല്‍ അവയെ അംഗീകരിച്ച് തിരുത്താന്‍ തയ്യാറാകുമ്പോഴാണ് നാം ദൈവമക്കളായി മാറുന്നത്. തിരുത്തലുകളെ അംഗീകരിക്കാനും സ്വീകരിക്കാനും കഴിയാതെ പൊട്ടിത്തെറിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ഇന്നത്തെ തലമുറയുടെ മുമ്പില്‍ തങ്ങളുടെ തെറ്റുകളെ മനസിലാക്കി തിരുത്തപ്പെടാന്‍ തയ്യാറായി പരാജയത്തിന്റെ കാരണവും അന്വേഷിച്ച് ഈശോയെ സമീപിക്കുന്ന ശിഷ്യരെയാണ് മത്തായി സുവിശേഷകന്‍ നമുക്ക് കാട്ടിത്തരിക.

ഒന്ന് വ്യത്യസ്തമായി അവതരിപ്പിച്ചാല്‍ തിരുത്തപ്പെടാന്‍ ആഗ്രഹിക്കുന്ന ക്രിസ്തീയശിഷ്യത്വത്തെയാണ് ഏലിയാ സ്ലീവാ മൂശാക്കാലത്തിന്റെ അഞ്ചാം ഞായറാഴ്ചയായ ഇന്ന് തിരുസഭാമാതാവ് നമുക്ക് കാട്ടിത്തരുന്നത്.
രൂപാന്തരീകരണത്തിനു ശേഷം താഴ്‌വരയിലേക്ക് ഇറങ്ങിവരുമ്പോള്‍ അപസ്മാരരോഗിയായ ബാലനെ സുഖപ്പെടുത്താന്‍ സാധിക്കാത്ത ശിഷ്യരുടെ അല്‍പവിശ്വാസത്തെ ശാസിക്കുന്നതാണ് സുവിശേഷഭാഗം. തങ്ങള്‍ക്കെന്തേ അതിനു സാധിച്ചില്ല എന്ന ചോദ്യവുമായി ഗുരുവിന്റെ മുമ്പില്‍ നില്‍ക്കുന്ന ശിഷ്യരെയും നമുക്ക് കാണാന്‍ സാധിക്കും.

നാം പലപ്പോഴും ശിഷ്യരുടെ അല്‍പവിശ്വാസത്തെക്കുറിച്ച് ധ്യാനിക്കാറുണ്ട്. എന്നാല്‍ തങ്ങളുടെ തെറ്റ് കണ്ടെത്തി ഈശോയോട് കൂടെയിരുന്ന് അതിനെ തിരുത്താന്‍ ശ്രമിക്കുന്ന ശിഷ്യരുടെ മാതൃകയെ നാം മറന്നുപോകുന്നു. വി. മത്തായി അറിയിച്ച സുവിശേഷം 19-ാം അദ്ധ്യായം 16 മുതല്‍ 22 വരെയുള്ള വാക്യങ്ങളില്‍, ധനികനായ യുവാവിനെ നാം കാണുന്നു. ഇനിയും എനിക്ക് എന്താണ് കുറവ് എന്ന ചോദ്യവുമായാണ് അവന്‍ ഈശോയെ സമീപിക്കുക. നിയമങ്ങളെല്ലാം ഞാന്‍ ചെറുപ്പം മുതലേ നിഷ്ഠയോടെ പാലിക്കുന്നുണ്ട് എന്നുപറഞ്ഞ് തന്നെ നല്ലവനായി അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴുള്ള യേശുവിന്റെ തിരുത്തല്‍ അവന് അംഗീകരിക്കാനാവുന്നില്ല. ഇവിടെയാണ് ക്രിസ്തുശിഷ്യര്‍ തികച്ചും വ്യത്യസ്തരാകുന്നത്. തങ്ങള്‍ക്കു വന്ന പരാജയത്തെ തിരിച്ചറിഞ്ഞ ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചു ചോദിക്കുന്നു, എന്തുകൊണ്ടാണ് അതിനെ ബഹിഷ്കരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയാതെ പോയത്. തിരുത്തപ്പെടാനുള്ള മനോഭാവം പുലര്‍ത്തുന്ന ശിഷ്യന്മാര്‍ തീര്‍ച്ചയായും നമുക്ക് മാതൃക തന്നെ.

