ഞായര്‍ പ്രസംഗം 2, ഉയിര്‍പ്പുകാലം നാലാം ഞായര്‍ ഏപ്രില്‍ 25, ദുഃഖം സന്തോഷമായി മാറും

ബ്ര. റോബിന്‍ തറയില്‍

ഈശോയുടെ ഉത്ഥാനരഹസ്യങ്ങളെക്കുറിച്ച് ധ്യാനിക്കുന്ന ഉയിര്‍പ്പുകാലത്തിലെ നാലാം ഞായറാഴ്ചയായ ഇന്ന് തിരുസഭാ മാതാവ് വിചിന്തനത്തിനായി നമുക്ക് നല്‍കുന്ന വചനഭാഗം യോഹന്നാന്റെ സുവിശേഷം 16:16-24 ആണ്. ഈശോയുടെ അന്ത്യപ്രഭാഷണത്തിന്റെ അവസാനഭാഗമാണ് ഈ തിരുവചനങ്ങള്‍. യോഹ. 16:21, ‘നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും.’ ശിഷ്യന്മാര്‍ക്ക് പ്രതീക്ഷയുടെ കിരണങ്ങള്‍ വീശിക്കൊണ്ട് അവരുടെ നിസ്സഹായാവസ്ഥയില്‍ ഈശോ അവരോട് പറയുകയാണ് നിങ്ങള്‍ക്ക് സന്തോഷം വരാന്‍ പോവുകയാണെന്ന്. തീര്‍ച്ചയായിട്ടും ഈശോയുടെ ഒരു വാഗ്ദാനമാണത്. ഉത്ഥിതനായ മിശിഹായോടൊപ്പം ജീവിക്കുന്ന നമ്മള്‍ നിരാശയില്‍ കഴിയേണ്ടവരല്ല മറിച്ച്, സന്തോഷിക്കേണ്ടവരാണ്.

ചില സന്ദര്‍ഭങ്ങളില്‍ നമ്മുടെ ജീവിതത്തില്‍ സഹനങ്ങള്‍ കടന്നുവന്നേക്കാം. കാരണം സന്തോഷവും സഹനവുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ സഹനത്തിനപ്പുറമുള്ള ദൈവാനുഗ്രഹം ദര്‍ശിക്കുമ്പോഴാണ് നാം യഥാര്‍ത്ഥ വിശ്വാസികളാകുന്നത്. ബൈബിളിലൂടെ കടന്നുപോകുമ്പോള്‍ സഹനത്തിന്റെ ദൗത്യം പൂര്‍ത്തീകരിച്ച് ദൈവാനുഗ്രഹം പ്രാപിച്ചവരെ നമുക്ക് കാണാന്‍ സാധിക്കും.

യാക്കോബ് അനുഗ്രഹിക്കപ്പെട്ടത് സഹനത്തിന്റെ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷമാണ്. ഇസ്രായേലിന്റെ ജീവിതത്തിലും ഇതു തന്നെയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ഈജിപ്തിലെ ക്രൂരമായ പീഡനങ്ങളും അടിമത്വവും തുടര്‍ന്നുള്ള സഹനജീവിതവും അവര്‍ക്ക് കാനാന്‍ദേശം നേടിക്കൊടുത്തു. നമ്മുടെ വിശ്വാസജീവിതത്തില്‍ തകര്‍ച്ചകള്‍ അല്ലെങ്കില്‍ വിള്ളലുകള്‍ വരാതിരിക്കാനുള്ള ആദ്യത്തെ മാര്‍ഗ്ഗം എന്നു പറയുന്നത്, നമ്മുടെ ജീവിതത്തിലും ഓരോ സഹനത്തിനപ്പുറത്ത് ദൈവാനുഗ്രഹം കാണുകയെന്നുള്ളതാണ്. ഈശോ തന്റെ ഉത്ഥാനരഹസ്യത്തിലൂടെ നമ്മെ പഠിപ്പിക്കുകയാണ് നിങ്ങളുടെ ദുഃഖം സന്തോഷമായി മാറുമെന്ന്. അതുകൊണ്ട് ജീവിതത്തിലെ സഹനങ്ങളും നൊമ്പരങ്ങളും വേദനകളും തെറ്റിദ്ധാരണകളും ദൈവാനുഗ്രഹത്തിന്റെ വഴികളാക്കി മാറ്റണം. അപ്പോള്‍ മാത്രമാണ് നമ്മുടെ ജീവിതത്തിലും യഥാര്‍ത്ഥമായ ഉത്ഥാനരഹസ്യം ആരംഭിക്കുന്നത്.

യോഹ. 16:22, “നിങ്ങളുടെ സന്തോഷം ആരും നിങ്ങളില്‍ നിന്ന് എടുത്തുകളയുകയില്ല.” നമ്മുടെ ജീവിതത്തിലെ ആത്മീയസന്തോഷം എടുത്തുകളയാന്‍ ആര്‍ക്കും സാധിക്കുകയില്ല. നമ്മുടെ ദുഃഖങ്ങള്‍ നമ്മുടെ തന്നെ സൃഷ്ടികളാണ്. ബാഹ്യമായി എന്തെല്ലാം തകര്‍ച്ചകളുണ്ടായാലും ആന്തരിക ആനന്ദം നഷ്ടപ്പെടാതെ നാം കാത്തുസൂക്ഷിക്കണം.

