ഞായര്‍ പ്രസംഗം ഏലിയാ സ്ലീവാ മൂശക്കാലം ഒന്നാം ഞായര്‍ സെപ്റ്റംബര്‍ 06 ലൂക്കാ 18: 35-43 ഇരുളില്‍ നിന്ന് മിശിഹായാകുന്ന വെളിച്ചത്തിലേയ്ക്ക്

വി. കുരിശിന്റെ പുകഴ്ചയെ കേന്ദ്രമാക്കി കര്‍ത്താവിന്റെ രണ്ടാമത്തെ വരവും കുരിശിന്റെ വിജയവും അനുസ്മരിക്കുന്ന ആരാധനാക്രമ വത്സരത്തിലെ പുതിയ ഒരു കാലത്തിലേക്ക്, ഏലിയാ സ്ലീവാ മൂശക്കാലത്തിലേയ്ക്ക് നാം ഇന്ന് പ്രവേശിക്കുകയാണ്. ഏലിയാ സ്ലീവാ മൂശക്കാലം നമ്മില്‍ നിന്നാവശ്യപ്പെടുന്നത് കര്‍ത്താവിന്റെ രണ്ടാമത്തെ വരവും അന്ത്യവിധിയും ധ്യാനവിഷയമാക്കിക്കൊണ്ട് കര്‍ത്താവിന്റെ വലതു വശത്തു നില്‍ക്കാനുള്ളവിധം ജീവിതത്തെ ക്രമപ്പെടുത്താനാണ്.

ഇന്നത്തെ സുവിശേഷം നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുന്നത് ഒരു അന്ധനായ യാചകനെയാണ്. ലൂക്കാ സുവിശേഷത്തിലെ 14-ാം അത്ഭുതമാണ് ഇത്. യേശുവും ശിഷ്യന്മാരും പെസഹാ തിരുനാള്‍ ആഘോഷിക്കാനായ് ജറുസലേമിലേയ്ക്ക് പോകുന്ന വഴിയിലാണ് ഈ സംഭവം നടക്കുന്നത്. സമാന്തര സുവിശേഷങ്ങളില്‍ മത്തായിയും മര്‍ക്കോസും പട്ടണം വിട്ടു പോകുമ്പോഴാണ് അന്ധനെ കണ്ടുമുട്ടുന്നതെങ്കില്‍, ലൂക്കാ സുവിശേഷത്തില്‍ പട്ടണത്തിലേയ്ക്ക് പ്രവേശിക്കുമ്പോഴാണ്. സാധാരണയായി തിരുനാളിന് പോകാന്‍ സാധിക്കാത്തവര്‍ തീര്‍ത്ഥാടകര്‍ക്ക് ആശംസകള്‍ നേരാനായി വഴിയോരത്ത് കാത്തുനില്‍ക്കുക പതിവായിരുന്നു. അങ്ങനെ കൂടിയിരുന്ന ഒരു ആള്‍ക്കൂട്ടത്തിലായിരിക്കും ഇന്നത്തെ സുവിശേഷത്തില്‍ പരാമര്‍ശിക്കപ്പെടുന്ന അന്ധനും ഉണ്ടായിരുന്നത്.

