ഞായര്‍ പ്രസംഗം 2, ശ്ലീഹാക്കാലം മൂന്നാം ഞായര്‍ ജൂണ്‍ 06 നിത്യജീവന്‍ നേടാന്‍

ബ്ര. അഗസ്റ്റിന്‍ ഐക്കരക്കുന്നേല്‍

ദിവ്യകാരുണ്യ ഇശോയില്‍ സ്‌നേഹം നിറഞ്ഞവരേ,

പെന്തക്കുസ്തായ്ക്കു ശേഷം പരിശുദ്ധാത്മാവിനാല്‍ പൂരിതരായ ശ്ലീഹന്മാര്‍ തങ്ങളുടെ ഗുരുവിന്റെ സന്ദേശവുമായി ലോകം മുഴുവന്‍ ചുറ്റിസഞ്ചരിച്ചതിന്റെയും പുതിയ സഭാസമൂഹങ്ങള്‍ക്ക് രൂപം കൊടുത്തതിന്റെയും അനുസ്മരണമാണ് ശ്ലീഹാക്കാലം. ശ്ലീഹന്മാരെപ്പോലെ മിശിഹായ്ക്ക് സാക്ഷ്യം വഹിക്കാനുള്ള ആഹ്വാനമാണ് ശ്ലീഹാക്കാലം നമുക്കേവര്‍ക്കും നല്‍കുന്നത്. ശ്ലീഹാക്കാലം മൂന്നാം ഞായറാഴ്ചയായ ഇന്ന് പരിധികളില്ലാത്ത കരുണയുടെ കഥയുമായിട്ടാണ് ഈശോ സുവിശേഷത്തിലൂടെ കടന്നുവരുന്നത്. നല്ല സമരിയാക്കാരന്റെ ഉപമ വിശ്വസാഹിത്യത്തില്‍ അതുല്യമായ ഒരു ഇടം കണ്ടെത്തിയ കഥ എന്നതിനേക്കാള്‍ ക്രൈസ്തവര്‍ക്കും അക്രൈസ്തവര്‍ക്കും ഒരുപോലെ അറിയാവുന്നതും മനുഷ്യമനസ്സുകളെ പ്രചോദിപ്പിക്കുന്നതുമാണ്.

വി. ലൂക്കാ സുവിശേഷകന്‍ മാത്രം രേഖപ്പെടുത്തുന്ന ഒരു ഉപമയാണ് നല്ല സമരിയാക്കാരന്റേത്. അതിനാല്‍ ഈ വചനഭാഗത്തിന്റെ പശ്ചാത്തലം മനസ്സിലാക്കുന്നത് ഉചിതമാണ്. നല്ല സമരിയാക്കാരന്റെ കഥയിലൂടെയും തുടര്‍ന്നുവരുന്ന മര്‍ത്തായുടെയും മറിയത്തിന്റെയും ജീവിതസംഭവത്തിലൂടെയും അതിനുശേഷം വരുന്ന പ്രാര്‍ത്ഥനയെക്കുറിച്ചുള്ള ഈശോയുടെ പ്രബോധനത്തിലൂടെയും ഈജിപ്തിലെ വിജാതീയ ക്രിസ്ത്യാനികളോട് വി. ലൂക്കാ സുവിശേഷകന്‍ പറയുന്നത് നിത്യജീവന്‍ കരസ്ഥമാക്കാനുള്ള ശിഷ്യത്വത്തെക്കുറിച്ചാണ്. ശിഷ്യത്വം എന്നത് ബന്ധങ്ങളില്‍ നിന്ന് ആരംഭിക്കേണ്ടതാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം സ്‌നേഹത്തില്‍ ഒന്നായിരിക്കുന്നതുപോലെ നാമും ഈ സ്‌നേഹത്തിന്റെ ബന്ധത്തിലേയ്ക്ക് വളരേണ്ടിയിരിക്കുന്നു. തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ സ്‌നേഹിച്ചു. അവസാന തുള്ളി രക്തവും ചിന്തി ഈശോ നമ്മെ സ്‌നേഹിച്ചു. ഈശോയുടെ ശിഷ്യരായ നാം ഈ സ്‌നേഹത്തിന്റെ ജീവിതമാണ് നയിക്കേണ്ടത്. ആവശ്യക്കാര്‍ക്ക് സഹായമാകാനും യേശുവിന്റെ പാദാന്തികത്തിലിരുന്ന് അവന്റെ വചനം ശ്രവിച്ച് അവന്റെ സ്‌നേഹശുശ്രൂഷയില്‍ പങ്കുചേരാനും സാധിക്കുമ്പോള്‍ നാം അവന്റെ ശിഷ്യത്വത്തില്‍ പങ്കുപറ്റുന്നവരായിത്തീരും.

