ഞായര്‍ പ്രസംഗം 2, പള്ളിക്കൂദാശാക്കാലം രണ്ടാം ഞായര്‍ നവംബര്‍ 08 മത്തായി 12: 1-13 കാരുണ്യത്തിന്റെ വിതരണക്കാരാവുക

ഡീ. ജോഷി കണ്ണമ്പുഴ MCBS

ഒരു ദിവസം വേദപാഠ ക്ലാസ്സില്‍ അദ്ധ്യാപകന്‍ കുട്ടികളോട് ഇങ്ങനെ ചോദിച്ചു: “ദൈവാലയത്തിലിരുന്ന് പ്രാര്‍ത്ഥിക്കുമ്പോഴാണോ, മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുമ്പോഴാണോ ദൈവാനുഭവം ഉണ്ടാകുന്നത്?” അതിന് കുട്ടികള്‍ പല മറുപടികളാണ് പറഞ്ഞത്. ചിലര്‍ക്ക് ദൈവാലയത്തില്‍ പ്രാര്‍ത്ഥിക്കുമ്പോഴാണ് ദൈവാനുഭവം ലഭിക്കുന്നത്. മറ്റുചിലര്‍ക്ക് നന്മപ്രവര്‍ത്തികള്‍ ചെയ്യുമ്പോഴാണ് ദൈവാനുഭവം. വേറെ ചിലര്‍ക്ക് ഈ രണ്ടു സാഹചര്യങ്ങളിലും ദൈവത്തെ അനുഭവിക്കാന്‍ സാധിക്കുന്നു എന്നുപറഞ്ഞു. ഇന്നത്തെ സുവിശേഷത്തിന്റെ വെളിച്ചത്തില്‍ നിയമം പാലിക്കുമ്പോഴാണോ അപരന്റെ ആവശ്യങ്ങളില്‍ അനുകമ്പയോടെ പെരുമാറുമ്പോഴാണോ ദൈവത്തെ അനുഭവിക്കുവാന്‍ കഴിയുക എന്ന ചോദ്യത്തിന് നിങ്ങള്‍ എന്തു മറുപടി നല്‍കും?

നിയമം പാലിച്ചുകൊണ്ട് ദൈവത്തെ സ്‌നേഹിക്കുന്നു എന്ന് ചിന്തിച്ചുകൊണ്ട് ഈശോയെ ചോദ്യം ചെയ്യുന്ന ഫരിസേയരെയാണ് ഇന്നത്തെ സുവിശേഷത്തില്‍ നാം കാണുക. യഹൂദ പാരമ്പര്യമനുസരിച്ച് സാബത്ത് ദൈവത്തിനുവേണ്ടി മാറ്റിവയ്ക്കപ്പെട്ട ദിവസമാണ്. വിശുദ്ധ ഗ്രന്ഥത്തിലെ രണ്ട് സംഭവങ്ങളാണ് ഇവിടെ അനുസ്മരിക്കുക – സൃഷ്ടിയും രക്ഷയും. സൃഷ്ടിക്കുശേഷം ദൈവം ഏഴാം ദിവസം വിശ്രമിച്ചു എന്ന വാക്യമാണ് സാബത്താചരണത്തിന്റെ അടിസ്ഥാനം (ഉല്‍. 2:3). ദൈവം വിശ്രമിച്ചു എന്ന് വിശുദ്ധ ഗ്രന്ഥം പറയുമ്പോള്‍ ദൈവത്തിന്റെ വിശ്രമത്തെ ആഘോഷിക്കാനല്ല, ഒരാഴ്ച മുഴുവന്‍ പണിയെടുത്ത് തളര്‍ന്ന അടിമകള്‍ക്കും ദരിദ്രര്‍ക്കും നാല്‍ക്കാലികള്‍ക്കുമെല്ലാം ഒരു വിശ്രമദിനം ഒരുക്കുക എന്ന ഉദ്ദേശമായിരുന്നു. അതോടൊപ്പം ഈജിപ്ന്റെ അടിമത്വത്തില്‍ നിന്ന് ഇസ്രായേല്‍ക്കാരെ ദൈവം തന്റെ ശക്തമായ കരത്താല്‍ രക്ഷിച്ചതിന്റെ സ്മരണ കൂടിയായിരുന്നു സാബത്ത് (നിയമാ. 5:15).

മനുഷ്യന്റെ മഹത്വത്തെ മാനിക്കാനും അവന്റെ മൂല്യത്തെ ഉയര്‍ത്തിക്കാട്ടാനും വേണ്ടി ആരംഭിച്ച സാബത്ത്, മനുഷ്യനെ അടിച്ചമര്‍ത്താനുള്ള ഉപാധിയാക്കി യഹൂദ മതനേതൃത്വം മാറ്റിയെടുത്തു. ഇങ്ങനെ മനുഷ്യനെ ചൂഷണം ചെയ്യുന്ന മതവ്യവസ്ഥയേയും നിയമസംഹിതയേയുമാണ് ഈശോ നിര്‍ഭയം എതിര്‍ത്തത്.

