ഞായര്‍ പ്രസംഗം 2 പള്ളിക്കൂദാശ മൂന്നാം ഞായര്‍ നവംബര്‍ 17: യേശു ദേവാലയം ശുദ്ധീകരിക്കുന്നു  

ഉത്ഥിതനായ ഈശോയോടൊപ്പം സ്വര്‍ഗ്ഗീയാരാധനയില്‍ പങ്കെടുക്കുവാന്‍ വിളിക്കപ്പെട്ടവരാണ് നാമോരോരുത്തരും എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന പള്ളിക്കൂദാശാക്കാലത്തിന്റെ മൂന്നാമത്തെ ആഴ്ചയിലേക്ക് നാം പ്രവേശിച്ചിരിക്കുന്നു. ദൈവാരാധനയ്ക്കായി ദൈവാലയത്തില്‍ ഒത്തുകൂടിയിരിക്കുന്ന നമുക്ക് വച ന വിചിന്തനത്തിനായി തിരുസഭ നല്‍കുന്നത് ദൈവാലയം ശുദ്ധി ചെയ്യുന്ന ദൈവപുത്രന്റെ രംഗമാണ്.
ക്രൈസ്തവരായ നമ്മുടെ ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന യാഥാര്‍ത്ഥ്യമാണ് ദൈവാലയം. നമ്മുടെ ജനനം മുതല്‍ മരണം വരെ ഈ ദൈവാലയത്തിന്റെ സുരക്ഷിത വലയത്തിലാണ്. നാം നമ്മുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ആഘോഷിക്കുന്ന നമ്മുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട നിമിഷങ്ങളായ മാമ്മോദീസയും, ആഘോഷമായ കുര്‍ബാന സ്വീകരണവും, വിവാഹവും, തിരുപ്പട്ടവുമെല്ലാം നാം നടത്തുന്നത് ഈ ദൈവാലയത്തിന്റെ പരിശുദ്ധിയിലാണ്. ഒരു ക്രൈസ്തവനെ സംബന്ധിച്ച് ദൈവാലയം എത്രത്തോളം പ്രധാനപ്പെട്ടതാണോ അ ത്രത്തോളം അല്ലെങ്കില്‍ അതിലേറെ പ്രധാനപ്പെട്ടതാണ് ഒരു യഹൂദന് ജറുസലേം ദൈവാലയം. അവന്റെ ആത്മാവും മനസ്സും ശരീരവും എക്കാലവും ജറുസലേം ദൈവാലയത്തെ ചുറ്റിപ്പറ്റിയായിരുന്നു എന്നത് നാം ഓര്‍ത്തുവയ്‌ക്കേണ്ട യാഥാര്‍ത്ഥ്യമാണ്.
ഈ ദൈവാലയം ശക്തമായ ദൈവസാന്നിധ്യത്തിന്റെ ഇടമാണ്. ഇന്നത്തെ ഒന്നാം വായനയില്‍ ശക്തമായ ദൈവസാന്നിധ്യം അനുഭവിച്ച് വാഗ്ദാനദേശത്തെ ലക്ഷ്യമാക്കി മരുഭൂമിയിലൂടെ യാത്ര ചെയ്യുന്ന ഇസ്രായേല്‍ ജനത്തെപ്പറ്റി നാം ശ്രവിച്ചു. ദൈവം അരുള്‍ചെയ്തതനുസരിച്ച്, മോശ സാക്ഷ്യകൂടാരം നിര്‍മ്മിക്കുന്നു. ദൈവസാന്നിധ്യത്തിന്റെ അടയാളമായി പകല്‍ മേഘവും, രാത്രി അഗ്നിരൂപവും കൂടാരത്തെ ആവരണം ചെയ്തു. മേഘം കൂടാരത്തില്‍ നിന്ന് ഉയരുമ്പോള്‍ അവര്‍ യാത്ര തിരിക്കും, മേഘം നില്‍ക്കുന്നിടത്ത് അവര്‍ പാളയമടിക്കും. ചുരുക്കിപ്പറഞ്ഞാല്‍, ഈ സാക്ഷ്യകൂടാരത്തെ ചുറ്റിപ്പറ്റിയായിരുന്നു അവരുടെ ഓരോ നീക്കവും.
