ഞായര്‍ പ്രസംഗം 2, ദനഹാക്കാലം മൂന്നാം ഞായര്‍ ജനുവരി 17 യോഹ. 1: 29-34 സ്‌നാപകന്റെ ക്രിസ്തുസാക്ഷ്യം

ബ്ര. ബിനു കുളങ്ങര MCBS

ലോകപാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടിന്റെ തിരുരക്തത്താല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്ന വൈദികരേ, പ്രിയമുള്ള സഹോദരന്മാരേ,

മാനവരക്ഷയ്ക്കുവേണ്ടി മനുഷ്യനായി അവതരിച്ച ദൈവവചനമാകുന്ന യേശുക്രിസ്തുവിന്റെ പടിപടിയായുള്ള സ്വയം വെളിപ്പെടുത്തലാണ് ദനഹാക്കാലത്തിലൂടെ തിരുസഭാ മാതാവ് പ്രത്യേകമായി നമ്മെ അനുസ്മരിപ്പിക്കുന്നത്. ദനഹാക്കാലത്തിന്റെ മൂന്നാം ഞായറാഴ്ചയിലെ നാല് വായനകളും സവിശേഷമാംവിധം രക്ഷകനിലേയ്ക്ക് വിരല്‍ചൂണ്ടുന്ന വചനഭാഗങ്ങളാണ്.

സംഖ്യയുടെ പുസ്തകത്തില്‍ നിന്നുള്ള ആദ്യവായനയില്‍, മോശ കര്‍ത്താവിനോട് അതിതീവ്രമായ ഭാഷയില്‍ കാരുണ്യം യാചിക്കുകയാണ്. ഇസ്രായേല്‍ ജനത്തിന്റെ അടങ്ങാത്ത മുറവിളികള്‍ക്കു മുമ്പില്‍ ഭാരപ്പെട്ടുനില്‍ക്കുന്ന മോശയുടെ നിലവിളിയുടെ ഉത്തരം ഇന്നത്തെ സുവിശേഷഭാഗത്ത് ലോകപാപം നീക്കാന്‍ വന്ന ദൈവത്തിന്റെ കുഞ്ഞാടില്‍ നാം കണ്ടുമുട്ടുന്നു. വീണ്ടും ഏശയ്യാ പ്രവചനം, ജീവനില്ലാത്ത വിഗ്രഹങ്ങളെ ദൂരെയെറിഞ്ഞ് നീതിമാനും രക്ഷകനുമായ ദൈവത്തില്‍ അഭയം പ്രാപിച്ച് രക്ഷ സ്വന്തമാക്കുവാന്‍ ഇസ്രായേല്‍ ജനത്തോട് ആഹ്വാനം ചെയ്യുകയാണ്.

പഴയനിയമ വായനകളുടെ അര്‍ത്ഥം ഒട്ടും ചോര്‍ന്നുപോകാതെ ഹെബ്രായ ലേഖനവും രക്ഷകനിലൂടെ ലോകത്തിനു നല്‍കപ്പെട്ട ദിവ്യവചനങ്ങളെ ആഴത്തില്‍ വിശ്വസിച്ച് പൂര്‍ണ്ണമായി അനുസരിക്കാന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഈ മൂന്നു വായനകളുടെ അന്തഃസത്ത അതിന്റെ പൂര്‍ണ്ണതയില്‍ ഇന്നത്തെ സുവിശേഷഭാഗത്ത് ആവിഷ്‌ക്കരിക്കപ്പെടുമ്പോള്‍ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായി യേശുവിനെ ലോകത്തിനു മുമ്പില്‍ വിളിച്ചുപറയുന്ന സ്‌നാപകനെയാണ് വി. യോഹന്നാന്റെ സുവിശേഷത്തില്‍ നാം കണ്ടുമുട്ടുന്നത്.

ഇന്ന് നാം വായിച്ചുകേട്ട വചനഭാഗത്തിന് തൊട്ടുമുമ്പ് പുരോഹിതപുത്രനായ സ്‌നാപകന്റെ പ്രവാചകത്വം അന്വേഷിച്ച് കടന്നുവരുന്ന പുരോഹിതന്മാരോടും ലേവ്യരോടും ആദ്യമേ തന്നെ, താന്‍ ആരല്ലെന്നും അതിനുശേഷം താന്‍ ആരാണെന്നും വ്യക്തമായി പറയുന്ന സ്‌നാപകന്‍ തീര്‍ച്ചയായും സ്വന്തം അസ്തിത്വത്തെക്കുറിച്ചും ദൗത്യത്തെപ്പറ്റിയും കൃത്യമായ ബോദ്ധ്യമുള്ളവനായിരുന്നു. അതുകൊണ്ടുതന്നെ ദൈവം തന്നെ ഭരമേല്‍പിച്ചിരിക്കുന്ന കര്‍ത്തവ്യങ്ങളെ വ്യക്തമായി കാണുവാനും അതിനനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്തുവാനും തക്ക ആത്മീയ ഉള്‍ക്കാഴ്ച സ്‌നാപകനുണ്ടായിരുന്നു. ഈയൊരു ആത്മീയദര്‍ശനമാണ് സ്‌നാപകന്, മിശിഹായെ യേശുവില്‍ കാണാന്‍ സാദ്ധ്യമാക്കിയത്.

