ഞായര്‍ പ്രസംഗം, പള്ളിക്കൂദാശാക്കാലം നാലാം ഞായര്‍ നവംബര്‍ 22 മത്തായി 22: 41-46 ക്രിസ്തു ഈ ലോകത്തിന്റെ നാഥന്‍

ബ്ര. സെബാസ്റ്റ്യന്‍ കോയിക്കര MSJ

ഈശോമിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരേ,

വരാനിരിക്കുന്ന നിത്യസൗഭാഗ്യത്തിന്റെ മുന്നാസ്വാദനത്തെ ഓര്‍മ്മിപ്പിക്കുന്ന പള്ളിക്കൂദാശാക്കാലത്തിലെ ഈ നാലാം ഞായറാഴ്ച മിശിഹായുടെ രാജത്വത്തിരുനാള്‍ നമ്മള്‍ ആചരിക്കുകയാണ്. 1925-ല്‍ 11-ാം പിയൂസ് പാപ്പായാണ് ഈ തിരുനാള്‍ ആചരിക്കുവാന്‍ ആഹ്വാനം ചെയ്തത്.

ഒന്നാം ലോക മഹായുദ്ധാനന്തരം രാജാക്കന്മാരുടെയും ഏകാധിപതികളുടെയും കിരാതഭരണത്തില്‍ രാജ്യങ്ങള്‍ ഞെരിഞ്ഞമര്‍ന്നു. എവിടെയും അനീതിയും അധികാരക്കൊതിയും നടമാടി. രാഷ്ട്രങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ന്നു. ഈ അവസരത്തിലാണ് നിത്യം നിലനില്‍ക്കുന്ന രാജ്യത്തെയും, സ്‌നേഹത്തില്‍ ഭരണം നടത്തുന്ന രാജാവിനെയും ലോകത്തിനു പരിചയപ്പെടുത്തിക്കൊണ്ട്, ക്രിസ്തുവിന്റെ രാജത്വത്തിരുനാള്‍ ആഘോഷിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തത്.

വി. മത്തായിയുടെ സുവിശേഷം 22-ാം അദ്ധ്യായത്തില്‍ നിയമജ്ഞരും ഫരിസേയരും സദുക്കായരും യേശുവിനെ വാക്കില്‍ കുടുക്കാന്‍ ശ്രമിക്കുന്നു. ‘എന്ത് അധികാരത്തിലാണ് നീ ഇതൊക്കെ ചെയ്യുന്നത്?’ ‘സീസറിന് നികുതി കൊടുക്കുന്നത് നിയമാനുസൃതമോ?’ ‘പുനരുത്ഥാനത്തില്‍ അവള്‍ ഏഴു പേരില്‍ ആരുടെ ഭാര്യ ആയിരിക്കും?’ ‘നിയമത്തിലെ അതിപ്രധാന കല്‍പന ഏത്?’ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് യേശുവിനെ വാക്കില്‍ കുടുക്കാന്‍ പ്രതിയോഗികള്‍ ശ്രമിക്കുന്നതാണ് സുവിശേഷ പശ്ചാത്തലം.

തന്റെ സ്‌നേഹത്തിലധിഷ്ഠിതമായ പ്രബോധനങ്ങള്‍ക്കെതിരെ ശാസ്ത്രീയമായ ചോദ്യങ്ങളുമായി വന്ന നിയമജ്ഞരുടെയും ഫരിസേയരുടെയും കപടമുഖം തുറന്നുകാട്ടി അവരോട് യേശു ഒരു ചോദ്യം ഉന്നയിക്കുകയാണ്. ‘ക്രിസ്തു ആരുടെ പുത്രനാണ്?”

