ഞായര്‍ പ്രസംഗം 2 നവംബര്‍ 10 സാബത്ത് ആചരണം

ഈശോമിശിഹായില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞ സഹോദരങ്ങളെ, സഭയെ കൂദാശ ചെയ്ത് വിശുദ്ധീകരിച്ച് പിതാവായ ദൈവത്തിനു സമര്‍പ്പിക്കുന്ന യുഗാന്ത്യ സംഭവത്തിന്റെ മുന്നാസ്വാദനമായ പള്ളിക്കൂദാശാക്കാലത്തിന്റെ രണ്ടാം ആഴ്ചയിലേയ്ക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ചരിത്രസംബന്ധമായി പരിശോധിച്ചാല്‍, ജെറുസലേം ദൈവാലയത്തിന്റെ പുനഃപ്രതിഷ്ഠ ആഘോഷിച്ചതുമായി ബന്ധപ്പെട്ടു വളര്‍ന്ന പാരമ്പര്യമായി ഈ കാലത്തെ കാണാം.

ഇന്നേദിവസം നമ്മുടെ വിചിന്തനത്തിനായി സഭ നല്‍കിയിരിക്കുന്നത് വി. മത്തായിയുടെ സുവിശേഷം 12:1-13 വരെയുള്ള വാക്യങ്ങളാണ്. മതഭ്രാന്തരായ ഫരിസേയരുടെ അനാവശ്യമായ വാദങ്ങള്‍ക്കെതിരെ വാക്കുകള്‍ കൊണ്ടും പ്രവൃത്തി കൊണ്ടും ചുട്ട മറുപടി നല്‍കുന്ന ഈശോയെയാണ് നാം ഇന്ന് കണ്ടുമുട്ടുന്നത്.
സാബത്ത് ദിവസം ഗോതമ്പുവയലിലൂടെ കടന്നുപോയ ശിഷ്യന്മാര്‍ കതിരുകള്‍ പറിച്ചുതിന്നു എന്നതാണ് ഇവിടെ വിവാദവിഷയമാകുന്നത്.

സാബത്താചരണം യഹൂദരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ആറു ദിവസം കൊണ്ട് സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കി ഏഴാം ദിവസം വിശ്രമിച്ച ദൈവത്തിന്റെ മാതൃകയാണ് സാബത്താചരണത്തിന്റെ അടിസ്ഥാനം. അന്നേ ദിവസം യഹൂദര്‍ എല്ലാ ജോലികളില്‍ നിന്നുമകന്ന് ദൈവശുശ്രൂഷയില്‍ ഏര്‍പ്പെടുന്നു. ദൈവമഹത്വം പ്രഘോഷിക്കുന്നതിനൊപ്പം മനുഷ്യമഹത്വവും ഓരോ സാബത്താചരണവും പ്രഘോഷിക്കുന്നുണ്ട്. കാരണം, ഏഴാം ദിവസത്തെ വിശ്രമം ദൈവത്തിന്റെ വിശ്രമം ആഘോഷിക്കാനല്ല. മറിച്ച്, ആഴ്ചവട്ടം മുഴുവന്‍ നടുവൊടിഞ്ഞ് പണിയെടുക്കുന്ന അടിമകള്‍ക്കും നാല്‍ക്കാലികള്‍ക്കും ഒരു ദിവസമെങ്കിലും വിശ്രമം കിട്ടാനായിരുന്നു. ഇസ്രായേലിന്റെ ദൈവം ഉറങ്ങുകയോ മയങ്ങുകയോ ഇല്ല എന്ന് അറിയാമായിരുന്നെങ്കിലും വിശ്രമത്തിന്റെ പേര് പറഞ്ഞ് മനുഷ്യവിശ്രമം കൊടുക്കുന്ന വിശാലതയാണ് വിശുദ്ധഗ്രന്ഥ മനുഷ്യദര്‍ശനം.

