ഞായര്‍ പ്രസംഗം 2 കൈത്താക്കാലം 2-ാം ഞായര്‍ ആഗസ്റ്റ് 04 ദൂരങ്ങള്‍ താണ്ടുന്ന സ്‌നേഹം

‘സ്‌നേഹമാണഖിലസാരമൂഴിയില്‍’ എന്ന് കുമാരനാശാന്‍ തന്റെ കവിതകളിലൂടെ പറഞ്ഞുവച്ചു: ഈ ഭൂമിയില്‍ സാരമാത്രമായുള്ള സ്‌നേഹം മാത്രമാണെന്ന്. എന്നാല്‍ ഇന്ന് യഥാര്‍ത്ഥസ്‌നേഹം എന്നത് പുസ്തകത്താളുകളിലെ കറുത്ത വരകളും വള്ളികളും പുള്ളികളുമൊക്കെ ചേര്‍ന്ന് നമുക്ക് സമ്മാനിക്കുന്ന വര്‍ണ്ണശബളമായ ഏതോ മായാലോകത്തിലെ അമൂര്‍ത്തമായ ഒരു ആശയമായി തീര്‍ന്നിരിക്കുന്നു. ഒരു ദൂരക്കാഴ്ച്ച മാത്രമായി തീര്‍ന്നിരിക്കുന്നു. ഒരു പായയില്‍ കിടന്ന്, ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ചു വളരുന്ന സഹോദരങ്ങള്‍ പോലും സ്വത്ത് തര്‍ക്കം മൂത്ത് അടിപിടിയിലേയ്ക്ക് നീങ്ങുന്നു. രക്തബന്ധങ്ങള്‍ രക്തച്ചൊരിച്ചിലില്‍ അവസാനിക്കുന്നു. കലാലയങ്ങള്‍ കലാപാലയങ്ങളും കൊലക്കളങ്ങളുമായി പരിണമിക്കുന്നു. സ്‌നേഹം വറ്റിവരണ്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇന്നത്തെ വിചിന്തനത്തിനായി തിരുസഭ നല്‍കുന്നത് അളവില്ലാതെ സ്‌നേഹം പകരുന്ന വാത്സല്യനിധിയായ ഒരു അപ്പന്റെ കഥയാണ്.

തന്നെ അനുഗമിച്ച പാപികളോടും, പാപികളുമായുള്ള സമ്പര്‍ക്കത്തിനെതിരെ മുറുമുറുക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ഫരിസേയരോടുമാണ് അവിടുന്ന് ഈ കഥ പറയുക. കഥ നമുക്ക് സുപരിചിതമാണ്. സ്വത്തില്‍ തന്റെ ഓഹരി വാങ്ങി ദൂരെ നാട്ടില്‍ പോയി സമ്പത്തെല്ലാം ധൂര്‍ത്തടിച്ച ഇളയമകന്‍ ജീവിതത്തില്‍ തകര്‍ച്ചകളുണ്ടായപ്പോള്‍ തിരികെ വരുന്നു. തെറ്റ് ചെയ്ത് പിതാവില്‍ നിന്നകന്ന് എല്ലാം നഷ്ടപ്പെട്ടവനായി തിരികെവന്ന ഇളയ മകനോട് പിതാവും മൂത്ത സഹോദരനും പുലര്‍ത്തുന്ന മനോഭാവങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യം ഈ കഥയില്‍ വളരെ ശ്രദ്ധേയമാണ്.

