ഞായര്‍ പ്രസംഗം, ഏലിയാ സ്ലീവാ മൂശാക്കാലം രണ്ടാം ഞായര്‍ സെപ്റ്റംബര്‍ 05 നൂറുമേനി ഫലം പുറപ്പെടുവിക്കുവിന്‍

വി. മത്തായി അറിയിച്ച സുവിശേഷത്തില്‍ സ്വര്‍ഗ്ഗരാജ്യത്തെ സംബന്ധിക്കുന്ന അഞ്ചു പ്രഭാഷണങ്ങളാണ് ഈശോയുടേതായിട്ടുള്ളത്. ഗിരിപ്രഭാഷണം (5-7), പ്രേഷിതപ്രഭാഷണം (10), സ്വര്‍ഗ്ഗരാജ്യ ഉപമകളുടെ പ്രഭാഷണം (13), സഭാജീവിതക്രമ പ്രഭാഷണം (18), യുഗാന്തപ്രഭാഷണം (24-25). ഇവയില്‍ കേന്ദ്രസ്ഥാനത്തുള്ളത് സ്വര്‍ഗ്ഗരാജ്യത്തിന്റെ സ്വഭാവവും വളര്‍ച്ചയും ലക്ഷ്യവും വ്യക്തമാക്കുന്ന ഉപമകളുടെ അദ്ധ്യായമാണ്. ഈ ഉപമകളില്‍ ആദ്യത്തേതായ വിതക്കാരന്റെ ഉപമയാണ് ഇന്നത്തെ നമ്മുടെ പരിചിന്തന വിഷയം.

വിട്ടില്‍ നിന്നറങ്ങി ഗലീലി തടാകക്കരയില്‍ വന്നിരിക്കുന്ന ഈശോയെയാണ് ആരംഭത്തില്‍ നമ്മള്‍ കാണുന്നത്. സാധാരണയായി ശ്രോതാക്കള്‍ ഗുരുവിനെ അന്വേഷിച്ചു പോകാറാണുള്ളത്. എന്നാല്‍ ഇവിടെ, ഗുരു ശിഷ്യരെ തേടിയിറങ്ങുന്നു. അതാണ് നമ്മുടെ ദൈവത്തിന്റെ സവിശേഷത. മനുഷ്യനെ അന്വേഷിച്ചു വരുന്ന ദൈവം. അതാണ് മനുഷ്യനായി അവതരിച്ച ഈശോമിശിഹാ.

ഒരു വലിയ ജനക്കൂട്ടം വന്നുകൂടിയപ്പോള്‍ ഈശോ ഒരു വഞ്ചിയില്‍ കയറിയിരുന്നു. ഈശോ ഇരുന്നു പഠിപ്പിക്കുന്ന ഈ വഞ്ചിയെ തിരുസഭയുടെ പ്രതീകമായാണ് സഭാപിതാക്കന്മാര്‍ കാണുന്നത്. തിരുസഭയാകുന്ന വഞ്ചിയിലിരുന്ന് ഈശോ ഇന്നും തന്റെ പ്രബോധനം തുടരുന്നു.

കടല്‍ത്തീരത്തു നിന്ന ജനക്കൂട്ടത്തോട് അവിടുന്ന് പല കാര്യങ്ങളും ഉപമകളിലൂടെ സംസാരിച്ചു. ശ്രോതാക്കള്‍ പലതരത്തില്‍ ഉള്ളവരായിരുന്നതു കൊണ്ടാണ് പല ഉപമകള്‍ ഈശോ ഉപയോഗിച്ചത് എന്നു വി. ജെറോം അഭിപ്രായപ്പെടുന്നു. എല്ലാ ഉപമകളും എല്ലാവര്‍ക്കും ഒരുപോലെ മനസ്സിലായില്ലെങ്കിലും ഓരോരുത്തരുടെ ജീവിതസാഹചര്യവുമായി ബന്ധപ്പെട്ടവ അവരവര്‍ക്ക് ഗ്രഹിക്കാനാവും. കര്‍ഷകര്‍ക്ക് വിതക്കാരന്റെയും കളകളുടെയും കടുകുമണിയുടെയും ഉപമകളും, വീട്ടമ്മമാര്‍ക്ക് പുളിമാവിന്റെ ഉപമയും, വ്യാപാരികള്‍ക്ക് നിധിയുടെയും രത്‌നത്തിന്റെയും ഉപമകളും, മുക്കുവര്‍ക്ക് വലയുടെ ഉപമയും എളുപ്പം മനസ്സിലാകും. സ്വര്‍ഗ്ഗരാജ്യ രഹസ്യത്തിന്റെ വിവിധ മാനങ്ങള്‍ വ്യക്തമാക്കുക എന്നതാണ് ഈശോ അരുളിച്ചെയ്ത ഉപമകളുടെയെല്ലാം ലക്ഷ്യം.