ക്രിസ്തു ആരെന്ന് തിരിച്ചറിയാനുള്ള, ഹൃദയങ്ങള്‍ തുറക്കാനുള്ള ക്ഷണമാണ് യേശുവിന്റെ ചോദ്യം. മിശിഹായെക്കുറിച്ച് വിശുദ്ധ ലിഖിതങ്ങളില്‍ പറഞ്ഞിരിക്കുന്നവ മുഴുവന്‍ മനഃപാഠമാക്കിയിരിക്കുന്നവര്‍ക്ക്, രക്ഷകനെ പ്രതീക്ഷിച്ച് കാത്തിരുന്നവര്‍ക്ക് അവന്‍ കടന്നുവന്നപ്പോള്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ഫരിസേയരുടെയും നിയമജ്ഞരുടെയും അന്ധതയെ തുറന്നുകാട്ടുന്നതായിരുന്നു യേശുവിന്റെ ചോദ്യം. ‘ക്രിസ്തു ആരുടെ പുത്രനാണ്’ എന്ന ചോദ്യത്തിന് ‘ദാവീദിന്റെ’ എന്ന മറുപടിയാണ് ഫരിസേയര്‍ നല്‍കുന്നത്. ക്രിസ്തു ദാവീദിന്റെ വംശത്തില്‍ പിറക്കുന്ന രാജാവും വിമോചകനുമാകുമെന്ന് യഹൂദര്‍ പ്രതീക്ഷിച്ചിരുന്നു.
ക്രിസ്തു ദാവീദിന്റെ പുത്രനാണ് എന്ന് ഫരിസേയര്‍ മറുപടി പറഞ്ഞപ്പോള്‍, യേശു അവരോട് മറ്റൊരു ചോദ്യം ചോദിക്കുകയാണ്: ‘ക്രിസ്തു ദാവീദിന്റെ പുത്രനാണ് എങ്കില്‍ ദാവീദ് എങ്ങനെയാണ് കര്‍ത്താവ് എന്ന് മിശിഹായെ വിളിക്കുന്നത്?’ സ്വന്തം വംശത്തില്‍ പിറന്നവനെ എങ്ങനെ കര്‍ത്താവ് എന്നു വിളിക്കാന്‍ കഴിയും എന്നതാണ് ചോദ്യത്തിന്റെ സാരാംശം. തന്റെ ചോദ്യം സാധൂകരിക്കുന്നതിനായി യേശു 110-ാം സങ്കീര്‍ത്തനം ഉദ്ധരിക്കുന്നു: ‘കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുള്‍ചെയ്തു: നീ എന്റെ വലതുവശത്തിരിക്കുക’ എന്ന വാക്യത്തില്‍ ദാവീദ് ക്രിസ്തുവിനെ കര്‍ത്താവ് എന്ന് അഭിസംബോധന ചെയ്തിട്ടുണ്ട്. ഈ സങ്കീര്‍ത്തനം, വരാനിരിക്കുന്ന ക്രിസ്തുവിനെക്കുറിച്ചാണെന്ന് ഫരിസേയര്‍ കരുതിയിരുന്നു. പാരമ്പര്യമനുസരിച്ച് ദാവീദിന്റെ പുത്രനായ ക്രിസ്തുവാണ് രക്ഷകനായി അഭിഷേകം ചെയ്യപ്പെടേണ്ടത്. എന്നാല്‍ ദാവീദ് രചിച്ചതെന്നു പറയപ്പെടുന്ന ഈ സങ്കീര്‍ത്തനത്തില്‍ മിശിഹായെ, ദാവീദ് കര്‍ത്താവ് എന്നു വിളിക്കുന്നു. അത് എന്തുകൊണ്ടാണ്?

വാഗ്ദാനം ചെയ്യപ്പെട്ട മിശിഹാ ദാവീദിന്റെ കുടുംബത്തില്‍ പിറക്കുമെന്നും അവന്‍ യഹൂദരെ സ്വതന്ത്രരാക്കും എന്നു മല്ലാതെ മറ്റൊന്നും ഫരിസേയര്‍ക്കും അറിയില്ലായിരുന്നു. അതിനാല്‍ തന്നെ അവര്‍ക്ക് യേശുവിന്റെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല.

യഥാര്‍ത്ഥത്തില്‍ എന്താണ് യേശു ഈ ചോദ്യം കൊണ്ട് അര്‍ത്ഥമാക്കുന്നത്? ദാവീദിന്റെ പുത്രന്‍ എന്നറിയപ്പെടുന്ന ക്രിസ്തു, ജനനക്രമം അനുസരിച്ച് ദാവീദിന്റെ വംശത്തില്‍ പിറന്നവനാണെങ്കിലും അവന്‍ ദൈവപുത്രനാണ്. ദാവീദിന്റെയും കര്‍ത്താവാണ് എന്ന സത്യമാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. ക്രിസ്തു ദാവീദിന്റെ കര്‍ത്താവുമാണ്. യഥാര്‍ത്ഥത്തില്‍ യേശു തന്റെ ദൈവൈക്യം വെളിപ്പെടുത്തിയിരിക്കുകയാണിവിടെ. ക്രിസ്തു എന്ന രാജാവിനെ വ്യത്യസ്തനാക്കുന്നത് അവന്‍ പാലിച്ചുപോന്ന ദൈവൈക്യമാണ്. ദൈവവുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നവര്‍ക്കേ നല്ല രാജാവായിരിക്കാന്‍ സാധിക്കൂ എന്നതിന് ക്രിസ്തുജീവിതം വലിയൊരു സാക്ഷ്യമാണ്. 2000 വര്‍ഷങ്ങള്‍ക്കുശേഷവും ഇന്നും ക്രിസ്തുവും അവന്റെ ദൈവരാജ്യമൂല്യങ്ങളും മനുഷ്യന്‍ വിലമതിക്കുന്നത് അതുകൊണ്ടാണ്.

