ഞായർ പ്രസംഗം 2, മംഗളവാർത്താക്കാലം ഒന്നാം ഞായർ നവംബർ 28 വിശ്വാസത്തോടെയുള്ള കാത്തിരിപ്പ് പ്രത്യാശയിലേക്കു നയിക്കുന്നു

ബ്ര. അന്‍സല്‍ നടുതൊട്ടിയില്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരേ,

ഒരു പുതിയ തുടക്കം ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല. ഓരോ ആരംഭവും ഏറ്റവും ഭംഗിയായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. ആരാധനാക്രമവത്സരത്തില്‍ പുതിയ കാലഘട്ടം ഇന്ന് ആരംഭിക്കുന്നു – മംഗളവാര്‍ത്താക്കാലം. സന്തോഷങ്ങള്‍ മാത്രം നിറഞ്ഞ വാര്‍ത്തകളുടെ കാലഘട്ടമാണിത്. സുറിയാനി ഭാഷയില്‍ ‘സൂബാറ’ എന്നാണ് മംഗളവാര്‍ത്താക്കാലത്തിന്റെ പേര്. പ്രഖ്യാപനം, അറിയിപ്പ് എന്നൊക്കെയാണ് സൂബാറ എന്ന വാക്കിന് അര്‍ത്ഥം. തിരുപ്പിറവിക്കു മുമ്പുള്ള നാല് ആഴ്ചകളാണ് ഈ കാലത്തിലുള്ളത്. ഒന്നും രണ്ടും ഞായറാഴ്ചകളില്‍ സ്‌നാപകയോഹന്നാന്റെയും ഈശോയുടെയും ജനനത്തെക്കുറിച്ചുള്ള അറിയിപ്പും മൂന്നും നാലും ഞായറാഴ്ചകളില്‍ സ്‌നാപകയോഹന്നാന്റെയും ഈശോയുടെയും ജനനവുമാണ് നാം യഥാക്രമം വിചിന്തനവിഷയമാക്കുക.

കാത്തിരിക്കുന്നവനാണ് മനുഷ്യന്‍. ബസ് സ്റ്റാന്‍ഡില്‍, റെയില്‍വേ സ്റ്റേഷനുകളില്‍, അതുമല്ല പരാജയത്തിന്റെ തകര്‍ച്ചയില്‍ നിന്ന് വിജയത്തിലേക്കെത്താന്‍, പൊട്ടിപ്പോയ സ്‌നേഹബന്ധത്തിന്റെ കണ്ണികള്‍ വിളക്കിച്ചേര്‍ക്കാനായൊക്കെ നാം കാത്തിരിക്കുന്നു. കാത്തിരിപ്പിന് അറുതി വരുമ്പോഴാണ് ജീവിതം മുന്നോട്ട് നീങ്ങുന്നത്. ദൈവജനത്തിന്റെ കാത്തിരിപ്പിന് അറുതി വരുത്തുന്നതിന്റെ ആമുഖമായി ദൈവം ഒരു വൃദ്ധദാമ്പത്യത്തിന്റെ നീണ്ട കാത്തിരിപ്പിന് ഉത്തരം കൊടുക്കുന്നതാണ് ഇന്നത്തെ സുവിശേഷം. ഇന്നത്തെ സുവിശേഷഭാഗത്ത് ശ്രദ്ധയാകര്‍ഷിക്കുന്ന മൂന്നു കഥാപാത്രങ്ങളാണ് ഈ വചനഭാഗത്ത് നമ്മുടെ മനസില്‍ പ്രത്യക്ഷരാകുന്നത്. ഒന്നാമതായി സഖറിയ-എലിസബത്ത് ദമ്പതികള്‍, രണ്ടാമതായി സഖറിയ-എലിസബത്ത് ദമ്പതികള്‍ക്ക് പിറക്കാനിരിക്കുന്ന സ്‌നാപകയോഹന്നാന്‍, മൂന്നാമതായി ദൂതുമായി എത്തുന്ന ഗബ്രിയേല്‍ ദൂതന്‍.

