ഞായർ പ്രസംഗം 2, കൈത്താക്കാലം മൂന്നാം ഞായർ ജൂലൈ 25 യോഹ. 9: 1-12 നമുക്കും പ്രകാശത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കാം

ബ്ര. ബിനു കുളങ്ങര MCBS

മിശിഹായില്‍ ഏറ്റവും സ്‌നേഹിക്കപ്പെടുന്നവരേ,

അന്ധതയില്‍ മുഴുകി ജീവിക്കുന്ന ദൈവജനത്തോട് പ്രകാശത്തിന്റെ പാതയിലൂടെ സഞ്ചരിച്ചുകൊണ്ട് പ്രകാശത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരാകാനാണ് ഇന്നത്തെ സുവിശേഷത്തിലൂടെ യോഹന്നാന്‍ ശ്ലീഹ നമ്മെ ഓര്‍മ്മപ്പെടുത്തുക. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ ദൈവത്തെ മറന്നു ജീവിക്കുന്നതാണ് ഏറ്റവും വലിയ അന്ധത. നമ്മുടെ ഉള്ളിലെ അന്ധത തുടച്ചുമാറ്റി നാം ഓരോരുത്തരും പ്രകാശത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരാകുവാന്‍ വേണ്ടിയാണ് ക്രിസ്തു നമ്മുടെ ഇടയിലേക്ക് കടന്നുവന്നത്.

വി. ലൂക്കായുടെ സുവിശേഷം 4-ാം അദ്ധ്യായം 19-ാം തിരുവചനത്തില്‍, അന്ധര്‍ക്ക് കാഴ്ചയും കര്‍ത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ വന്ന യേശുവിന്റെ ലക്ഷ്യം തന്നെ തന്റെ ദൈവജനത്തെ പ്രകാശത്തിന്റെ മാര്‍ഗ്ഗത്തിലൂടെ നയിക്കുക എന്നതാണ്. യോഹന്നാന്റെ സുവിശേഷം 9-ാം അദ്ധ്യായം 3-ാം തിരുവചനം പറഞ്ഞുവയ്ക്കുന്നതും ഇതാണ്. ദൈവത്തിന്റെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുവാന്‍ വന്നവനാണ് ക്രിസ്തു. ബൈബിളില്‍ ദൈവം പറയുന്നതായി ആദ്യം രേഖപ്പെടുത്തിയിരിക്കുന്ന ‘വചനം വെളിച്ചം ഉണ്ടാകട്ടെ’ (ഉല്‍. 1:3) എന്നാണ്.
വെളിച്ചത്തിന് സാക്ഷ്യം നല്‍കുവാനായി കടന്നുവന്ന യേശുവിന്റെ പ്രവര്‍ത്തികളെപ്പറ്റി ഏശയ്യാ വളരെ മനോഹരമായി പ്രതിപാദിക്കുന്നത് ഇതു തന്നെയാണ്. ഏശയ്യാ 35:4-ാം തിരുവചനം. ദൈവത്തിന്റെ പ്രതിഫലവുമായി വന്ന് അവിടുന്ന് നിങ്ങളെ രക്ഷിക്കും. അപ്പോള്‍ അന്ധരുടെ കണ്ണുകള്‍ തുറക്കപ്പെടും. അതുകൊണ്ടാണ് ക്രിസ്തുവിന്റെ ജനനം കണ്ട് വന്ന ജ്ഞാനികള്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുക, ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം അതായത്, പ്രകാശം കണ്ടു. വീണ്ടും ക്രിസ്തു തന്റെ ദൗത്യം ആരംഭിച്ചപ്പോള്‍ മത്തായി സുവിശേഷകന്‍ ഇപ്രകാരം എഴുതി. “അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ജനം ഒരു പ്രകാശം കണ്ടു” (4:16).

ലൂക്കായുടെ സുവിശേഷം 2:32 തിരുവചനത്തിലൂടെ നീതിസൂര്യനായ ക്രിസ്തുവിനെ കയ്യിലെടുത്ത വയോധികനായ ശിമയോന്‍ പറഞ്ഞു: “വിജാതീയര്‍ക്ക് വെളിപാടിന്റെ പ്രകാശമാണിവന്‍.” വെളിച്ചം ഉണ്ടാകട്ടെ എന്ന ഒറ്റ വാക്കു കൊണ്ട് പ്രപഞ്ചത്തെ പ്രകാശമാക്കിയവനാണ് ദൈവം. ക്രിസ്തു കാണിച്ചുതന്ന പ്രകാശത്തിന്റെ മാര്‍ഗ്ഗത്തിലൂടെ നടന്നുനീങ്ങി നാം ഒരോരുത്തരും പ്രകാശത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരാകുവാനാണ് അവിടുന്ന് ആഗ്രഹിക്കുന്നത്.