വിതക്കാരന്റെ ഉപമയോടെയാണ് ഈശോ ആരംഭിച്ചത്: ‘ഇതാ, വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു.’ വീട്ടില്‍ നിന്നറങ്ങി കടല്‍ത്തീരത്തു വന്നു പഠിപ്പിക്കുന്ന ഈശോയുടെ പ്രതിഛായ ഈ വിതക്കാരനില്‍ കാണാനാവും. ജനമദ്ധ്യത്തില്‍ സ്വര്‍ഗ്ഗരാജ്യ വചനത്തിന്റെ വിത്തു വിതയ്ക്കാനാണ് അവിടുന്നു മനുഷ്യനായത്. ഈ ഉപമയ്ക്ക് ഈശോ തന്നെ നല്കുന്ന വ്യാഖ്യാനത്തില്‍ നിന്ന് ഇത് വ്യക്തമാണ്. അവിടുന്ന് തന്റെ പരസ്യജീവിതം ആരംഭിച്ചതു തന്നെ, ‘സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കയാല്‍ പശ്ചാത്തപിക്കുവിന്‍’ (4,17) എന്ന ആഹ്വാനത്തോടെയാണല്ലോ. അതോടെ അവിടുന്ന് വിതയ്ക്കുവാന്‍ തുടങ്ങി.  ഈശോ നല്കിയതായി വി. മത്തായി രേഖപ്പെടുത്തുന്ന അഞ്ചു പ്രഭാഷണങ്ങളും ഈ വിതയ്ക്കലിന്റെ വിവിധ ഭാഗങ്ങളാണ്. വാസ്തവത്തില്‍, മോശയിലൂടെയും പ്രവാചകന്മാരിലൂടെയും ദൈവവചനം അറിയിച്ച പിതാവായ ദൈവം തന്നെയാണ് മനുഷ്യനായി അവതരിച്ച ഈശോയിലൂടെയും സുവിശേഷ വചനത്തിന്റെ വിത്ത് വിതയ്ക്കുന്നത്.

വിത്ത് സ്വീകരിക്കുന്ന നിലത്തിന്റെ ഗുണനിലവാരം നോക്കിയല്ല ഈശോയാകുന്ന വിതക്കാരന്‍ വിതയ്ക്കുന്നത്. ഈശോ വിതച്ച സ്വര്‍ഗ്ഗരാജ്യ സുവിശേഷത്തിന്റെ വിത്ത് നാലു തരത്തിലുള്ള നിലത്താണ് പതിച്ചത്: വഴിയരികിലും, മണ്ണധികമില്ലാത്ത പാറനിലത്തും, മുള്‍ച്ചെടികള്‍ക്കിടയിലും, നല്ല നിലത്തും. ധനികനെന്നോ ദരിദ്രനെന്നോ, പണ്ഡിതനെന്നോ പാമരനെന്നോ, ബുദ്ധിമാനെന്നോ ഭോഷനെന്നോ, ധൈര്യശാലിയെന്നോ, ഭീരുവെന്നോ ഉള്ള വ്യത്യാസമില്ലാതെയാണ് ഈശോ തന്റെ വചനം നല്കുന്നത്. വചനം ശ്രവിക്കാനും ഫലം പുറപ്പെടുവിക്കാനുമുള്ള അവസരം എല്ലാവര്‍ക്കും ഒരുപോലയാണ് നല്കപ്പെടുന്നത്. പാതയോ, പാറയോ മണ്ണുള്ള നിലമാകാനുള്ള സാധ്യത കുറവാണ്. എന്നാല്‍, മനുഷ്യന്റെ കാര്യത്തില്‍ അങ്ങനെയല്ല; അവന്റെ ഹൃദയത്തിനും മനസ്സിനുമൊക്കെ എപ്പോള്‍ വേണമെങ്കിലും മാറ്റം വരാം. അത് ഫലഭൂയിഷ്ടമായ ഭൂമിയായി പരിണമിക്കാം. മനുഷ്യാത്മാവിനെ ഞെരുക്കുന്ന മുള്ളുകള്‍ നീക്കം ചെയ്യപ്പെടാം. ഈ പ്രതീക്ഷയിലാണ് അവിടുന്ന് വിതയ്ക്കുന്നത്.

