ഞായര്‍ പ്രസംഗം 2, പള്ളിക്കൂദാശ മൂന്നാം ഞായര്‍ നവംബര്‍ 15 യോഹ. 2:12-22 ശരീരം – ദൈവത്തിന്റെ പരിശുദ്ധ ആലയം

ബ്ര. ബോണി മൂങ്ങാമാക്കല്‍ MCBS

അസീസ്സിയിലെ വി. ഡാമിയാന്റെ ദൈവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്ന വി. ഫ്രാന്‍സിസിന്, അവിടെയുള്ള ക്രൂശിതരൂപത്തിനു ചുറ്റും കണ്ട ഒരു പ്രകാശരൂപം തന്നോട് സംസാരിക്കുന്നതായി അനുഭവെപ്പട്ടു. “ഫ്രാന്‍സിസ്, നീ എന്റെ ദൈവാലയം പുനരുദ്ധരിക്കുക.” ആദ്യം ഫ്രാന്‍സിസിന് ചെറിയ തെറ്റുപറ്റിയെങ്കിലും യേശു, വി. ഡാമിയാന്റെ ദൈവാലയത്തിന്റെ പുനര്‍നിര്‍മ്മാണമല്ല മറിച്ച്, തന്റെ ശരീരമായ തിരുസഭയുടെ നവീകരണമാണ് തന്നെ ഭരമേല്‍പിച്ചത് എന്ന് ഫ്രാന്‍സിസിനു മനസ്സിലായി. യേശു തന്റെ മണവാട്ടിയായ സഭയെ കൂദാശ ചെയ്ത് വിശുദ്ധീകരിച്ച് സ്വര്‍ഗ്ഗസന്തോഷത്തിന് അര്‍ഹയാക്കുന്ന രക്ഷാകരസംഭവത്തെ അനുസ്മരിക്കുന്ന പള്ളിക്കൂദാശാ കാലത്തിലൂടെ കടന്നുപോകുന്ന നമ്മെയും ഒരു ദൗത്യം ക്രിസ്തു ഭരമേല്‍പിക്കുന്നു. തിരുസഭയാകുന്ന ദൈവത്തിന്റെ ആലയങ്ങളാകുന്ന നമ്മുടെ തന്നെ വിശുദ്ധീകരണം, ഒരു നവീകരണം.

മിശിഹാ വരുമ്പോള്‍ ജറുസലെം ദൈവാലയം നവീകരിക്കും എന്ന വിശ്വാസം യഹൂദരുടെ ഇടയില്‍ നിലനിന്നിരുന്നു. ജറുസലെം ദൈവാലയത്തിന്റെ ശുദ്ധീകരണത്തിലൂടെ യേശു, മിശിഹയാണ് എന്ന സത്യത്തെ യോഹന്നാന്‍ ശ്ലീഹാ വെളിപ്പെടുത്തുന്നു. അഞ്ച് ഭാഗങ്ങളായാണ് ജറുസലെം ദൈവാലയം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അതിവിശുദ്ധസ്ഥലം, അതിനു പുറത്ത് പുരോഹിതന്മാര്‍ക്കുള്ള സ്ഥലം, പിന്നീട് യഹൂദ പുരുഷന്മാര്‍ ആരാധന നടത്തുന്ന സ്ഥലം. അതിനു പുറത്തായി സ്ത്രീകള്‍ക്കുള്ള പ്രാര്‍ത്ഥനാസ്ഥലം. ഇതിനെല്ലാം വെളിയിലാണ് വിജാതീയരുടെ മണ്ഡപം. ഇന്നത്തെ വചനഭാഗം അരങ്ങേറുന്നത് ഈ മണ്ഡപത്തില്‍ വച്ചാണ്.