പിതാവ് സ്‌നേഹനിധിയാണ്. പ്രത്യാശയുടെ വഴിക്കണ്ണുമായി നഷ്ടപ്പെട്ട മകനെ കാത്തിരിക്കുന്നവനാണ്. അവന് പകയില്ല, പ്രതികാരചിന്തയില്ല, പരാതിയോ പരിഭവമോ ഇല്ല. തിരികെ വന്ന തന്റെ മകനെ കുറ്റപ്പെടുത്തുക പോലും ചെയ്യാതെ അവനെ കെട്ടിപ്പുണര്‍ന്ന് വീടിനുള്ളിലേയ്ക്ക് സ്വീകരിച്ച് സമ്മാനങ്ങളും സ്‌നേഹലാളനകളും അവന്റെ മേല്‍ വാരിക്കോരി ചൊരിയുന്ന സ്‌നേഹത്തിന്റെ മൂര്‍ത്തീഭാവം. പിതാവിന്റെ ഈ മനോഭാവത്തിലേയ്ക്കാണ് നാം വളരേണ്ടത്. മൂത്തമകന്‍ ഒരു അദ്ധ്വാനി ആയിരുന്നിരിക്കണം. വയലില്‍ നിന്നും തിരികെ വരുന്ന വേഷത്തിലാണ് അയാളെ നാം കണ്ടുമുട്ടുക. പിതാവിനെ അനുസരിച്ച് പിതാവിനോടു കൂടെ ആയിരുന്നവന്‍. എന്നാല്‍, അവനില്‍ എന്തോ അപാകത നാം ദര്‍ശിക്കുന്നു. ശാരീരികമായി പിതാവിനോടടുത്തായിരുന്നിട്ടും പിതാവിന്റെ മ നോഭാവം അവന് അകലെയാണ്.

ഭാരതീയദര്‍ശനത്തില്‍ വിദ്യാര്‍ത്ഥികള്‍ മൂന്ന് തരമുണ്ട്. ഉത്തമന്‍, മദ്ധ്യസ്ഥന്‍, അധമന്‍. ഗുരുമൊഴികള്‍ ശ്രവിക്കുകയോ അനുസരിക്കുകയോ ചെയ്യാത്തവനാണ് അധമന്‍. ശിഷ്യത്വത്തിലേയ്ക്ക് താന്‍ തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ട് അറിവ് താനെ കൈവന്നു കൊള്ളും എന്ന് അധമന്‍ കരുതുന്നു. തിരുവചസ്സുകളെ സസൂക്ഷ്മം ശ്രവിക്കുന്നവനും പാലിക്കുന്നവനുമാണ് മദ്ധ്യസ്ഥന്‍. എന്നാല്‍, അവനും പൂര്‍ണ്ണനല്ല. ഉത്തമനാകട്ടെ, ഗുരുവിന്റെ കല്‍പനകളുടെ അന്തരാര്‍ത്ഥം ഗ്രഹിക്കുകയും അനുസരണത്തിനുമപ്പുറം ഗുരുവിന്റെ മനോഗതം അറിഞ്ഞ് പ്രവര്‍ത്തിക്കുന്നവനുമാണ്. ഇതാണ് യഥാര്‍ത്ഥ ശിഷ്യത്വം.

യഹൂദപാരമ്പര്യമനുസരിച്ച് ആദ്യജാതന് ഒരു പ്രത്യേക സ്ഥാനമുണ്ട്. ഉപമയിലെ മൂത്തപുത്രന്‍, അതായത് പിതാവിന്റെ ആദ്യജാതന്‍, ജനനത്താല്‍ തന്നെ പ്രത്യേക പരിഗണനയ്ക്ക് അര്‍ഹനാണ്. ദൈവത്തിന്റെ പ്രത്യേക തിരഞ്ഞെടുപ്പിനാല്‍ വലിയ അനുഗ്രഹങ്ങള്‍ക്ക് അവകാശികളായിത്തീര്‍ന്നവരാണ് ഇസ്രായേല്‍ ജനവും. അതുകൊണ്ടാണ് പഴയനിയമം ഇസ്രായേലിനെ ദൈവത്തിന്റെ ആദ്യജാതന്‍ എന്ന് വിളിക്കുക. ഇസ്രായേല്‍ ജനത്തെ തിരഞ്ഞെടുത്ത് അവര്‍ക്കുവേണ്ടി ദൈവം നടത്തിയ മഹനീയ കൃത്യങ്ങളൊക്കെയും ഒന്നാം വായനയില്‍, നിയമാവര്‍ത്തന പുസ്തകം 4:40-ല്‍ നാം കാണുന്നു: ‘ആകയാല്‍ നിങ്ങള്‍ കര്‍ത്താവിന്റെ ചട്ടങ്ങളും കല്‍പനകളും പാലിക്കുവിന്‍.’ രക്ഷയിലേയ്ക്ക് പ്രവേശിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു വേണ്ട ആവശ്യമായ അനുസരണത്തെപ്പറ്റിയാണ് ഇത് സൂചിപ്പിക്കുക. ഇതാണ് അധമനില്‍ നിന്നും മദ്ധ്യസ്ഥനിലേയ്ക്കുള്ള ദൂരം;