ദൈവത്തിന്റെ ഈ പ്രതീക്ഷയെക്കുറിച്ച് ഏശയ്യാ പ്രവാചകന്‍ അരുളിച്ചെയ്യുന്നത് നമ്മള്‍ വായിച്ചുകേട്ടതാണല്ലോ: ‘നിന്നോട് ഔദാര്യം കാണിക്കാന്‍ കര്‍ത്താവ് കാത്തിരിക്കുന്നു. നിന്നോട് കാരുണ്യം പ്രദര്‍ശിപ്പിക്കാന്‍ അവിടുന്ന് തന്നെത്തന്നെ ഉയര്‍ത്തുന്നു’ (ഏശ. 30,18).

1. വഴിയരികില്‍ വീണ വത്ത് പക്ഷികള്‍ വന്ന് തിന്നുകളഞ്ഞു. ഈശോയുടെ തന്നെ വാക്കുകളില്‍, സ്വര്‍ഗ്ഗരാജ്യത്തിന്റെ വചനം കേട്ടിട്ട് അത് ഗ്രഹിക്കാത്തവരുടെ ഹൃദയത്തില്‍ നിന്ന് അത് നീക്കിക്കളയുന്ന പക്ഷികള്‍ ദുഷ്ടാരൂപിയാണ്. ആളുകള്‍ നടന്നും, വണ്ടി കയറിയും ഉറച്ചുപോയ നിലമാണ് വഴി. മനുഷ്യരിലെ കഠിനഹൃദയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇപ്രകാരമുള്ളവരുടെ മനസ്സിലും ഹൃദയത്തിലും ദുഷ്ടാരൂപികള്‍ സ്വൈര്യവിഹാരം നടത്തും. അവിടെ പതിക്കുന്ന ദൈവവചനത്തെ ഈ ദുഷ്ടാരൂപികള്‍ വിഴുങ്ങിക്കളയും (അലക്‌സാണ്ട്രിയായിലെ സിറിള്‍). നമ്മള്‍ വലിയ വില കൽപ്പിക്കാത്തതും ശ്രദ്ധയില്ലാത അവഗണിക്കുന്നതുമായ വചന വത്തിനെയാണ് ദുഷ്ടന്‍ തട്ടിയെടുക്കുന്നത്.

2. മണ്ണധികമില്ലാത്ത പാറനിലത്ത് വീണ വിത്ത്, പെട്ടന്ന് മുളച്ചു പൊങ്ങിയെങ്കിലും മണ്ണിന് ആഴമില്ലാതിരുന്നതു കൊണ്ട് സൂര്യന്‍ ഉദിച്ചപ്പോള്‍ അവ വാടുകയും വേരുകളില്ലാഞ്ഞതിനാല്‍ ഉണങ്ങിപ്പോവുകയും ചെയ്തു. കേള്‍ക്കുന്ന വചനം സന്തോഷത്തോടെ സ്വീകരിക്കുന്ന ഇക്കൂട്ടര്‍ വചനം നിമിത്തം ക്ലേശമോ പീഡനമോ ഉണ്ടാകുമ്പോള്‍ വീണുപോകുന്നു. കാരണം, ശ്രവിച്ച വചനം അവരില്‍ ആഴത്തില്‍ വേരോടിയിട്ടില്ല. വിശ്വാസത്തെ ഗൗരവമായി പരിഗണിക്കാത്തവരാണ് ഇവര്‍. അവരുടെ ഭക്തിയും വിശ്വാസ ജീവിതവുമൊക്കെ ഉപരിപ്ലവവും വേരുകളില്ലാത്തതുമാണ്. സാഹചര്യങ്ങള്‍ അനുകൂലമായിരിക്കുമ്പോള്‍ മാത്രം വിശ്വാസത്തിന് അനുസൃതം ജീവിക്കുന്നവരാണിവര്‍. വിശ്വാസത്തെപ്രതി എന്തെങ്കിലും സഹിക്കേണ്ടി വരുമ്പോള്‍ അവര്‍ക്കു പിടിച്ചുനിൽക്കാനാവില്ല. കാരണം, അവരുടെ ചിന്ത ഭൗമികമായ കാര്യങ്ങളില്‍ മാത്രമാണ്.