സമാനമായ ധാരാളം ഉദാഹരണങ്ങള്‍ വിശുദ്ധ ഗ്രന്ഥത്തിലുടനീളം നമുക്ക് കണ്ടെത്താന്‍ സാധിക്കും. സാമുവല്‍ പ്രവാചകന്റെ രണ്ടാം പുസ്തകം 12-ാം അദ്ധ്യായത്തില്‍, തെറ്റു ചെയ്ത ദാവീദ് രാജാവിനെ നാഥാന്‍ പ്രവാചകന്‍ കുറ്റപ്പെടുത്തുന്നുണ്ട്. പ്രവാചകനിലെ ദൈവസ്വരത്തെ തിരിച്ചറിഞ്ഞ് തന്റെ തെറ്റ് അംഗീകരിച്ച് പരിഹാരം ചെയ്യുന്ന ദാവീദ് രാജാവ് നമുക്ക് മാതൃകയാണ്. ആരെല്ലാം ഉപേക്ഷിച്ചാലും ഞാന്‍ നിന്നെ ഉപേക്ഷിക്കില്ല എന്ന് വമ്പ് പറഞ്ഞിട്ടുണ്ടെങ്കിലും തന്റെ ബലഹീനതയില്‍ ഗുരുവിനെ തള്ളിപ്പറഞ്ഞതിനെയോര്‍ത്ത് മനഃസ്തപിക്കുന്ന പത്രോസ് ശ്ലീഹായും, സ്വര്‍ഗത്തിനെതിരായും പിതാവേ നിനക്കെതിരായും ഞാന്‍ പാപം ചെയ്തുപോയി എന്ന് ഏറ്റുപറയുന്ന ധൂര്‍ത്തപുത്രനും തിരുത്തപ്പെടാന്‍ ആഗ്രഹിക്കുന്ന ക്രിസ്തീയശിഷ്യത്വത്തിന്റെ മഹത്തായ മാതൃകകളാണ്.

താന്‍ പാപിയാണെന്ന പാപബോധമായിരുന്നു ഫരിസേയനില്‍ നിന്നും വ്യത്യസ്തമായി പ്രാര്‍ത്ഥിക്കാന്‍ ചുങ്കക്കാരനെ പ്രാപ്തനാക്കിയത്. ഞാന്‍ നീതിപൂര്‍വ്വം വര്‍ത്തിക്കുന്നു എന്ന് ഫരിസേയന്‍ ദൈവത്തിനു മുമ്പില്‍ വമ്പു പറയുമ്പോള്‍, ദൈവമേ പാപിയായ എന്നില്‍ കനിയണമേ എന്ന് നെഞ്ചത്തടിച്ചു കൊണ്ട് പ്രാര്‍ത്ഥിക്കുന്ന ചുങ്കക്കാരനും, കര്‍ത്താവേ ഇതാ എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു; ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ നാലിരട്ടിയായി തിരികെ കൊടുക്കുന്നു എന്ന് ഏറ്റുപറഞ്ഞ് പരിഹാരം ചെയ്യുന്ന സക്കേവൂസും തിരുത്തപ്പെടാന്‍ ആഗ്രഹിക്കുന്ന ക്രിസ്തീയശിഷ്യത്വത്തിന്റെ പ്രതിരൂപങ്ങള്‍ തന്നെ. എന്നാല്‍ എവിടെയാണ് യൂദാസ് എന്ന ശിഷ്യന് പിഴച്ചത്? തനിക്ക് തെറ്റു പറ്റി എന്ന് തിരിച്ചറിഞ്ഞിട്ടും അത് തിരുത്താന്‍ സാധിക്കാതെ പോയതാണ് യൂദാസിന്റെ പരാജയം.

ശരിയാണ്, തിരുത്തലുകള്‍ എപ്പോഴും വേദനാജനകം തന്നെ. എന്നും തിരുത്തലുകള്‍ നല്‍കുന്നവരില്‍ നിന്നും നാം ഓടിമാറുകയാണ് പതിവ്. തന്റെ കുറവുകളെ കണ്ടെത്തി അത് തിരുത്തി ജീവിതം നവീകരിക്കുന്ന ഒരുവനു മാത്രമേ യഥാര്‍ത്ഥ ക്രിസ്തുശിഷ്യനാകാന്‍ സാധിക്കൂ. തിരുത്തപ്പെടാനും തിരികെ വരാനുമുള്ള നമ്മിലെ മനോഭാവത്തെ ആഴമായ വിചിന്തനത്തിന് വിധേയമാക്കേണ്ട ദിനമാണിന്ന്.