കാലങ്ങള്‍ കടന്നുപോയി. കാനാന്‍ ദേശത്ത് വാസ മുറപ്പിച്ച ഇസ്രായേലിന് സ്വന്തമെന്ന് അവകാശപ്പെടാന്‍, തങ്ങളുടെ ദൈവത്തെ ആരാധിക്കാന്‍ സാക്ഷ്യ കൂടാരത്തിനു പകരം ജറുസലേമില്‍ ഒരു ദൈവാലയം സോളമന്‍ രാജാവ് നിര്‍മ്മിച്ചു. എന്നാല്‍, ക്രിസ്തുവിനു മുമ്പ് ആറാം നൂറ്റാണ്ടില്‍ ബാബിലോണിയന്‍ സാമ്രാജ്യശക്തി ഈ ദൈവാലയം തകര്‍ത്തു. ബാബിലോണിന്റെ അടിമത്വത്തില്‍ നിന്ന് തിരിച്ചു വന്ന ഇസ്രായേല്‍ജനം ദൈവാലയം പുനര്‍നിര്‍മ്മിച്ചു. വീണ്ടും വര്‍ഷങ്ങള്‍ മുമ്പോട്ടു പോയപ്പോള്‍ ബി.സി. ഒന്നാം നൂറ്റാണ്ടില്‍ ഹേറോദേസ് രാജാവ് ഈ ദൈവാലയം കൂടുതല്‍ മനോഹരമായി പുനര്‍നിര്‍മ്മിച്ചു. ഈ ദൈവാലയത്തിന്റെ പശ്ചാത്തലത്തില്‍ വേണം ഈ വചനഭാഗത്തെപ്പറ്റി നാം ചിന്തിക്കാന്‍.
ഈ ദൈവാലയത്തിന് നാല് മണ്ഡപങ്ങളുണ്ടായിരുന്നു. ആദ്യം ഏറ്റവും പുറത്തായി വിജാതീയര്‍ക്കു പ്രാര്‍ത്ഥിക്കാവാനുള്ള മണ്ഡപം, പിന്നീട് സ്ത്രീകള്‍ക്കുള്ള മണ്ഡപവും, യഹൂദരുടെ മണ്ഡപവും, തുടര്‍ന്ന് പുരോഹിതരുടെ മണ്ഡപവും. ഇതില്‍ വിജാതീയരുടെ മണ്ഡപത്തിലായിരുന്നു കച്ചവടക്കാരും, നാണയമാറ്റക്കാരും തമ്പടിച്ചിരുന്നത്. വിജാതീയര്‍ക്ക് കടന്നുവന്ന് പ്രാര്‍ത്ഥിക്കാന്‍ സാധിക്കാത്ത അന്തരീ ക്ഷം… കച്ചവടക്കാരുടെ കോലാഹലവും, ജനത്തിന്റെ തിക്കും തിരക്കും, കാളകളുടെയും ആടുകളുടെയും കരച്ചിലും, നാണയങ്ങളുടെ ചിലമ്പലകളും ഒപ്പം ബ ലിമൃഗങ്ങളെ വാങ്ങാന്‍ വരുന്നവരുടെ വിലപേശലും. ദൈവാലയാന്തരീക്ഷം ശബ്ദമുഖരിതമായിരുന്നു. വിജാതീയര്‍ക്ക് ദൈവാനുഭവത്തിനുള്ള അവസരം നി ഷേധിക്കുന്ന യഹൂദജനതയെ നാം ഇവിടെ കാണുന്നു. ഇതിനെതിരെയാണ് ഈശോ ശബ്ദമുയര്‍ത്തുന്നത്.