സഖറിയ, അബിയാ ഗണത്തില്‍പെട്ട പുരോഹിതനാണ്. സഖറിയ എന്നാല്‍ ‘കര്‍ത്താവ് അനുസ്മരിച്ചു’ എന്നും എലിസബത്ത് എന്നാല്‍ ‘ദൈവമാണ് എന്റെ സൗഭാഗ്യം’ എന്നുമാണ് അര്‍ത്ഥം. ദൈവവുമായുള്ള അവരുടെ ബന്ധവും അവരുടെ ജീവിതത്തില്‍ നടക്കുന്ന ദൈവത്തിന്റെ പ്രവര്‍ത്തികളും അവരുടെ പേരിനെയും സ്വഭാവത്തെയും അന്വര്‍ത്ഥമാക്കുന്നുണ്ട്. ദൈവം ഇടപെടുന്ന വ്യക്തികളുടെ സവിശേഷതകളാണ് സഖറിയായും എലിസബത്തും നമുക്ക് പറഞ്ഞുതരുന്നത്.

ഒന്ന്, അവര്‍ ദൈവത്തിന്റെ മുമ്പില്‍ നീതിനിഷ്ഠരായിരുന്നു. രണ്ട്, കര്‍ത്താവിന്റെ പ്രമാണങ്ങളും കല്‍പനകളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു. ഇപ്രകാരം ജീവിച്ചിരുന്ന സഖറിയായ്ക്കും എലിസബത്തിനും ലഭിച്ചത് കണ്ണുനീര്‍ മാത്രം നിറഞ്ഞ ജീവിതാവസ്ഥയായിരുന്നു. എന്നിട്ടും അവര്‍ കര്‍ത്താവിനെ ഉപേക്ഷിച്ചില്ല. നീതിമാന്റെ സഹനം എന്ന് വിശുദ്ധ ഗ്രന്ഥം പേരിട്ടു വിളിക്കുന്ന ഒരു സഹനത്തിന്റെ അവസ്ഥയാണ് എലിസബത്തിന്റെ വന്ധ്യത. യഹൂദരുടെ ഇടയിലെ വലിയൊരു ശാപമായിരുന്നു വന്ധ്യത. ഈ വലിയ അപമാനത്തെ ആ ദമ്പതികള്‍ ദൈവതിരുമനസായി ഏറ്റെടുക്കുകയാണ്. നമ്മുടെ ജീവിതത്തില്‍ നാം ഏറ്റെടുക്കേണ്ടതായിട്ട് വരുന്ന സഹനങ്ങളില്‍ ദൈവത്തിന്റെ സ്വീകാര്യമായ സമയം വരെ കാത്തിരിക്കാന്‍ ഈ ദമ്പതികള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്.

യഹൂദ ചരിത്രകാരനായ ജോസേഫൂസിന്റെ വ്യാഖ്യാനമനുസരിച്ച് യേശുവിന്റെ ജനനകാലത്ത് ജറുസലേമില്‍ ഏകദേശം 18000 പുരോഹിതന്മാര്‍ ഉണ്ടായിരുന്നു എന്നതാണ്. അതുകൊണ്ട് ശുശ്രൂഷയ്ക്കുള്ള പുരോഹിതനെ നറുക്കിട്ടാണ് തിരഞ്ഞെടുത്തിരുന്നത്. ഇങ്ങനെ കുറി വീണ് അതിവിശുദ്ധ സ്ഥലത്ത് പ്രവേശിച്ച സഖറിയയാണ് ദൂതന്റെ വാക്കുകളെ വിശ്വസിക്കാന്‍ കഴിയാതെ ‘ഇത് എങ്ങനെ സംഭവിക്കും’ എന്ന ചോദ്യത്തിലൂടെ ഒരു നിമിഷം അവിശ്വാസത്തിന്റെ നിഴലിലേക്ക് പോകുന്നത്.

