ഞായര്‍ പ്രസംഗം 2, മംഗളവാര്‍ത്ത നാലാം ഞായര്‍ ഡിസംബര്‍ 20 മത്തായി 1: 18-24 യൗസേപ്പ്: ദൈവികപദ്ധതിയുടെ കാവല്‍ക്കാരന്‍

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹമുള്ളവരേ,

ബ്ര. അജോ തോമസ്‌, വടക്കേട്ട് MSJ

ആരാധനാക്രമവത്സരത്തിലെ മനുഷ്യാവതാര രഹസ്യത്തെ അനുസ്മരിക്കുന്ന മംഗളവാര്‍ത്താക്കാലത്തിലെ അവസാന ഞായറാഴ്ചയില്‍ നാം എത്തിനില്‍ക്കുമ്പോള്‍ ദൈവതിരുമനസ്സ് നമ്മുടെ ജീവിതത്തിലും നിറവേറുവാന്‍ രക്ഷകന്റെ വരവിനായി കാത്തിരുന്ന് ത്യാഗപ്രവര്‍ത്തികളിലൂടെ നാം ഒരുങ്ങുകയായിരുന്നു. തിരുസഭാ മാതാവ് വി. മത്തായിയുടെ സുവിശേഷം 1-ാം അദ്ധ്യായം 18 മുതല്‍ 24 വരെയുള്ള വാക്യങ്ങള്‍ ഇന്ന് വിചിന്തനത്തിനായി നല്‍കുമ്പോള്‍ കൂടുതല്‍ ഒരുക്കത്തോടെ ദൈവഹിതം നമ്മില്‍ നിറവേറുവാന്‍ നമുക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം.

ദൈവതിരുമനസ്സ് നിറവേറ്റുവാന്‍ സ്വയം സമര്‍പ്പിക്കുന്ന എല്ലാവരും ഒരു ആന്തരീകസംഘര്‍ഷത്തിലൂടെ കടന്നുപോകുവാന്‍ ദൈവം അനുവദിക്കുന്നു. വി. യൗസേപ്പിതാവും യേശുവിന്റെ രക്ഷാകര രഹസ്യത്തില്‍ സഹകരിക്കേണ്ടതിന് ഈ ഒരു സംഘര്‍ഷത്തിലൂടെ കടന്നുപോയ വ്യക്തിയാണ്. യഹൂദ നിയമത്തില്‍ പുരുഷനും സ്ത്രീയും ഭാര്യാഭര്‍ത്താക്കന്മാരാകുന്നതിന്റെ ആദ്യപടി ആയിട്ടാണ് വിവാഹനിശ്ചയത്തെ കണ്ടിരുന്നത്. യഹൂദനിയമവും പാരമ്പര്യവും അനുസരിച്ച് വിവാഹനിശ്ചയത്തിനും ദമ്പതികളുടെ സഹവാസത്തിനുമിടയില്‍ ഒരു വര്‍ഷം വരെ കാലാവധി ഉണ്ടായിരുന്നു. നിയമപരമായി പുരുഷനും സ്ത്രീയും ഭാര്യാഭര്‍ത്താക്കന്മാരായതിനാല്‍ ഉടമ്പടിയില്‍ പ്രവേശിച്ചവര്‍ പിന്മാറണമെങ്കില്‍ ഒരാളുടെ മരണമോ വിവാഹമോചനമോ സംഭവിക്കണം (നിയമാ. 24:1-4). ഈ കാലഘട്ടത്തില്‍ ഉണ്ടാകുന്ന അവിശ്വസ്ഥത, വധശിഷ അര്‍ഹിക്കുന്ന വ്യഭിചാരമായി യഹൂദര്‍ കണ്ടിരുന്നു (നിയമാ. 22:21-25). ഭാര്യ ഭര്‍ത്താവിനോടൊപ്പം ഉടനെ താമസിക്കാന്‍ തുടങ്ങുന്നില്ലെങ്കിലും വിവാഹനിശ്ചയത്തോടെ ഒരു പെണ്‍കുട്ടി അവളുടെ പിതാവിന്റെ അധികാരപരിധിയില്‍ നിന്ന് വിവാഹനിശ്ചയം നടത്തിയ ചെറുപ്പക്കാരന്റെ അധികാരപരിധിയിലേയ്ക്ക് മാറുമായിരുന്നു. ഈ കാലയളവില്‍ അവര്‍ തമ്മില്‍ ഒരിക്കലും സംയോജിക്കില്ലായെങ്കിലും ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