അനുസരണത്തിന്റെ ദൂരം. അങ്ങനെ കര്‍ത്താവിനോടുള്ള അനുസരണത്തില്‍ നിലനില്‍ക്കുന്നവര്‍ക്ക് ജെറുസലേമില്‍ അവിടുന്ന് നല്‍കുന്ന മഹത്വത്തെപ്പറ്റിയാണ് രണ്ടാം വായനയില്‍ ഏശയ്യാ പ്രവാചകന്റെ പുസ്തകം 4:2-6 തിരുവചനങ്ങളില്‍ നാം കാണുന്നത്. സീനായ് ഉടമ്പടി തേജോമയമായിരുന്നെങ്കില്‍, കര്‍ത്താവിനോടൊത്തുള്ള അനുസരണത്തില്‍ നിലനില്‍ക്കുന്നവര്‍ക്ക് അത് അനുഗ്രഹമായെങ്കില്‍, മിശിഹായിലൂടെയുള്ള നീതിവത്ക്കരണത്തിന്റെയും അവിടുന്ന് പ്രദാനം ചെയ്യുന്ന ആത്മാവിന്റെയും ഉടമ്പടി അതിനേക്കാള്‍ അധികം തേജോമയമായിരിക്കും എന്ന് വി. പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭയ്‌ക്കെഴുതിയ രണ്ടാം ലേഖനം 3:4-12-ല്‍ സമര്‍ത്ഥിക്കുന്നു.

എന്താണ് ഈ പുതിയ ഉടമ്പടിയുടെ പ്രത്യേകത? എന്താണ് ഇതിനെ അധികം തേജോമയമാക്കുന്നത്? പുതിയ ഉടമ്പടിയുടെ പ്രത്യേകത പുതിയ നിയമമാണ്. വി. യോഹന്നാന്‍ അറിയിച്ച സുവിശേഷം 13:34-ല്‍ നാം വായിക്കുന്നു. ഞാന്‍ പുതിയൊരു കല്‍പന നിങ്ങള്‍ക്ക് നല്‍കുന്നു. നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍. മണ്ണില്‍ കിളച്ചാല്‍ നിധി കിട്ടും. എന്നാല്‍, ഒരു കര്‍ഷകന്റെ മനോഭാവത്തോടെയാവണം എന്നുമാത്രം. നിയമം അനുസരിക്കുന്നത് നല്ലതു തന്നെ. എന്നാല്‍, നിയമത്തെ പൂര്‍ത്തിയാക്കുന്നത് സ്‌നേഹമാണ്. ഇതാണ് മദ്ധ്യസ്ഥനില്‍ നിന്നും ഉത്തമനിലേയ്ക്കുള്ള ദൂരം;

സ്‌നേഹത്തിന്റെ ദൂരം എന്നത് ദൂരെ നിന്നും, തന്റെ മകനെ കണ്ട്, ഓടിച്ചെന്ന്, അവനെ കെട്ടിപ്പിടിച്ച പിതാവ് യാത്ര ചെയ്ത ഈ ദൂരമാണ് മൂത്തപുത്രന്‍ ഇനിയും താണ്ടേണ്ടത്. ഈ ദൂരമാണ് ഈശോയെ ശ്രവിച്ച ഫരിസേയരും ഇന്ന് അവിടുത്തെ ശ്രവിക്കുന്ന നാമും താണ്ടേണ്ടത്. സ്‌നേഹം കൂടാതെയുള്ള അനുസരണം അടിമത്വമാണ്. അതുകൊണ്ടാണ് മൂത്തമകന്‍ പിതാവിനോടു പറയുക: ഇക്കാലമത്രയും ഞാന്‍ നിനക്ക് ദാസ്യവൃത്തി ചെയ്യുകയായിരുന്നു എന്ന്.