കാണുക എന്നതിന് മൂന്ന് വ്യത്യസ്തങ്ങളായ ഗ്രീക്ക് ക്രിയാപദങ്ങളാണ് ഇവിടെ സുവിശേഷകന്‍ ഉപയോഗിച്ചിരിക്കുന്നത്. 29-ാം വാക്യത്തില്‍ ‘യേശു തന്റെ അടുത്തേയ്ക്ക് വരുന്നതുകണ്ട്’ എന്ന വിവരണത്തില്‍ ‘ഏകാഗ്രതയോടെ വീക്ഷിച്ചു’ എന്ന് അര്‍ത്ഥമുള്ള ‘ബ്ലെപോ’ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. 32-ാം വാക്യത്തില്‍ ‘അവസാനിക്കുന്നത് കണ്ടു’ എന്ന അവതരണത്തില്‍ ‘അത്ഭുതത്തോടെ നോക്കി’ എന്ന് അര്‍ത്ഥം വരുന്ന ‘തെയോറെയോ’ എന്ന പദമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍, 34-ാം വാക്യത്തില്‍ ‘ഞാന്‍ അത് കാണുകയും ചെയ്തു’ എന്ന സാക്ഷ്യവിവരണത്തില്‍ അനുഭവതലത്തിലുള്ള കാണലിനെ സൂചിപ്പിക്കുന്ന ‘ഹൊറാദ’ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്.

ഇവിടെ യേശുവിന് വഴിയൊരുക്കാന്‍ കടന്നുവന്ന സ്‌നാപകന്‍ യേശുവിനെ ദര്‍ശിക്കുന്നത് തീര്‍ച്ചയായും തന്റെ ഭൗതിക കണ്ണുകളുടെ കാഴ്ചയിലല്ല. മറിച്ച്, തന്റെ ആത്മീയനയനങ്ങളുടെ ഉള്‍ക്കാഴ്ചയിലാണ്. ഈ ലോകത്തില്‍ യേശുവിനെ കാണാനും അനുഗമിക്കാനും ആഗ്രഹിക്കുന്ന ഏതൊരു ശിഷ്യനും സ്‌നാപകനെപ്പോലെ ഏകാഗ്രതയോടും അത്ഭുതത്തോടും കൂടെ ക്രിസ്തുവില്‍ കണ്ണുനട്ടിരിക്കുന്നെങ്കില്‍ മാത്രമേ ക്രിസ്ത്വാനുഭവം ആഴത്തില്‍ സ്വന്തമാക്കുവാന്‍ സാധിക്കുകയുള്ളൂവെന്ന് ഇന്നത്തെ സുവിശേഷം നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ്. ആഴമാര്‍ന്ന ക്രിസ്ത്വാനുഭവങ്ങള്‍ ഒരു നെരിപ്പോട് പോലെ നമ്മില്‍ ജ്വലിച്ചെങ്കില്‍ മാത്രമേ ഒരു യഥാര്‍ത്ഥ സാക്ഷ്യജീവിതം നമ്മിലും സംജാതമാകൂ എന്നതിന് പരിശുദ്ധ ഗ്രന്ഥം സാക്ഷിയാണ്.

ബൈബിള്‍ ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും, കണ്ട് അനുഭവിക്കുന്നതില്‍ നിന്നാണ് തീക്ഷ്ണമായ സാക്ഷ്യജീവിതങ്ങള്‍ എന്നും രൂപപ്പെട്ടിട്ടുളളത്. നിത്യജീവന്റെ വചസ്സുകളെ ഹൃദയത്തിലേയ്ക്ക് ഏറ്റുവാങ്ങിയ സമരിയാക്കാരി സ്ത്രീ നിത്യജീവന്റെ വറ്റാത്ത ഉറവ യേശുവില്‍ ദര്‍ശിച്ച് ഈ ലോകത്തിനു മുമ്പില്‍ യേശുവിന് സജീവസാക്ഷ്യമേകി. ഉത്ഥാനാനുഭവം കണ്‍മുമ്പില്‍ ദര്‍ശിച്ച ശ്ലീഹന്മാര്‍ അതില്‍ നിന്നുണ്ടായ ക്രിസ്ത്വാനുഭവത്തെ ലോകത്തിന്റെ അതിര്‍വരമ്പുകള്‍ വരെ സാക്ഷ്യപ്പെടുത്തി. കൊല്‍ക്കത്തയുടെ തെരുവീഥികളില്‍ പാവപ്പെട്ടവരുടെയും രോഗികളുടെയും മുറിവുകള്‍ വച്ചുകെട്ടിയ മദര്‍ തെരേസയെപ്പോലെ, മൊളോക്കോ ദ്വീപിലെ കുഷ്ഠരോഗികളെ ശുശ്രൂഷിച്ച വി. ഡാമിയനെപ്പോലെ ക്രിസ്ത്വാനുഭവത്തില്‍ നിന്ന് ഉളവാകുന്ന സാക്ഷ്യജീവിതം നയിക്കാന്‍ നമുക്കും സാധിക്കണം.