മനുഷ്യന്‍ തന്റെ ജീവിതപ്രതിസന്ധികളില്‍ അഭയം തേടുന്ന ഏറ്റവും ശ്രേഷ്ഠമായ ഇടമാണ് ദൈവാലയം. അവന്റെ മുറിവുകള്‍ ഉണക്കാനും, കുറ്റങ്ങള്‍ പൊറുക്കപ്പെടാനും, സാന്ത്വനം അനുഭവിക്കാനും, കൃപയാല്‍ നിറയാനും മനുഷ്യന് തേടിയെത്താവുന്ന സ്ഥലമാണ് ദൈവാലയമെന്ന് 3 ദിന. 7:14-16 നമുക്ക് സാക്ഷ്യം നല്‍കുന്നു. പ്രതീക്ഷയറ്റ ഏതൊരു മനുഷ്യനും, ദൈവസാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന ദൈവാലയമാണ് അഭയം. എന്നാല്‍ ജറുസലെം ദൈവാലയത്തില്‍ ക്രിസ്തു കാണുന്നത് തന്റെ പിതാവിന്റെ ആലയം കച്ചവടസ്ഥലമാക്കിയിരിക്കുന്നതാണ്, ദൈവാലയത്തിന്റെ പവിത്രതയും അതിന്റെ ദൈവഹിതവും നശിപ്പിക്കപ്പെട്ടിരിക്കുന്നതായാണ്. വിജാതീയര്‍ക്ക് ദൈവാരാധനയ്ക്കായി മാറ്റിവച്ചിരിക്കുന്ന സ്ഥലം വ്യാപാരകേന്ദ്രമാക്കി. ഈയൊരവസരത്തിലാണ് ക്രിസ്തു, ദൈവാരാധനയ്ക്കും മനുഷ്യരെ ദൈവത്തോട് അടുപ്പിക്കുന്നതിനും തടസ്സമായി നില്‍ക്കുന്നതിനെതിരെ ചാട്ടവാര്‍ എടുക്കുന്നത്.

1 കോറി 6:19-ലൂടെ വി. പൗലോസ്, നമ്മുടെ ശരീരം ദൈവാലയമാണ് എന്ന് നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ശരീരം ദൈവാലയമാണെങ്കില്‍ ക്രിസ്തു അതിനെയും തന്റെ പിതാവിന്റെ ഭവനമായി കാണുന്നു. ജറുസലെം ദൈവാലയത്തെക്കുറിച്ചുള്ള തീക്ഷ്ണതയാല്‍ മാത്രമല്ല, നമ്മുടെ ശരീരമാകുന്ന ദൈവാലയത്തെക്കുറിച്ചുള്ള തീക്ഷ്ണതയാലും ക്രിസ്തു ജ്വലിക്കുന്നുണ്ട്. നമ്മിലും അത്തരത്തിലുള്ള തീക്ഷ്ണത ഉണ്ടാകണമെന്ന് ക്രിസ്തു ആഗ്രഹിക്കുന്നു. ദൈവം, മോശയിലൂടെ സമാഗമകൂടാരം നിര്‍മ്മിച്ചപ്പോഴും സോളമനിലൂടെ ദൈവാലയം നിര്‍മ്മിച്ചപ്പോഴും ദൈവത്തിന് അവയെക്കുറിച്ച് ചില പദ്ധതികളുണ്ടായിരുന്നു. തന്റെ സാന്നിധ്യം ഏറ്റവും അടുത്ത് തന്റെ ജനത്തിന് നല്‍കുക എന്നതായിരുന്നു അതിലൊന്ന്.

ദൈവത്താല്‍ രൂപം ലഭിക്കപ്പെട്ട ദൈവാലയമായ നമ്മെക്കുറിച്ചും ദൈവത്തിന് ചില പദ്ധതികളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് നമ്മിലൂടെ ദൈവത്തിന്റെ സാന്നിദ്ധ്യം-ദൈവത്തെ തന്നെ മറ്റുള്ളവര്‍ക്ക് നല്‍കുക എന്നതാണ്. അതിനാല്‍, നമ്മിലൂടെ അപരന്, ഒപ്പമുള്ളവന് ദൈവത്തെ നല്‍കുവാന്‍ നമുക്ക് കടമയുണ്ട്. എപ്പോള്‍ ഇത് അസാദ്ധ്യമായിത്തീരുന്നോ അപ്പോള്‍ അവിടം ജറുസലെം ദൈവാലയത്തിന് സംഭവിച്ചതുപോലെ കച്ചവടസ്ഥലമാകുന്നു. വിജാതീയര്‍ക്ക് ദൈവാനുഭവത്തെ നഷ്ടപ്പെടുത്തിയ കച്ചവടസ്ഥലം പോലെ.
കച്ചവടസ്ഥലം സ്വന്തം ലാഭം മാത്രം അന്വേഷിക്കുന്ന സ്വാര്‍ത്ഥതയുടെ കേന്ദ്രമാണ്. അവിടെ അപരനില്ല; ഞാന്‍ മാത്രം, അവിടെ അപരന്റെ നന്മയില്ല; എന്റെ നന്മ മാത്രം. ഒപ്പമുള്ളവന് സ്ഥാനമില്ലാത്തിടത്ത് എങ്ങനെയാണ് ദൈവത്തിന് സ്ഥാനമുണ്ടാകുന്നത്? സ്വാര്‍ത്ഥത നിലനില്‍ക്കുന്നിടത്ത് ദൈവത്തിന്റെ പ്രാധാന്യം കുറയുന്നു. പ്രാധാന്യം അര്‍ഹിക്കാത്തവയ്ക്ക് പ്രാധാന്യം നല്‍കുന്ന സത്രമായി മാറുന്നു.