നമുക്കറിയാം, ക്രിസ്തീയജീവിതം അനുദിനം കുരിശെടുക്കുന്ന ജീവിതമാണ്. അതേ സമയം, അത് ആന്തരികസന്തോഷത്തിന്റെയും ജീവിതമാണ്. കാരണം, അത് ഈശോയോടൊത്തുള്ള ജീവിതമാണ്. ഇതു തന്നെയാണ് ജോബിന്റെ ജീവിതത്തിലും നമുക്ക് കാണാന്‍ കഴിയുന്നത്. നമ്മുടെ ജീവിതത്തില്‍ എത് അവസ്ഥയിലും ആന്തരീക ആനന്ദം കണ്ടെത്തുവാന്‍ നമുക്ക് സാധിക്കണം.

ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ നിന്നു നാം വായിച്ചുകേട്ടു: “പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കുകില്ല.” ദൈവത്തിന്റെ സ്‌നേഹത്തെക്കുറിച്ചുള്ള ഏറ്റവും ഹൃദയസ്പര്‍ശിയായ തിരുവചനമാണിത്. ഇന്നത്തെ ലേഖനഭാഗത്ത് ഇതു തന്നെയാണ് പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. പിതാവായ ദൈവം നമ്മോടുള്ള സ്‌നേഹം പ്രകടമാക്കിയത് യേശുക്രിസ്തുവിലൂടെ രക്ഷ നമുക്ക് നേടിത്തന്നു കൊണ്ടാണ്.

യോഹ. 16:23, “അന്ന് നിങ്ങള്‍ എന്നോടൊന്നും ചോദിക്കുകയില്ല. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്ന് നിങ്ങള്‍ക്കു നല്‍കും.” കര്‍ത്താവിന്റെ ഏറ്റവും ശക്തമായ ഒരു വാഗ്ദാനമാണിത്. നിങ്ങള്‍ ഇതുവരെ ഒന്നും ചോദിച്ചിട്ടില്ല എന്ന് അവിടുന്ന് പറയുന്നു. നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് അര്‍ത്ഥമുണ്ടെന്ന്, ഉത്തരമുണ്ടെന്ന് തിരിച്ചറിയുക.

സങ്കീ. 34:10, “സിംഹക്കുട്ടികള്‍ ഇര കിട്ടാതെ വിശന്നുവലഞ്ഞേക്കാം. കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല.” അവ വെറും പാഴ്‌വാക്കുകളല്ല. മറിച്ച് ദൈവസന്നിധിയില്‍ വിലയുള്ളതാണെന്ന് അറിയുക. കാരണം, ഇന്നും ജീവിക്കുന്ന ദൈവത്തോടാണ് നാം പ്രാര്‍ത്ഥിക്കുന്നത്. പലപ്പോഴും നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കുന്നില്ല എന്ന് നമുക്കു തോന്നാം. എന്നാല്‍ ഉത്തരം ലഭിക്കാന്‍ ദൈവത്തിന്റെ സമയം വരെ നാം കാത്തിരിക്കേണ്ടതായിട്ടുണ്ട്. ഇവിടെ ഈശോയുടെ വാക്കുകള്‍ ഓര്‍ക്കാം. ഭഗ്നാശരാകാതെ എപ്പോഴും പ്രാര്‍ത്ഥിക്കുക. ഈശോയുടെ കൂടെ നടക്കാനും ഈശോയുടെ അനുഗ്രഹം പ്രാപിക്കാനും വിളിക്കപ്പെട്ട വിശ്വാസികളായ നമുക്ക് ദൈവികമായ തിരിച്ചറിവിലേയ്ക്ക് വളരാം.

നമുക്കറിയാം, വിശുദ്ധ കുര്‍ബാന ഈശോയുടെ രക്ഷാകര രഹസ്യങ്ങളുടെ അനുസ്മരണമാണല്ലോ. അതുകൊണ്ട് ഈ ബലിയില്‍ നമുക്ക് ഓര്‍ക്കാം, സഹനത്തിനപ്പുറം അനുഗ്രഹമുണ്ടെന്നും ആത്മീയ ആനന്ദം ആര്‍ക്കും എടുത്തുകളയാനാകില്ല എന്നും. പ്രാര്‍ത്ഥിച്ചാല്‍ അത് കര്‍ത്താവ് ഏറ്റെടുക്കും എന്ന അനുഭവത്തിലേയ്ക്ക് വളരാം. അവിടെയാണ് യഥാര്‍ത്ഥ ക്രൈസ്തവികതയുടെ ആത്മീയത ആരംഭിക്കുന്നത്.

ബ്ര. റോബിന്‍ തറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.