മനുഷ്യമഹത്വം ഊന്നിപ്പറയുവാനും ദൈവമഹത്വം പ്രഘോഷിക്കുവാനും ആരംഭിച്ച സാബത്താചരണങ്ങള്‍ പില്‍ക്കാലത്ത്, മനുഷ്യനെ അടിച്ചമര്‍ത്തുന്നതിനുള്ള ഉപാധികളായിത്തീര്‍ന്നു. അങ്ങനെ, മതനേതൃത്വത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്ക് യേശുവും ശിഷ്യന്മാരും വിധേയരാവുകയാണ്. ഇവിടെ ശിഷ്യന്മാര്‍ ചെയ്ത കുറ്റം അന്യന്റെ മുതല്‍ പറിച്ചുതിന്നു എന്നുള്ളതല്ല. കാരണം, വഴിപോക്കര്‍ക്ക് വിശന്നാല്‍ ധാന്യവും മുന്തിരിയും പറിച്ചുതിന്നാന്‍ നിയമം അനുവദിച്ചിരുന്നു (നിയമാ. 23:22-25). എന്നാല്‍, ശിഷ്യന്മാര്‍ കതിര് പറിച്ചത് കൊയ്ത്തിനു തുല്യവും, ഉമി കളഞ്ഞത് നെയ്ത്തിനു തുല്യവുമാണ്. ഇവ സാബത്തില്‍ അനുവദനീയമായ കാര്യങ്ങളല്ല. അങ്ങനെ ശിഷ്യന്മാര്‍ ആരോപണം നേരിടുമ്പോള്‍ ഈശോ അവര്‍ക്കുവേണ്ടി വാദിക്കുകയാണ്. യഹൂദനിയമത്തോട് ആദരവില്ലാഞ്ഞിട്ടല്ല, മറിച്ച് ഏതൊരു നിയമത്തേക്കാളും ആദരിക്കപ്പെടേണ്ടത് മനുഷ്യനാണ് എന്ന തിരിച്ചറിവ് ഈശോയ്ക്കുണ്ടായിരുന്നു. അതിനാല്‍, ഇസ്രായേലിലെ വലിയവരുടെ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് യേശു ചെറിയവരായ തന്റെ ശിഷ്യന്മാരെ ന്യായീകരിക്കുന്നത്.

ദാവീദ് കാഴ്ചയപ്പം മോഷ്ടിക്കുന്ന സംഭവമാണ് (1 സാമു. 2:1-6) ഈശോ ആദ്യം വിവരിക്കുന്നത്. ദൈവത്തോട് വിശ്വസ്തനായിരുന്ന ഇസ്രായേലിന്റെ കുലപതിയായ രാജാവാണ് പുരോഹതര്‍ക്കു മാത്രം ഭക്ഷിക്കാവുന്ന കാഴ്ചയപ്പം ഭക്ഷിക്കുന്നത്. പക്ഷെ, ദാവീദ് രാജാവ് അവിടെ കുറ്റപ്പെടുത്തുന്നില്ല. കാരണം, അസൂയ മൂത്ത സാവൂള്‍ രാജാവ്, ദാവീദിനെ കൊല്ലുവാന്‍ അന്വേഷിക്കുമ്പോള്‍ അഭയാര്‍ത്ഥിയായി പലായനം ചെയ്ത ദാവീദാണ് കാഴ്ചയപ്പം ഭക്ഷിച്ചത്. മനുഷ്യനേക്കാള്‍ വലിയ മതനിയമങ്ങളില്ല എന്നാണ് ഈ സംഭവം പറഞ്ഞുവയ്ക്കുന്നത്.

ഇന്നത്തെ ഒന്നാം വായനയില്‍ (പുറ. 40:1-16) അഹറോനെയും പുത്രരെയും പുരോഹിതരായി അഭിഷേകം ചെയ്യുന്നതാണ്. ഇങ്ങനെ ദൈവശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ട പുരോഹിതരും സാബത്തില്‍ ഒത്തിരിയേറെ ജോലികള്‍ ചെയ്തിരുന്നു. പക്ഷെ, അത് നിയമലംഘനമായിരുന്നില്ല. കാരണം, നിയമദാതാവായ ദൈവത്തെ ശുശ്രൂഷിക്കുന്നതിന് നിയമം തടസ്സമല്ല. ശിഷ്യന്മാരും ദൈവത്തെ ശുശ്രൂഷിക്കുക തന്നെയാണ് ചെയ്തത്. അങ്ങനെ നിയമങ്ങളേക്കാള്‍ വലുത്, അത് നല്‍കിയ ദൈവമാണ് എന്ന് ഈശോ പറഞ്ഞുവയ്ക്കുകയാണ്.