ഒന്നാം വായനയില്‍ നമ്മള്‍ വായിച്ചുകേട്ടത് ദൈവം അബ്രാഹത്തിന് ഇസഹാക്കിനെ വാഗ്ദാനം ചെയ്യുമ്പോള്‍ അബ്രാഹം ഉയര്‍ത്തുന്ന ചില കാരണങ്ങളാണ്. അതിന് കര്‍ത്താവ് കൊടുത്ത മറുപടി ഇപ്രകാരമാണ്: “നിന്റെ ഭാര്യ സാറ തന്നെ നിനക്കൊരു പുത്രനെ തരും. അവനില്‍ നിന്ന് ഞാനൊരു വലിയ ജനതയെ പുറപ്പെടുവിക്കും.” രണ്ടാം വായനയില്‍, മലാക്കിയുടെ പുസ്തകത്തില്‍ നിന്ന് നമ്മള്‍ വായിച്ചുകേട്ടു: “പുരോഹിതന്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം.” ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അധരത്തില്‍ ജ്ഞാനം സൂക്ഷിക്കേണ്ട വൃദ്ധപുരോഹിതനായ സഖറിയ, ഇത് എങ്ങനെ സംഭവിക്കുമെന്ന മറുചോദ്യം ചോദിക്കുമ്പോള്‍ അബ്രാഹത്തിന്റെ ചരിത്രത്തെക്കുറിച്ച് അറിവുള്ളവനാകേണ്ടതായിരുന്നു. വിശ്വാസത്തിന്റെ നേരിയ വെളിച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്ന സഖറിയായെ വിശ്വാസത്തിലേക്ക് നയിക്കാന്‍ ദൈവം ഒരു അടയാളം സമ്മാനിക്കുന്നുണ്ട്. “ഈ വചനം പൂര്‍ത്തിയാകുന്നതു വരെ നിനക്ക് സംസാരിക്കാന്‍ സാധിക്കുകയില്ല.”

അടയാളങ്ങള്‍ ഒരിക്കലും ശിക്ഷയല്ല. ചിലപ്പോഴൊക്കെ നമ്മുടെ വിശ്വാസം നമ്മെ നിശബ്ദരാക്കാം. ആഴമേറിയ വിശ്വാസത്തിലേക്ക് വളരാന്‍ ഒരു മൗനത്തിന്റെ പിന്‍ബലം നമുക്ക് ആവശ്യമുണ്ട്. അതുപോലെ ജീവിതത്തിലും ജീവിതാവസ്ഥകളിലും നമുക്ക് അനുഭവപ്പെടുന്ന ചില മൂകതകള്‍, നിശബ്ദതകള്‍ ഇവയൊക്കെ വിശ്വാസത്തിലേക്കുള്ള ഒരു ക്ഷണമായി നാം കാണേണ്ടതുണ്ട്.

