ഞായര്‍ പ്രസംഗം 2, ഏലിയാ സ്ലീവാ മൂശാക്കാലം മൂന്നാം ഞായര്‍ സെപ്റ്റംബര്‍ 12 ജാഗ്രതയോടെ ഉണര്‍ന്നിരിക്കാം

ബ്ര. ലിന്റോ അരീക്കുഴിയില്‍

രാത്രിയില്‍ കിടക്കുന്നതിനു മുമ്പ് നമ്മുടെ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ് വീടിന്റെ വാതിലും ജനലും പൂട്ടി ഭദ്രമാണോ എന്നു നോക്കുന്നത്. എന്തേ ഇതിനു കാരണം എന്നു ചിന്തിച്ചാല്‍ ഉത്തരം വളരെ ലളിതമാണ്. തന്റെ ജാഗ്രതക്കുറവ് മൂലം തന്റെയും തന്റെ കുടുംബത്തിന്റെയും ജീവനും സമ്പത്തും നഷ്ടമായിക്കൂടാ. ജീവനും സമ്പത്തിനും മാത്രമല്ല, ആത്മീയവളര്‍ച്ചയുടെ കാര്യത്തിലും ജാഗ്രത സൂക്ഷിക്കണമെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന വചനഭാഗമാണ് ഏലിയാ സ്ലീവാ മൂശാക്കാലത്തിലെ മൂന്നാമത്തെ ഞായറാഴ്ചയായ ഇന്ന് തിരുസഭാ മാതാവ് വചനവിചിന്തനത്തിനു നല്‍കുന്നത്. മത്തായിയുടെ സുവിശേഷത്തില്‍ മാത്രം കാണുന്ന വചനഭാഗമാണ് കളകളുടെ ഉപമ. നാം ജീവിക്കുന്ന ഈ ലോകം പലവിധ തിന്മകളാല്‍ ചുറ്റപ്പെട്ടതാണ്. നാം അറിഞ്ഞും അറിയാതെയും അതില്‍ ചെന്നു ചാടുന്നു.

പ്രിയമുള്ളവരേ, തിന്മയുടെ പ്രവര്‍ത്തനരീതി പ്രതീക്ഷിക്കാത്ത സമയത്തും പ്രതീക്ഷിക്കാത്ത വിധത്തിലും ആയിരിക്കും എന്നതാണ്. എല്ലാം ഭദ്രമെന്നു കരുതി ഉറക്കമാകുമ്പോഴാണ് തിന്മ അതിന്റെ അവസരം കണ്ടെത്തിയത് എന്നാണ് ഇന്നത്തെ വചനഭാഗം നമ്മോട് പറയുന്നത്. അതുകൊണ്ട് തിന്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സദാ ജാഗരൂകരായിരിക്കാം. സഭാപിതാവായ ഇരണേവൂസ് പറയുന്നത്, “നമ്മള്‍ ഉറങ്ങുമ്പോള്‍ ശത്രു വന്ന് കളകള്‍ വിതയ്ക്കുന്നു.” അതിനാല്‍ എപ്പോഴും ജാഗ്രതയോടെ വര്‍ത്തിക്കണമെന്ന് ഈശോ ആവശ്യപ്പെടുന്നു.

സ്വര്‍ഗരാജ്യത്തെക്കുറിച്ചുള്ള യേശുവിന്റെ പ്രബോധനങ്ങള്‍ ആരംഭിക്കുന്നത്, ഒരുവന്‍ വയലില്‍ നല്ല വിത്ത് വിതച്ചു എന്ന് പറഞ്ഞുകൊണ്ടാണ്. ഉല്‍പത്തി പുസ്തകം 1-ാം അദ്ധ്യായം 31-ാം വാക്യത്തില്‍ നാം ഇപ്രകാരം വായിക്കുന്നു: “താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്ന് ദൈവം കണ്ടു.” അതായത്, എന്നെയും നിങ്ങളെയും സൃഷ്ടിച്ച കര്‍ത്താവിന്റെ ദൃഷ്ടിയില്‍ നാമെല്ലാവരും വളരെ നല്ലവരായിരുന്നു. ആ വയലിലാണ് ശത്രു കള വിതച്ചത്. എപ്പോഴാണ് ശത്രു കളകള്‍ വിതച്ചത് എന്ന ചോദ്യത്തിന് ഉത്തരം “ആളുകള്‍ ഉറക്കമായപ്പോള്‍” എന്നാണ്. തീക്ഷ്ണതയില്ലായ്മയുടെയും ജാഗ്രതക്കുറവിന്റെയും പ്രകടനമാണ് ഉറക്കം. ഒലിവുമലയില്‍ വച്ച് ക്രിസ്തു ശിഷ്യര്‍ക്കു നല്‍കിയ താക്കീത് നമുക്കുള്ള ഓര്‍മ്മപ്പെടുത്തലാണ്. “പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുവിന്‍.”

