ഞായര്‍ പ്രസംഗം 2, മംഗളവാര്‍ത്താക്കാലം ഒന്നാം ഞായര്‍ നവംബര്‍ 29, അവിശ്വാസിയാകാതെ വിശ്വാസി ആയിരിക്കുക

ബ്ര. റോഷിന്‍ പൊന്മണിശ്ശേരി MCBS

ആരാധാനാക്രമ വത്സരത്തിന്റെ ആരംഭമായ മംഗളവാര്‍ത്താ കാലത്തിന്റെ ഒന്നാം ആഴ്ചയിലേയ്ക്ക് നാം പ്രവേശിക്കുമ്പോള്‍, രക്ഷാകരചരിത്രത്തില്‍ ഏറ്റവും വലിയ നാഴികക്കല്ലായി മാറിയ ഒരു ശിശുവിന്റെ ജനനത്തെക്കുറിച്ചുള്ള, സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ ഏറ്റവും വലിയവനായിത്തീര്‍ന്ന ഒരു ശിശുവിന്റെ ജനനത്തെക്കുറിച്ചുള്ള, മുമ്പേ നടക്കാന്‍ വിളിക്കപ്പെട്ട ഒരു ശിശുവിന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പാണ് ഇന്ന് തിരുസഭ ധ്യാനവിചിന്തനത്തിനായി നമുക്ക് നല്‍കിയിട്ടുള്ളത്. മലാക്കി 3:1, “ഇതാ എനിക്കു മുമ്പേ വഴിയൊരുക്കാന്‍ ഞാന്‍ എന്റെ ദൂതനെ അയയ്ക്കുന്നു. നിങ്ങള്‍ തേടുന്ന കര്‍ത്താവ് ഉടന്‍തന്നെ തന്റെ ദൈവാലയത്തിലേയ്ക്കു വരും. നിങ്ങള്‍ക്കു പ്രിയങ്കരനായ ഉടമ്പടിയുടെ ദൂതന്‍ ഇതാ വരുന്നു.”

വൃദ്ധരായ സഖറിയാ-എലിസബത്ത് ദമ്പതികള്‍ക്ക് ദൈവം നല്‍കിയ അനുഗ്രഹമാണ് സ്‌നാപകയോഹന്നാന്‍. വേറൊരു വാക്കില്‍ പറഞ്ഞാല്‍, ‘ദൈവത്തിന്റെ കൃപ.’ സഖറിയായും എലിസബത്തും ദൈവത്തിന്റെ മുമ്പില്‍ പ്രീതികരമായ ജീവിതമാണ് നയിച്ചത്. ദൈവം വെളിപ്പെടുത്തിയ ഹിതമനുസരിച്ച് നീതിനിഷ്ഠയുടെ പാതയില്‍ സഞ്ചരിക്കുകയും കര്‍ത്താവിന്റെ ഹിതം നിറവേറുന്നതിനായി ജിവിതത്തില്‍ ഒരിടം തുറന്നിടുകയും ചെയ്തവരാണ് ഇവര്‍. വാര്‍ദ്ധക്യത്തിലേയ്ക്ക് പ്രവേശിച്ചിട്ടും കര്‍ത്താവിനെ ശുശ്രൂഷിക്കുന്നതില്‍ ഒരു വീഴ്ചയും ഇവര്‍ വരുത്തിയിട്ടില്ല. കാരണം, പിതാവായ ദൈവത്തിന്റെ കൃപയിലും അനുഗ്രഹത്തിലുമുള്ള ഉറച്ച വിശ്വാസം സഖറിയായുടെയും എലിസബത്തിന്റെയും ജീവിതത്തില്‍ ഒട്ടും കുറയാതെ ഉണ്ടായിരുന്നു. അതോടൊപ്പം ഒരു ശിശുവിനായി പ്രാര്‍ത്ഥിച്ച് ഒരുങ്ങിയതായിരുന്നു അവരുടെ ദാമ്പത്യജീവിതം. അതുകൊണ്ടാണ് ദൂതന്‍ ഇപ്രകാരം പറയുന്നത്: “നിന്റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തില്‍ നിനക്ക് ഒരു പുത്രന്‍ ജനിക്കും.” തന്റെ മുമ്പില്‍ നീതിനിഷ്ഠരായിരിക്കെ സഹിക്കേണ്ടിവരുന്നവര്‍ക്ക് ദൈവം നീതി നടത്തിക്കൊടുക്കും എന്നതിന്റെ സാക്ഷ്യമാണ് സഖറിയ-എലിസബത്ത് ദമ്പതികളുടെ ജീവിതം.