മാസത്തില്‍ ഒരിക്കലെങ്കിലും അനുരഞ്ജനകൂദാശയിലൂടെ പാപങ്ങള്‍ ഏറ്റുപറയുന്നവരാണ് നാമോരോരുത്തരും. എന്നാല്‍ ഓരോ കുമ്പസാരവേളയിലും പാപങ്ങള്‍ അതേ തോതില്‍ തന്നെ ആവര്‍ത്തിക്കപ്പെടുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നാം തിരുത്താനായി പരിശ്രമിക്കുന്നില്ല എന്നാണ്. സ്വയം തിരുത്താനായി നാം ആഗ്രഹിക്കുന്നെങ്കില്‍ നമുക്ക് യഥാര്‍ത്ഥ മാതൃകകള്‍ ഇന്നത്തെ വചനഭാഗത്തിലെ ശിഷ്യന്മാര്‍ തന്നെയാണ്. തങ്ങള്‍ പരാജയപ്പെട്ടു എന്നു മനസിലാക്കിയ അവര്‍ തങ്ങളുടെ പരാജയത്തിന്റെ കാരണം തിരയുന്നത് യേശുവിന്റെ പക്കലാണ്. നമുക്ക് പലപ്പോഴും പിഴക്കുന്നതും ഇവിടെയാണ്. നമ്മുടെ അനുദിനജീവിതത്തില്‍ പരാജയങ്ങളുണ്ടാകുമ്പോള്‍ നാം യേശുവിന്റെ അടുത്തേക്കാണ് ഓടിച്ചെല്ലുന്നത്. ജീവിതത്തില്‍ പരാജയങ്ങളും കുറവുകളുമുണ്ടാകുമ്പോള്‍ ഈശോയോട് കാരണം ചോദിക്കാനായാല്‍, ഈശോയോടു കൂടെ ശാന്തമായി ഒന്ന് ഇരിക്കാനായാല്‍, ഈശോയുടെ സ്വരത്തിന് കാതോര്‍ക്കാനായാല്‍ ശിഷ്യന്മാരെപ്പോലെ, സക്കേവൂസിനെപ്പോലെ, പാപിനിയായ സ്ത്രീയെപ്പോലെ പരാജയങ്ങളുടെ കാരണം കണ്ടെത്താനും തിരുത്താനും നമുക്ക് കഴിയും.

നമ്മുടെ അനുദിനജീവിതത്തില്‍ നമുക്ക് ലഭിക്കുന്ന തിരുത്തലുകളെ നാം എപ്രകാരം സ്വീകരിക്കുന്നു എന്ന് പരിചിന്തനം ചെയ്യാന്‍ കൂടി ഇന്നത്തെ വചനഭാഗത്ത് ശിഷ്യന്മാര്‍ നമ്മോട് ആവശ്യപ്പെടുന്നുണ്ട്. തിരികെ വന്ന ദാവീദും പത്രോസും മറ്റനേകരും തിരുത്തലുകളെ തുറവിയോടെ സ്വീകരിച്ചവരാണ്. നമ്മുടെ അനുദിനജീവിതത്തില്‍ മാതാപിതാക്കളിലൂടെയും സഹോദരങ്ങളിലൂടെയും ജീവിതപങ്കാളിയിലൂടെയുമെല്ലാം ദൈവം നമ്മോടു സംസാരിക്കുമ്പോള്‍, തിരുത്തലുകള്‍ നല്‍കുമ്പോള്‍ നാം എത്രമാത്രം തുറവിയോടെയാണ് അവയെ സ്വീകരിക്കുന്നത്? തിരുത്തലുകളുടെ പേരില്‍ സ്വന്തം ജീവിതത്തെ പൂവിറുക്കുന്ന ലാഘവത്തോടെ ഇല്ലാതാക്കുന്ന ഇന്നത്തെ സമൂഹത്തില്‍ തിരുത്തലുകളെ ദൈവസ്വരമായി തിരിച്ചറിഞ്ഞ് തിരുത്താന്‍ പരിശ്രമിച്ചുകൊണ്ട് ക്രിസ്തുശിഷ്യത്വത്തിലേക്ക് ഒരു പടി കൂടി വളരാം. തങ്ങളുടെ തെറ്റുകളെ തിരുത്തി വിശുദ്ധി പ്രാപിച്ച ഫ്രാന്‍സിസ് അസീസിയെയും അഗസ്റ്റിനെയും പോലുള്ള അനേകം പുണ്യാത്മാക്കളുടെ മാതൃക നമുക്ക് പിന്തുടരാം.

ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ജസ്റ്റിന്‍ കാരിക്കത്തറ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.