ക്രിസ്തുവിന്റെ ഉള്ളം നൊന്ത കാഴ്ചയായിരുന്നു അത്. അതുകൊണ്ടാണ് അവിടുന്ന് അവരോട് ചോദിച്ചത്: “എന്നോടു കൂടെ ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലേ” എന്ന്. ഉറക്കത്തിലും ഉണര്‍വ്വ് സൂക്ഷിച്ചവന്റെ പേരാണ് ക്രിസ്തു. ഗലീലി കടലില്‍ ശിഷ്യരോടൊത്തുള്ള ആ വഞ്ചിയാത്ര ഓര്‍മ്മിക്കുക. തിരമാലകള്‍ ആഞ്ഞടിക്കുമ്പോഴും അവിടുന്ന് അമരത്ത് ശാന്തനായി ഉറങ്ങുകയായിരുന്നു. ശിഷ്യരില്‍ ഏറിയപേരും മുക്കുവരായിരുന്നിട്ടും പലവട്ടം തിരമാലകളോട് മല്ലിട്ട് ആഴത്തില്‍ വലയെറിഞ്ഞ് മത്സ്യത്തെ പിടിച്ചിട്ടും കാറ്റും തിരമാലകളും പ്രതികൂലമായപ്പോള്‍ വാവിട്ടു കരയുന്നു. വെറുമൊരു തച്ചനായിരുന്ന ക്രിസ്തുവാകട്ടെ, ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങുകയായിരുന്നു. കാരണം ഉള്ളില്‍ അവന്‍ ഒരു ജാഗ്രത സൂക്ഷിച്ചിരുന്നു. എല്ലാം നിയന്ത്രിക്കുന്ന പിതാവായ ദൈവം തന്നോടൊപ്പമുണ്ടെന്ന അവബോധമായിരുന്നു അത്. ഒടുവില്‍ ദൈവനാമത്തില്‍ കാറ്റിനെയും കടലിനെയും ശാന്തമാക്കുന്നു. പഴയനിയമത്തില്‍ യഹോവയെ ‘ഉറങ്ങാത്ത കാവല്‍ക്കാരന്‍’ എന്നു വിളിക്കുമ്പോള്‍ പുതിയനിയമത്തില്‍ ‘ജാഗ്രത’ ക്രിസ്തീയപുണ്യമായി അവതരിപ്പിക്കുന്നു. പ്രാര്‍ത്ഥനയില്‍ അടിസ്ഥാനമായ ജാഗ്രത, പ്രലോഭനങ്ങളെ നേരിടുന്നതിനും തിന്മയെ പരിത്യജിക്കുന്നതിനും മനസിനെ ഉണര്‍വ്വോടെ കാത്തുസൂക്ഷിക്കുന്നതിനും സഹായിക്കുന്നു. ഉറക്കത്തില്‍ നിന്നുണര്‍ന്ന് ദൈവത്തിന്റെ ഹിതം നിറവേറ്റിയവനാണ് വി. യൗസേപ്പിതാവ്. അദ്ദേഹത്തിന്റെ ഉണര്‍വ്വ് തിരുക്കുടുംബത്തിന് രൂപം നല്‍കി.

നിയമാവര്‍ത്തന പുസ്തകത്തില്‍ നാം വായിച്ചുകേട്ടു, “ദൈവത്തോട് വിശ്വസ്തത കാണിച്ചാല്‍ നിന്റെ ജീവിതത്തില്‍ അനുഗ്രഹങ്ങള്‍ ലഭിക്കും” എന്ന്. എങ്ങനെയാണ് ദൈവത്തോട് വിശ്വസ്തത കാണിക്കുക? ഉറക്കത്തില്‍ നിന്നുണര്‍ന്ന് ജാഗ്രതയോടെ വര്‍ത്തിച്ചുകൊണ്ട് വിശ്വസ്തരാകാം. ദൈവസാന്നിദ്ധ്യസ്മരണ പുലര്‍ത്തിക്കൊണ്ടാണ് നമ്മുടെ ആത്മീയ യാത്രയില്‍ തിന്മയ്‌ക്കെതിരെ ജാഗ്രതയോടെ വര്‍ത്തിക്കേണ്ടത് എന്നാണ് ആത്മീയപിതാക്കന്മാരുടെ ഭാഷ്യം. കൂടെ നടക്കുന്ന ദൈവത്തെ തിരിച്ചറിയുമ്പോള്‍ എങ്ങനെ തിന്മയോട് പൊരുത്തപ്പെടാന്‍ സാധിക്കും. യാത്രയിലും ജോലിസ്ഥലത്തും വിശ്രമത്തിലും നമുക്ക് ഓര്‍ക്കാം, ഇമ്മാനുവേല്‍ – ദൈവം നമ്മോടു കൂടെ!

വി. അഗസ്റ്റിന്‍ ഇപ്രകാരം പറഞ്ഞുവയ്ക്കുന്നു: “ഓരോ പരിശുദ്ധ കുര്‍ബാനയിലും നമുക്ക് ആവശ്യമായ അനുഗ്രഹങ്ങളുമായി നമ്മുടെ ഓരോരുത്തരുടെയും മുമ്പിലൂടെ ക്രിസ്തു കടന്നുപോകുന്നുണ്ട്. നമ്മുടെ ഒരു നിമിഷത്തെ ശ്രദ്ധക്കുറവ് മൂലം നമുക്കു ലഭിക്കേണ്ട അനുഗ്രഹങ്ങള്‍ നമ്മള്‍ നഷ്ടപ്പെടുത്തിക്കളയുന്നു.” അതുകൊണ്ട് പ്രിയമുള്ളവരേ, നാം അര്‍പ്പിക്കുന്ന പരിശുദ്ധ കുര്‍ബാനയില്‍ അതീവശ്രദ്ധയോടും ജാഗ്രതയോടും കൂടി പങ്കെടുക്കുവാനുള്ള കൃപയ് ക്കായി നമുക്ക് മനസ്സുരുകി പ്രാര്‍ത്ഥിക്കാം.

സര്‍വ്വശക്തനായ ദൈവം നമ്മെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ലിന്റോ അരീക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.