എന്നാല്‍, ഇന്നത്തെ സുവിശേഷത്തില്‍ വി. യൗസേപ്പ് അഭിമുഖീകരിച്ച പ്രശ്നം, വിവാഹനിശ്ചയത്തിനുശേഷം താനറിയാതെ തന്റെ ഭാര്യയായ മറിയം ഗര്‍ഭിണിയാണെന്ന വേദനിപ്പിക്കുന്ന വാര്‍ത്തയാണ്. ഈ ഒരു സാഹചര്യത്തില്‍ യൗസേപ്പില്‍ പലതരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഒന്നാമത്തേത്, ഏറ്റവും കരുണ നിറഞ്ഞതും സൗമ്യവുമായ ഒരു പ്രതികരണമാണ്. കരുണയുടെ കവിഞ്ഞൊഴുകലാണ് യൗസേപ്പിന്റെ ജീവിതത്തില്‍ നാം കാണുക. താനുമായി വിവാഹനിശ്ചയം നടത്തിയിരുന്നവള്‍ താനറിയാതെ ഗര്‍ഭിണിയായിരിക്കുന്നുവെന്ന് യഹൂദ അധികാരികളോട് പരാതി പറഞ്ഞാല്‍ അവര്‍ യഹൂദ നിയമപ്രകാരം അതായത്, അന്യപുരുഷനുമായി വിവാഹവാഗ്ദാനം നടത്തിയ ഒരു കന്യക വ്യഭിചാരം ചെയ്താല്‍ പട്ടണത്തിനു വെളിയില്‍ കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലണമെന്ന ശിക്ഷാവിധി (നിയമാ. 22:23-24) മറിയത്തിനെതിരെ നടപ്പാക്കുമായിരുന്നു. അങ്ങനെ യൗസേപ്പ് ചെയ്യാത്തതിന്റെ കാരണം സുവിശേഷത്തില്‍ വ്യക്തമാക്കുന്നുണ്ട്. അത് മറിയത്തിന്റെ ഭര്‍ത്താവായ യൗസേപ്പ് നീതിമാനായിരുന്നു എന്നതാണ്.

ദൈവനിയമം അനുസരിക്കുന്നവരെ ആയിരുന്നു യഹൂദര്‍ ‘നീതിമാന്മാര്‍’ എന്നു വിളിച്ചിരുന്നത്.
യൗസേപ്പിന്റെ രണ്ടാമത്തെ പ്രതികരണം, മറിയത്തെ അപമാനിതയാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല എന്നതായിരുന്നു. നീതിമാനായ യൗസേപ്പ് താനുനായി വിവാഹബന്ധം ഉറപ്പിച്ചിരിക്കുന്ന പെണ്‍കുട്ടി താനറിയാതെ ഗര്‍ഭിണിയാണെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍, അക്കാര്യം പരസ്യമാക്കി, മറിയത്തെ ജനമദ്ധ്യത്തില്‍ അവഹേളിക്കാനോ, അപമാനിതയാക്കാനോ, കല്ലെറിഞ്ഞു കൊല്ലാനോ തയ്യാറായില്ല. യൗസേപ്പിന്റെ ഈ പ്രതികരണം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. തനിക്ക് ഭാര്യയാകാന്‍ പോകുന്നവള്‍ ഗര്‍ഭവതിയായി കണ്ടപ്പോള്‍ യൗസേപ്പ് തീര്‍ച്ചയായും വേദനിച്ചുകാണും, അപമാനിതനായ്ക്കാണും. എങ്കിലും തനിക്കുണ്ടായ ആ അപമാനം മറിയത്തിനു കൂടി ഉണ്ടാകണമെന്ന് യൗസേപ്പ് ആഗ്രഹിച്ചില്ല.