3. മുള്‍ച്ചെടികള്‍ക്കിടയില്‍ വീണ വിത്തിനെ മുള്‍ച്ചെടികള്‍ വളര്‍ന്ന് ഞെരുക്കിക്കളഞ്ഞു. ലൗകിക വ്യഗ്രതയും ധനാസക്തിയുമാണ് സ്വര്‍ഗ്ഗരാജ്യ സുവിശേഷത്തെ ഞെരുക്കുന്ന ഈ മുള്‍ച്ചെടികള്‍ എന്ന് ഈശോ വ്യാഖ്യാനിക്കുന്നു. ശ്രവിക്കുന്ന വചനത്തെ, തിരുലിഖിതത്തിന്റെയും തിരുസഭയുടെ വിശുദ്ധ പാരമ്പര്യങ്ങളുടെയും വെളിച്ചത്തില്‍ പരിപോഷിപ്പിക്കാത്തവരില്‍ ലൗകിക വ്യഗ്രതയും ധനാസക്തിയും വളരും. അവ ദൈവിക കാര്യങ്ങളില്‍ വ്യാപൃതരാകുന്നതില്‍ നിന്ന് നിഷ്‌കളങ്ക ആത്മാക്കളെ പിന്തിരിപ്പിക്കും. ഇക്കൂട്ടര്‍ ശാരീരികമായി ദൈവാലയത്തില്‍ സന്നിഹിതരാണെങ്കിലും ചിന്തയിലും മനസ്സിലും വിദൂരങ്ങളിലായിരിക്കും. ദിവ്യരഹസ്യങ്ങള്‍ പരികര്‍മ്മം ചെയ്യപ്പെടുമ്പോഴും ഇവരുടെ ചിന്ത ലൗകിക വ്യാപാരങ്ങളിലും പണസമ്പാദന മാര്‍ഗ്ഗങ്ങളിലുമായിരിക്കും. വായിക്കപ്പെടുന്ന തിരുലിഖിതങ്ങളും പ്രാര്‍ത്ഥനകളും കേള്‍ക്കുന്നുണ്ടെങ്കിലും ഹൃദയം കൊണ്ട് ഇവര്‍ മനസ്സിലാക്കുന്നില്ല. ധനാസക്തി നന്മപ്രവൃത്തികള്‍ ചെയ്യാനും ഇക്കൂട്ടരെ അനുവദിക്കില്ല. ഇങ്ങനെയൊക്കെയാണ് ലൗകിക വ്യഗ്രത വചനത്തെ ഞെരുക്കുന്നത്. ദുശ്ശീലങ്ങളും ദുര്‍മോഹങ്ങളുമാകുന്ന മുള്‍ച്ചെടികള്‍ ഹൃദയത്തില്‍ നിന്നും പിഴുതു കളയുകയാണ് നല്ല നിലമായി തീരുന്നതിനുള്ള മാര്‍ഗ്ഗം. സമ്പന്നനായിരിക്കുന്നതില്‍ തിന്മയില്ല; പക്ഷേ, വേണ്ട വിധത്തില്‍ അത് വിനിയോഗിക്കാതിരിക്കുന്നതില്‍ തിന്മയുണ്ട്. ഈ ലോകത്തിലാണ് ജീവിക്കുന്നതെങ്കിലും ലൗകിക വ്യഗ്രതകള്‍ക്ക് അടിപ്പെടാതെ ജീവിക്കാനാവും (ക്രിസോസ്‌തോം).

4. നല്ല നിലത്ത് വീണ വിത്തില്‍ ചിലത് നൂറും, ചിലത് അറുപതും, മറ്റു ചിലത് മുപ്പതും മേനി വിളവു നല്കി. ഈശോ അറിയിച്ച സ്വര്‍ഗ്ഗരാജ്യ സദ്‌വാര്‍ത്തയുടെ വചനം ഹൃദയത്തില്‍ സ്വീകരിച്ച് നന്നായി ഗ്രഹിച്ച് അതനുസരിച്ച്‌ ജീവിതത്തില്‍ ഫലം പുറപ്പെടുവിക്കുന്നവരാണ് ഇക്കൂട്ടര്‍. നല്ല നിലം സൂചിപ്പിക്കുന്നത് അനീതിയിലേയ്ക്ക് ചാഞ്ഞിരിക്കുന്ന സമ്പത്തില്‍ നിന്ന് അകന്നിരിക്കുവരെയാണ്. വചനത്തെ ജീവിതത്തില്‍ പകര്‍ത്തി ഫലം പുറപ്പെടുവിക്കുന്നര്‍ക്കിടയിലും വ്യത്യാസമുണ്ട്. ഒരേ രീതിയിലല്ല ഇവര്‍ ഫലം പുറപ്പെടുവിക്കുന്നത്. ചിലര്‍ മുപ്പതും, ചിലര്‍ അറുപതും, ചിലര്‍ നൂറും മേനി ഫലം പുറപ്പെടുവിക്കുന്നു. തങ്ങളാല്‍ കഴിയുന്ന നന്മ ചെയ്തു തൃപ്തിയടയുന്നവര്‍ മുപ്പതു മേനി ഫലം പുറപ്പെടുവിക്കുന്നവരാണ്. എല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുത്ത ശേഷം ദൈവശുശ്രൂഷയ്ക്കായി ജീവിതം ഉഴിഞ്ഞു വയ്ക്കുന്നവര്‍ അറുപതു മേനി ഫലം പുറപ്പെടുവിക്കുന്നു. വചനത്തെപ്രതി ശാരീരിക സഹനങ്ങള്‍ ഏൽക്കേണ്ടി വരുമ്പോള്‍ അത് സന്തോഷത്തോടെ സ്വീകരിക്കുകയും സ്വജീവന്‍ പോലും വിശ്വാസത്തെപ്രതി ത്യജിക്കാന്‍ തയ്യാറാകുകയും ചെയ്യുന്നവരാണ് നൂറുമേനി ഫലം പറുപ്പെടുവിക്കുന്നത്.