ഇനി നമ്മുടെ ജീവിതത്തിലേയ്ക്ക് ഒന്നു തിരിഞ്ഞുനോക്കാം. അപരന് ദൈവാനുഭവത്തിന് തടസ്സം നില്‍ക്കുന്ന സംസാരങ്ങളും പ്രവൃത്തികളും എന്റെയും നിങ്ങളുടെയും ജീവിതത്തിലുണ്ടോ? ഒരു രക്ഷിതാവ് എന്ന നിലയില്‍ എന്റെ മക്കളെ ദൈവത്തിങ്കലേയ്ക്ക് ചേര്‍ത്തുവയ്ക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടിട്ടുണ്ടോ? എന്റെ മകന്റെ/ മകളുടെ ഉപരിപഠനം, നൃത്തപരിശീലനം, പാട്ട് പരിശീലനം എന്നൊക്കെ പറഞ്ഞ് മതപഠന ക്ലാസ്സുകള്‍ ഒഴിവാക്കുമ്പോള്‍ അപരന് ദൈവാനുഭവത്തിന് തടസ്സം നിന്ന ഈശോയുടെ സമയത്തെ ആ യഹൂദര്‍ക്ക് തുല്യമാകുകയല്ലേ എന്റെ ജീവിതം എന്ന് നാം പരിശോധിക്കണം (ക്രിസ്തു എന്നെയും നിങ്ങളെയും നോക്കി കോപിക്കാ തിരിക്കട്ടെ).
യോഹ. 2:18-ല്‍ യഹൂദര്‍ അവനോടു ചോദിച്ചു: ‘ഇതു ചെയ്യാന്‍ നിനക്ക് അധികാരമുണ്ടെന്നതിന് എന്ത് അടയാളമാണ് നീ ഞങ്ങളെ കാണിക്കുക?’ യേശു മറുപടി പറഞ്ഞു: ‘നിങ്ങള്‍ ഈ ദൈവാലയം നശിപ്പിക്കുക; മൂന്ന് ദിവസത്തിനകം ഞാന്‍ അത് പുനരുദ്ധരിക്കും.’ ഇതിനുശേഷം യോഹന്നാന്‍ സുവിശേഷകന്‍ സാക്ഷ്യപ്പെടുത്തുന്നു: ‘അവന്‍ പറഞ്ഞത് തന്റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ്.’ തന്റെ ശരീരത്തെ, തന്റെ ജീവിതത്തെ നോക്കി തല ഉയര്‍ ത്തിപ്പിടിച്ച് ഈശോ പറഞ്ഞു: ‘ഇത് ദൈവാലയമാണ്. ഒരുവന് ദൈവാനുഭവം നല്‍കുന്ന ഇടമാണ് ദൈവാലയം.’ തീര്‍ച്ചയായിട്ടും ഈശോ ഒരു ദൈവാലയമായിരുന്നു. എത്രയോ പേര്‍ക്കാണ് അവന്‍ ദൈവാനുഭവം സമ്മാനിച്ചത്. ഏലീശായുടെ ഉദരത്തിലായിരുന്ന സ്‌നാപകയോഹന്നാനും, സിക്കമൂര്‍ വൃക്ഷത്തില്‍ കയറി കാത്തിരുന്ന സക്കേവൂസിനും, വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീക്കും അവന്‍ ദൈവനുഭവം സമ്മാനിച്ചു. എന്തിനേറെ പറയണം, ഒരു നോ ട്ടത്തിലൂടെപ്പോലും ദൈവാനുഭവം നല്‍കിയവന്റെ പേരാണ് ഈശോ. മൂന്നു തവണ തന്നെ തള്ളിപ്പറഞ്ഞ പത്രോസിനെ ഈശോ ഒന്നു നോക്കി. ഉടന്‍ തന്നെ പത്രോസ് പുറത്തുപോയി മനം നൊന്തു കരഞ്ഞു.