ലൂക്കാ സുവിശേഷകനെ സംബന്ധിച്ചിടത്തോളം യേശുവിന്റെ ജറുസലേം യാത്ര, യേശുവിന്റെ മരണത്തിലേയ്ക്കുള്ള യാത്രയാണ്. ഈ യാത്രയിലൂടെയാണ്, തന്റെ മുന്നിലൂടെ കടന്നുപോകുന്നത് യേശുവാണെന്ന് തിരിച്ചറിഞ്ഞ അന്ധന്‍ വിളിച്ചപേക്ഷിക്കുന്നത് – ‘ദാവീദിന്റെ പുത്രാ എന്നില്‍ കനിയണമേ’ എന്ന്. പലരും അവനോട് മിണ്ടാതിരിക്കാന്‍ പറഞ്ഞ് ശാസിക്കുന്നുണ്ടെങ്കിലും അവന്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചപേക്ഷിക്കുകയാണ്. അവന്റെ ദീനമായ രോദനം യേശുവിന്റെ കാതുകളില്‍ പതിക്കുന്നു. അവനെ അടുത്തു വിളിച്ച് താന്‍ എന്താണ് അവന് ചെയ്തു നല്‍കേണ്ടത് എന്ന് ചോദിക്കുന്നു. അന്ധന്‍ അവന് ഏറ്റവും ആവശ്യമായ കാര്യം കാഴ്ച തിരിച്ചു കിട്ടണം എന്ന് അപേക്ഷിക്കുന്നു. ഉടനെ അവന്റെ വിശ്വാസത്തെ പ്രശംസിക്കുകയും കാഴ്ച നല്‍കുകയും ചെയ്യുകയാണ് കര്‍ത്താവ് ഇവിടെ.

ആത്മീയാന്ധത ബാധിക്കുന്ന നമ്മുടെ ഉള്‍ക്കണ്ണുകള്‍ തുറന്നു കിട്ടാന്‍ എന്തു ചെയ്യണം എന്നതിന് അന്ധന്‍ നല്‍കുന്ന മാതൃക വളരെ വിലപ്പെട്ടതാണ്. 5 കാര്യങ്ങളാണ് അന്ധനായ യാചകന്‍ നമ്മുടെ മുന്‍പില്‍ തുറന്നു വയ്ക്കുക. ഒന്നാമതായി അംഗീകരിക്കുക എന്നതാണ്. അന്ധന്റെ ജീവിതത്തില്‍ അവന്റെ കുറവിനെപ്പറ്റി അവന് നല്ല ബോധ്യം ഉണ്ടായിരുന്നു. അതിനെ മറച്ചു വയ്ക്കാതെ അംഗീകരിക്കുകയും ഏറ്റുപറയുകയും മാറാന്‍ ആഗ്രഹിക്കുകയും ചെയ്തപ്പോള്‍ അവന്‍ സൗഖ്യം അനുഭവിച്ചു.

2018 മെയ് 30-ാം തീയതിയിലെ പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയായിരുന്നു. എറണാകുളം ജില്ലയിലെ പുതിയ സബ് കളക്ടറെപ്പറ്റി. 6-ാം വയസ്സില്‍ കാഴ്ച നഷ്ടപ്പെട്ട Pranjal Patel എന്ന പെണ്‍കുട്ടി അതില്‍ തളരാതെ അതിനെ അംഗീകരിച്ച് മുന്നേറിയപ്പോള്‍ എത്തിപ്പിടിക്കാന്‍ സാധിച്ചത് എല്ലാ കഴിവുകളും ഉണ്ടായിട്ടും പലര്‍ക്കും ലഭിക്കാതെ പോയ ഉന്നതമായ ഐ.എ.എസ്. പദവിയാണ്. കുറവുകളെ അംഗീകരിക്കാതിരിക്കുമ്പോള്‍ നിരാശയിലേക്ക് നാം വഴുതിവീഴും. എന്നാല്‍ മറിച്ചാണെങ്കില്‍ നമ്മള്‍ ഉദ്ദേശിക്കാത്ത അത്ര ഉയരത്തില്‍ അത് നമ്മെ കൊണ്ടെത്തിക്കും. അന്ധന്‍, അവന്റെ കുറവിനെ അംഗീകരിച്ചപ്പോള്‍ അത് രക്ഷയ്ക്ക് മാര്‍ഗ്ഗമായും സൗഖ്യം നേടുവാനും സാധിച്ചു.