നാമും സഭാമിയമങ്ങളും പാരമ്പര്യങ്ങളുമൊക്കെ കര്‍ശനമായിത്തന്നെ പാലിക്കുന്നവരാണ്. പള്ളിയില്‍ പോവുകയും, പ്രാര്‍ത്ഥിക്കുകയും, ഉപവാസമനുഷ്ഠിക്കുകയും, നോമ്പ് നോക്കുകയുമൊക്കെ ചെയ്യുന്നുമുണ്ട്. ഇതൊക്കെ ചെയ്യുമ്പോഴും ഇവയെല്ലാം ആര്‍ക്കുവേണ്ടി നല്‍കപ്പെട്ടോ അവരെ, എന്റെ സഹോദരങ്ങളെ പരിഗണിക്കാന്‍, അവരുടെ വേദനകളും ആവശ്യങ്ങളും മനസ്സിലാക്കുവാന്‍ എനിക്ക് സാധിക്കുന്നുണ്ടോ എന്ന് ചിന്തിച്ചുനോക്കേണ്ടതുണ്ട്. ലോകം ഒത്തിരിയേറെ മുമ്പോട്ടു പോയെങ്കിലും ഇന്നും ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി ബുദ്ധിമുട്ടുന്ന, ആവശ്യത്തിനു വസ്ത്രമില്ലാത്ത, സ്വന്തമായി ഒരു വീട് സ്വപ്നം കണ്ടു നടക്കുന്ന, ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന എത്രയോ ആളുകളാണ് നമ്മുടെ സമൂഹത്തില്‍, അയല്‍വീടുകളില്‍ ഉണ്ടാവുക. അവര്‍ക്കൊക്കെ നമ്മളാലാകുംവിധം ചെറിയ സഹായങ്ങള്‍ ചെയ്യുമ്പോള്‍ നാം ശിഷ്യന്മാരെപ്പോലെ ഈശോയെത്തന്നെയാണ് ശുശ്രൂഷിക്കുന്നത്. കാരണം, മത്തായി 25:40-ല്‍ ഇപ്രകാരം പറയുന്നു: ‘എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തത്.’ മറ്റുള്ളവരില്‍ ഈശോയെ ദര്‍ശിച്ചുകൊണ്ട് ശുശ്രൂഷ ചെയ്യുമ്പോള്‍, ഹെബ്രായര്‍ക്കെഴുതിയ ലേഖനത്തില്‍ വാം വായിച്ചുകേട്ടതു പോലെ, പഴയനിയമത്തിലേതു പോലെ സ്വര്‍ഗ്ഗീയവസ്തുക്കളുടെ സാദൃശ്യത്തെയും നിഴലിനെയുമല്ല ആരാധിക്കുന്നത്. മറിച്ച്, പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായ പ്രധാന പുരോഹിതനായ ഈശോയെത്തന്നെയാണ്. വി. ഇരണേവൂസ് ഇപ്രകാരം പറഞ്ഞുവയ്ക്കുന്നുണ്ട്: ‘ദൈവമഹത്വം കുടികൊള്ളുന്നത് മനുഷ്യഹത്വത്തിന്റെ പൂര്‍ണ്ണതയിലാണ്.’

മനുഷ്യന് മൃഗത്തിന്റെ വില പോലുമില്ലാത്ത ഈ സമൂഹത്തില്‍ ഗോമാംസം കഴിച്ചതിന്റെ പേരില്‍ മനുഷ്യനെ തല്ലിക്കൊല്ലുകയും, മതഗ്രന്ഥത്തെ അപമാനിച്ചു എന്നുപറഞ്ഞ് മനുഷ്യനെ ചുട്ടുകൊല്ലുകയും ചെയ്യുന്ന ഈ സമൂഹത്തില്‍, മനുഷ്യന്റെ മോചനത്തിനായി സ്വയം ബലിയായിത്തീര്‍ന്ന നമ്മുടെ ദൈവത്തിന്റെ മുഖം കാണിച്ചുകൊടുക്കുവാന്‍ നമുക്ക് സാധിക്കണം. നമ്മുടെ പ്രാര്‍ത്ഥനകളും ബലിയര്‍പ്പണവും അന്യരില്‍ ഈശോയെ കാണാനുള്ള, അവരോട് ഈശോയെപ്പോലെ കരുണയുള്ളവരായിരിക്കാനുള്ള മനോഭാവത്തിലേയ്ക്കാണ് നമ്മെ വളര്‍ത്തേണ്ടത്. ഓരോ വിശുദ്ധ ബലിയിലും മനുഷ്യനോടുള്ള സ്‌നേഹത്തെപ്രതി തന്റെ പുത്രനെ ലോകത്തിലേയ്ക്കയച്ച പിതാവിന്റെ സ്‌നേഹവും, മനുഷ്യരുടെ പാപങ്ങള്‍ക്കുവേണ്ടി സ്വന്തം ശരീരം കീറിമുറിച്ചു നല്‍കിയ പുത്രന്റെ കാരുണ്യവും, നമ്മെ രക്ഷിക്കുവാനായി നിരന്തരം പ്രവര്‍ത്തന നിരതനായിരിക്കുന്ന പരിശുദ്ധാത്മാവിന്റെ വാത്സല്യവുമാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

അതിനാല്‍, ഈ കരുണയുടെ ബലിയില്‍ ദിവ്യകാരുണ്യനാഥനോട് നമുക്ക് പ്രാര്‍ത്ഥിക്കാം, ‘കര്‍ത്താവേ, അങ്ങയുടെ കണ്ണുകള്‍ കൊണ്ട് എന്റെ സഹോദരനെ കാണുവാനും അവനോട് കരുണ കാണിക്കുവാനും എന്നെ പഠിപ്പിക്കണമേ. ആമ്മേന്‍.’

ബ്ര. ബിബിന്‍ വലിയനിരപ്പേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.