ആദ്യവായനയില്‍ നിയമാവര്‍ത്തന പുസ്തകത്തില്‍ നിന്നു നമ്മള്‍ ശ്രവിച്ചതും ഇതു തന്നെയാണ്. ഇസ്രായേല്‍ ജനത്തോടുള്ള സ്‌നേഹത്തിന്റെ പ്രകാശനമായി തന്റെ ശക്തമായ കരങ്ങളാല്‍ അടിമത്വത്തിന്റെ ഭവനമായ ഈജിപ്തില്‍ നിന്ന് അവരെ വിമോചിപ്പിക്കുകയും അതുവഴി പിതാക്കന്മാരോടു ചെയ്ത വാഗ്ദാനം പൂര്‍ത്തിയാക്കുകയും ചെയ്ത ദൈവത്തിന്റെ പ്രമാണങ്ങളും ചട്ടങ്ങളും നിയമങ്ങളും അനുസരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നല്ലോ ആദ്യവായന (നിയ 7,7-11).

പൗലോസ് ശ്ലീഹാ തെസലോനിക്കായിലെ സഭാംഗങ്ങള്‍ക്കു നല്കുന്ന ഉപദേശം ഇന്ന് നമ്മെ സംബന്ധിച്ചും പ്രസക്തമാണ്: ‘എന്റെ സഹേദരരേ, നിങ്ങള്‍ ഉറച്ചു നിൽക്കുകയും ഞങ്ങളുടെ പ്രസംഗം മൂലമോ ലേഖനം മൂലമോ നിങ്ങള്‍ പഠിച്ചിട്ടുള്ള കല്പനകളെ മുറുകെപ്പിടിക്കുകയും ചെയ്യുവിന്‍’ (2 തെസ 2,15). എപ്രകാരമാണ് അവിടുത്തെ വചനത്തോട് നമ്മള്‍ പ്രതികരിക്കുന്നത് എന്ന് മനഃസാക്ഷിയില്‍ പരിശോധിക്കാന്‍ ഈ ഉപമയിലൂടെ കേള്‍വിക്കാരെ ഈശോ ക്ഷണിക്കുന്നു. വി. ആഗസ്തീനോസിന്റെ വാക്കുകള്‍ നമ്മുടെ ചെവികളില്‍ മുഴങ്ങട്ടെ: ‘നിങ്ങളാകുന്ന നിലം ആവുംവിധം നന്നായി ഒരുക്കുക. നിങ്ങളിലെ തരിശുഭൂമി കലപ്പ കൊണ്ട് ഉഴുതു മറിക്കുക. കല്ലുകള്‍ നീക്കം ചെയ്യുകയും മുള്‍ച്ചെടികള്‍ ചുവടേ പിഴുതു കളയുകയും വേണം. ദൈവവചനത്തെ നിഷ്ഫലമാക്കുന്ന കഠിനഹൃദയം ഉള്ളവനാകാന്‍ ആഗ്രഹിക്കരുത്. ദൈവസ്‌നേഹത്തിന് പ്രവേശിക്കാനോ വേരൂന്നാനോ കഴിയാത്ത ആഴമില്ലാത്ത മണ്ണ് ആകരുത്. നിന്റെ നന്മയ്ക്കായി വിതയ്ക്കപ്പെടുന്ന നല്ല വിത്തിനെ ഞെരുക്കുന്ന വിധത്തില്‍ ജീവിതവ്യഗ്രതകളും ആസക്തികളും നിറഞ്ഞവരാകാതിരിക്കുക. ദൈവം വിതക്കാരനും നമ്മള്‍ നിലവുമാണ്. നല്ല നിലമാകാന്‍ യത്‌നിക്കുക. ഇപ്രകാരം മുപ്പതും അറുപതും നൂറും മേനി ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.’

ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