ഇവിടെയാണ് ക്രിസ്തു തന്റെ ജീവിതത്തിലൂടെ നമുക്ക് കാണിച്ചുതന്ന, വി. ഫ്രാന്‍സിസിനെ ക്രിസ്തു ഭരമേല്‍പ്പിച്ച നവീകരണം നമ്മെയും ക്രിസ്തു ഭരമേല്‍പിക്കുന്നത്. ക്രിസ്തുവിനുവേണ്ടി നമ്മെത്തന്നെ നവീകരിക്കാന്‍, സ്വാര്‍ത്ഥതയെ ഇല്ലാതാക്കാന്‍, തിന്മകളെ ഇല്ലാതാക്കുവാനുള്ള നവീകരണ ദൗത്യം.
നമുക്ക് ലഭിച്ചിരിക്കുന്ന ഈ നവീകരണദൗത്യം പൂര്‍ത്തിയാക്കുവാന്‍ വിശുദ്ധ കുര്‍ബ്ബാനയും വിശുദ്ധ കുമ്പസാരവും നമ്മെ ഏറെ സഹായിക്കും. ക്രിസ്തു ദൈവാലയശുദ്ധീകരണത്തിന് ഉപയോഗിച്ച ചാട്ടവാറു പോലെ തിന്മയ്‌ക്കെതിരായും നമ്മുടെ തന്നെ ശുദ്ധീകരണത്തിനും ഈശോ തന്നെ നമുക്കു നല്‍കിയ ശക്തിയേറിയ ആയുധങ്ങളാണിവ. ദൈവാലയമാകുന്ന നമ്മിലൂടെ ദൈവത്തെ മറ്റുള്ളവര്‍ക്ക് നല്‍കുവാന്‍ നമ്മില്‍ത്തന്നെ തടസ്സമായി നില്‍ക്കുന്ന തിന്മകളെയും, അശുദ്ധതയേയും, സ്വാര്‍ത്ഥതയേയും നീക്കാന്‍ വിശുദ്ധ കുര്‍ബ്ബാനയും വിശുദ്ധ കുമ്പസാരവും നമ്മെ ശക്തിപ്പെടുത്തും. അതിനാല്‍, അനുദിന വിശുദ്ധ കുര്‍ബ്ബാനയും വിശുദ്ധ കുമ്പസാരവും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ നമുക്ക് ആത്മാര്‍ത്ഥമായി പരിശ്രമിക്കാം. ഈ കൂദാശകള്‍ നമ്മില്‍ സ്‌നേഹം നിറയ്ക്കുന്നു.

നമ്മില്‍ നിറയുന്ന സ്‌നേഹം, ഒപ്പമുള്ള നമ്മുടെ പ്രിയപ്പെട്ടവരിലും അകലങ്ങളിലായിരിക്കുന്ന അപരനിലേയ്ക്കും നല്‍കുവാന്‍ നമുക്ക് സാധിക്കട്ടെ. അപ്പോള്‍ നമ്മിലെ ദൈവഹിതം പൂര്‍ത്തിയാകും. കാരണം, ദൈവം സ്‌നേഹമാണ്.

ബ്ര. ബോണി മൂങ്ങാമാക്കല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.