ഇന്നത്തെ സുവിശേഷഭാഗത്തെ രണ്ടാമത്തെ പ്രധാന കഥാപാത്രമാണ് സ്‌നാപകയോഹന്നാന്‍. സ്‌നാപകയോഹന്നാനിലൂടെയാണ് ഇന്നത്തെ സുവിശേഷത്തിന്റെ പ്രമേയം വെളിപ്പെടുത്തപ്പെടുന്നത്. പഴയനിയമ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണം നടക്കാന്‍ പോകുന്നു എന്നതാണ് സുവിശേഷത്തിന്റെ പ്രധാന ആശയം. തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ദൈവസ്‌നേഹത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന ദൗത്യവും ജറെമിയായെപ്പോലെ സ്‌നാപകനിലും നിക്ഷിപ്തമാണെന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. കര്‍ത്താവിന് വഴിയൊരുക്കുന്നവന്‍ ഇവനാണ് എന്ന ഗബ്രിയേല്‍ ദൂതന്റെ പ്രഖ്യാപനവും, മലാക്കിയുടെ പ്രവചനവും സ്‌നാപകനില്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സ്‌നാപകനെപ്പോലെ ധീരമായി ഈ ലോകത്തില്‍, നമ്മുടെ സമൂഹങ്ങളില്‍ ക്രിസ്തുവിന് വഴിയൊരുക്കാന്‍ ഒരുക്കത്തിന്റെ ഈ കാലഘട്ടം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ഇനിയും നമുക്ക് പ്രചോദനം നല്‍കുന്ന സുവിശേഷത്തിലെ ഒരു കഥാപാത്രം ഗബ്രിയേല്‍ ദൂതനാണ്. സന്തോഷത്തിന്റെയും സദ്വാര്‍ത്തയുടെയും ദൂതനാണ് ഗബ്രിയേല്‍. ദൈവപുരുഷന്‍ എന്നും ദൈവത്തിന്റെ ശക്തി എന്നുമൊക്കെയാണ് ഗബ്രിയേല്‍ എന്ന പദത്തിന്റെ അര്‍ത്ഥം. പഴയനിയമത്തില്‍ ദാനിയേലിന്റെ പുസ്തകത്തിലും പുതിയ നിയമത്തില്‍ സഖറിയായ്ക്കും മറിയത്തിനും സദ്വാര്‍ത്ത അറിയിച്ചുകൊണ്ട് ലൂക്കായുടെ സുവിശേഷത്തില്‍ ഒരു സാന്നിധ്യമായി മാറുകയാണ് ഗബ്രിയേല്‍ ദൂതന്‍. നമ്മുടെ സഹോദരങ്ങള്‍ക്ക് സദ്വാര്‍ത്തയുടെ ഒരു സാന്നിധ്യമായിത്തീരാനുള്ള സന്ദേശമാണ് ഗബ്രിയേല്‍ ദൂതന്‍ ഈ പിറവിക്കാല ഒരുക്കത്തിന് മുന്നോടിയായി നമുക്ക് നല്‍കുന്നത്. മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കുന്ന സാന്നിധ്യമാകട്ടെ നമ്മുടെ ജീവിതങ്ങളും.

വിശ്വാസം, അത് ജീവിതത്തില്‍ ഏച്ചുകെട്ടേണ്ട ഒന്നല്ല. മറിച്ച് ജീവിതം തന്നെയായിരിക്കണം. ജീവിതത്തില്‍ ദൈവം ഇടപെടുന്ന സമയമുണ്ട് എന്നുള്ള ബോധ്യത്തോടു കൂടി ദൈവകരങ്ങളില്‍ ജീവിതത്തെ സമര്‍പ്പിക്കാം. സഖറിയാ-എലിസബത്ത് ദമ്പതികളെപ്പോലെ എത്ര വലിയ സഹനങ്ങളിലും വേദനകളിലും ദൈവത്തിന് സ്വീകാര്യമായ സമയത്തിനായി വിശ്വാസത്തോടെ നമുക്ക് കാത്തിരിക്കാം. നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ സ്‌നാപകനെപ്പോലെ ക്രിസ്തുവിനായി വഴിയൊരുക്കാം. ഗബ്രിയേല്‍ ദൂതനെപ്പോലെ അപരന്റെ ജീവിതത്തില്‍ സന്തോഷത്തിന്റെ സാന്നിധ്യമായിത്തീരാന്‍ നമുക്ക് സാധിക്കട്ടെ. തിരുപ്പിറവിക്കുള്ള നമ്മുടെ ഒരുക്കങ്ങളില്‍ ഈ മൂന്നു ബോധ്യങ്ങളും നമ്മെ വഴി നടത്തട്ടെ. ദൈവം നമ്മെയെല്ലാം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ബ്ര. അന്‍സല്‍ നടുതൊട്ടിയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.