യൗസേപ്പിന്റെ മൂന്നാമത്തെ പ്രതികരണം സമ്പൂര്‍ണ്ണ സമര്‍പ്പണം നടത്തിയെന്നതായിരുന്നു. വിഷമത്തില്‍ കഴിഞ്ഞിരുന്ന യൗസേപ്പിനോട് ദൈവദൂതന്‍ ആവശ്യപ്പെടുക ഭയവും ആശങ്കയും കൂടാതെ മറിയത്തെ ഭാര്യയായി സ്വീകരിക്കാനാണ്. അവള്‍ പരിശുദ്ധാത്മാവിനാലാണ് ഗര്‍ഭം ധരിച്ചിരിക്കുന്നത് എന്നുപറയുമ്പോള്‍, മറിയത്തിന്റെ ഗര്‍ഭധാരണം അസാധാരണമായിരുന്നുവെന്നും അത് മാനുഷികബന്ധത്തില്‍ നിന്നുണ്ടായതല്ല പ്രത്യുത, ദൈവത്തിന്റെ ശക്തിയില്‍ നിന്നുണ്ടായതുമാണെന്നാണ് സുവിശേഷകന്‍ അര്‍ത്ഥമാക്കിയിരിക്കുന്നത്. യൗസേപ്പിന് ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മറിയത്തെ രഹസ്യത്തില്‍ ഉപേക്ഷിക്കാമെന്ന തീരുമാനം മാറ്റി ദൈവപദ്ധതി സ്വീകരിച്ച് അവളെ സ്വഭവനത്തില്‍ സ്വീകരിക്കുന്നതായി നാം കാണുന്നു. ദൈവഹിതം മാലാഖയിലൂടെ അറിയിക്കപ്പെട്ടപ്പോള്‍ ഒന്നും പറയാതെ അത് സ്വീകരിക്കുകയാണ് യൗസേപ്പ് ചെയ്തത്. സമ്പൂര്‍ണ്ണസമര്‍പ്പണത്തിന്റെ ഒരു വലിയ മാതൃകയാണിത്.

സ്‌നേഹമുള്ളവരേ, നമ്മുടെ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകുമ്പോള്‍ ഏക ആശ്വാസം അവയുടെ പിന്നിലെ ദൈവികപദ്ധതി തിരിച്ചറിയുക മാത്രമാണ് എന്ന് ഇന്നത്തെ സുവിശേഷം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യര്‍ കണ്ടെത്തുന്ന വഴികള്‍ യഥാര്‍ത്ഥ വഴികളായിരിക്കണമെന്നില്ല. ‘ജീവിതത്തിലും മരണത്തിലും യേശുവിനോട് ചേര്‍ന്നുനില്‍ക്കുക. എല്ലാവരും ഉപേക്ഷിക്കുമ്പോള്‍ ദൈവത്തില്‍ ശരണം വയ്ക്കുക’ എന്ന് വി. അഗസ്റ്റിന്‍ പറഞ്ഞുവച്ചത് എത്രയോ സത്യമാണ്.

ക്രിസ്തുമസിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന നമുക്ക് യൗസേപ്പിന്റെ ജീവിതം വലിയൊരു മാര്‍ഗ്ഗദീപവും മാതൃകയുമായിരിക്കട്ടെ. വി. യൗസേപ്പിന്റെ ജീവിതത്തില്‍ ഇടപെട്ട ദൈവം സഹനത്തിന്റെ നിമിഷങ്ങളില്‍ നമ്മെയും കൈവെടിയുകയില്ല. വി. ഫ്രാന്‍സിസ് സാലസ് പറഞ്ഞതുപോലെ, ‘നാളെ എന്തു സംഭവിക്കുന്നുവെന്ന് വിചാരിക്കേണ്ട. ഇന്ന് നമ്മെ കാത്തുസൂക്ഷിച്ചിരിക്കുന്ന നിത്യപിതാവ് നാളെയും നമ്മുടെ ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും നമ്മെ കാത്തുകൊള്ളും. ഒന്നുകില്‍ അവിടുന്ന് നമ്മെ സഹനത്തില്‍ നിന്ന് ഒഴിവാക്കും. അല്ലെങ്കില്‍ അത് സഹിക്കാനുള്ള ശക്തി അവിടുന്ന് നല്‍കും.”

സ്‌നേഹമുള്ളവരേ, ഓരോ വിശുദ്ധ ബലിയും ദൈവഹിതത്തിന്റെ പൂര്‍ത്തീകരണമാണ്. നമ്മുടെ ജീവിതത്തിലും ദൈവഹിതം അന്വേഷിക്കുവാനും കണ്ടെത്തുവാനും അത് പൂര്‍ത്തിയാക്കാനുമുള്ള കൃപാവരം തുടര്‍ന്നുവരുന്ന പ്രാര്‍ത്ഥനകളില്‍ നമുക്ക് യാചിക്കാം. ഈ ജീവിതം യാതൊരു പരാതിയും കൂടാതെ കരുണയുടെയും നീതിയുടെയും സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റെയും ശുശ്രൂഷയാക്കി മാറ്റുവാന്‍ ഈ ബലിമദ്ധ്യേ ഞങ്ങളെ സഹായിക്കണമേ എന്ന് ആത്മാര്‍ത്ഥമായി നമുക്ക് പ്രാര്‍ത്ഥിക്കാം. സര്‍വ്വശക്തനായ ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ബ്ര. അജോ തോമസ്, വടക്കേട്ട് MSJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.