ക്രിസ്തു രാജാവാണ്. അവിടുത്തേയ്ക്ക് വെളിപാട് ഗ്രന്ഥം നല്‍കുന്ന ശീര്‍ഷകം, ‘നാഥന്മാരുടെ നാഥനും, രാജാക്കന്മാരുടെ രാജാവും’ എന്നാണ്. പീലാത്തോസ് പ്രത്തോറിയത്തില്‍ വച്ച് നിര്‍ണ്ണായകമായ ചോദ്യം ചോദിക്കുന്നു: ‘നീ യഹൂദന്മാരുടെ രാജാവാണോ?’ ഇതിനു മറുപടിയായി യേശു തന്റെ രാജത്വത്തെക്കുറിച്ച് പ്രഖ്യാപിക്കുന്നു. ‘എന്റെ രാജ്യം ഐഹികമല്ല.’ അതെ, അവിടുത്തെ രാജ്യം ഐഹികമല്ല. അവിടുത്തെ രാജ്യം ലോകത്തിന്റേതല്ല. സാമ്രാജ്യങ്ങള്‍ തകരും, സിംഹാസനങ്ങള്‍ മറിഞ്ഞുവീഴും. പക്ഷേ, ക്രിസ്തുവിന്റെ രാജ്യവും ഭരണവും എന്നും നിലനില്‍ക്കും. അവിടുത്തെ രാജത്വത്തിന്റെ വ്യത്യസ്തത കൊണ്ട് ജീവിതകാലത്ത് ക്രിസ്തുവിനെ യഹൂദര്‍ രാജാവായി തിരിച്ചറിഞ്ഞില്ല എന്നതാണ് സത്യം.

ദാവീദിന്റെ വംശത്തില്‍ പിറന്നവനാണെങ്കിലും അവന്റെ ജനനം പുല്‍ത്തൊഴുത്തിലായിരുന്നു. ഈജിപ്തിലേയ്ക്ക് മാതാപിതാക്കളോടൊപ്പം ഒളിച്ചോടിയതും രാജത്വത്തിന്റെ യാതൊരു അവകാശവാദങ്ങളും ഇല്ലാതെയായിരുന്നു. മുപ്പതു വര്‍ഷക്കാലം ആരാലും അറിയപ്പെടാതെ രാജാവായവന്‍ നസ്രത്തില്‍ ഒതുങ്ങിക്കഴിഞ്ഞു.

ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവനര്‍പ്പിക്കുന്നതുപോലെ തന്റെ അജഗണങ്ങള്‍ക്കുവേണ്ടി കുരിശില്‍ ജീവന്‍ ബലിയര്‍പ്പിച്ച നല്ല ഇടയനാണവന്‍. സ്‌നേഹമായിരുന്നു അവന്റെ ശക്തി. മനുഷ്യഹൃദയങ്ങളായിരുന്നു അവന്റെ രാജ്യം. വാക്ക്പരിചയം കൊണ്ട് ഭൂമിയിലെ രാജാക്കന്മാര്‍ യുദ്ധം ജയിച്ചപ്പോള്‍ ക്രിസ്തു വിജയം വരിച്ചത് സ്‌നേഹവും സഹനവും കൊണ്ടാണ്. രാജാക്കന്മാര്‍ രാജ്യങ്ങള്‍ കീഴടക്കിയപ്പോള്‍ കുരിശിലൂടെ അവന്‍ കീഴടക്കിയത് ജനമനസ്സുകളാണ്. അവന്‍ രാജാവായി വാഴാന്‍ ആഗ്രഹിച്ചത്, തന്റെ രക്തം വിലയായി നല്‍കി വീണ്ടെടുത്ത ജനമനസ്സുകളിലാണ്.