സ്‌നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ചുള്ള സദ്വാര്‍ത്ത സഖറിയായുടെയും എലിസബത്തിന്റെയും ജീവിതത്തില്‍ മംഗളകരമായ ഒരു നിമിഷമായിരുന്നു. അതുപോലെ തന്നെ, സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും, ജീവിതത്തെ വരിഞ്ഞുമുറുക്കിയ അപമാനം നീക്കിക്കളയുന്നതിന്റെയും അറിയിപ്പായിരുന്നു ഗബ്രിയേല്‍ ദൂതന്‍ സഖറിയാ-എലിസബത്ത് ദമ്പതികള്‍ക്കു നല്‍കിയത്.

അനേകരുടെ ജീവിതത്തില്‍ ആഹ്ലാദത്തിനു കാരണമായ ദൂതന്റെ അറിയിപ്പ്, നമ്മുടെ ജീവിതവും മംഗളകരമാക്കുന്നതിനായി മൂന്നു സന്ദേശങ്ങളാണ് സഖറിയ-എലിസബത്ത് ദമ്പതികളുടെ ജീവിതത്തിലൂടെ നമ്മുടെ മുമ്പില്‍ വച്ചുനീട്ടുന്നത്.

ഒന്നാമതായി, ദൈവത്തിന് വിധേയപ്പെട്ടു ജീവിക്കുക. വി. പൗലോസ് എഫേസോസുകാര്‍ക്കെഴുതിയ ലേഖനം 5:21-33 വരെയുള്ള വാക്യങ്ങളില്‍ ഭാര്യാഭര്‍തൃബന്ധത്തെക്കുറിച്ച് നാം വായിച്ചുകേട്ടു. 5:21 -ല്‍ പറയുന്നു: “ക്രിസ്തുവിനോടുള്ള ബഹുമാനത്തെപ്രതി നിങ്ങള്‍ പരസ്പരം വിധേയരായിരിക്കുവിന്‍.” കുടുംബജീവിതത്തിന്റെ വിശുദ്ധീകരണത്തിനും ദൈവം കുടുംബത്തില്‍ സന്നിഹിതനാകുന്നതിനും ഭാര്യയും ഭര്‍ത്താവും പരസ്പരം വിധേയപ്പെട്ടു ജീവിക്കണമെന്ന് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കണം, എന്റെ ജീവിതത്തിന്റെ വിശുദ്ധീകരണത്തിനും എന്റെ ജീവിതത്തില്‍ ദൈവികസാന്നിദ്ധ്യം അനുഭവിക്കുന്നതിനും ഞാന്‍ വ്യക്തിപരമായി ദൈവത്തോട് വിധേയപ്പെട്ടു ജീവിക്കണം. സഖറിയായുടെയും എലിസബത്തിന്റെയും ദാമ്പത്യജീവിതം വിശുദ്ധീകരിക്കപ്പെട്ടതും അവരുടെ ജീവിതത്തില്‍ ദൈവം ഇടപെട്ടതും അവര്‍ ദൈവത്തോടും, തമ്മില്‍ത്തമ്മിലും വിധേയപ്പെട്ട് ജീവിച്ചതുകൊണ്ടാണ്.

രണ്ടാമതായി, ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുക. ഉല്‍പത്തി 17:21, സാറായില്‍ അടുത്ത വര്‍ഷം ഈ സമയത്ത് നിനക്ക് ഒരു പുത്രന്‍ ജനിക്കുമെന്ന് ദൂതന്‍ അബ്രാഹത്തോടു പറയുമ്പോള്‍ നൂറു വയസ്സായ അബ്രാഹത്തിനും തൊണ്ണൂറില്‍ എത്തിനില്‍ക്കുന്ന സാറായ്ക്കും പുത്രന്‍ ജനിക്കുന്നത് മനുഷ്യന്‍ ഒരുക്കിയ സമയത്തല്ല, ദൈവം തിരഞ്ഞെടുത്ത സമയത്താണ്. സഖറിയായും എലിസബത്തും ദൈവത്തിന്റെ ഇടപെടലിനായി പ്രാര്‍ത്ഥിച്ചൊരുങ്ങി കാത്തിരുന്നവരാണ്. നമ്മുടെ ജീവിതത്തിലും കുറവുകളും പോരായ്മകളും ഉണ്ടാകുമ്പോള്‍, എത്ര പ്രാര്‍ത്ഥിച്ചിട്ടും മറുപടി ലഭിക്കുന്നില്ലെന്ന് ചിന്തിക്കുമ്പോള്‍ ദൈവത്തിനെതിരെ തിരിയാതെ, ദൈവത്തെ കുറ്റപ്പെടുത്താതെ, ദൈവത്തിന് എന്റെ ജീവിതത്തില്‍ ഇടപെടാനുള്ള സമയമുണ്ട് എന്ന് വിശ്വസിച്ച് കര്‍ത്താവിന്റെ സമയത്തിനായി ക്ഷമയോടെ കാത്തിരിക്കണം.