യോഹന്നാന്റെ സുവിശേഷം 8-ാം അദ്ധ്യായം അവസാനിക്കുന്നത് ഇങ്ങനെയാണ്. തന്നെ കല്ലെറിഞ്ഞു കൊല്ലാന്‍ ഒരുമ്പെടുന്ന യഹൂദനേതൃത്വത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ട് ദൈവാലയത്തിന്റെ പുറത്തേക്ക് ഈശോ ഓടിപ്പോയി. ഇതിന്റെ തുടര്‍ച്ചയാണ് 9-ാം അദ്ധ്യായം. ഈശോ തന്റെ പ്രാണനു വേണ്ടിയുള്ള ഓട്ടത്തിനിടയിലും ഇടയിലും അന്ധന്റെ മുമ്പില്‍ സ്വന്തം ജീവന്‍ മറന്ന് അല്ലെങ്കില്‍ സ്വന്തം രക്ഷ മറന്നു നില്‍ക്കുന്നു. കാല്‍വരിയിലെ കുരിശില്‍ ഈശോ അന്ത്യശ്വാസം വലിക്കുമ്പോള്‍ ഒരു പടയാളി അവിടുത്തെ പാര്‍ശ്വത്തില്‍ കുന്തം കൊണ്ട് കുത്തുന്നു. ലോങ്കിനൂസ് എന്ന ഈ പടയാളിയുടെ വലതുകണ്ണിന് കാഴ്ചയില്ലായിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. കുന്തം കൊണ്ട് കുത്തിയപ്പോള്‍ അവിടുത്തെ തിരുവിലാവില്‍ നിന്നും ഒഴുകിയെത്തിയ രക്തവും വെള്ളവും ലോങ്കിനൂസ് എന്ന പടയാളിയുടെ കണ്ണിലാണ് പതിച്ചത്. ആ നിമിഷം അവന്റെ കാഴ്ച തിരിച്ചുകിട്ടി എന്ന് ചരിത്രം പറഞ്ഞുവയ്ക്കുന്നു.

തന്റെ അവസാന നിമിഷം പോലും സ്വന്തം ജീവനും രക്ഷയും മറന്ന് മനുഷ്യവംശത്തെ പ്രകാശത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്നു. അതുകൊണ്ട് ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നാം ദൈവത്തെ മറന്ന് അന്ധരായി കഴിയുമ്പോള്‍ തീര്‍ച്ചയായും ക്രിസ്തു തന്റെ ജീവനും രക്ഷയും മറന്ന് നമ്മില്‍ നിന്ന് ഒരു കല്ലേറു ദൂരം മാറിനില്‍പുണ്ടാകും.

വചനത്തില്‍ ഈശോ ആദ്യം ചെയ്യുന്ന പ്രവര്‍ത്തി ഏറെ ശ്രദ്ധേയമാണ്. ഈശോ നിലത്ത് തുപ്പി. തുപ്പല്‍ കൊണ്ട് ചെളിയുണ്ടാക്കി അവന്റെ കണ്ണുകളില്‍ പുരട്ടി. അന്ധരായ യാചകര്‍ക്കു നേരെ അവജ്ഞയോടെ തുപ്പുന്നത് പാലസ്തീനായില്‍ പതിവു കാഴ്ചയാണ്. സമൂഹത്തില്‍ ഇവരെ വില കുറച്ചു കാണിക്കുന്നതിന്റെ തെളിവാണ് അവരെ നോക്കി അവജ്ഞയോടെ നിലത്തു തുപ്പുന്നത്. സമൂഹത്തിന്റെ മുമ്പില്‍ വില കെട്ടവന്‍ എന്നും ഒന്നിനും കൊള്ളില്ലാത്തവന്‍ എന്നുമൊക്കെ മുദ്ര കുത്തപ്പെട്ടവന്‍ യേശുവിന്റെ മുമ്പില്‍ ഏറ്റവുമധികം വിലയുള്ളവരാണ്. യേശു നിലത്ത് തുപ്പി ചെളിയുണ്ടാക്കിയത് അവനെ അപമാനിക്കാനായിരുന്നില്ല മറിച്ച്, അവന് പുതുജീവന്‍ നല്‍കുവാനായിരുന്നു. ഏദന്‍ തോട്ടത്തില്‍ മണ്ണില്‍ ചെളിയുണ്ടാക്കി മനുഷ്യനെ മെനഞ്ഞ സ്രഷ്ടാവിന്റെ പ്രവര്‍ത്തിയെ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നതാണ് ക്രിസ്തുവിന്റെ ഈ പ്രവര്‍ത്തി. ക്രിസ്തു ഇവിടെ പുതിയ സൃഷ്ടി നടത്തുന്നു. മനുഷ്യന്റെ രക്ഷയ്ക്ക് ദൈവത്തിന്റെ പ്രവര്‍ത്തിയോടൊപ്പം തന്നെ മനുഷ്യന്റെ സഹകരണവും കൂടെ ആവശ്യമായിട്ടുണ്ട്. അതുകൊണ്ടാണ് സീലോഹയില്‍ പോയി കഴുകുവാന്‍ ഈശോ അന്ധനോട് ആവശ്യപ്പെടുക. പരിമിതികള്‍ ഏറെ ഉണ്ടായിട്ടും അവന്‍ യേശുവിന്റെ ആവശ്യം അതേപടി അനുസരിച്ചതാണ് അവന്റെ രക്ഷയ്ക്ക് കാരണമായത്.