ഇന്നേ ദിനം തിരുസഭാ മാതാവ് തിരുവചനത്തിലൂടെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ദൈവസ്‌നേഹവും പരസ്‌നേഹവും എങ്ങനെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാം എന്നതിനെക്കുറിച്ചാണ്. ഈ കാലഘട്ടത്തില്‍ നമ്മിലെ ഭൂരിഭാഗം ആള്‍ക്കാരും ചോദിക്കാന്‍ വിട്ടുപോകുന്ന ഒരു ചോദ്യമാണ്, സുവിശേഷത്തില്‍ നിയമജ്ഞന്‍ ചോദിക്കുന്നത്: “നിത്യജീവന്‍ അവകാശമാക്കുവാന്‍ ഞാന്‍ എന്തു ചെയ്യണം?” നിയമത്തിലധിഷ്ഠിതമായ ഒരു നീതിബോധം രക്ഷ പ്രദാനം ചെയ്യുമെന്ന് വിശ്വസിച്ച ഒരു സമൂഹമാണ് യഹൂദരുടേത്. അതിനാല്‍ ദൈവത്തോടുള്ള ബന്ധവും സഹോദരങ്ങളോടുമുള്ള ബന്ധവും അവര്‍ ഉടമ്പടിയിലൂടെയും നിയമങ്ങള്‍ക്കനുസരിച്ചുമായിരുന്നു പാലിച്ചത് എന്ന് നിയമാവര്‍ത്തന പുസ്തകത്തില്‍ നിന്നും നാം വായിച്ചുകേട്ടു. അതിനാല്‍ എന്തു ചെയ്താല്‍ നിത്യജീവന്‍ അവകാശമാക്കുവാന്‍ കഴിയുമെന്ന ചോദ്യത്തിന് ഉത്തരമായി തന്റെ പ്രവര്‍ത്തികള്‍ കൊണ്ട് നേടിയെടുക്കാവുന്നതാണ് നിത്യജീവന്‍ എന്ന ചിന്ത സുവിശേഷകന്‍ നമുക്ക് പറഞ്ഞുതരുന്നു.

പ്രിയമുള്ളവരേ, നിത്യജീവന്‍ നമ്മുടെ പ്രവര്‍ത്തികള്‍ കൊണ്ട് നേടിയെടുക്കാം. ഭൗതികമായ സമ്പാദ്യങ്ങളെ വെടിഞ്ഞ് നിത്യജീവന്‍ കരസ്ഥമാക്കണമെങ്കില്‍ നമ്മുടെ പ്രവര്‍ത്തികളെ ദൈവത്തിലേക്ക് ഉയര്‍ത്താം. പുത്രന്റെ സ്‌നേഹത്തോടും അവന്റെ തീരുമാനങ്ങളോടും നമുക്ക് നന്ദിയോടെ അനുരൂപപ്പെടാം. നിത്യജീവന്‍ നേടാന്‍ നമ്മുടെ മുന്നിലെ ഏക പോംവഴി, ദൈവപ്രീതിക്ക് പാത്രമാകുക എന്നതാണ്. ദൈവപ്രീതി നേടാനുള്ള വഴിയാണ് ഈശോ വചനഭാഗത്തിന്റെ അവസാനം പറഞ്ഞത്: “നീയും പോയി അതുപോലെ ചെയ്യുക.” അയല്‍ക്കാരനെ അന്വേഷിച്ചുനടക്കാതെ ഒരു നല്ല അയല്‍ക്കാരനായിത്തീരുക. സമരിയാക്കാരനിലൂടെ വരച്ചുകാണിച്ച യേശുവിന്റെ തന്നെ ഗുണങ്ങളാണ് നാം ഓരോരുത്തരും പ്ര കടമാക്കേണ്ടത്. തകര്‍ന്നവനോടുണ്ടാകേണ്ട മനസ്സലിവും കരുണയും പ്രകടമാക്കുക, സ്വന്തം ശരീരത്തെ സംരക്ഷിക്കാനായി കരുതിവച്ചിരിക്കുന്ന എണ്ണയും വീഞ്ഞും പണവും സമയവും അദ്ധ്വാനവും ആവശ്യക്കാരനിലേയ്ക്ക് പകരുക. വി. അഗസ്റ്റിന്‍ നമ്മെ ഇപ്രകാരം ഉദ്‌ബോധിപ്പിക്കുന്നു: “ദൈവം നമ്മോട് കരുണ കാണിക്കുന്നത് ദൈവത്തിന്റെ തന്നെ കരുണ കൊണ്ടാണ്. പക്ഷേ, നമ്മള്‍ കരുണ കാണിക്കുന്നത് ദൈവത്തിന്റെ കരുണയാലാണ്, നാം കരുണ കാണിക്കുമ്പോള്‍ ആ സ്‌നേഹം പ്രകടമാക്കുക.”

