ഞായര്‍ പ്രസംഗം ഉയിര്‍പ്പ് ഏഴാം ഞായര്‍ മെയ്‌ 16 മര്‍ക്കോ. 16: 14-20 ഉത്ഥിതനെ പ്രഘോഷിക്കാന്‍ അയയ്ക്കപ്പെടുന്നു

ഉത്ഥിതനായ ഈശോ, തന്റെ ഇഹലോകജീവിതം അവസാനിപ്പിച്ച് പിതാവിന്റെ സന്നിധിയിലേക്ക് പോവുകയാണ്. കഴിഞ്ഞ 3 വര്‍ഷങ്ങളിലെ പ്രബോധനത്താലും പ്രവൃത്തിയാലും ജനങ്ങളെ വഴിനടത്തി രക്ഷയുടെ മാര്‍ഗ്ഗം തെളിയിച്ചു. എന്നാല്‍, തന്റെ കാലത്തിനുശേഷം ശ്ലീഹന്മാരെ ഉത്തരവാദിത്വം ഭരമേല്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഉത്ഥിതന്‍ അവരെ അടുത്തുവിളിച്ച്, ഭൂവാസികളെ പ്രകാശിപ്പിക്കാനുള്ള ദൗത്യം അവരെ ഭരമേല്പിക്കുന്ന രംഗമാണ് മര്‍ക്കോസിന്റെ സുവിശേഷം 16-ാം അധ്യായം 14-20 വരെയുള്ള ഭാഗത്തില്‍ വിവരിച്ചിരിക്കുന്നത്.

യോഹന്നാന്‍ 23-ാം പാപ്പാ പറയുന്നു. ”ഈ ലോകത്തില്‍ ഓരോ വിശ്വാസിയും പ്രകാശത്തിന്റെ ഒരു സ്ഫുലിംഗവും സ്‌നേഹത്തിന്റെ ഒരു കേന്ദ്രവും സഹജീവികളുടെയിടയില്‍ ജീവസംദായകമായ പുളിമാവും ആയിരിക്കുന്നു.” മര്‍ക്കോസ് സുവിശേഷ ഭാഷ്യമനുസരിച്ച് ക്രിസ്തു, തന്റെ 3 വര്‍ഷക്കാലം അവരെ ഈ ദൗത്യത്തിനായി ഒരുക്കുകയായിരുന്നു. എന്നിട്ടും ഒരു ‘ക്രിസ്തുസാക്ഷി’ ആകാന്‍ തക്കവിധം 2 കുറവുകളാണ് ക്രിസ്തു പറയുന്നത് – ഹൃദയകാഠിന്യവും വിശ്വാസരാഹിത്യവും. ക്രിസ്തു, താന്‍ ഉയിര്‍ത്തതിനുശേഷം പലര്‍ക്കും പ്രത്യക്ഷപ്പെട്ടിട്ടും അതൊന്നും ശിഷ്യര്‍ക്ക് വിശ്വാസത്തിന്റെ മാര്‍ഗ്ഗമായില്ല. അതുകൊണ്ടാണ് ഈശോ അവരെ കുറ്റപ്പെടുത്തുന്നത്.

‘ഹൃദയം കഠിനമാക്കുക’ അത് പഴയനിയമകാലം മുതല്‍ കാണുന്നതാണ്. മോശയുടെ ചരിത്രത്തിലെ ഫറവോ രാജാവും, പിന്നീട് രാജാക്കന്മാരുടെ ചരിത്രത്തിലെ സാവൂളുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. വി. പൗലോസ് അപ്പസ്‌തോലന്റെ ഭാഷ്യത്തില്‍ ഹൃദയം കഠിനമാക്കുക എന്നത് ദൈവഹിതത്തിനും ദൈവിക വെളിപ്പെടുത്തലുകള്‍ക്കും എതിരെയുള്ള മനുഷ്യന്റെ നിലപാടുകളെ സൂചിപ്പിക്കുന്നു (റോമാ 1: 18-32). എന്തിനായിരിക്കാം, ഇപ്രകാരം ഒരവസ്ഥയിലൂടെ ശിഷ്യര്‍ കടന്നുപോയത് എന്നുകൂടി ചിന്തിക്കാം. ശിഷ്യര്‍, ഈശോയുടെ ഉത്ഥാനരഹസ്യം പ്രഘോഷിക്കേണ്ടവരാണ്. പ്രഘോഷിക്കുമ്പോള്‍ ചിലരെങ്കിലും അവരുടെ സാക്ഷ്യത്തെ അവിശ്വസിച്ചു എന്നുവരാം. അപ്പോള്‍ പതറാതെ, തളരാതെ, യേശു, സാക്ഷ്യങ്ങള്‍ക്കുമപ്പുറം ഇന്നും എപ്പോഴും ഏവര്‍ക്കും പ്രത്യക്ഷപ്പെടുവാന്‍ കഴിയുന്നവനാണ് എന്ന വിശ്വാസം അവരെ നയിക്കണം.

സ്‌നേഹമുള്ളവരെ, ക്രിസ്താനുഭവങ്ങള്‍ ഉള്ളവരെന്ന് സ്വയം കരുതുന്ന നാം പലപ്പോഴും ക്രിസ്താനുഭവമുള്ള മറ്റുള്ളവരെ കാണാന്‍ തയ്യാറാകുന്നില്ല. പലപ്പോഴും കണ്ണാടിക്കുള്ളില്‍ തന്നെ നോക്കിനില്‍ക്കുന്ന, എന്റെ മാത്രം ലോകത്താണ് നമ്മള്‍. പക്ഷേ, അതിനുമപ്പുറം ഒരു ലോകമുണ്ടെന്ന് നാം അറിയണം. ഈശോയെ കണ്ടവരുടെ സാക്ഷ്യങ്ങള്‍ വിശ്വസിക്കാന്‍ മടികാണിച്ച ശിഷ്യരെ തന്നെയാണ് ക്രിസ്തു സുവിശേഷം പ്രസംഗിക്കാന്‍ അയ്ക്കുന്നത്. ഇനി ക്രിസ്തുവിനെ തേടിപ്പോകേണ്ടതില്ല. അവന്‍ അവരോടൊപ്പം തന്നെയുണ്ട്.

സ്വാര്‍ത്ഥതയുടെയും വിശ്വാസരാഹിത്യത്തിന്റെയും ഹൃദയകാഠിന്യത്തിന്റെയും കണ്ണുകള്‍ മെല്ലെ അടച്ച് ഒരു പുതുലോകത്തേയ്ക്ക് നിന്റെ കണ്ണുകളെ തുറക്കുക. ഇന്നത്തെ മനുഷ്യന്റെ പച്ചയായ ജീവിതസാഹചര്യങ്ങളില്‍ ക്രിസ്ത്വാനുഭവത്തെ അടയാളപ്പെടുത്തുന്ന മനുഷ്യരെ തിരിച്ചറിയാനാകണം. അങ്ങനെ ഒരു നവ സുവിശേഷവത്കരണത്തിന്റെ വാതിലുകള്‍ നമുക്ക് തുറക്കാം.

ബ്ര. ചാക്കോ വടക്കേതലക്കല്‍  MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.