പ്രിയമുള്ളവരേ, ദൈവത്തിന്റെ പ്രവര്‍ത്തി എന്നില്‍ പ്രകടമാകണമെങ്കില്‍ നമ്മുടെ സഹകരണവും ആവശ്യമാണ്. സീലോഹ എന്ന വാക്കിന്റെ അര്‍ത്ഥം ‘അയയ്ക്കപ്പെട്ടവന്‍’ എന്നാണ്. ഈശോ പരിശുദ്ധാത്മാവിനാല്‍ അയയ്ക്കപ്പെട്ടവനാണ് എന്ന് യോഹന്നാന്‍ സുവിശേഷകന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇന്നത്തെ വചനഭാഗത്ത് അന്ധന്‍ പോയി മുങ്ങിയത് മനുഷ്യവംശത്തിന്റെ രക്ഷയ്ക്കായി പിതാവിനാല്‍ അയയ്ക്കപ്പെട്ട യേശുവാകുന്ന ജീവജലത്തിലായിരുന്നു. അന്ധതയില്‍ കഴിയുന്ന ജനം ക്രിസ്തുവിനാല്‍ കഴുകപ്പെടണം. ക്രിസ്തുവിനാല്‍ പ്രകാശിതമാകണം. യേശുവില്‍ വിശ്വസിച്ച് സ്‌നാനപ്പെടുമ്പോള്‍ ഒരുവന്റെ കാഴ്ചയിലും കാഴ്ച്ചപ്പാടിലും മാറ്റം വരുന്നു. അവന്‍ ക്രിസ്തുവിനാല്‍ പ്രകാശിതമാകുന്നു. ഇങ്ങനെ ക്രിസ്തുവാല്‍ അന്ധത മാറി പ്രകാശിതമായ ഒരു വ്യക്തിയെ അപ്പസ്‌തോല പ്രവര്‍ത്തനത്തില്‍ നാം കണ്ടുമുട്ടുന്നു. “സാവൂള്‍ അന്ധനായിരുന്നു. പൗലോസായപ്പോള്‍ അവന് വെളിച്ചം കിട്ടി. അവന്റെ കണ്ണുകളിലെ ചെതുമ്പലുകള്‍ അടര്‍ന്നുപോയി” (അപ്പ. പ്രവ. 9). കര്‍ദ്ദിനാള്‍ ന്യൂമാന്‍ ആത്മാവിന്റെ ഇരുണ്ട രാത്രികളില്‍ വെളിച്ചത്തിനായി പ്രാര്‍ത്ഥിച്ചു. “നിത്യമാം പ്രകാശമേ നയിക്കുക എന്നെ നീ.”

ക്രിസ്തുവിന്റെ പ്രകാശത്തില്‍ വ്യാപരിക്കുവാനായി നമ്മിലെ അന്ധത മാറ്റുവാന്‍ വെളിപാട് ഗ്രന്ഥകാരന്‍ ലവോദിക്യയിലുള്ള സഭയ്ക്കു നല്‍കുന്ന ഉപദേശം നമുക്ക് ഹൃദയത്തില്‍ സൂക്ഷിക്കാം. “കാഴ്ച നേടാന്‍ കണ്ണിലെഴുതാനുള്ള അഞ്ജനം നീ എന്നോടു വാങ്ങുക” (വെളി. 3:18).

ബ്ര. ബിനു കുളങ്ങര

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.