രണ്ടാമതായി അന്വേഷിക്കുക. യോഹന്നാന്റെ സുവിശേഷം 8-ാം അധ്യായം 12-ാം വാക്യം ”ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്, എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുകയില്ല, അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.” പാപത്തെയും പാപത്തിന്റെ അന്ധകാരത്തെയും നീക്കി രക്ഷ നല്‍കാനാണ് ഈശോ ലോകത്തിലേയ്ക്ക് വന്നത്. ആ രക്ഷകനെ കണ്ടെത്തുമ്പോഴാണ് നമുക്ക് രക്ഷ കണ്ടെത്താന്‍ സാധിക്കുക. ‘ആരാണ് കടന്നുപോകുന്നതെന്ന്’ അന്ധന്‍ അന്വേഷിക്കുന്നു. ഇതുപോലെ നമ്മുടെ ജീവിത വഴികളില്‍ ഈശോ കടന്നുപോകുന്നുണ്ട്. എന്നാല്‍, നാം അത് അറിയുന്നില്ല. അതിനാല്‍ ഓരോ നിമിഷവും രക്ഷകനെ അന്വേഷിക്കുമ്പോഴാണ് രക്ഷ നമ്മെ തേടിവരുന്നത്. ലൂക്കാ 12:30-31 വചനം പറയുന്നു ”നിങ്ങള്‍ക്ക് ഇതെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ പിതാവിനറിയാം. നിങ്ങള്‍ അവിടുത്തെ രാജ്യം അന്വേഷിക്കുവിന്‍, ഇവയെല്ലാം അതോടൊപ്പം നിങ്ങള്‍ക്ക് ലഭിക്കും” എന്നാണ് ഈശോ പറയുന്നത്. വചന വായനയിലൂടെ നാം ദൈവത്തെ അന്വേഷിച്ചാല്‍ മാത്രമേ അവിടുത്തെ കണ്ടെത്താന്‍ കഴിയൂ. ജീവിതത്തില്‍ ദൈവത്തെ അന്വേഷിക്കാന്‍ അന്ധന്‍ നമ്മോട് ആഹ്വാനം ചെയ്യുന്നു.

മൂന്നാമതായി അപേക്ഷിക്കുക, 41-ാം വാക്യത്തില്‍ നാം വായിച്ചുകേട്ടു. ”കര്‍ത്താവേ, എനിക്ക് കാഴ്ച വീണ്ടുകിട്ടണം” എന്ന അന്ധന്റെ അപേക്ഷ. നമ്മുടെ ജീവിതങ്ങളിലും അന്ധത മാറി കാഴ്ച ലഭിക്കണമെങ്കില്‍ അന്ധന്‍ ചെയ്തതുപോലെ ഒരു അപേക്ഷ ദൈവതിരുമുമ്പില്‍ വയ്ക്കണം. മനുഷ്യമനസ്സിന്റെ ഒരു പ്രത്യേകതയാണ് ഒന്നിലും സംതൃപ്തമാവില്ല എന്നുള്ളത്. ഒന്നു കിട്ടുമ്പോള്‍ അടുത്തത്. പിന്നെ വേറൊന്ന് ഇങ്ങനെ നീണ്ടുപോകുന്നു. ജീവിതത്തിലെ അഹങ്കാരം മാറ്റി, എളിമയോടെ ദൈവത്തെ കാണാനുള്ള കാഴ്ച ലഭിക്കുവാനായി നിരന്തരം അപേക്ഷിക്കാന്‍, അന്ധയാചകനിലൂടെ സുവിശേഷം നമ്മോട് പറയുന്നു.