നാം കണ്ട് കടന്നുപോയ, അല്ലെങ്കില്‍ നമ്മെ കണ്ട് കടന്നുപോയ എത്രപേര്‍ക്ക് ദൈവാനുഭവം നല്‍കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്? ഒരു ദൈവാലയമായി ജീവിച്ച് അപരന് ദൈവാനുഭവം നല്‍കി കടന്നുപോയ ധാരാളം പേരുണ്ട്. അതിനൊരു ഉദാഹരണമാണ് വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ അമ്മ. ലോലക്ക് എന്ന ജോണ്‍പോള്‍ രണ്ടാമന് തീരെ ചെറുപ്പത്തില്‍ അമ്മയുടെ മടിയിലിരിക്കുക ഒരുപാട് ഇഷ്ടമായിരുന്നു. അവന്‍ വന്ന് മടിയിലിരിക്കുമ്പോള്‍ ആ നല്ല അമ്മ, കെട്ടിടങ്ങള്‍ക്കും തെരുവുകള്‍ക്കുമപ്പുറത്ത് 600 വര്‍ഷം പഴക്കമുള്ള ദൈവാലയത്തിന്റെ കുരിശ് അവന് കാട്ടിക്കൊടുക്കും. എന്നിട്ട് അമ്മ പ്രാര്‍ത്ഥിക്കും, സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ… എന്ന്. അവനത് ഏറ്റുചൊല്ലണം. പിന്നെ അമ്മ തന്റെ മകന്റെ കാതില്‍ പറയും: ‘ലോലക്ക്, നീ ഒരിക്കലും ദൈവത്തിന് ഇഷ്ടപ്പെടാത്തവ ചെയ്യരുത്. ആവുന്ന നന്മകള്‍ മനുഷ്യര്‍ക്ക് ചെയ്യണം.’ ഇന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ വിശുദ്ധനായി വണങ്ങപ്പെടുന്നെങ്കില്‍ അതിനു പിന്നില്‍ ഒരു ദൈവാലയമായി വര്‍ത്തിച്ച്, മകന് ദൈവാനുഭവം പകര്‍ന്ന ഒരു അമ്മയുണ്ട് എന്ന കാര്യം നാം ഓര്‍ക്കണം.
അപരന് ദൈവാനുഭവം സമ്മാനിക്കുന്ന ദൈവാലയമാകാന്‍ നമുക്കും സാധിക്കും. ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ജീവിതപങ്കാളിയെയും മക്കളെയും കൂട്ടി ദൈവാലയത്തില്‍ വന്ന് അല്‍പനേരം മൗനമായി ചെലവഴിക്കാന്‍ സാധിക്കുമോ? കുടുംബപ്രാര്‍ത്ഥനയുടെ മാഹാത്മ്യം വിസ്മരിക്കപ്പെടുന്ന ഈ ലോകത്ത് തീക്ഷ്ണതയോടെ കുടുംബപ്രാര്‍ത്ഥന നടത്തി മക്കള്‍ക്ക് ദൈവാനുഭവത്തിന്റെ പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്ന മാതാപിതാക്കളാകാന്‍ കഴിയുമോ? ഇതിനൊക്കെ സാധിക്കുമെങ്കില്‍ മറ്റുള്ളവര്‍ക്ക് ദൈവാനുഭവം നല്‍കുന്ന ദൈവാലയമായി നാം രൂപാന്തരപ്പെടും.
ഇന്നത്തെ ലേഖനത്തിലൂടെ തിരുസഭ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഇതാണ്, ‘ക്രിസ്തുവിന്റെ രക്തം സകല നിര്‍ജ്ജീവ പ്രവൃത്തികളില്‍ നിന്നും നമ്മെ ശു ദ്ധീകരിക്കുന്നു’ എന്ന്. ക്രിസ്തുവിന്റെ രക്തം പാനം ചെയ്യുന്ന വേളയാണ് വിശുദ്ധ കുര്‍ബാന. ഈ വിശുദ്ധ കുര്‍ബാനയില്‍ എന്നിലെ സ്വാര്‍ത്ഥത ഉപേക്ഷിക്കാനും അപരന് ദൈവാനുഭവം പകര്‍ന്ന് ദൈവാലയമായി തീരാനുള്ള കൃപയും നല്‍കപ്പെടുന്നുണ്ട്. അതിനാല്‍ ഒരുക്കത്തോടും ഭക്തിയോടും കൂടെ കുര്‍ബാനയില്‍ പങ്കുചേരാം. ഓര്‍ക്കാം, എന്റെ മക്കള്‍ക്ക്, ജീവിതപങ്കാളിക്ക്, സഹോദരങ്ങള്‍ക്ക് ദൈവാനുഭവം നല്‍കുന്ന ദൈവാലയമാകാനുള്ള വിളിയാണ് എന്റേത്. ത്രിത്വയിക   ദൈവം തീര്‍ച്ചയായും നമ്മെ അനു ഗ്രഹിക്കും.
ബ്ര.ജൂഡ് കോയില്‍പ്പറമ്പില്‍ MCBS