മുറിവേറ്റവന്റെ അടുത്തുചെല്ലാന്‍ നമ്മുടെ ഹൃദയം ഇനിയും വളരേണ്ടതുണ്ട്. കാരുണ്യത്തിന്റെ തികവായ ദൈവപുത്രന്‍ മനുഷ്യനേറ്റ പാപത്തിന്റെ മുറിവ് കണ്ട് സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലിറങ്ങി. മുറിവുകള്‍ കണ്ട് അകന്നുമാറുന്ന ദൈവമല്ല നമുക്കുള്ളത്. ഈ ക്രിസ്തുവിന്റെ അനുയായി എന്ന് നമ്മള്‍ അഭിമാനപുരസ്സരം പറയുന്നുണ്ടെങ്കില്‍ ഒന്നുകൂടി ഈശോ യോഹന്നാന്റെ സുവിശേഷം 13-ാം അദ്ധ്യായം 35-ാം വാക്യത്തിലൂടെ നമുക്ക് പറഞ്ഞുതരുന്നുണ്ട്. “ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്ക് പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ  ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും.”

വാക്കുകളേക്കാളുപരി പ്രവര്‍ത്തിയിലൂടെ താന്‍ നല്ല സമരിയാക്കാരനാണെന്ന് ആ മനുഷ്യന്‍ കാണിച്ചുതന്നു. മനുഷ്യമക്കളോടുള്ള സ്‌നേഹത്തെപ്രതി അവരോടൊത്ത് എന്നും വസിക്കുവാനായി സ്വന്തം ശരീര-രക്തം പകുത്തുനല്‍കിയ മിശിഹാരഹസ്യങ്ങളെ വിശുദ്ധ കുര്‍ബാനയിലെ കൂദാശവചനത്തില്‍ നാം അനുസ്മരിക്കുന്നുണ്ട്. മറ്റുള്ളവര്‍ക്കുവേണ്ടി വിഭജിക്കപ്പെടാനും ചിന്തപ്പെടാനും തയ്യാറാകുമ്പോള്‍, അപരനുവേണ്ടി ജീവിക്കുമ്പോള്‍, അപരനുവേണ്ടി സഹിക്കുമ്പോള്‍ അവിടെ ക്രിസ്തു ജനിക്കുന്നു; ക്രിസ്തുവിന്റെ ഓര്‍മ്മ നിലനിര്‍ത്തപ്പെടുന്നു. ഈ ദിവ്യബലിയുടെ സമയത്ത് നല്ല സമറായനെപ്പോലെ അപരന് നല്ല അയല്‍ക്കാരനായി വര്‍ത്തിക്കുവാനുള്ള കൃപയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം.

ബ്ര. അഗസ്റ്റിന്‍ ഐക്കരക്കുന്നേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.