നാലാമതായി, അന്ധകാരത്തിന്റെ ലോകത്തില്‍ നിന്നും പ്രകാശത്തിലേയ്ക്ക് നയിക്കാനായി യേശുവിന് കഴിയും എന്നത് അന്ധന്റെ ആഴമായ വിശ്വാസമാണ്. ഒരിക്കല്‍പ്പോലും താന്‍ നേരിട്ടു കണ്ടിട്ടില്ലാത്ത യേശുവിന്, തന്റെ ജീവിതത്തില്‍ അത്ഭുതം പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന വിശ്വാസമാണ് ”ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ” എന്ന അവന്റെ നിലവിളിയില്‍ ഒളിഞ്ഞിരിക്കുന്നത്. വിശ്വാസത്തോടെയുള്ള അവന്റെ നിലവിളി ജനക്കൂട്ടത്തിന്റെ ശബ്ദാനുഭവങ്ങളെയെല്ലാം അതിലംഘിച്ചു കൊണ്ട് ഈശോയുടെ കാതുകളില്‍ പതിയുന്നു. ചങ്കു പൊട്ടി നിലവിളിക്കുന്ന പ്രാര്‍ത്ഥന ദൈവതിരുമുമ്പില്‍ തള്ളിപ്പോവുകയില്ല. ഇന്നല്ലെങ്കില്‍ നാളെ അവയ്ക്ക് തിരുമുമ്പില്‍ നിന്നും മറുപടി ഉണ്ടാകും. അതുകൊണ്ടാണ് ജനക്കൂട്ടത്തിന്റെ ആരവത്തിനിടയിലും അന്ധന്റെ നിലവിളി കേള്‍ക്കാന്‍ ദൈവപുത്രന് കഴിഞ്ഞത്. വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനയ്ക്ക് ദൈവതിരുമുമ്പില്‍ വിലയുണ്ട് എന്ന സത്യം അന്ധയാചകന്റെ സംഭവത്തിലെ വചനം വ്യക്തമാക്കുന്നു.

അവസാനമായി, സൗഖ്യം ലഭിച്ച അന്ധന്‍ പുതിയ വ്യക്തിയായി തീരുന്നു. പഴയ വഴികളും പ്രവര്‍ത്തികളും ഉപേക്ഷിച്ച് കര്‍ത്താവിനെ പിന്തുടരുന്നു. ലൂക്കാ 2:31-ല്‍ ഉണ്ണിയേശുവിനെ കൈകളിലെടുത്തു കൊണ്ട് ശിമയോന്‍ പറഞ്ഞത് ”സകല ജനത്തിനും വേണ്ടി ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ നയനങ്ങള്‍ കണ്ടു കഴിഞ്ഞു എന്നാണ്. ഇതാണ് ഈ അന്ധന്‍ സൗഖ്യമായപ്പോള്‍ ലഭിച്ചത്. അവന് രക്ഷയും കിട്ടി, രക്ഷകനെയും കിട്ടി. നാളിതു വരെ ദൈവം ചൊരിഞ്ഞ അനുഗ്രഹങ്ങളെ പ്രതി അവിടുത്തോട് നന്ദിയുള്ളവരായിരിക്കണം. നന്ദിയുടെ ഏറ്റവും വലിയ ആഘോഷമാണ് വിശുദ്ധ കുര്‍ബാന. എന്താണ് ഈ അന്ധന്‍ അവസാനം ചെയ്തത്. 43-ാം വാക്യം പറയുന്നു. ”അവന്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് യേശുവിന്റെ പിന്നാലെ പോയി.” അന്ധന്റെ പിടിവാശിയാണ് അവന് അനുഗ്രഹം സ്വന്തമാക്കാന്‍ സാധിച്ചത്.

നമ്മുടെ നിയോഗങ്ങളും പ്രാര്‍ത്ഥനകളും വിശുദ്ധ ബലിയില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണം. ഇന്നും ജീവിക്കുന്ന യേശു, അപ്പമായ് നമ്മുടെ മുന്‍പിലേയ്ക്കു കടന്നുവരും. യേശുവിനെ വിളിച്ച് നമുക്ക് പ്രാര്‍ത്ഥിക്കാം. കര്‍ത്താവേ, ദാവീദിന്റെ പുത്രാ ഞങ്ങളില്‍ കനിയണമേ. ദൈവ തിരുമുമ്പില്‍ നിലവിളിച്ചപ്പോള്‍ അന്ധനുണ്ടായിരുന്ന മനോഭാവം നമ്മുടെ ഹൃദയങ്ങളിലും ഉണ്ടായിരിക്കട്ടെ. അതിനായി ഈ വിശുദ്ധ ബലിയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. നിത്യം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍. ആമ്മേന്‍

ബ്ര. ജോസഫ് കൊല്ലംപറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.