സാബത്തില്‍ അനുവദനീയവും അരുതാത്തവയുമായ കാര്യങ്ങളുടെ ഒരു നീണ്ടനിര തന്നെ യഹൂദ മതത്തിലുണ്ടായിരുന്നു. അതില്‍ കൊയ്യുന്നതും മെതിക്കുന്നതും വിലക്കിയിരുന്നു. ശിഷ്യന്മാര്‍ കതിരുകള്‍ പറിച്ച് കൈകൊണ്ട് തിരുമ്മി ഭക്ഷിച്ചതിനെ സാബത്തില്‍ അദ്ധ്വാനിച്ചു എന്ന തെറ്റില്‍ ഫരിസേയര്‍ ഉള്‍പ്പെടുത്തി. വഴിപോക്കര്‍ക്ക് വിശന്നാല്‍ ധാന്യവും മുന്തിരിയും പറിച്ചുതിന്ന് വിശപ്പടക്കാന്‍ നിയമം അനുവദിച്ചിരുന്നു (നിയമാ. 23:24-25). വിശപ്പുകൊണ്ടാണ് ശിഷ്യന്മാര്‍ കതിരുകള്‍ പറിച്ചുതിന്നതെന്ന് അറിയാമായിരുന്ന ഈശോ, ശിഷ്യന്മാരുടെ പക്ഷത്ത് നിലകൊള്ളുകയാണ്. ഇത് യഹൂദ മതത്തോടുള്ള ഈശോയുടെ അവഗണനയല്ല, മറിച്ച് ഏത് നിയമത്തേക്കാളും മനുഷ്യനും അവന്റെ മഹിമയുമാണ് വിലമതിക്കപ്പെടേണ്ടത് എന്ന് ഈശോ ഓര്‍മ്മപ്പെടുത്തുകയാണ്.

അതുപോലെ തന്നെ യഹൂദ നിയമമനുസരിച്ച് സാബത്തില്‍ രോഗശാന്തി നേടുന്നതും ചികിത്സ നടത്തുന്നതും കുറ്റകരമാണ്. ഈശോ, കൈ ശോഷിച്ച ഒരു മനുഷ്യനെ സാബത്തില്‍ സുഖപ്പെടുത്തിയത് ഫരിസേയര്‍ ചോദ്യം ചെയ്യുന്നു. ഇതിന് മറുപടിയായി ഈശോ ഒരു ചോദ്യം തന്റെ എതിരാളികളോട് ചോദിക്കുകയാണ്: “നിങ്ങളില്‍ ആരാണ് തന്റെ ആട് സാബത്തില്‍ കുഴിയില്‍ വീണാല്‍ പിടിച്ചുകയറ്റാത്തത്?” ആട് ഒരുദിവസം കുഴിയില്‍ കിടന്നെന്നു കരുതി അത് ചത്തുപോകുകയൊന്നുമില്ലെങ്കിലും നമ്മള്‍ അതിനെ ഉടനെ പിടിച്ചുകയറ്റുന്നു. അങ്ങനെയെങ്കില്‍ അതിനേക്കാള്‍ എത്രയോ വിലപ്പെട്ടവനാണ് ഈ മനുഷ്യന്‍ എന്ന് ചോദിച്ചുകൊണ്ടാണ് ഈശോ സൗഖ്യം നല്‍കി. ഇതിലൂടെ ഈശോ ഫരിസേയരോട് പറയുന്ന ഒരു കാര്യമുണ്ട്. അവന് ഇപ്പോള്‍ത്തന്നെ സൗഖ്യം ലഭിച്ചാല്‍, ഇപ്പോള്‍ മുതല്‍ അവന് തന്റെ ആരോഗ്യമുള്ള കൈ കൊണ്ട് നമ്മെപ്പോലെ ജീവിക്കാമല്ലോ? അല്ലെങ്കില്‍ അവന്‍ വീണ്ടും സൗഖ്യത്തിനായി കാത്തിരിക്കേണ്ടേ? അങ്ങനെയെങ്കില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന നന്മ തക്കസമയത്തു തന്നെ ചെയ്യുക. നീട്ടിവച്ചതിന്റെ പേരില്‍ എത്രയോ നന്മകളാണ് നമ്മള്‍ നഷ്ടപ്പെടുത്തിക്കളഞ്ഞത്?

ഈ രണ്ട് സംഭവങ്ങളിലൂടെ ഈശോ നമ്മോടും പറയുന്നത് ഹോസിയാ പ്രവാചകന്റെ പുസ്തകം 6-ാം തിരുവചനം ഉദ്ധരിച്ചുകൊണ്ടാണ്. “ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.” നിയമത്തിന്റെ പേരില്‍ മറ്റുള്ളവര്‍ക്ക് കാരുണ്യം നിഷേധിക്കുന്ന ഫരിസേയ മനോഭാവത്തെ ഈശോ എതിര്‍ക്കുന്നു. അതിനാലാണ് സമരിയാക്കാരന്റെ ഉപമയില്‍, വഴിയില്‍ വീണുകിടക്കുന്നവനെ ശുശ്രൂഷിക്കാതെ സാബത്താചരണത്തിന് ദൈവാലയത്തിലേയ്ക്കു പോയ പുരോഹിതനെയും ലേവായനെയും ഈശോ വിമര്‍ശിക്കുന്നത്.

നമ്മള്‍ പ്രാര്‍ത്ഥിക്കുന്നതും ബലിയര്‍പ്പിക്കുന്നതും നിയമാനുഷ്ഠാനം നടത്തുന്നതും സ്‌നേഹത്തില്‍ നിന്നും സ്‌നേഹത്തില്‍ ആഴപ്പെടാന്‍ വേണ്ടിയുള്ളതുമായിരിക്കണം. അത് മനുഷ്യന്റെ മഹിമയെ ആദരിച്ചുകൊണ്ടായിരിക്കണം. സ്‌നേഹിക്കുക, കരുണ കാണിക്കുക എന്നത് ദൈവത്തിന്റെ സ്വഭാവമാണ്. ആ സ്വഭാവത്തില്‍ നാമും പങ്കുചേരണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.

ഡീ. ജോഷി കണ്ണമ്പുഴ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.