കുടുംബപ്രതിഷ്ഠാ പ്രാര്‍ത്ഥനയില്‍ നമ്മള്‍ ആവര്‍ത്തിച്ചു ചൊല്ലുന്ന പ്രാര്‍ത്ഥനയാണ് ‘ഞങ്ങളുടെ കുടുംബത്തില്‍ അങ്ങ് രാജാവായി വാഴണമേ’ എന്ന്. വീടിന്റെ കട്ടിളപ്പടിയില്‍ നം എഴുതിവയ്ക്കും ‘ക്രിസ്തു ഈ ഭവനത്തിന്റെ നാഥന്‍,’ വാഹനങ്ങളില്‍ കൊന്തയും കുരിശും തൂക്കുമ്പോഴും കുരിശു വരച്ച് എഴുന്നേല്‍ക്കുമ്പോഴും നമ്മള്‍ ക്രിസ്തുവിന്റെ രാജത്വത്തെ അംഗീകരിക്കുകയാണ്. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? ക്രിസ്തു പഠിപ്പിച്ച പ്രാര്‍ത്ഥനയില്‍ നാം ദിനംപ്രതി ചൊല്ലുന്നു, ‘അങ്ങയുടെ നാമം പൂജിതമാകണമേ; അങ്ങയുടെ രാജ്യം വരണമേ’ എന്ന്. എന്നാല്‍ സ്വന്തം മനോരാജ്യങ്ങളോട് ‘ഗുഡ് ബൈ’ പറയാന്‍ നമുക്ക് സാധിക്കുന്നില്ല. എവിടെയും എനിക്ക് ഒന്നാമനാകണം, ഞാന്‍ പറയുന്നതാണ് ശരി, അത് എല്ലാവരും അംഗീകരിക്കണം എന്നിങ്ങനെയുള്ള നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ നാം ഓര്‍ക്കണം, ഗത്സമെനില്‍ എന്റെ ഇഷ്ടമല്ല, പിതാവിന്റെ ഇഷ്ടം നിറവേറട്ടെ എന്നു പ്രാര്‍ത്ഥിച്ച ക്രിസ്തു എന്ന രാജാവിനെ തന്നെയാണോ ഞാന്‍ അനുഗമിക്കുന്നതെന്ന്.

എന്റെ രാജ്യം ഇവിടെയല്ല എന്നുപറഞ്ഞ ക്രിസ്തുവിന്റെ രാജത്വത്തിരുനാള്‍ ആചരിക്കപ്പെടുന്നത്, മരിച്ചവരെ പ്രത്യേകമായി ഓര്‍ക്കുന്ന നവംബര്‍ മാസത്തിന്റെ സമാപനത്തിലാണെന്നത് വെറുമൊരു ആകസ്മികതയല്ല. ലോകരാജ്യങ്ങളെ വെട്ടിപ്പിടിച്ച് മുന്നേറിയ നെപ്പോളിയന്‍ വിഷാദരോഗം ബാധിച്ച് തടവുകാരനായി കഴിയിമ്പോള്‍ പറഞ്ഞു: “ഒരു രാജ്യവും നിലില്‍ക്കുന്നില്ല. നസ്രായന്റേതൊഴികെ.”

പ്രിയമുള്ളവരേ, ഈ ലോകജീവിതം നല്‍കന്ന സന്തോഷങ്ങളില്‍ അഭിരമിച്ച് ക്രിസ്തുവിന്റെ രാജ്യത്തെ മറക്കാതിരിക്കാന്‍ നമുക്ക് പരിശ്രമിക്കാം, നാം ആയിരിക്കുന്ന ഇടങ്ങളില്‍ വലിയവനാകാനുളള നമ്മുടെ ആഗ്രഹത്തില്‍ നി ന്നു പിന്മാറാം. ക്രിസ്തുവിന്റെ രാജ്യവും അതിന്റെ മൂല്യങ്ങളും നാം ആയിരിക്കുന്ന ഇടങ്ങളില്‍ സംജാതമാക്കാന്‍ നമുക്ക് പരിശ്രമിക്കാം. സ്വര്‍ഗ്ഗഭൂലോകങ്ങളുടെ രാജാവായ യേശുക്രിസ്തുവിന്റെ രാജത്വത്തിരുനാള്‍ ആഘോഷിക്കുമ്പോള്‍ നമുക്കും പ്രാര്‍ത്ഥിക്കാം, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ, ആമ്മേന്‍.

ബ്ര. സെബാസ്റ്റ്യന്‍ കോയിക്കര MSJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.