ഈശോ ഉപമ അവസാനിപ്പിക്കുമ്പോള്‍ ധൂര്‍ത്തപുത്രന്‍ ഭവനത്തിനകത്തും മൂത്തപുത്രന്‍ പുറത്തുമാണ്. അവന്‍ അകത്തു പ്രവേശിച്ചോ എന്നു പറയാതെ കഥ മുറിയുകയുമാണ്. പ്രിയമുള്ള സഹോദരരെ, ഈ കഥയിലെ മൂത്തപുത്രന്‍ നാമോരോരുത്തരുമാണ്. അകത്തു കയറണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നാം തന്നെയാണ്. അകത്ത് പിതാവ് നമുക്കായി ഒരുക്കിയിരിക്കുന്ന സ്വര്‍ഗ്ഗീയവിരുന്ന് ആസ്വദിക്കുവാനായി നമ്മുടെ ജീവിതത്തോട് നമുക്ക് സ്നേഹം കലര്‍ത്താം. വിശുദ്ധ ചെറുപുഷ്പത്തിന്റെ മാതൃക നമുക്കും അനുകരിക്കാം. പുണ്യവതി ചെയ്തതുപോലെ എത്ര നിസ്സാരമായ കാര്യവും ഈശോയോടുള്ള സ്‌നേഹത്തെപ്രതി നമുക്ക് ചെയ്യാം. അപ്പോള്‍ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ നമുക്ക് ആനന്ദത്തിന്റെ അവസരങ്ങളായി മാറും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ‘സുവിശേഷത്തിന്റെ ആനന്ദം’ എന്ന പുസ്തകത്തില്‍ അനുദിന ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ സ്‌നേഹത്തോടെയും സന്തോഷത്തോടെയും ചെയ്യുന്നതിലാണ് വിശുദ്ധി അടങ്ങിയിരിക്കുന്നത് എന്നാണ് പറയുന്നത്. നമ്മുടെ പഠനമാകട്ടെ, നാം ചെയ്തു തീര്‍ക്കേണ്ട ജോലികളാകട്ടെ, എന്തിലായാലും ദൈവത്തോടും സമൂഹത്തോടുമുള്ള സ്‌നേഹത്തില്‍ നമുക്ക് ചെയ്യാം.

സ്‌നേഹത്തിന്റെ കൂദാശയായ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ ഇന്ന് നാം ഒന്നുചേര്‍ന്നിരിക്കുന്ന ഈ ദേവാലയം നമ്മുടെ സ്വര്‍ഗ്ഗീയപിതാവിന്റെ ഭവനമാണെന്ന് നമുക്കോര്‍ക്കാം. ശാരീരികമായി മാത്രം ഇവിടെ ആയിരിക്കാതെ പൂര്‍ണ്ണ ഹൃദയത്തോടെ ഈ ബലി നമുക്കര്‍പ്പിക്കാം. പിതാവ് നമുക്കായി ഒരുക്കിയിരിക്കുന്ന ഈ സ്വര്‍ഗ്ഗീയവിരുന്നില്‍ നമുക്ക് പങ്കുകാരാകാം. ബലിചൈതന്യം സ്വീകരിച്ച് നമ്മുടെ ജീവിതത്തോട് സ്‌നേഹം ചേര്‍ക്കാം. നമ്മുടെ ജീവിതങ്ങളെയും കുര്‍ബാനയാക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ജോയിസ് ചേലച്ചുവട്ടില്‍ MCBS