പ്രിയമുള്ളവരേ, ഇന്നത്തെ കാലഘട്ടത്തില്‍ ക്രിസ്തുവിന് സാക്ഷിയായി ജീവിക്കുകയെന്നത് ശരിക്കുമൊരു വെല്ലുവിളിയാണ്. ആധുനികലോകത്തിന്റേതായ അത്യാധുനിക ശാസ്ത്രസാങ്കേതിക കണ്ടുപിടുത്തങ്ങളും അതിലൂടെ സംജാതമാകുന്ന നവീനമായ ജീവിതശൈലികളും നമ്മുടെ സാക്ഷ്യജീവിതത്തിനേല്‍പ്പിക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. പ്രഭാതത്തിലുണര്‍ന്ന് ജീവന്റെ ഉറവിടമായ കര്‍ത്തൃസന്നിധിയില്‍ അഭയം പ്രാപിക്കാനും പ്രഭാതജപങ്ങളാല്‍ ജീവിതത്തിന് അടിസ്ഥാനമിടാനും ദൈവവചന അയനത്തിലൂടെ ദൈവികസ്വരത്തിന്റെ സജീവശ്രോതാക്കളാകാനും മറക്കുന്ന ആധുനിക സാക്ഷ്യജീവിതങ്ങള്‍ പലപ്പോഴും ഇന്ന് ക്രിസ്തുനാഥനില്‍ നിന്ന് ഒരു കല്ലേറു ദൂരം അകലെയാണെന്ന സത്യം നാം തിരിച്ചറിയാതെ പോകരുത്. വചനം പഠിപ്പിക്കാനും ജീവിക്കാനും നാം മറക്കുമ്പോള്‍ മിക്കപ്പോഴും ഇന്നത്തെ നമ്മുടെ സാക്ഷ്യജീവിതങ്ങള്‍ ദൈവരാജ്യ സംസ്ഥാപനത്തില്‍ നിന്ന് ചുവടുമാറി സ്‌കൂളിന്റെ നിര്‍മ്മാണയത്‌നങ്ങളിലും ലോകവ്യാപാരങ്ങളുടെ ആകര്‍ഷണങ്ങളിലും സാമൂഹ്യമാധ്യമങ്ങളുടെ പിന്നാമ്പുറങ്ങളിലുമായി വെറുതെ ആടിത്തീരുകയാണ്. എന്നാല്‍ ഈ ലോക ആകര്‍ഷണങ്ങളുടെ ഗുരുത്വാകര്‍ഷണബലത്തെ അതിലംഘിച്ച് സ്വര്‍ഗ്ഗോന്മുഖമായി അജപാലക ശുശ്രൂഷ ചെയ്യാനും ആത്മീയജീവിതം കെട്ടിപ്പടുക്കാനുമുള്ള സുശക്തമായ ആത്മീയശക്തിയുടെ സ്രോതസ്സ് തിരുസഭയ്ക്കുണ്ടെന്ന കാര്യം നാം മറന്നുപോകരുത്.

ഇന്നത്തെ വചനഭാഗത്തിന്റെ അടിസ്ഥാനത്തില്‍ തീക്ഷ്ണതയുള്ള ഒരു സാക്ഷ്യജീവിതം നയിക്കാന്‍ നമുക്ക് സാധിക്കണം. ഈയൊരു ലക്ഷ്യത്തിനായി നാം തയ്യാറെടുക്കുമ്പോള്‍ ആദ്യമേ തന്നെ സ്‌നാപകനെപ്പോലെ ക്രിസ്തുവിനെ നമ്മുടെ ജീവിതവഴിത്താരയില്‍ കാണാനും അനുഭവിക്കാനുമാകണം. നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധ ബലിയാണ് അതിനുള്ള ഏറ്റവും വലിയ ശ്രേഷ്ഠമായ മാര്‍ഗ്ഗം. എമ്മാവൂസിലേയ്ക്കു പോയ ശിഷ്യന്മാര്‍ ദൈവാനുഭവത്തില്‍ നിന്ന് അകലുമ്പോള്‍ അപ്പം മുറിച്ചു നല്‍കിയ ക്രിസ്തുനാഥന്‍ അവരുടെ മൂടപ്പെട്ട കണ്ണുകളെ ദീപ്തമാക്കിയതുപോലെ ന മുക്കും ഈ തിരുബലിയിങ്കല്‍ ക്രിസ്തുനാഥനെ കണ്ട് അനുഭവിക്കാന്‍ സാധിക്കട്ടെ. ദിവ്യകാരുണ്യനാഥന്‍ നമ്മുടെ ജീവിതങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ബിനു കുളങ്ങര MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.