മൂന്നാമതായി, അവിശ്വാസിയാകെ വിശ്വാസി ആകുക. ലൂക്കാ 1:20 ദൂതന്‍ സഖറിയായോടു പറഞ്ഞു: “യഥാകാലം പൂര്‍ത്തിയാക്കേണ്ട എന്റെ വചനം അവിശ്വസിച്ചതുകൊണ്ട് നീ മൂകനായിത്തീരും.” ദൈവഹിതത്തെ മാനുഷികമായ തലത്തില്‍ നിന്നുകൊണ്ട് ചിന്തിച്ചതുകൊണ്ടാണ് സഖറിയ മനുഷ്യന്റെ പരിമിതികള്‍ക്ക് പ്രാധാന്യം നല്‍കിയതും ദൈവഹിതത്തെ സംശയിക്കുന്നതും മൂകനായിത്തീരുന്നതും. ദൈവത്തിന് ഒന്നും അസാദ്ധ്യമല്ല. മനുഷ്യന്റെ പരിമിതികളിലും കുറവുകളിലുമാണ് ദൈവത്തിന്റെ ഇടപെടല്‍ സാദ്ധ്യമാകുന്നതെന്ന ഉറച്ചബോധ്യം നമ്മുടെ ജീവിതത്തിലുണ്ടാകണം. തോമാശ്ലീഹാ ഉത്ഥിതനായ ഈശോയെ സംശയിക്കുന്നത് മാനുഷികമായ തലത്തില്‍ നിന്നുകൊണ്ട് ദൈവികതയെ നോക്കിക്കണ്ടതുകൊണ്ടാണ്. അപ്പോള്‍ ഈശോ തോമാശ്ലീഹായോട് പറയുന്നുണ്ട്, യോഹ. 20:27-ല്‍ ‘അവിശ്വാസിയാകെ വിശ്വാസി ആയിരിക്കുക.’ നമ്മുടെ ജീവിതത്തിലും ദൈവികമായതിനെ മാനുഷികമായി മാത്രം നോക്കിക്കാണാതെ ദൈവികമായി നോക്കിക്കാണാനും അതിലൂടെ വിശ്വാസത്തിന്റെ ജീവിതം നയിക്കാന്‍ സാധിക്കുമെന്നും തിരുവചനം നമ്മെ പഠിപ്പിക്കുന്നു.

എന്റെയും നിങ്ങളുടെയും ജീവിതം ദൈവകൃപയുടെ അടയാളങ്ങളാണ്. ആ കൊച്ചുജീവിതത്തില്‍ ദൈവത്തിനു മുഴുവനായും വിധേയപ്പെട്ടും, ദൈവത്തിന്റെ ഇടപെടലിനായി കാത്തിരുന്നും വിശ്വാസത്തിന്റെ ജീവിതം നയിച്ചും, നന്ദി നിറഞ്ഞ ഹൃദയത്തോടെ ദൈവത്തെ മഹത്വപ്പെടുത്തിയും ജീവിക്കുമ്പോള്‍ നമ്മുടെ ജീവിതത്തിലും മംഗളകരമായ നിമിഷങ്ങളുണ്ടാകും. സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ജീവിതം നയിക്കാന്‍ നമുക്കു സാധിക്കും. ദൈവത്തിന്റെ കൃപ നിറഞ്ഞൊഴുകുന്ന വിശുദ്ധ കുര്‍ബാനയില്‍ ആയിരിക്കുമ്പോള്‍ നമുക്കും പ്രാര്‍ത്ഥിക്കാം, സഖറിയാ-എലിസബത്ത് ദമ്പതികളുടെ ജീവിതത്തില്‍ യോഹന്നാനെ നല്‍കി ദൈവം കൃപ ചൊരിഞ്ഞതുപോലെ എന്റെ ജീവിതത്തിലും ദൈവകൃപ ചൊരിയണമേ എന്ന്. ദൈവം നമ്മെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. റോഷിന്‍ പൊന്മണിശ്ശേരി MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.